Image

ഇലന്തൂര്‍ നരബലി. ആരാണുത്തരവാദി? (ബാബു പാറയ്ക്കല്‍:  നടപ്പാതയില്‍ ഇന്ന്- 54)

ബാബു പാറയ്ക്കല്‍ Published on 13 October, 2022
 ഇലന്തൂര്‍ നരബലി. ആരാണുത്തരവാദി? (ബാബു പാറയ്ക്കല്‍:  നടപ്പാതയില്‍ ഇന്ന്- 54)

മദ്ധ്യ തിരുവിതാംകൂറിലെ ഇലന്തൂര്‍ ഗ്രാമത്തില്‍ ആഭിചാര ക്രിയയ്ക്കു വേണ്ടി രണ്ടു സ്ത്രീകളെ കുരുതി കൊടുത്തിരിക്കുന്നു. നാടിനെ മാത്രമല്ല രാജ്യത്തെ തന്നെ നടുക്കിയ ഈ സംഭവത്തെ തുടര്‍ന്ന് മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. എല്ലാവരും ചോദിച്ച മുഖ്യമായ ചോദ്യം ഇതായിരുന്നു. 'കേരളത്തില്‍ ഇതെങ്ങനെ സംഭവിച്ചു?' ഏതാണ്ട് നൂറു ശതമാനം സാച്ചരത, ദൈവത്തിന്റെ സ്വന്തം നാട്, ലോകത്തിലെ തന്നെ ഏറ്റവും നല്ല വിദ്യാഭ്യാസ മേഖല, ഏറ്റവും നല്ല ആരോഗ്യ മേഖല, നിക്ഷേപക സൗഹൃദ സംസ്ഥാനം, ബുദ്ധികേന്ദ്രങ്ങളായ യുവത്വം, മത വര്‍ഗീയ പാര്‍ട്ടിയായ ബിജെപി യ്ക്ക് കച്ചിതൊടാന്‍ അവസരം നല്‍കാത്ത മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായ പ്രബുദ്ധ കേരളം! എന്നിട്ടും ഈ കേരളത്തില്‍ ഇത്രയും മൃഗീയവും തികച്ചും പൈശാചികവുമായ മനുഷ്യക്കുരുതി എങ്ങനെ സംഭവിച്ചു? ചര്‍ച്ചയില്‍ പങ്കെടുത്ത മിക്കവാറും എല്ലാവരും തന്നെ 'ഞെട്ടി'യതായി അറിയിച്ചു. ഇത് കേട്ട് എനിക്ക് ചിരിയാണ് വന്നത്. കാരണം, കേരളത്തെപ്പറ്റി നേതാക്കളൊക്കെ പറഞ്ഞ ഈ ഗുണങ്ങളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും ഇന്ന് കേരളത്തിന് യോജിക്കുന്നുണ്ടോ? 

ഇന്നത്തെ കേരളത്തിന്റെ യഥാര്‍ഥ അവസ്ഥ എന്താണ്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മയക്കു മരുന്ന് എത്തുകയും കച്ചവടം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംസ്ഥാനം, ഏറ്റവും കൂടുതല്‍ മദ്യം വിറ്റു കാശുണ്ടാക്കുന്ന സംസ്ഥാനം, വിദ്യാഭ്യാസ മേഖല പൊട്ടിപാളീസായി യാതൊരു യോഗ്യതയുമില്ലാതെ പാസ്സാകുന്ന വിദ്യാര്‍ഥികള്‍, എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥി പോലും രാവിലെ കഞ്ചാവ് വലിച്ചിട്ടു സ്‌കൂളില്‍ പോകുന്ന ഏക സംസ്ഥാനം, ഇംഗ്ലീഷില്‍ പഠിച്ചു ബിരുദമെടുക്കുന്നവര്‍ക്കുപോലും ചൊവ്വേ നേരേ ഒരു ഇന്റര്‍വ്യൂവില്‍ ഒരുത്തരം ഇംഗീഷില്‍  പറയാന്‍ അറിയാത്ത മഹത്തായ വിദ്യാഭ്യാസം, ഒരു മൂക്കിപ്പനി വന്നാല്‍ പോലും അമേരിക്കയിലേക്ക് ചികിത്സക്കോടുന്ന മന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനം, വാക്സിന്‍ എടുത്താലും പേ വിഷബാധയേറ്റു മനുഷ്യര്‍ മരിക്കുന്ന ലോകത്തെ ഏക സംസ്ഥാനം, നിക്ഷേപകര്‍ക്ക് ഒരു മുറുക്കാന്‍ കട പോലും നോക്കുകൂലിയും പാര്‍ട്ടി ഫണ്ടും കൊടുക്കാതെ സ്വതന്ത്രമായി നടത്താന്‍ കഴിയാത്ത സംസ്ഥാനം, പത്തു വര്‍ഷം കൊണ്ട് കേരളം ഒരു പ്രത്യേക മതത്തിന്റെ രാജ്യമായി പ്രഖ്യാപിക്കുമെന്നറിയിച്ചിട്ടുപോലും അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുമെന്നു പറയുന്ന ഭരണകൂടം, സ്വര്‍ണ്ണക്കടത്തും കള്ളക്കടത്തും അഴിമതിയും ഒക്കെ അനുവദനീയമാണെന്ന് കരുതാവുന്ന അവസ്ഥ, വഴിയില്‍ ഒരുവന്‍ അപകടം പറ്റി ചോരയൊലിച്ചു കിടന്നാല്‍ പോലും തിരിഞ്ഞു നോക്കാതെ പാഞ്ഞുപോകുന്ന സംസ്‌കാരം പേറുന്ന പ്രബുദ്ധത! സ്ത്രീ സുരക്ഷയാണ് നമ്മുടെ ലക്ഷ്യം എന്ന് വാ തോരാതെ പ്രസംഗിക്കുന്ന മന്ത്രിമാര്‍, പക്ഷേ, പട്ടാപ്പകല്‍ പോലും ഒന്‍പതു വയസ്സ് തികയാത്ത പെണ്‍കുട്ടിക്കോ തൊണ്ണൂറു വയസ്സ് കഴിഞ്ഞ വൃദ്ധയ്ക്കോ പോലും തനിയേ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതമായി ഇരിക്കാന്‍ വയ്യാത്ത സംസ്ഥാനം. തട്ടിപ്പു കാണിച്ചു കോടികള്‍ കൊയ്യുന്ന ധ്യാന കേന്ദ്രങ്ങളും ആള്‍ ദൈവങ്ങളും യഥേഷ്ടം വാഴുന്ന സംസ്ഥാനം. പാര്‍ട്ടി ബന്ധങ്ങളുണ്ടെങ്കില്‍ എന്തു കുറ്റകൃത്യവും ചെയ്യാന്‍ ലൈസെന്‍സ് ഉള്ള ലോകത്തിലെ ഏക തുരുത്ത്. എന്നാലും എന്റെ കേരളം ലോകത്തിലെ ഏറ്റവും മികച്ച സംസ്ഥാനം. കേരളം എത്ര സുന്ദരം! അങ്ങനെ എന്തെല്ലാം കേരളത്തിന്റെ മാത്രം സ്വന്തം!

ഇലന്തൂര്‍ നരബലി ഒരു തുടക്കം മാത്രം. ഈ കുറ്റകൃത്യത്തിന്റെ സൂത്രധാരന്‍ മുഹമ്മദ്ഷാഫി എന്ന ഒരുവനാണത്രേ! അയ്യാള്‍ മയക്കു മരുന്നിനും മദ്യത്തിനും അടിമയാണെന്നു കുടുംബാംഗങ്ങള്‍ തന്നെ പറയുന്നു. ഈ കൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും തന്നെ മയക്കു മരുന്നു കഴിക്കുന്നവരാണെന്നു പറയുന്നു. എന്തായാലും ഇവരെയൊക്കെ പിടിച്ചു തൂക്കി കൊന്നാല്‍ പോലും ഈ പ്രശ്നം തീരുകയില്ല. കാരണം, ഇവരല്ല കുറ്റവാളികള്‍ എന്നതുതന്നെ. ഒരു മനുഷ്യനെ സാഹചര്യമാണ് വഷളാക്കുന്നത്. നമ്മുടെ ചെറുപ്പത്തില്‍ ഹൈ സ്‌കൂളിലോ കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥികളോ ഒരു സിഗരറ്റു വലിച്ചെന്നറിഞ്ഞാല്‍ പ്രിന്‍സിപ്പലിന്റെ അടുത്ത് വരെ പോകേണ്ടി വരുമായിരുന്നു. ആരാണ് സിഗരറ്റ് അവിടെ കൊണ്ടുവന്നത് എന്നതിന് വലിയ അന്വേഷണം ഉണ്ടാകും. ഫലമോ, കുട്ടികള്‍ അങ്ങനെയുള്ള ഉദ്യമത്തില്‍ നിന്നും പിന്മാറും. അന്ന് മയക്കു മരുന്നിനെ പറ്റി കേട്ടിട്ടു പോലുമില്ല. ഇന്നോ, ക്ലാസ്സുകളില്‍ ഈ സാധനം സുലഭമായി എത്തുന്നു. അദ്ധ്യാപകന്‍ അത് കണ്ടു നടപടി എടുക്കാന്‍ നോക്കിയാല്‍ മയക്കു മരുന്നു വില്‍ക്കുന്നവര്‍ ക്ളാസ് മുറിയില്‍ കയറി അദ്ധ്യാപകനെ വെട്ടും. രാഷ്ട്രീയ പിന്‍ബലമുള്ളതുകൊണ്ടു കാര്യമായ കേസോ ശിക്ഷയോ ഒന്നും ഉണ്ടാകയില്ല. പോലീസുകാരന്റെ അവസ്ഥയും അദ്ധ്യാപകന്റെ തന്നെ. മയക്കു മരുന്നു വില്‍ക്കുന്നവനെ പിടിച്ചു അകത്തിട്ടാല്‍ താമസിയാതെ ദൂര സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടുമെന്നുറപ്പ്. 

ഈ മയക്കു മരുന്ന് അകത്തുചെന്നാല്‍ ആ വ്യക്തിയെ നയിക്കുന്നത് ആ ആളിന്റെ ബുദ്ധിയിലുള്ള വിവേകമല്ല. ഈ മരുന്നാണ് പിന്നെ നിയന്ത്രണം ഏറ്റെടുക്കുന്നത്. പിന്നെ എന്തൊക്കെ ചെയ്യുന്നു എന്ന് അയാള്‍ പോലും അറിയുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് അമേരിക്കയില്‍ ഇറങ്ങിയ ഒരു ലഹരി മരുന്നു കഴിച്ചവര്‍ക്കു സ്വയം തോന്നും, അയാള്‍ക്ക് ഒരു പക്ഷിയെപ്പോലെ പറക്കാന്‍ സാധിക്കുമെന്ന്. അങ്ങനെ പല യുവാക്കളും തിരക്ക് പിടിച്ച ഹൈവേയുടെ മുകളിലുള്ള മേല്‍പ്പാലത്തില്‍ കയറിനിന്നു രണ്ടു കയ്യും വശങ്ങളിലേക്കു നീട്ടിപിടിച്ചു പറന്നു. താഴെവീണു ഛിന്നഭിന്നമാകാന്‍ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. 

കേരളത്തെ രക്ഷിക്കാന്‍ ഇനി ആര്‍ക്കും കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, അവന്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ആശ്രയിക്കുന്നത് രണ്ടു കൂട്ടരെയാണ്. ഒന്ന്, മതനേതാക്കന്മാര്‍, രണ്ട്, അധികാരികള്‍. ഇവര്‍ രണ്ടും ഇന്ന് മനുഷ്യരെ ചൂഷണം ചെയ്തു സമ്പത്തു കൊയ്യാനാണ് നോക്കുന്നത്. ഫലമോ, നശിച്ചു നാറാണക്കല്ലാകുന്ന ഇളം തലമുറയും. മയക്കുമരുന്നു വ്യാപാരം നടത്തുന്നവരെ കോടിക്കണക്കിനു വിലയുള്ള വിവിധതരം മയക്കുമരുന്നുമായി പിടിക്കപ്പെടുമ്പോള്‍ പേരിനൊരു അറസ്‌ററ് ഉണ്ടായേക്കാം. കുറച്ചു ദിവസം കഴിയുമ്പോള്‍ അവര്‍ സ്വതന്ത്രരായി ഇറങ്ങിപ്പോകയും ചെയ്യും. ഇനി ഗുണം പിടിക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ. നാട് നശിക്കരുതെന്നാത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ഭരണകര്‍ത്താവ് കര്‍ശനമായി പോലീസ് സേനയില്‍ കഴിവുള്ള കുറച്ചുപേരെ നിരത്തി ഒരു സ്‌ക്വാഡ് ഉണ്ടാക്കി ലഹരിമരുന്നു വേട്ടയ്ക്കിറങ്ങണം. മുഖം നോക്കാതെ നടപടി എടുക്കണം. ഒപ്പം ബോധവത്കരണ ക്‌ളാസ്സുകള്‍ നിര്‍ബന്ധമാക്കണം. കുട്ടികളില്‍ അവബോധം സൃഷ്ടിക്കണം. സ്‌കൂളുകളിലും കോളേജുകളിലും ഇത് വ്യാപാരം നടത്തുന്ന പെട്ടിക്കടകളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും റെയ്ഡ് ഉണ്ടാവണം.

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തിയിട്ടു യാതൊരു കാര്യവുമില്ല. കാരണം ഈ നിയമങ്ങള്‍ സൃഷ്ടിക്കുന്നവര്‍ പോലും അന്ധവിശ്വാസങ്ങള്‍ക്കടിമകളാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിപോലും  ആള്‍ദൈവത്തിന്റെ മടിയില്‍ അനുഗ്രത്തിനായി വന്നു കിടക്കുന്നതു നാം കണ്ടിട്ടുള്ളതാണ്. ആയിരങ്ങള്‍ മുടക്കി ഏലസ്സ് വാങ്ങി ധരിക്കുന്നവരും കഷ്ടപ്പെട്ടു സമ്പാദിച്ച മാലയും വളയുമൊക്കെ ഭര്‍ത്താവ് പോലും അറിയാതെ ധ്യാനകേന്ദ്രങ്ങളില്‍ ഊരി നല്‍കുന്നവരും എല്ലാം ഈ അന്ധവിശ്വാസങ്ങള്‍ക്കടിമകളാണ്. 
നൂറു ശതമാനം 'സാച്ചരത' നേടിയെന്നവകാശപ്പെടുന്നതു കൊണ്ടു മാത്രം യാതൊരു കാര്യവുമില്ല. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ആരുടെയൊക്കെയോ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ വേണ്ടിയാണെന്നുള്ള ബോധ്യം ആദ്യം ഉണ്ടണ്ടാകണം  ഇലന്തൂരില്‍ നടന്നത് ആഭിചാര കര്‍മങ്ങള്‍ക്കുവേണ്ടിയുള്ള നരബലിയാണോ ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചു വില്‍ക്കാനുള്ള മാഫിയയുടെ ഇരകളായിരുന്നോ എന്നെല്ലാമുള്ള സത്യങ്ങള്‍ പോലീസ് ഇനിയും പുറത്തു കൊണ്ടുവരുമെന്നു വിശ്വസിക്കാം. കാത്തിരിക്കാം.
_______________

English Summary: Kerala black magic, cannibalism: Who are the Kerala couple and self-proclaimed ‘sorcerer'?

Join WhatsApp News
Sudhir Panikkaveetil 2022-10-13 13:15:36
നടപ്പാതയിലെ ഒച്ചക്കും ബഹളത്തിനും ഒരു ഫലം കാണും എന്ന് ആശിക്കാം.. അമേരിക്കൻ മലയാളികൾക്ക് വളരെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷെ അവർക്കും അന്ധവിശ്വാസമുണ്ട് പടം പത്രത്തിൽ വരുന്നത് ജന്മസാഫല്യമാണെന്ന അന്ധവിശ്വാസം. അത് നീങ്ങിയാൽ നാട്ടിൽ സ്വകാര്യ വ്യക്തികൾക്ക് സഹായഹസ്തം നീട്ടുന്നപോലെ നല്ല കാര്യങ്ങൾ പൊതു നന്മക്കായി ചെയ്യാൻ തയ്യാറായാൽ ഒരു പരിധിവരെ നിയന്ത്രണങ്ങൾ കൊണ്ടുവരാം. ശ്രീ പാറക്കൽ പതിവുപോലെ ശക്തമായി പ്രതികരിച്ചിരുന്നു.
josecheripuram 2022-10-14 01:15:29
The fear in a child is to protect life ,it grows with him/her as he or she grows up, that fear in childhood is to to protect them from danger as we grow up the fear should dissolve, but the religion make us guilty and keep us fearful, So they don't let us grow. Nepolian said never allow a solider to think , So the religion says never allow a believer to think.
Babu Parackel 2022-10-18 12:00:44
ലേഖനം വായിച്ചവർക്കും പ്രതികരിച്ച സുധീർ പണിക്കവീട്ടിലിനും ജോസ് ചെരിപുരത്തിനും പ്രത്യേക നന്ദി അറിയിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക