Image

ഉണ്ണിക്ക് ഇഷ്ടമാണ്, പക്ഷെ (കഥ: സുധീർ പണിക്കവീട്ടിൽ)

Published on 12 October, 2022
ഉണ്ണിക്ക് ഇഷ്ടമാണ്, പക്ഷെ (കഥ: സുധീർ പണിക്കവീട്ടിൽ)

ഉണ്ണിയും മുത്തശ്ശിയും അമ്പലത്തിലേക്ക് കയറുമ്പോൾ രാധാലക്ഷ്മി തൊഴുതു  മടങ്ങുകയായിരുന്നു. ഏതോ ജന്മബന്ധംപോലെ അവൾ മുത്തശ്ശിയേയും ഉണ്ണിയേയും നോക്കി ഒന്ന് മന്ദഹസിച്ചു. പുഷ്‌പാജ്‌ഞാലി കഴിച്ച് കിട്ടിയ പ്രസാദമുള്ള ഇലക്കീറു സൂക്ഷിച്ചു പിടിച്ച് പതുക്കെ നടന്നു. മഴപെയ്തു കല്ലുപാകിയ വഴിയിൽ വെള്ളത്തുള്ളികൾ  പ്രഭാതരസ്മികളിൽ തിളങ്ങി. കസവു സെറ്റ്മുണ്ടു ഉടുത്ത് മുടിയുടെ തുമ്പ് കെട്ടി അതിൽ തുളസി കതിരും ചൂടി അവൾനടന്നു. ഉണ്ണി ഇടക്കിടെ തിരിഞ്ഞുനോക്കി. കണ്ണിൽ നിന്നും മറയുന്നവരെ.  അമ്പലത്തിന്റെ മുന്നിലുള്ള പാടത്തിലൂടെ അവൾ നടന്നുപോയി. 
ഉണ്ണിക്ക് എന്തോ പ്രയാസം പോലെ. അയാൾ ഇത്തവണ തിരിഞ്ഞുനോക്കിയപ്പോൾ അവളും തിരിഞ്ഞു നോക്കി. അവൾ ദൂരെയാണെങ്കിലും അവളുടെ മനോഹരമായ മിഴികളും ആ മുഖവും ഉണ്ണിക്ക് ആനന്ദം നൽകി. ഉണ്ണി നോക്കുന്നത് കണ്ട് മുത്തശ്ശിയും നോക്കി. അവർ രണ്ടുപേരും നോക്കി നിൽക്കുമ്പോൾ അമ്മു വാരസ്യാർ  അടുത്ത് വന്നു കുശലം പറഞ്ഞു. മുത്തശ്ശി ചോദിച്ചു.  "ഏതാ  ആ പോകുന്ന കുട്ടി". വാരസ്യാർ പറഞ്ഞു. ഈ പാടം ചെന്നുമുട്ടുന്ന പറമ്പില്ലേ അവിടത്തെ നമ്പീശന്റെ മോളാണ്.  പാവം കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട്. എന്നാൽ ഭർത്താവ് ശരിയല്ലാത്തതുകൊണ്ട് ബന്ധം തീർത്തു വന്നിരിക്കയാണ്. ഉണ്ണിയുടെ മുഖം മങ്ങി. അത് മനസ്സിലാക്കാതെ "ശിവ, ശിവ" എന്ന് ജപിച്ച് നടന്ന മുത്തശ്ശിയുടെ പുറകെ ഉണ്ണി നടന്നു.
ഉണ്ണിക്ക് ഇഡ്ഡലിയും സാമ്പാറും വിളമ്പുമ്പോൾ മുത്തശ്ശി പറഞ്ഞു." വയ്യാണ്ടായേക്കുണു എന്റെ കുട്ട്യേ, ഇനി വേഗം ഒരു വേളി അങ്ങട് തരപ്പെടുത്താ. ഉണ്ണി പുഞ്ചിരി തൂകി. ഉണ്ണിയുടെ മനസ്സിൽ രാധാലക്ഷ്മിയുടെ രൂപം തെളിഞ്ഞു. അവളുടെ മന്ദഹാസം ഒരു നിലാവ് പോലെ ഉണ്ണിയെ തഴുകി. ഉണ്ണി ഇഡ്ഡലി കഴിച്ചു അവിടെ ഒന്ന് ചുറ്റിപ്പറ്റി നിന്നിട്ടു  പുറത്തേക്കിറങ്ങാണു എന്ന് മുത്തശ്ശിയോട് പറഞ്ഞു അമ്പലനടയിലേക്ക് നടന്നു. അയാളുടെ ലക്‌ഷ്യം പാടം ചെന്നുമുട്ടുന്ന പറമ്പായിരുന്നു. ഒരു പക്ഷെ നമ്പീശനെ പരിചയമുണ്ടെങ്കിൽ സംസാരിക്കാം . രാധാലക്ഷ്മിയെ കാണാം. വിവാഹിതയും അമ്മയുമായ യുവതിയാണ്. ഒറ്റനോട്ടത്തിൽ കണ്ട ഇഷ്ടവും കൊണ്ട് പോകയാണ്. കൂടുതൽ ഇഷ്ടായാലും മുത്തശ്ശി സമ്മതിക്കോ? എന്ന ശങ്കയുണ്ടായിരുന്നു.  എന്തായാലും ഒന്നുകൂടി കണ്ട് നോക്കാം. ഭാഗ്യത്തിന് പറമ്പിൽ നമ്പീശൻ നിൽക്കുന്നു. ഉണ്ണിക്ക് പരിചയമുണ്ട്. ഇതുവഴി സ്‌കൂളിൽ പോകുമ്പോൾ കണ്ടിട്ടുണ്ട്.
എന്താ കുട്ട്യേ ഈ വഴിക്കൊക്കെ. അവധിക്ക് വന്നതാണ്. വെറുതെ ഒന്ന് ചുറ്റിയടിക്കയാണ്.  ഇപ്പോൾ എവിടെയാണ്. ഡൽഹിയിൽ. രാധാലക്ഷ്മി ഡൽഹിയിൽ ആയിരുന്നു. അവളുടെ ഭർത്താവിന് അവിടെയായിരുന്നു ജോലി. അയാൾ ബന്ധം ഒഴിഞ്ഞു.  ഉണ്ണി അതുകേട്ടു നിൽക്കുമ്പോൾ രാധാലക്ഷ്മി ആടിനെ ഓടിച്ച് വരുന്നു. ഒന്ന് പെറ്റ് കുട്ടിയുള്ള യുവതിയാണെന്നു തോന്നുകയില്ല. പാവാട പൊക്കികുത്തി ആടിന്റെ പുറകെ ഒരു പതിനാറുകാരിയെപോലെ ഓടി വരുന്നു. ഉണ്ണിയെ കണ്ട് അവൾ പാവാടയുടെ കുത്ത് അഴിച്ച് താഴെയിട്ടു. പുഞ്ചിരി തൂകി അടുത്ത് വന്നു.
ഉണ്ണിയെ ചൂണ്ടി അച്ഛൻ രാധാലക്ഷ്മിയോട് പറഞ്ഞു. "ഇയാളെ അറിയില്ല അല്ലെ. അമ്പലത്തിന്റെ പുറകിൽ താമസിക്കുന്ന കൃഷ്ണൻ നമ്പിടിയുടെ മകളുടെ മകൻ. ഇയാളുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയി. ഇയാളും ഡെൽഹിയിലാണത്രെ. രാധാലക്ഷ്മി ഒരു നെടുവീർപ്പോടെ ഓ എന്റെ ഡൽഹി ജീവിതം കഴിഞ്ഞു. ഉണ്ണിക്ക് അപ്പോൾ പറയാൻ തോന്നിയത്. ഏയ് അങ്ങനെ പറയാതെ ഇനിയും ഒരു അവസരം ഉണ്ടായിക്കൂടെന്നില്ല. അച്ഛനെ 'അമ്മ വിളിച്ചപ്പോൾ നിങ്ങൾ സംസാരിക്കു എന്ന് പറഞ്ഞു അദ്ദേഹം പോയി. രാധാലക്ഷ്മിയുടെ നിഷ്കളങ്കത അയാൾ മനസ്സിലാക്കിയത് അവളുടെ മറുപടിയിൽ നിന്നാണ്. കല്യാണം ഒഴിഞ്ഞിട്ടാണ് ഡൽഹി ജീവിതം അവസാനിച്ചത്. ഇനിയും അവസരം വരാൻ ഞാൻ അവിടെയുള്ള ആളെ വീണ്ടും വിവാഹം കഴിക്കണം. ഉണ്ണി മുതിർന്നവർ പറയുംപോലെ പറഞ്ഞു. ഈ വിവാഹം എന്നൊക്കെ പറയുന്നത് ഒരു യോഗമാണ്.  നമ്മൾ വിചാരിക്കുന്ന പോലെയല്ല. ഇയാൾ വിവാഹിതനാണോ? രാധാലക്ഷ്മിയുടെ ചോദ്യം. ഉണ്ണി പറഞ്ഞു അല്ല, പക്ഷെ ഞാൻ വിവാഹം കഴിക്കും. ശരി , കല്യാണത്തിന് ക്ഷണിക്കണം ട്ടോ, എന്നും പറഞ്ഞു രാധാലക്ഷ്മി വീണ്ടും ആടിന്റെ  ;പുറകെ ഓടി. അയാൾ അവിടെ നിന്നും മടങ്ങി.
ഇപ്പോൾ ഉണ്ണി രാധാലക്ഷ്മിയെ നല്ലപോലെ അടുത്ത് കണ്ട്. ഉണ്ണിക്ക് ഇഷ്ടമായി. എല്ലാ ആണുങ്ങളെയുംപോലെ വേറൊരുത്തന്റെ കുട്ടിയെ പ്രസവിച്ചവൾ എന്ന വെറുപ്പൊന്നുമില്ല. അവളുടെ മനോഹരമായ മിഴികൾ. പതിനാറുകാരിയുടെ ചൊറുചൊറുക്ക്. എന്തും പറയാൻ മടിയില്ലാത്ത നിഷ്ക്കളങ്കത. ചിരിക്കുമ്പോൾ കാണുന്ന ദന്തനിരകളുടെ ഭംഗി. താമര വളയങ്ങൾ പോലെ നീണ്ട കരങ്ങൾ .ഉണ്ണിയുടെ സ്വപനങ്ങളിൽ വരാറുള്ള  സുന്ദരിക്കുട്ടി. വീടെത്തുന്നവരെ ഉണ്ണി രാധാലക്ഷ്മിയെ ഓർത്തു നടന്നു. 
ഉണ്ണി മുത്തശ്ശിയോട് ചോദിച്ചു. മുത്തശ്ശി ഉണ്ണീടെ എല്ലാ ആഗ്രഹവും സാധിക്കില്ലേ. ഉണ്ണിക്ക് ആ പെൺകുട്ടിയെ കല്യാണം കഴിച്ചാൽ മതി. മുത്തശ്ശി പൊട്ടി പൊട്ടി ചിരിച്ചു.എന്താ ഉണ്ണി ഇത് കുട്ടികളിയാ.. കടയിൽ നിന്നും നിനക്ക്  ഇഷ്ടപെട്ട കളിപ്പാട്ടം വാങ്ങി തരുന്നപോലെയാണോ? ആ കുട്ടി ഭർത്താവ് ഉപേക്ഷിച്ച് വന്നവളാണ്. പോരാത്തതിന് അതിനു ഒരു മകളും ഉണ്ട്. നീ എന്താ ആലോചിക്കാതെ.  അത് തന്നെയല്ല ഭാരതീയ നാരികൾ ഒരു ബന്ധം ഉപേക്ഷിച്ച് വേറൊന്നു  നടത്തുന്ന പ്രകൃതക്കാരല്ല.  കൂടാതെ ആ കുട്ടി സമ്മതിക്കുമോ എന്ന് എന്ത് ഉറപ്പു. ഉണ്ണി എടുത്ത വഴിക്ക് പറഞ്ഞു. അവൾ സമ്മതിക്കും. മുത്തശ്ശി അതുകേട്ട് ഞെട്ടി.നീ ആ കുട്ടിയെ കണ്ടുവോ? ഞാൻ കണ്ടു  സംസാരിച്ചു. ആ കുട്ടി പറഞ്ഞു ഇനിയും ഡൽഹിയിൽ പോകണമെങ്കിൽ അവിടെയുള്ള ആളെ വിവാഹം കഴിക്കണമെന്നു. അപ്പോൾ ആ കുട്ടിക്ക് ആഗ്രഹം ഉണ്ട്.
മുത്തശ്ശി തലക്ക് കൈ കൊടുത്ത് ഇരുന്നു. വിശറിക്കൊണ്ട് വീശി. ഉണ്ണി വിശറി വാങ്ങി വീശി കൊടുത്തു.  ഉണ്ണി ഇത് ശരിയാകില്ല. പക്ഷെ മുത്തശ്ശി അറിയുന്ന നമ്പീശന്റെ മോളാണ്.  ആ പാടം ചെന്നുമുട്ടുന്ന വീട്ടിലെ. വാസു നമ്പീശന്റെ മോളാണോ.? അതുകേട്ട് ഉണ്ണിക്ക് സമാധാനമായി. നല്ല ആളുകളല്ലേ മുത്തശ്ശി? അയാൾക്ക് മൂന്നു പെണ്മക്കളാണല്ലോ. ഇത് ഇളയതാണ് മുത്തശ്ശി. പാവം കുട്ടി. എനിക്ക് വല്ലാണ്ട് ഇഷ്ടായി. ഉണ്ണി, സത്യം പറായാലോ എനിക്കും ഇഷ്ടമായി. പക്ഷെ വാരസ്യാർ അതിന്റെ കല്യാണം കഴിഞ്ഞതും ബന്ധം ഒഴിഞ്ഞതും കുട്ടിയുള്ളതും പറഞ്ഞപ്പോൾ എന്റെ മനസ്സ് ചത്തു.
ഉണ്ണി നിന്റെയും എന്റെയും ഇഷ്ടം പോരാ കുട്ടാ.. നിന്റെ സഹോദരിമാർ അവരുടെ ഭർത്താക്കന്മാർ, അമ്മാവൻ എല്ലാവരോടും ചോദിക്കണം. അവർ സമ്മതിക്കണം.  മുത്തശ്ശി ആലോചിക്കൂ അവൾ വിധവയല്ലല്ലോ?  എന്നാലും വേണ്ടിയിരുന്നില്ല ഇത് ഉപേക്ഷിച്ച പെണ്ണല്ലേ. അത് സാരമില്ല എന്തെങ്കിലും കാരണം കാണും. നമുക്ക് നാളെ അവരുടെ വീട്ടിൽ പോകാം മുത്തശ്ശി. അവർക്ക് സമ്മതമാണോ എന്നറിഞ്ഞിട്ട് പോരെ  നമ്മുടെ വീട്ടിലെ സമ്മതം.
പിറ്റേ ദിവസം മുത്തശ്ശിയുമൊത്ത് അമ്പലത്തിൽ തൊഴുത് നമ്പീശന്റെ വീട്ടിലേക്ക് അയാൾ യാത്രയായി. ഒരു മഞ്ഞക്കിളി പാടത്ത് കെട്ടിക്കിടന്ന വെള്ളത്തിൽ നിന്നും കുറച്ച് വെള്ളം കുടിച്ച് കൊക്കുകൾ ചിറകുകൾ കൊണ്ട് തുടച്ച് പറന്നു പോയി. സൂര്യന് ചൂട് കുറവായിരുന്നു. മുത്തശ്ശി പറഞ്ഞു കുട നിവർത്താണ്ട് കഴിഞ്ഞു. ചൂട് ആരംഭിച്ചിട്ടില്ല. ഉണ്ണിയുടെ മനസ്സിൽ പൂവും പ്രസാദവുമായി അതുവഴി നടന്നുപോയ സുന്ദരിയിൽ ആയിരുന്നു. മുത്തശ്ശി ഉണ്ണിയോട് പറഞ്ഞു ഞാൻ ഇവിടെ വന്നിട്ട് ഇശ്ശി കാലായി. നിന്റെ മുത്തച്ഛൻ ഉള്ളപ്പോൾ. അന്ന് നമ്പീശനോക്കെ വലിയ പ്രതാപമായിരുന്നു. തൊഴുത്ത് നിറയെ പശുക്കൾ. മൂന്നാലു വൈക്കോൽ തുറു. പിന്നെ നിലം ഉഴാൻ കാളകൾ. ഇപ്പോഴും പ്രതാപത്തിനു കുറവില്ലെന്നു ഉണ്ണി. 
അവർ വീട്ടിലേക്ക് കയറി വരുമ്പോൾ നമ്പീശൻ വീടിനു മുന്നിൽ തന്നെയുണ്ടായിരുന്നു. മുത്തശ്ശിയെ  കണ്ടു വളരെ സന്തോഷവാനായി. എന്താ ഈ വഴിക്കൊക്കെ എന്ന് ചോദിച്ചു ഭാര്യയെ വിളിച്ചു. അവർ  താമ്പൂല പെട്ടി മുത്തശ്ശിയുടെ മുന്നിൽ വച്ച് ഭവ്യതയോടെ നിന്ന്. ഉണ്ണിയുടെ കണ്ണുകൾ ചുറ്റുപാടും പരതുന്നുണ്ടായിരുന്നു. കുശലം പറയുന്നതിനിടയിൽ മുത്തശ്ശി ചോദിച്ചു നമ്പീശന്റെ ഇളയ മോൾ ഇവിടെ ഉണ്ടെന്നു കേട്ട്. ഉണ്ണി കണ്ടിരിക്കുന്നു. ഒന്ന് കാണാമെന്നു വച്ച് വന്നതാ. നമ്പീശൻ വളരെ സന്തോഷത്തോടെ അയ്യോ അവൾ ഇന്ന് രാവിലത്തെ വണ്ടിയിൽ പോയല്ലോ. ഉണ്ണിയുടെ ഹൃദയം മിടിക്കാൻ തുടങ്ങി. മുഴുവൻ കേൾക്കാൻ അയാൾ ചെവി കൂർപ്പിച്ചു. നമ്പീശൻ തുടർന്ന്.
അവളെ കല്യാണം കഴിച്ച ആളുമായി പിണങ്ങി ഇനി ആ ബന്ധം വേണ്ടെന്നു പറഞ്ഞു അവൾ വന്നതാണ്. അയാളും ബന്ധം ഒഴിവാക്കാൻ തയ്യാർ .നിയമപരമായി അത് വേറിട്ട് കിട്ടിയിരുന്നില്ല. ഇന്നലെ അയാൾ വന്നു.മാപ്പ് പറഞ്ഞു അവളെയും കൂട്ടി പോയി. ഉണ്ണി പരിഭ്രമത്തോടെ രാധാലക്ഷ്മി സമ്മതിച്ചോ?  നമ്പീശൻ പറഞ്ഞു വിവാഹബന്ധം വേർപ്പെടുത്തുക  അത്ര എളുപ്പമാണോ? പോരാത്തതിന് ഒരു കുട്ടിയുമുണ്ട്. അവൾ സുഖമായി ജീവിക്കട്ടെ. 
മുത്തശ്ശി ഉണ്ണിയുടെ മുഖത്ത് നോക്കി. രാധാലക്ഷ്മി സഞ്ചരിക്കുന്ന വണ്ടിയുടെ മുന്നിൽ ചാടി ജീവൻ ഒടുക്കാൻ ചിന്തിക്കയാണ് ഉണ്ണി. നമ്പീശന്റെ സൽക്കാരങ്ങൾ പേരിനു സ്വീകരിച്ച് രണ്ടാളും യാത്ര പറഞ്ഞിറങ്ങി. മുത്തശ്ശി ഉണ്ണിയോട് പറഞ്ഞു ഉണ്ണി ജീവിതം കുട്ടിക്കളിയല്ല. ഉണ്ണി എന്തെങ്കിലും കണ്ടു ചാടി പുറപ്പെടരുത്. എല്ലാം നല്ലതിനാണ്. നമുക്ക് ഭഗവതിയെ ഒന്നുകൂടി തൊഴുത് മടങ്ങാം. ഉണ്ണിക്ക് ശ്രീപാർവതിയെപോലെ ഒരു പെൺകുട്ടിയെ നൽകാൻ പ്രാർത്ഥിക്കാം. അപ്പോഴാണ് ഉണ്ണിക്ക്  ജീവൻ വീണത്. അയാൾ നർമ്മം  കലർത്തി പറഞ്ഞു എങ്കിൽ എന്റെ വിവാഹം നടന്നത് തന്നെ. ഞാൻ ഗണപതിയെപോലെ ബ്രഹ്മചാരി ആകേണ്ടി വരും. ശ്രീപാർവതിയെപോലെ അവർ മാത്രമല്ലേയുള്ളു. ഗണപതിയും അങ്ങനെ ഒരു പെണ്ണിനെ തേടി നടക്കയാണ്. മുത്തശ്ശി വീട്ടിലേക്ക് കയറയുമ്പോൾ പറഞ്ഞു ഉണ്ണി ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയി എന്ന് പറഞ്ഞപോലെയായല്ലോ. ആദ്യമായി പേരക്കുട്ടിക്ക് ഒരു വിവാഹാലോചനയുമായി പോയിട്ട്. ഉണ്ണി ഇരുത്തം വന്നവനെപോലെ അപ്പോൾ മുത്തശ്ശിയെ ഉപദേശിച്ചു. നമ്മൾ കാണാൻ  പോയ പെൺകുട്ടി വിവാഹിതയും ഭർത്താവ് നിരസിച്ചവളുമായിരുന്നല്ലോ. അപ്പോൾ അതിന്റെ പരിണതഫലം ഇങ്ങനെയൊക്കെ വരുകയുള്ളു. മുത്തശ്ശി പതുക്കെ ഉരുവിട്ടു "ശിവ ശിവാ".

ശുഭം

Join WhatsApp News
ഗിരിജ ഉദയൻ 2022-10-12 15:27:56
മനോഹരം 😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക