Image

നരബലി: ഭഗവല്‍സിംഗ് എന്റെ എഫ്ബി ഫ്രണ്ട് (ഉയരുന്ന ശബ്ദം-66: ജോളി അടിമത്ര)

Published on 13 October, 2022
നരബലി: ഭഗവല്‍സിംഗ് എന്റെ എഫ്ബി ഫ്രണ്ട് (ഉയരുന്ന ശബ്ദം-66: ജോളി അടിമത്ര)

രണ്ടു സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയ നരബലി വാര്‍ത്ത മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും അരങ്ങുതകര്‍ക്കുന്നതിനിടയില്‍   നിലയ്ക്കാത്ത ഫോണ്‍ കോളുകള്‍ എന്നെ തേടിയെത്തി.

'ജോളി ജീവനോടെയുണ്ടോ  ?,രക്ഷപ്പെട്ടു അല്ലേ,നേരിട്ടു പരിചയം ഉണ്ടോ 'തുടങ്ങിയ തമാശ കലര്‍ന്ന സീരിയസ് അന്വേഷണങ്ങള്‍.അപ്പോഴാണ് അമേരിക്കയില്‍ നിന്ന്  ബോവസ് എന്ന ആളിന്റെ  മെസഞ്ചര്‍ മെസേജ്.  'ഇത് പഴ്‌സണല്‍ മെസേജ് ' ആണെന്നു പറഞ്ഞാണ് തുടക്കം.അതിങ്ങനെ ''ജോളി അടിമത്ര,ഫേസ്ബുക്കില്‍ സുഹൃത്തുക്കളെ ഒരു പരിധിക്ക് അപ്പുറത്ത് വേരിഫൈ ചെയ്യാന്‍ ആവില്ല.പക്ഷേ ഒരു വിധത്തിലും ആശാസ്യമല്ലാത്ത ഒരു ക്രൈമില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും അകന്നു നില്‍ക്കയാണ് അഭികാമ്യം.  ഭഗവല്‍സിംഗിന്റെ മ്യൂച്ചല്‍ ഫ്രണ്ട്‌സായി നിങ്ങളടക്കം നാലുപേരെ കാണുന്നു.അയാളെ ഫ്രണ്ട്‌സ് ലിസ്റ്റില്‍നിന്നും ഒഴിവാക്കുക ''.  ഒപ്പം  ഭഗവല്‍സിംഗിന്റെ  എഫ്ബി പേജിന്റെ സ്‌ക്രീന്‍ ഷോട്ടും ഇട്ടിട്ടുണ്ട്.അതില്‍ അതാ എന്റെ ചിരിക്കുന്ന മുഖം !
         
ബോവസും  എന്റെ എഫ്ബി ഫ്രണ്ടാണ്.എപ്പഴോ കൂട്ടുകൂടിയ ഒരു നല്ല സുഹൃത്ത്.
ബോവസ്  ഒരിക്കലും കണ്ടിട്ടില്ലാത്ത ഞാനെന്ന  എഫ്ബി സുഹൃത്തിനോടുള്ള കരുതല്‍ എനിക്കു മനസ്സിലാകും.അതു കഴിഞ്ഞയുടന്‍ തൊടുപുഴക്കാരി എയ്‌ലിന്‍ ജോണിന്റെ മെസേജ് ..' നാടിനെ നടുക്കിയ സംഭവം ടിവിയില്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അയാളെ ഫേസ്ബുക്കില്‍ സെര്‍ച്ചുചെയ്തുനോക്കി.അപ്പോഴുണ്ട് പുള്ളിക്കാരന്‍  മാമിന്റെ ഫ്രണ്ട് !' .എയ്‌ലിന്‍ അമേരിക്കയിലെ ഒഹിയോയില്‍ നിന്നാണ്.അതു വായിച്ചോണ്ടിരിക്കുമ്പോഴുണ്ട് പത്രപ്രവര്‍ത്തകയും എന്റെ അടുത്ത കൂട്ടുകാരിയുമായ ബീനയുടെ, ' തല രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 'എന്ന വാട്‌സ്ആപ്പ് മെസേജ്.പിന്നെ കോളുകളുടെയും മെസേജുകളുടെയും ഒരു ഘോഷയാത്രയായിരുന്നു.കോഴിക്കോട്ടുനിന്ന് ഹരിലാല്‍,ഷഹീര്‍ ,സണ്ണി ജോസഫ്,തുടങ്ങി പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ,സാമൂഹ്യപ്രവര്‍ത്തകര്‍ ,പരിചയക്കാര്‍..എന്നിങ്ങനെ പോയി കളിയാക്കലുകള്‍,ഉപദേശങ്ങള്‍..
                           
ഭയങ്കരം എന്നല്ലാതെ എന്തു പറയാന്‍.ഒറ്റ ദിവസം കൊണ്ട് ഒരു വ്യക്തി സര്‍വ്വ മനുഷ്യര്‍ക്കും അനഭിമതനായി.പ്രായവത്യാസമില്ലാതെ സകലരും ഇന്നലെയും ഇന്നുമായി ചികഞ്ഞത്  ഭഗവല്‍സിംഗിന്റെ എഫ്ബി പോസ്റ്റുകളായിരുന്നു.അയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റ് അരിച്ചു പെറുക്കി.പഴയ പോസ്റ്റുകളുടെ അടിയില്‍ പുതിയ കമന്റുകളുടെ പെരുമഴ.പലതും പച്ചത്തെറി.അയാളുടെ നിര്‍ദ്ദോഷകരമായ പഴയ പോസ്റ്റുകള്‍പോലും തലനാരിഴ കീറി പരിശോധിച്ചുതുടങ്ങി.എന്റെ എഫ്ബി ഫ്രണ്ടാണ് ഭഗവല്‍സിംഗ്.അതില്‍ എനിക്ക് ആശങ്കയൊന്നുമില്ല.കാരണം എന്റെ എഫ്ബി ഫ്രണ്ട്‌സ് ലിസ്റ്റ് മൂവായിരത്തിനാല്‍പ്പതില്‍ നില്‍ക്കുകയാണ്.ഒട്ടേറെപ്പേരെ ഞാന്‍ അണ്‍ഫ്രണ്ട് ചെയ്തിരുന്നു.അല്ലെങ്കില്‍ നാലായിരത്തിനടുത്തെത്തിക്കഴിഞ്ഞിരുന്നേനെ.ഇതില്‍ മുക്കാല്‍ പേരെയും സത്യമായും എനിക്കറിയില്ല.ഒട്ടേറെ റിക്വസ്റ്റുകള്‍ നമ്മള്‍ക്കെല്ലാം കിട്ടാറുണ്ട്.അല്‍പ്പമൊക്കെ വിലയിരുത്തിയ ശേഷമാണ് ഞാന്‍ സ്വീകരിക്കുക.അടുത്ത കാലത്തായി  വിദേശികളുടെ പ്രത്യേകിച്ച് സായ്പ്പന്‍മാരുടെ ധാരാളം ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റുകള്‍ എത്തുന്നുണ്ട്.കണ്ണുമടച്ച് നിഷ്‌ക്കരുണം അത് റിജക്ട് ചെയ്യും,കാരണം സായ്പിന്റെ മുഖംമൂടിയില്‍ ഒളിച്ചിരിക്കുന്ന മലയാളി പുരുഷന്‍മാരെ എനിക്കിഷ്ടമല്ല !.
പിന്നെ സ്വന്തം മുഖം ഒരു പുതപ്പു കൊണ്ട് മൂടിയിട്ട് മറ്റുള്ളവന്റെ മുഖംതേടിയെത്തുന്ന പേടിത്തൂറികളെയും ചവിട്ടി പുറത്താക്കും.എന്നു വെച്ചാല്‍ അവനവന്റെ പ്രൊഫൈല്‍ ലോക്കു ചെയ്തിട്ട് മറ്റുള്ളവര്‍ക്ക്  റിക്വസ്റ്റ് അയക്കുന്നവര്‍.അവരെ വിശ്വസിക്കാന്‍ കൊള്ളൂല.മറ്റുള്ളവരുടെ രഹസ്യത്തിലേക്ക് ഒളിഞ്ഞുനോക്കാന്‍ വരുന്നവരാണവര്‍.പാപ്പരാസികള്‍..
              
പറഞ്ഞുവരുന്നത്   ഭഗവല്‍സിംഗിന്റെ കാര്യമാണല്ലോ.അയാള്‍ എനിക്കെന്നോ ഒരിക്കല്‍ ഒരു എഫ്ബി റിക്വസ്റ്റ് അയച്ചു, മുഖംമൂടിയൊന്നുമില്ലാതെ.ഞാനയാളെ സ്വീകരിച്ചു.അയാള്‍ പൊതുപ്രവര്‍ത്തകനാണ്.ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്നപേരില്‍ അറിയപ്പെടുന്ന ആളാണ്.ഹൈക്കു കവി,വൈദ്യന്‍.. ഒരിക്കലും വ്യക്തിപരമായി മെസേജ് അയയ്ക്കാന്‍ വന്നില്ല.മറ്റു പലരും ' കിടന്നില്ലേ,ഭക്ഷണം കഴിച്ചോ,ഗുഡ്‌മോണിംഗ്,ഗുഡ് നൈറ്റ് ' തുടങ്ങിയ
 ശ്വാസം മുട്ടിക്കുന്ന സ്‌നേഹാന്വേഷണങ്ങളുമായി വരുന്നത് കാണാറുണ്ട്.ആവശ്യമില്ലാത്ത അര്‍ത്ഥമില്ലാത്ത അന്വേഷണങ്ങള്‍ക്ക് ശ്രദ്ധ നല്‍കാറുമില്ല.ചിലരെ ബ്‌ളോക്ക് ചെയ്യേണ്ടിവന്നിട്ടുമുണ്ട്. ഇയാളെ അക്കൂട്ടത്തിലൊന്നും കണ്ടിട്ടില്ല.പകഷേ, അജ്ഞാതനായ എന്റെ എഫ്ബി ഫ്രണ്ടിന്റെ ക്രിമിനല്‍മുഖം ഇപ്പോഴാണ് നേരില്‍ കണ്ടത്.ഇയാളുടെ സാഹിത്യം ഞാനൊട്ടു വായിച്ചിരുന്നുമില്ല.ഇന്നലെ പത്രത്തിലൂടെയാണ്  ' മഹാകവി'യുടെ രചനകളെപ്പറ്റി  ആദ്യമായി അറിഞ്ഞതും.
                   
ഫേസ്ബുക്ക് എന്ന മായാ ലോകത്തിലെ സഞ്ചാരികളാണ് നാമൊക്കെ.ഒരിക്കലും നേരില്‍ കാണാത്തവര്‍ ഒരു മായ ചരടിനാല്‍ പരസ്പ്പരം നമ്മള്‍ ബന്ധിതരാകുന്നു.കരം കോര്‍ത്ത് ഒരുമിച്ചുള്ള യാത്രകളാണ് പിന്നെ.പലരും അബദ്ധങ്ങളിലും തെറ്റുകളിലും പെട്ടുപോകുന്നു.മരണത്തിന്റെ താഴ്വരകളിലേക്കും ചതിയുടെ മേച്ചില്‍പ്പുറങ്ങളിലേക്കും പലരെയും ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നു.പക്ഷേ,ശരിയായി ഉപയോഗിച്ചാല്‍ നല്ല സുഹൃത്തുക്കളുടെ ചാകരയാണ് എഫ്ബി.എനിക്ക് ചില ആത്മസുഹൃത്തുക്കളെ സമ്മാനിച്ചതും എഫ്ബിയാണ്.എന്നോ കൈമോശം വന്നുപോയ ചിലരെ തിരിച്ചുതന്നതും എഫ്ബിതന്നെയാണ്.
   
കാണാമറയത്തെിരുന്ന് ' എന്നോടു കൂട്ടുകൂടാമോ ' എന്നു ചോദിക്കുന്ന   ഒരു അജ്ഞാത സുഹൃത്തിനെ അംഗീകരിക്കുന്നത് ഒരു കുറ്റമായി ഞാന്‍ കാണുന്നില്ല.അവരില്‍ വിശുദ്ധര്‍ മാത്രമല്ല പരിത്യജിക്കപ്പെട്ടവരും ചതിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരും അപമാനിതരും ഒക്കെയുണ്ടാവാം.ലൈംഗികത്തൊഴിലാളികളുണ്ടാവും,മാന്യതയുടെ മുഖംമൂടിയണിഞ്ഞ വ്യഭിചാരികളുണ്ടാവാം.ട്രാന്‍സ്ജന്‍ഡേഴ്‌സുണ്ടാവാം.ഉന്നത നിലവാരത്തില്‍ വിരാജിക്കുന്നവരുണ്ടാവും.അതി സമ്പന്നരുമുണ്ടാവും,ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവരുണ്ടാവും.ഏറിയാല്‍ എഴുപതോ എണ്‍പതോ വര്‍ഷം ഈ ലോകത്തില്‍ യാത്രചെയ്ത് എങ്ങോപോയ് മറയുന്ന കുറേ ജീവികള്‍.പക്ഷേ മനുഷ്യനാണ്.അയാള്‍ നല്ലവനാവട്ടെ,ചീത്തയാവട്ടെ,കള്ളനാവട്ടെ,നുണയനാവട്ടെ ചതിയനാവട്ടെ എന്നെ അത് ബാധിക്കുന്നില്ല.ഫ്രണ്ട്‌സ് റിക്വവസ്റ്റ് വരുമ്പോള്‍ ചക്കയല്ലല്ലോ തുരന്നു നോക്കാന്‍ ..ഭാവിയില്‍ അയാള്‍ ചെയ്തുകൂട്ടുന്ന തെറ്റുകള്‍ക്കും കുറ്റകൃത്യത്തിനും എനിക്കെന്തു പങ്ക്.ഞാന്‍ കാത്തിരിക്കയാണ്.നമ്പിനാരായണന്റെ ജീവിത കഥ നമ്മളെ ഞെട്ടിച്ചതാണ്.നിരപരാധികള്‍ കുറ്റവാളികളാവുന്ന ലോകത്തിലാണ് നമ്മള്‍.കലങ്ങിത്തെളിയട്ടെ.സത്യം പുറത്തു വരട്ടെ.കൊന്നവര്‍ ശിക്ഷ അനുഭവിക്കണം.അവരോട് ദയ അരുത്.
   
പക്ഷേ ,അയാള്‍ രണ്ടുപേരെ സ്വന്തം വീട്ടിലിട്ട് കശാപ്പു ചെയ്തവനാണെങ്കില്‍, വെട്ടി മുറിച്ചവനാണെങ്കില്‍,അതിക്രൂരമായി സ്ത്രീകളെ മുറിവേല്‍പ്പിച്ചു ഒഴുക്കിയ രക്തം വീടിനു ചുറ്റും തളിച്ച് ഐശ്വര്യത്തിനായി കാത്തിരുന്നവനാണെങ്കില്‍ , അയാളെ ഞാന്‍ വെറുക്കുന്നു.എന്നാല്‍ കൊലപാതകിയായ  അയാള്‍ എന്റെ എഫ്ബി ഫ്രണ്ട് ആണെന്ന കാരണത്താല്‍ പക്ഷേ  ഞാന്‍ അണ്‍ഫ്രണ്ട് ചെയ്യാനും പോകുന്നില്ല.ആയിരത്തോളം ഫ്രണ്ട്‌സ് ഭഗവല്‍സിംഗിനെ ഒറ്റനാള്‍ക്കൊണ്ട്  കൈയ്യോഴിഞ്ഞത്രേ.എന്തായാലും ഞാനത് ചെയ്യാന്‍ പോകുന്നില്ല.എന്തിന് ഞാനത് ചെയ്യണം.എന്റെ സദാചാരമൂല്യവിളംബരം അങ്ങനെ പ്രഖ്യാപിക്കാനും ആഗ്രഹിക്കുന്നില്ല.
                   
പിന്നെ സ്‌നേഹ ഉപദേശങ്ങള്‍ നല്‍കിയ പ്രിയ സുഹൃത്തുക്കളേ നിങ്ങളില്‍ മിക്കവരും  എനിക്ക് അജ്ഞാതരാണ്. ഭഗവല്‍സിംഗിനെപ്പോലെ നിങ്ങളും എന്റെ മുഖപുസ്തകത്തില്‍ എന്നോ വിരുന്നെത്തിയവര്‍.നിങ്ങളിലും പലവിധ സത്ഗുണങ്ങളും വൈകൃതങ്ങളും അടയിരിക്കുന്നുണ്ട്.അതെല്ലാം ഉള്‍ക്കൊണ്ടുതന്നെയാണ് ഞാന്‍ നിങ്ങള്‍ക്കൊപ്പം  ഈ മായാ യാത്രയില്‍ കരം കോര്‍ക്കുന്നത്.നമ്മളില്‍ ആരും തെറ്റുകള്‍ക്ക് അതീതരല്ല.ആരും നീതിമാന്‍മാരില്ല.ഭഗവല്‍സിംഗ് എന്തായാലും നിങ്ങളെ ഞാന്‍ എഫ്ബിയില്‍ അണ്‍ഫ്രണ്ട് ചെയ്യുന്നില്ല.പക്ഷേ ,നിങ്ങള്‍ ഇനി ഒരിക്കലും എന്റെ സുഹൃത്തല്ല.ഒരിക്കലും..

# elanthoor human sacrifice

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക