Image

സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍ (വിജയ് സി. എച്ച്)

Published on 10 October, 2022
സ്‌മോള്‍ ഈസ് ബ്യൂട്ടിഫുള്‍ (വിജയ് സി. എച്ച്)

ആംഗലേയ സാഹിത്യകാര൯ ജോനതൻ ഗ്രീൻ രചിച്ച 'The Small Things' എന്ന കവിത ലോകപ്രശസ്തമാണ്. മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാത്തതിനാൽ, ഇത്തിരിയുള്ള വസ്തുക്കൾ ഒരു വ്യക്തിയുടെ മാത്രമായി നിലകൊള്ളുമെന്നാണ് അദ്ദേഹം തൻ്റെ മനോഹരമായ വരികളിലൂടെ സ്ഥാപിക്കുന്നത്. 
എന്നാൽ, ഇങ്ങനെയൊരു കവിയോ കാവ്യമോ ഉണ്ടെന്ന് കേട്ടിട്ടേയില്ലാത്ത തയ്യിൽ വളപ്പിൽ ശശി നിർമ്മിയ്ക്കുന്നതെല്ലാം കൊച്ചു, കൊച്ചു വസ്തുക്കളാണ്. ജോനതൻ എഴുതിയതു പോലെ, തൻ്റേതു മാത്രമായി എന്നും കൂടെയുണ്ടാകുന്ന ഒട്ടനവധി സൂക്ഷ്മവും സുന്ദരവുമായ സാധനങ്ങൾ! ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ഇ.എഫ്.ഷൂമാക്കർ എഴുതിയ 'സ്മാൾ ഈസ് ബ്യൂട്ടിഫുൾ' എന്ന പുസ്തകത്തിൻ്റെ അന്തഃസാരം, കൗശലപ്പണിയുടെ ഏറ്റവും ഉദാത്തമായ ചില മാതൃകകൾ സൃഷ്ടിച്ചുകൊണ്ട്, ശശി ഇവിടെ പ്രയോഗത്തിൽ വരുത്തുന്നു. ചെറിയവയെക്കുറിച്ച് ഷൂമാക്കറിൻ്റേത്, ജോനതൻ കാണാതെ പോയ സൗന്ദര്യശാസ്ത്രം! 


ചാരുകസേര മുതൽ ചായക്കടയിലെ സമോവർ വരെയുള്ള സാധനങ്ങളുടെ വലിപ്പം കുറഞ്ഞ രൂപങ്ങൾ ശശി നിർമ്മിയ്ക്കുന്നത് ഒറിജിനലിനെ വെല്ലുന്ന ചന്തത്തിലാണെന്ന യാഥാർത്ഥ്യമാണ് ശശിയെ വേറിട്ടൊരു കരകൗശല വിദഗ്‌ദ്ധനാക്കുന്നത്. 
മലപ്പുറം ജില്ലയിലെ എടപ്പാൾ പട്ടണത്തിനടുത്ത് അംശക്കച്ചേരിയെന്ന് അറിയപ്പെടുന്ന പ്രദേശത്ത് താമസിയ്ക്കുന്നയാൾക്ക് ഈ നൈപുണ്യം പരമ്പരാഗതമായി ലഭിച്ചതല്ല, ആരിൽ നിന്നും പഠിച്ചതുമല്ല. ശശി ഒരു സൈക്കിൾ മെക്കാനിക്കായി ജോലി ചെയ്തു ഉപജീവനം കഴിയ്ക്കുന്ന നാട്ടിൻപുറത്തുകാരനാണ്. എന്നാൽ, അദ്ദേഹം ആത്മസംതൃപ്തി കണ്ടെത്തുന്നത് ലഘു വസ്തു ശില്പവിദ്യയിൽ നിന്ന്. മുപ്പതു വർഷം മുന്നെ ഒരു പേനക്കത്തി ചേലിൽ തീർത്തുകൊണ്ടായിരുന്നു തുടക്കം. 
"സങ്കീർണ്ണമെന്നു തോന്നാമെങ്കിലും, വളരെ ലളിതമായാണ് ഒരു വസ്തുവിൻ്റെ നിർമ്മാണം ഞാൻ ആരംഭിയ്ക്കുന്നത്. ഉദാഹരണത്തിന്, എല്ലാവർക്കും ഏറെ പരിചയമുള്ള മടാൾ (വെട്ടുകത്തി) എടുക്കാം. ഞാൻ നിർമ്മിയ്ക്കുന്ന മടാൾ എല്ലാ രീതിയിലും അസ്സൽ വീട്ടുപകരണത്തെപ്പോലെ തന്നെയിരിയ്ക്കും. മരത്തിൻ്റെ പിടിയും ഇരുമ്പിൻ്റെ വായ്‌ത്തലയും, ഇവ രണ്ടും ബന്ധിപ്പിയ്ക്കാൻ പിടിയിൽ തറയ്ക്കുന്ന ആണികളും, പിച്ചളയുടെ ചിറ്റുകളുമെല്ലാം പൂർണ്ണമായും ഒറിജിനലിൻ്റെ രൂപത്തിലാണ്. പക്ഷെ, അളവുകളുടെ അനുപാതം പാലിച്ചുകൊണ്ടുള്ള കുഞ്ഞു രൂപം! വിപണന ഉദ്ദേശ്യമില്ലാത്തതിനാൽ, എൻ്റെ നിർമ്മിതികളുടെ മിനുക്കുപണികൾ അങ്ങാടിയിൽ നിന്നു ലഭിയ്ക്കുന്നവയേക്കാൾ മുന്തിയതാണ്," ശശി ആവേശത്തോടെ പങ്കുവെച്ചു. 


തൻ്റെ അഭിരുചിക്കനുസരിച്ചുള്ള മേന്മയേറിയ ആർട്ടുവർക്കുകൾക്ക് ഇത്തരം ഹ്രസ്വവസ്തുക്കൾ അവസരം തരുന്നുണ്ടെന്ന് ശില്പവിദഗ്‌ദ്ധൻ സന്തോഷത്തോടെ അറിയിച്ചു. 
"ഉദ്ദിഷ്ട വസ്തുവിൻ്റെ രൂപം മനസ്സിൽ കണ്ടുകൊണ്ടു പല വലിപ്പത്തിലുള്ള ചിരട്ടകളുടെ, ആകാരം യോജിയ്ക്കുന്ന ഇടത്തുവെച്ചു, ഹാക്സോ ഉപയോഗിച്ചു മുറിച്ചെടുത്ത റിങ്ങുകൾ യോജിപ്പിച്ചാണ് സ്പോർട്സ്മേൻ ട്രോഫികളും, അമ്പലമണികളും, ഭരണികളും, അറേബ്യൻ ജാറുകളും നിർമ്മിയ്ക്കുന്നത്," ശശി വിശദീകരിച്ചു. 


കൈകൾ നീട്ടി വെയ്ക്കാൻ സൗകര്യമുള്ള ചാരുകസേര (armed easy-chair) നിർമ്മിയ്ക്കുമ്പോഴാണ് അളവുകളുടെ കാര്യത്തിൽ ഏറ്റവും കൃത്യത പുലർത്തേണ്ടതെന്ന് ശശി എടുത്തുപറഞ്ഞു. 
"ഞാൻ മൂന്നു തരം ചാരുകസേരകൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും വലിയതിന് ഒന്നരയടി നീളമാണുള്ളത്. പക്ഷെ, അതുണ്ടാക്കാൻ ആറടിക്കാരൻ കസേരയേക്കാൾ ഞെരുക്കം അനുഭവപ്പെട്ടു. കാരണം, കസേര മടക്കിവെയ്ക്കണമെങ്കിൽ അളവുകൾ കിറുകൃത്യമായിരിയ്ക്കണം," അദ്ദേഹം വ്യക്തമാക്കി. 
കൈ-ചാരുകസേര ഉപയോഗത്തിലുള്ള ചില തറവാടുകൾ അന്വേഷിച്ചു പോയതും, അളവുകൾ എടുത്ത് അവ ആനുപാതികമായി ചെറിയ തോതിലേയ്ക്കു മാറ്റിയതും മുതൽ അനുയോജ്യമായ മരം ലഭിയ്ക്കുന്നതിൽ നേരിട്ട തടസ്സങ്ങൾ വരെ ശശിയ്ക്കു പങ്കുവെയ്ക്കാൻ കാര്യങ്ങൾ ഏറെയുണ്ട്. ഈ വക തത്രപ്പാടുകളെല്ലാം കഴിഞ്ഞു അഭിമുഖീകരിക്കേണ്ടതാണ് പലതവണ ആവർത്തിക്കേണ്ടിവന്ന പരീക്ഷണ നിർമ്മിതികൾ. 
"നിവർത്തിയിടാൻ കുഴപ്പമില്ല, പക്ഷെ പണിയിൽ അതീവ സൂക്ഷ്മത പുലർത്തേണ്ടത് കൈ-ചാരുകസേര മടങ്ങിയിരിയ്ക്കാനാണ്. അളവുകളിലോ, മടക്കുകളുടെ സ്ഥാനങ്ങളിലോ വരുന്ന നിസ്സാര വ്യത്യാസങ്ങൾ പോലും കസേര മുഴുവനായി ചുളിയ്ക്കുന്നതിനെ ബാധിയ്ക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. 


കൈവണ്ടിയും, പിക്ക്ഏക്സും, മൺവെട്ടിയും, മൺകോരിയും, അർബാനയും, വട്ടമേശയും, ടീപോയിയും, ഉരുളിയും, തവിയും, മഴുവും, കോടാലിയും, കലപ്പയും, ചുറ്റികയും, കൈവാളും, വെളിച്ചപ്പാടിൻ്റെ വാളും, രാജാവിൻ്റെ വാളും, ആനത്തോട്ടിയും, ചെണ്ടയും, മദ്ദളവും, പൂച്ചട്ടിയും, അലാവുദ്ദീൻ്റെ അത്ഭുത വിളക്കും ഉൾപ്പെടെ നാനൂറിൽ പരം സാധനങ്ങൾ നിർമ്മിച്ചതിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെട്ടത് ഓടക്കുഴൽ ഉണ്ടാക്കുമ്പോഴായിരുന്നുവെന്ന് ശശി വെളിപ്പെടുത്തി. 
"ചിരട്ടയുടെ വളവു കുറഞ്ഞ ഭാഗത്തു നിന്ന് കൊച്ചു വട്ടകഷ്ണങ്ങൾ വെട്ടിയെടുക്കണം. പിന്നീട് ഇരു വശങ്ങളും ഫയൽ ചെയ്തു കഷ്ണങ്ങളുടെ വക്രത അപ്രത്യക്ഷമാക്കുന്നു. നിരവധി ചിരട്ടകളിൽ നിന്നു ശേഖരിച്ച ഇത്തരത്തിലുള്ള ഒട്ടനവധി നുറുക്കുകൾ വേണം ഒരു ഓടക്കുഴൽ നിർമ്മിയ്ക്കാൻ. തുടർന്ന് നടുവിൽ ദ്വാരമുണ്ടാക്കി അവയെ വാഷർ രൂപത്തിലാക്കും. ഇവയെല്ലാം അടുക്കിവെച്ച് ഫെവിക്യുക്ക് ഉപയോഗിച്ചു ഒട്ടിയ്ക്കണം. കുഴൽ രൂപത്തിലായ സാധനത്തിൻ്റെ അകവും പുറവും അരവും എമരിപേപ്പറും ഉപയോഗിച്ചു മിനുക്കിയെടുക്കുന്നു. എന്നിട്ടാണ് അതിൽ തുളകളൾ ഇടുന്നതും, അറ്റങ്ങളിലെ അലങ്കാരപ്പണികൾ ചെയ്യുന്നതും. ഈറ്റകൊണ്ടുള്ള ഒറിജിനൽ ഓടക്കുഴൽ നിർമ്മിക്കുമ്പോൾ പാലിയ്ക്കുന്ന നിബന്ധനകളെല്ലാം ഞാനും കണക്കിലെടുക്കുന്നുണ്ട്," കലാകാരൻ വിവരിച്ചു. 


ഓടക്കുഴലുകൾ നിർമ്മിയ്ക്കാൻ ഉപയോഗിയ്ക്കുന്ന ഈറ്റയുടെ തരവും പ്രായവുമനുസരിച്ച്, അവയിൽ നിന്ന്  ഉതിരുന്ന നാദവും വ്യത്യാസപ്പെടുന്നു. അതു പോലെ തന്നെ, ഈറ്റയേക്കാൾ കടുപ്പം കൂടുതലുള്ള (brittleness) ചിരട്ടകൊണ്ടു നിർമ്മിയ്ക്കുന്ന ഉപകരണം പൊഴിയ്ക്കുന്ന സ്വരവും വേറിട്ടു നിലകൊള്ളുന്നുവെന്ന് ഒരു ചോദ്യത്തിനു പ്രതികരിച്ചുകൊണ്ട് ശശി വ്യക്തമാക്കി. 
എന്നാൽ, മുളന്തണ്ടിനു പകരം ചിരട്ട ഉപയോഗിച്ചു ഫ്ലൂട്ട് നിർമ്മിയ്ക്കുന്നത് തൻ്റെ സർഗവൈഭവത്തിനു പുതിയ ഇടങ്ങൾ തേടിയാണെന്ന് ഒരു ചെറു ചിരിയോടെ ശശി സാധൂകരിച്ചു. 
"ലോലമായ സ്വര വ്യത്യാസങ്ങൾക്ക് വേറെയും കാരണങ്ങളുണ്ട്. ആയതിനാൽ തുളകളുടെ വിസ്‌താരവും, പരസ്പര അകലവും, കുഴലിൻ്റെ ഉള്ളളവുമെല്ലാം എൻ്റെയും ഉത്‌കണ്‌ഠകളാണ്. ശ്രുതി ചേരണമെങ്കിൽ, കണക്കുകളിൽ ഒട്ടും പിശക് ഉണ്ടാകരുത്," ശശി ഊന്നിപ്പറഞ്ഞു.  
ഓടക്കുഴലും, നാദസ്വരവും നിർമ്മിച്ചിരിയ്ക്കുന്നത് അവയുടെ യഥാർത്ഥ അളവുകളിലാണെന്നും,  ഉപയോഗിയ്ക്കാനറിയുന്നവർക്ക് അവ വായിച്ചു ശ്രുതി പരിശോധിച്ചു, തൻ്റെ സൃഷ്ടികൾ വിലയിരുത്താൻ അതിനാൽ അവസരമുണ്ടെന്നും ശശി ഉറപ്പിച്ചു പറഞ്ഞു. ചന്തം ഒട്ടും കുറഞ്ഞു പോകരുതെന്ന ഉദ്ദേശ്യത്തോടെ, അമ്പലമണിയും നിർമ്മിച്ചിരിയ്ക്കുന്നത് വലിയ രൂപത്തിൽ തന്നെയാണ്. ഒരേ സമയത്ത് ശാസ്ത്രീയതയ്ക്കും അലങ്കാരപ്പണികൾക്കും വേണ്ടത്ര സാധ്യതയുള്ളതാണ് ഈ മൂന്നു ചിരട്ടപ്പണികൾ. 
"മഹാമാരിയെ തുടർന്നെത്തിയ അടച്ചുപൂട്ടൽ കാലത്താണ് മാസങ്ങൾ കൂനിപ്പിടിച്ചിരുന്ന് ഓടക്കുഴലും, നാദസ്വരവും രൂപകല്പന ചെയ്തു നിർമ്മിച്ചത്. കോവിഡ് കാലനായിരുന്നുവെങ്കിലും, അത് തന്നൊരു സമ്മാനമായി ഞാൻ ഈ സംഗീത ഉപകരണങ്ങളെ കാണുന്നു," കലാനിപുണൻ കൂട്ടിച്ചേർത്തു. 
ശില്പചാതുരിയാണ് ശശിയുടെ ചാലകശക്തി. നിശ്ചയദാർഢ്യം അതിനൊപ്പമെത്തുമ്പോൾ ശശി ശരിയ്ക്കുമൊരു പെരുന്തച്ചനായി മാറുന്നു. തൻ്റെ ശില്പവേലകൾക്ക് ഏറ്റവും അനുയോജ്യമായ മരങ്ങൾ തേടിയുള്ള ശശിയുടെ യാത്രകൾക്കു മാത്രം ചെവി കൊടുത്താൽ മതി അദ്ദേഹത്തിൻ്റെ ആത്മസമർപ്പണമറിയാൻ! 
"കത്തിയുടെ പിടികൾ ഉണ്ടാക്കുന്നത് രക്തചന്ദനമോ ഇരുളോ ഉപയോഗിച്ചാണ്. ഈ മരങ്ങൾ നിറഭംഗിയും ഈടും നൽകുന്നു. മുള്ളിലം മിനുക്കിയെടുത്താണ് ചാരുകസേരയുടെ ചട്ടക്കൂട് നിർമ്മിയ്ക്കുന്നത്. മഴു, കോടാലി, പിക്ക്ഏക്സ്, മൺവെട്ടി, മൺകോരി, കലപ്പ, മടാൾ മുതലായവയുടെ തായയോ പിടിയോ ഉഴിഞ്ഞെടുക്കാൻ കാഞ്ഞിരമാണ് ഉത്തമം. സാധാരണ കസേരയുണ്ടാക്കാൻ ഞാൻ ഉപയോഗിയ്ക്കുന്നത് പ്ലാവിൻ്റെയോ, തേക്കിൻ്റെയോ കാതലാണ്. അല്പമേ വേണ്ടതുള്ളൂവെങ്കിലും, മരത്തരങ്ങൾ തേടിയുള്ള യാത്രയിലാണ് ഞാനെന്നും," ശശി ഉള്ളു തുറന്നു. 


ഒരു വസ്തു തന്നെ പല വലിപ്പത്തിലും രൂപചാരുതയിലും ശശി പണിയുന്നുണ്ട്. ഇത്തിരിപോന്ന ഈ കൗതുക വസ്തുക്കൾ വില കൊടുത്തു വാങ്ങാൻ ശശിയുടെ ഭവനത്തിലെത്തുന്നവരോട്, കരകൗശലക്കാരൻ്റെ മറുപടി ഒന്നു മാത്രം: "ഞാൻ നിർമ്മിയ്ക്കുന്നവയുടെ വലിയ പതിപ്പിന് കച്ചവടക്കാർ വില നിശ്ചയിച്ചിട്ടുണ്ട്, എന്നാൽ എൻ്റെ കുഞ്ഞു സൃഷ്ടികൾ വിലമതിക്കാനാവാത്തവയാണ്. സൈക്കിൾ റിപ്പെയർ ചെയ്തു കിട്ടുന്ന കാശുകൊണ്ടാണ് ഞാൻ കുടുംബം പുലർത്തുന്നത്. മിനിയേച്ചറുകൾ നിർമ്മിയ്ക്കാനുള്ള കാശും അതിൽ നിന്നു കിട്ടുന്നുണ്ട്. ഏറെ സമയമെടുത്ത്, അതിലേറെ വാത്സല്യത്തോടെ ഞാൻ നിർമ്മിച്ചതൊന്നും, എനിയ്ക്കു വിറ്റുകളയാൻ കഴിയില്ല. ക്ഷമിയ്ക്കണം!" 
ജോനതൻ്റെയും ഷൂമാക്കറുടെയും തത്വചിന്തകൾ കേരളത്തിൻ്റെ ഒരു മൂലയിലിരുന്നു ഒരു സാധാരണ മനുഷ്യൻ പ്രാബല്യത്തിലാക്കുന്ന വിവരം പാശ്ചാത്യ ലോകം അറിഞ്ഞുവോ? 

# Small is Beautiful  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക