കാസർകോട് തൊട്ട് തിരുവനന്തപുരം വരെ കേരളീയ പൊതു സമൂഹം വിശ്വാസജീർണ്ണതയുടെ കാര്യത്തിൽ എത്രത്തോളം സ്വയം പര്യാപ്തമെന്ന് തെളിയിക്കുന്ന രണ്ട് വിചിത്ര സംഭവങ്ങളാണ് ഈ ആഴ്ച്ച അരങ്ങേറിയത് . ഒപ്പം പുതുമയാർന്ന പ്രേത പ്രതികാര കഥയുമായി റോഷാക്ക് എന്ന സിനിമയും !
കാസർകോട്ടേ അനന്തപുരി ക്ഷേത്രക്കുളത്തിലെ ബബിയ ദേവി / ദേവൻ സമാധിയടഞ്ഞതിൽ മുതലക്കണ്ണീരൊഴുക്കുന്ന മനുഷ്യസ്ത്രീ വാർത്തയായതിന് പിന്നാലെ തിരുവല്ലയിലെ ദമ്പതിമാർക്ക് നരബലിക്കായി രണ്ട് യുവതികളെ മയക്കിക്കൊണ്ടു പോയി കൊടുത്ത ഷിഹാബ് പണത്തിലാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെക്കാലത്ത് മനുഷ്യരെ എന്ത് ക്രൂരതയും കൊള്ളരുതായ്മയും ചെയ്യാൻ പ്രേരിപ്പിക്കുന്നത് വിശ്വാസദൈവത്തേക്കാൾ പണദൈവമാണ്. അനന്തപുരിയിലെ മുതലയും പൊന്നുരുന്നിയിലെയും കാലടിയിലെയും യുവതികളും പണമുണ്ടാക്കാനുള്ള മാർഗമാണെന്ന മൂലധന / മാർക്കറ്റിങ്ങ് താല്പര്യങ്ങൾ വിശ്വാസത്തെയും സിനിമയേയും മാധ്യമങ്ങളേയും ചൂണ്ടയായി പ്രയോജനപ്പെടുത്തി ചിന്താശേഷിയില്ലാത്ത മനുഷ്യരെ ഇരകളാക്കുകയാണ്.
ചിന്താശേഷിയുള്ളവരെ ബോധരഹിതരാക്കി എന്തിലേക്കും വലിച്ചിഴക്കാനുള്ള ലഹരിവ്യാപാരവും ഇതിനനുബന്ധമാണ്. എന്തിനെയും വിൽപ്പനയ്ക്ക് പാകത്തിൽ പരുവപ്പെടുത്തുന്ന മാർക്കറ്റിസമാണ് ഇവിടുത്തെ മാർക്സിസ്റ്റ് വിരുദ്ധ ജനപ്രിയ പൊതുമനോഭാവത്തിന് ജാതിമത രാഷ്ട്രീയ ഭേദമന്യേ സ്വീകാര്യമായിത്തീർന്നത്.
ജ്യോതിഷം, രത്നക്കല്ല് എന്നിവയ്ക്കൊക്കെയായി മലയാളികൾ ചെലവാക്കുന്ന പണത്തിന്റെ കണക്ക് കേട്ടാൽ കൊടിയ യുക്തിവാദിക്ക് പോലും ജ്യോത്സ്യം തൊഴിലാക്കാൻ തോന്നിപ്പോവും. ആരാധനാലയങ്ങളിൽ നേർച്ചകൾക്കും പൂജകൾക്കും വേണ്ടി പുരോഹിതരുടെ അടുത്ത് പകർച്ചവ്യാധിക്കാലത്ത് ഡോക്ടർമാരുടെ അടുത്ത് പോലും കാണാത്തത്ര തിരക്കാണ്.
ഈ നേർച്ചയുടെയും പൂജയുടെയും ഭക്താവശ്യങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടിപ്പോവും , അയൽക്കാരന്റെ പറമ്പ് ചുളുവിലക്ക് കിട്ടാൻ അയാളുടെ ബിസ്സിനെസ്സ് പൊളിയണം , പ്രമോഷൻ കിട്ടാൻ സഹപ്രവർത്തകൻ ചാവണം, രഹസ്യ കാമുകിയെ യഥേഷ്ടം കിട്ടാൻ അവളുടെ ഭർത്താവിന് ആക്സിഡന്റാവണം ! ഭർത്താവിന്റെ രഹസ്യക്കാരിക്ക് മുഖത്ത് പൊള്ളലേൽക്കണം .. വെറുതേ പറയുന്നതല്ല - പരിചയക്കാരായ ചില യുവപുരോഹിതർ അവരുടെ ഉല്ലാസ സായാഹ്നങ്ങളിൽ തുറന്ന് പറയുന്നതാ.
ഇതുമായി ബന്ധപ്പെട്ട ഏതോ ചാനൽ ചർച്ചയിൽ സിനിമാ താരം അദ്ദേഹത്തിന്റെ ആരാധകനായ ഗുരുവായൂർ പൂജാരി പറഞ്ഞു എന്ന് പറഞ്ഞ് ഒരു കാര്യം അവതരിപ്പിച്ചു. ശത്രുസംഹാരം എന്നാൽ അവനവന്റെ ഉള്ളിലെ ശത്രുവിനെ സംഹരിക്കലാണത്രേ ... ! ഈ ആധ്യാത്മിക പ്രബുദ്ധനായ മമ്മൂട്ടിയും കമ്പനിയുമാണ് ചത്ത ശത്രുവിന്റെ കബറ് മാന്തി തലയോടെടുത്ത് ആഷ്ട്രേയാക്കി അവന്റെ വിധവയെ ഭാര്യയാക്കി അവനെ പ്രേതമാക്കി വീണ്ടെടുത്ത് കണക്കു തീർത്ത് ശത്രുവിന്റെ അമ്മയേയും സഹോദരനേയും വരെ പകയ്ക്കിരയാക്കി ആ കുടുംബം കുളം തോണ്ടുന്ന റോഷാക്ക് എന്ന സിനിമ നിർമ്മിച്ചത്.
സിനിമാ/കായിക (രാഷ്ട്രീയ ദൈവങ്ങളെ കാര്യം കാണാൻ സേവിക്കുന്നതേയുള്ളൂ - ആരും ഇന്ന് പൂജിക്കാറില്ല ) ദൈവങ്ങളെ വല്ലാതെ പൂജിക്കുന്നതും വിശ്വാസ ജീർണതയുടെ അനുബന്ധമാണ്.
മുതലയേയും പൂജയേയും പ്രേക്ഷകാരാധനയേയും കണ്ണിൽ ചോരയില്ലാതെ വിൽക്കുന്ന ഈ മനുഷ്യ ദൈവങ്ങൾക്ക് മുന്നിൽ ആ വിശ്വാസ ദൈവം എത്ര പാവം ?
PRAKASHAN KARIVELLOOR ABOUT MISLEADING BELIEVES IN SOCIAL LIFE ..