Image

ചിന്തക(ൻ) പക്ഷികൾ (കിനാശ്ശേരിക്കാലം 5: റാണി ബി. മേനോന്‍)

Published on 11 October, 2022
ചിന്തക(ൻ) പക്ഷികൾ (കിനാശ്ശേരിക്കാലം 5: റാണി ബി. മേനോന്‍)

അവ ഒരു പ്രത്യേക പക്ഷി വർഗ്ഗമായിരുന്നില്ല. മൈനയും കാകനും കഴുകനും തേൻ കുരുവിയും ചിന്തകൻ പക്ഷികളായിരുന്നിട്ടുണ്ട്. 
ചിന്തകൻ പക്ഷികൾ പിറക്കുകയായിരുന്നില്ല, അവ രൂപപ്പെടുകയായിരുന്നു. കാഠിന്യമേറിയ അനുഭവ പാഠങ്ങളിലൂടെ, തച്ചും തകർത്തു തരിപ്പണമാക്കപ്പെട്ടും അവ ഉരുവപ്പെട്ടു പോന്നു. ഒരു ചിന്തകനോ/ ചിന്തകയ്ക്കോ സ്ഥാനമൊഴിയേണ്ട കാലവും നേരവും ആരും പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല. ഉരുവപ്പെടലിൽ അതും ഉൾപ്പെട്ടിരുന്നു,  അസാമാന്യമായ ഉൾക്കാഴ്ച്ച, അവരുടെ human counter Partട ന് ഇല്ലാതെ പോയ ഒന്ന്.
അടുത്ത പക്ഷിയെ ഭരമേൽപ്പിച്ച് യാത്ര പോവേണ്ടതെപ്പോൾ എന്ന് അവ അറിഞ്ഞിരുന്നപോൽത്തന്നെ ഭരമേൽക്കേണ്ടതെപ്പോഴെന്ന് കുഞ്ഞൻ പക്ഷികളും അറിഞ്ഞിരുന്നു. വളരെ ലളിതമായി രണ്ടു പക്ഷികളും കണ്ണുകളിലേക്കുറ്റു നോക്കി, യാതൊരു ആലഭാരങ്ങളും ആർഭാടങ്ങളുമില്ലാതെ ആ ചടങ്ങു നടന്നു.
പിന്നെ സ്ഥാനാരോഹണം ചെയ്ത പക്ഷി കിനാശ്ശേരിക്കവലയിലെ അമൃത വള്ളികൾ പടർന്നു കയറിയ ആൽമരക്കൊമ്പത്ത് ഇരുപ്പുറപ്പിക്കുകയും, സ്ഥാനം വെടിഞ്ഞ പക്ഷി പിൻതിരിഞ്ഞു നോക്കാതെ ആർക്കും ഒരിക്കലും തിരിച്ചറിയാനോ തേടിയെത്താനോ കഴിയാത്തൊരിടത്തേക്ക് യാത്ര പോവുകയും ചെയ്തു. (ചിന്തകൻ പക്ഷികൾ മാത്രമല്ല, high Voltage കമ്പികളിൽ കുറുകിയിരുന്ന് പ്രണയിച്ച മണ്ടൻ കിളികളൊഴികെ മറ്റെല്ലാ പക്ഷികളും ഇതേ പാത പിൻതുടർന്നു. മണ്ടൻ കിളികൾ പ്രണയത്തിന്റേയും ഇലക്ട്രിസിറ്റി ബോർഡിന്റെയും കറൻറടിച്ച്, കിളികൾ ചിരഞ്ജീവികളല്ല എന്നതിന് ഉത്തമോദാഹരണമായി, കറന്റു കമ്പികളിൽ ചത്തു തൂങ്ങിക്കിടന്നു.)  
അതു കൊണ്ടാണ് മനുഷ്യരേക്കാളധികം പക്ഷികളുണ്ടായിട്ടും, അവയുടെ ജഡം എവിടെയും കാണപ്പെടാതിരുന്നത്. 
അമൃത വള്ളി, ഭൂമിയുടെ ഉപ്പിനെ ആറ്റികുറുക്കി, കിനാശ്ശേരിപ്പുഴയിലെ വെള്ളം ചേർത്ത് അതിന്റെ ഇലകളിൽ സംഭരിച്ചു. ഇതായിരുന്നു ചിന്തകൻ പക്ഷികളുടെ പ്രധാന ഭക്ഷണം. എല്ലാ അറിവും പോലെ, അമൃത വള്ളിയുടെ ഇലകളും കയ്പ്പു നിറഞ്ഞതായിരുന്നു. 
ചിന്തകൻ പക്ഷികൾ കിനാശ്ശേരിയുടെ വിഹായസ്സിലൂടെ പാറി നടന്നു. കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ ആൽമരക്കൊമ്പിലിരുന്ന് മനനം ചെയ്ത്, ആറ്റിക്കുറുക്കി, കോഡുകളാക്കി,  കിനാശ്ശേരിക്കുന്നിലെ കാഞ്ഞിരമരത്തിൽ കൊത്തിക്കുറിച്ചു. ആ കൊത്തിക്കുറിയ്ക്കലുകൾ കാത്തിരച്ചുവട്ടിൽ കുടിപാർത്ത ഒന്നുമില്ലാക്കുന്നിലമ്മ, കൊത്തിക്കുറിയ്ക്കലിന്റെ ക്ഷണതയും, ദൈർഘ്യവും കണക്കാക്കി മനസ്സിൽ കുറിച്ചു വച്ചു.
ഒന്നുമില്ലാക്കുന്നിലമ്മയ്ക്ക് പഞ്ചേന്ദ്രിയങ്ങളിൽ ഒന്നുപോലുമില്ലായിരുന്നു.  പക്ഷെ, ആറാമിന്ദ്രിയമായ മനസ്സ് മാത്രം .വളരെ താളബദ്ധമായിരുന്നു.  മനസ്സിൽ കുറിച്ചതത്രയും ഒന്നുമില്ലാക്കുന്നിലമ്മ, വൈദ്യുത-കാന്തിക തരംഗങ്ങളായി പുറത്തേയ്ക്കു പ്രസരിപ്പിക്കുകയും, അവ പ്രപഞ്ചത്തെ മൂടി നിന്ന പരമമായ  അറിവിലേക്ക് ആലേഖനം ചെയ്യപ്പെടുകയും ചെയ്തു. അറിവിന്റെ സമഗ്ര രൂപം അതായിരുന്നു.
നിത്യനിദാനത്തിന് വേണ്ട അറിവുകൾ എല്ലായ്പോഴും need to know basis ൽ ആയിരുന്നു പകർന്നു കൊടുക്കപ്പെട്ടത്.
പരമമായ അറിവിന്റെ കാവലാൾ, ഒരിന്ദ്രിയവുമില്ലാതെ, അറിവിന്റെ സൂക്ഷിപ്പുകാരനായി, അല്ല, അറിവായിത്തന്നെ നിലകൊണ്ടു. അത് പരംപൊരുൾ എന്നറിയപ്പെട്ടു.

#കിനാശ്ശേരിക്കാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക