Image

ജീവിതം ഈ വിധം വന്ധ്യമാകുമ്പോൾ - പ്രകാശൻ കരിവെള്ളൂർ

Published on 10 October, 2022
ജീവിതം ഈ വിധം വന്ധ്യമാകുമ്പോൾ - പ്രകാശൻ കരിവെള്ളൂർ

ജീവിതം എന്ന വാക്കിൽ തന്നെ ഒരു വിതയുണ്ട്. വിതക്കാനും കൊയ്യാനുമാണ് ജീവിക്കുന്നത്. കന്നിക്കൊയ്ത്തിൽ വൈലോപ്പിള്ളി എഴുതിയത് ജീവിതം വിതക്കുകയും മരണം കൊയ്യുകയും ചെയ്യുന്നു എന്നാണ്. എന്നാലും ഇത്തിരി നെല്ല് വിത്തായി നീക്കി വച്ച് നമ്മൾ വിജിഗീഷു (വിജയശീലമുള്ള )മൃത്യുവിനെ ജയിക്കും എന്ന മഹാ പ്രത്യാശ കവിക്കുണ്ട്.
ഇന്നത്തെ നമ്മുടെ ജീവിതം മരണത്തെ അതിജീവിക്കാൻ എന്താണ് ചെയ്യുന്നത് ? കേവലം സന്തതിപരമ്പരകൾക്കപ്പുറമുള്ള സൃഷ്ടിപരത വലിയ തോതിൽ പ്രതിസന്ധിയിലാണിന്ന്. രതി പോലെ ജൈവമായ സൃഷ്ടിപരതയല്ല ഇന്ന് കലാസാഹിത്യ മണ്ഡലങ്ങളുടെ പ്രചോദനം . രതി പോലെ ജൈവം  എന്ന് പറയാൻ കഴിയാത്ത വിധം രതിപോലും രാസവസ്തുക്കളാൽ ഉദ്ദീപിക്കപ്പെടാൻ തുടങ്ങിയ കൃത്രിമകാലം ! 

ആത്മാവിഷ്കാരം, പ്രതികരണവ്യഗ്രത എന്നൊന്നും സത്യസന്ധമായി അവകാശപ്പെടാൻ കഴിയാത്ത ആവിഷ്കാരങ്ങൾ പെരുകുകയാണ് കലയിലും സാഹിത്യത്തിലും . പണം പ്രശസ്തിയും സ്ഥാനമാനങ്ങളും അധികാരപ്രീതിയും ലക്ഷ്യമാക്കി ചെയ്യുന്ന ആസൂത്രിത വൃത്തി ഉറയിട്ട് ചെയ്യുന്ന ലൈംഗിക വേഴ്ച്ച പോലെയോ  ഉറയില്ലാതെ സന്താനോൽപാദന ലക്ഷ്യം മുൻ നിർത്തിയുളള ഇണചേരൽ പോലെയോ അജൈവമാണ്. 

വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ സാമ്പത്തിക - ഉപഭോഗ യുക്തി മാർക്കറ്റിനെയാണ് എല്ലാത്തിനും മേൽ അവരോധിക്കുന്നത്. അതിനോട് മെരുങ്ങിയും അതിനെ ഉപജീവിച്ചും കൊണ്ടുള്ള രാഷ്ട്രീയം യാതൊരു ആദർശത്തെയും മുറുകെപ്പിടിക്കുന്നില്ല. വിശ്വാസചൂഷണവും വിപുലമായൊരു വ്യാപാരമേഖലയായി.

നിങ്ങൾക്ക് അധികാരമുണ്ടോ ? വിൽക്കുവാൻ വല്ലതുമുണ്ടോ ? വാങ്ങുവാൻ പണമുണ്ടോ ? 

ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്താനും ഇല്ലെങ്കിൽ നേടിയെടുക്കാനും മാത്രമായി പരുവപ്പെടുകയാണ് ശരാശരി ജീവിതങ്ങൾ . ജീവിതരതി എന്ന സുന്ദരസമീപനം നമുക്ക് നഷ്ടമാവുകയാണ്. ആസക്തിയുടെ ആവേഗവും വിരക്തിയുടെ മടുപ്പും കൊണ്ട് ജൈവമായതൊന്നും സൃഷ്ടിക്കാൻ കഴിയാത്ത വന്ധ്യജീവിതം ! 

PRAKASHAN KARIVELLOOR  ABOUT LIFE  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക