നരബലി നടത്തിയാൽ ഐശ്വര്യം വരുമെന്ന അന്ധവിശ്വാസത്തിൽ കേരളത്തിൽ രണ്ടു സ്ത്രീകളെ ക്രൂരമായി കൊല ചെയ്തു എന്നത് മനസ്സാക്ഷിയെ നടുക്കുന്നതാണ്. നിത്യ ജീവിതത്തിൽ ശാസ്ത്രം നടത്തിയ അത്ഭുതകരമായ മാറ്റങ്ങൾ അനുഭവിച്ചു ജീവിക്കുന്ന പരിഷ്‌കൃത ലോകത്തിൽ ഇത്തരം ആഭിചാര ക്രിയകളും അനാചാരങ്ങളും അരങ്ങുവാഴുന്നത് നോക്കി കണ്ടൂ നിൽക്കാനേ നമുക്ക് കഴിയുന്നുള്ളു. നാളിതുവരെ നാം നേടിയെടുത്ത സാമൂഹിക പുരോഗതിക്കും മുന്നേറ്റങ്ങൾക്കും വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങൾ. സാക്ഷര കേരളത്തിന് അപമാനകരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് ഇത്
കേരളം അന്ധവിശ്വാസങ്ങളുടെ അനാചാരങ്ങൾക്കും എതിരെ നിലകൊള്ളുന്നു എന്ന് വിശ്വസിക്കുബോഴും നാം അന്ധകാരത്തിന്റെ പ്രവാചകർ ആയി മാറുന്ന കാഴ്ചയാണ് പലപ്പോഴും. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ആധുനിക യുഗത്തിൽ മനുഷ്യനിൽ സംരക്ഷിച്ച് നിറുത്താം എന്നതാണ് മിക്ക മതാധിപൻമാരുടെയും പൊതു അജണ്ട . കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങൾ ആയി നടന്നുവരുന്ന വിശ്വാസവിചാരണകള്‍ വ്യാജവും കപടവുമായിരുന്നു എന്ന് തോന്നിപോകുന്നു ഈ സംഭവവികാസങ്ങൾ.
അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനം ഒരിക്കലും മതങ്ങളുടെ പരമമായ ലക്ഷ്യമായിരുന്നില്ല. അന്ധവിശ്വാസികളിൽ തന്നെ വിവിധ ഗ്രേഡുകളില്‍പ്പെട്ടവരാണ് സ്ഥിരം അഭിനേതാക്കളായി നമുക്ക് ചുറ്റും കാണാറുള്ളത് . മറ്റുള്ളവരുടെ അസഹനീയമായ അന്ധവിശ്വാസങ്ങളെ തള്ളിപ്പറയുക, സമാന അടിത്തറയുള്ള തങ്ങളുടെ അന്ധവിശ്വാസങ്ങളെ എന്തു വില കൊടുത്തും സംരക്ഷിക്കുക, ഇതിനപ്പുറം പരിഷ്‌ക്കരണബോധമൊന്നും നമ്മുടെ മതാധിപന്മാരിൽ നിന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. . സമൂഹത്തിലെ വിവാദവും സംവാദവും നീങ്ങുമ്പോള്‍ അന്ധവിശ്വാങ്ങളുടെയും അനാചാരങ്ങളുടെയും അടിത്തറ കേരളത്തിൽ കൂടുതല്‍ ശക്തിപ്പെട്ടതായി കാണപ്പെടുന്നു.
എല്ലാത്തരം അനീതികളെയും അക്രമങ്ങളെയും സുധീരം എതിര്‍ക്കുന്നവര്‍പോലും മതാധിപന്മാർ നിറയ്ക്കുന്ന ഇരുട്ട് കണ്ടില്ലെന്ന് നടിക്കുന്നു. ലൈംഗികപീഡനം ഒരു മതാചാരമായിരുന്നെങ്കില്‍ എന്ന് പല മത പുരോഹിതരും ആഗ്രഹിക്കുന്നുണ്ടാവും . കാരണം അത് അവിടെ നിത്യസംഭവമാണ്. അതുകൊണ്ടുതന്നെ പല കള്ളന്മാരും മതത്തെ കൂട്ടുപിടിച്ചു മതാചാര്യൻ എന്ന വേഷം എടുത്തു അണിയുവാൻ ആഗ്രഹിക്കുന്നു. നമ്മളിൽ പലരും ആ കെണിയിൽ വീഴുകയും ചെയ്യുന്നു.
മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്, അത് സ്ത്രീയുടെ സെമിത്തേരി കൂടിയാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് അതിന്റെ സഹജമായ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും വിട്ടുവീഴ്ചയില്ലാത്ത ഭക്തയുമാണ്. സന്യാസം, പൂജകൾ , പൗരോഹിത്യം, അനുഷ്ഠാനം തുടങ്ങിയ കാര്യങ്ങളില്‍ ഈ വിവേചനം കൂടുതല്‍ പ്രകടമാണ്. പല മത നിബന്ധനകള്‍ മൂലം സ്ത്രികളുടെ പൗരാവകാശങ്ങൾ പരിമിതപ്പെടുന്നുണ്ട്.. എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ മതത്തിനുള്ളിലെ ലിംഗവിവേചനം പൊതുസമൂഹം ചർച്ചചെയ്യണ്ട വിഷയമായിത്തീരുന്നു.
എന്തുകൊണ്ട് സ്ത്രികളെ തന്നെ നരബലിക്കായി തെരെഞ്ഞെടുത്തു? അവരെ പെട്ടെന്ന് പറ്റിക്കുവാൻ കഴിയുന്നത് കൊണ്ടോ? അതിനും എന്തെങ്കിലും കെട്ടുകഥകൾ മെനയുമായിരിക്കും !!!
ഏത് മത്തിന്റെയും ഭക്തർ സ്ത്രികൾ തന്നെയാണ്. അവരാണ് എല്ലാ മതങ്ങെളെയും പിടിച്ചു നിർത്തുന്നത്. പക്ഷേ എവിടെ സ്ത്രി പീഡനമുണ്ടോ അവിടെ സ്ത്രികൾക്ക് എതിരായി മറ്റൊരു സ്ത്രിയുടെ സാനിധ്യവും കാണപ്പെടുന്നു. പലപ്പോഴും സ്ത്രികളുടെ ശത്രൂക്കൾ സ്ത്രികൾ തന്നെയാണ് എന്നത് ഒരു കാഴ്ചയാണ് .
എല്ലാ ലഹരികളും അതിന്റെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുന്നുണ്ട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ. എല്ലാ അന്ധവിശ്വാസങ്ങളും അടിസ്ഥാനപരമായി ഒരു ലഹരിയാണ്. അത് മനുഷ്യന്റെ യാഥാര്‍ത്ഥ്യബോധവും ശാസ്ത്രീയവീക്ഷണവും ഇല്ലാതെയാക്കുന്നു. മദ്യവും പുകവലിയും മയക്കുമരുന്നുകളും മന്ത്രവാദവും , അനാവശ്യ ഭക്തിയുമൊക്കെ അവയുടെ അടിമകള്‍ക്ക് മിഥ്യാപരമായ ആശ്വാസം സമ്മാനിക്കുന്നുണ്ട്. ജ്യോതിഷം അതുപോലെ തന്നെയാണ് , കേവലം കൗണ്‍സിലിംഗ് ആണെന്നത് ഒരു ന്യൂനീകരണം മാത്രമാണ് . എന്തുകൊണ്ട് മാനസികസംഘര്‍ഷത്തിനും വികാരത്തിനും അടിപ്പെടുന്ന വ്യക്തികള്‍ മന:ശാസ്ത്രജ്ഞരെയോ കൗണ്‍സിലിംഗ് വിദഗ്ധരെയോ സന്ദര്‍ശിക്കാതെ നേരെ ജ്യോതിഷനെ സമീപിക്കുന്നു?
താൻ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാൻ ഒരാളും തയ്യാറല്ല. എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല. ഒരു പ്രത്യേകവംശത്തിൽ പെട്ടവർ, പ്രത്യേക സംസ്കാരമുള്ളവർ, പ്രത്യേക വീക്ഷണഗതി പുലർത്തുന്നവർ, തങ്ങളുടേതിൽനിന്നു ഭിന്നമായ വംശവും സംസ്കാരവും വീക്ഷണവും ഉള്ളവരെ അന്ധവിശ്വാസികൾ എന്നു മുദ്രകുത്തുന്നു. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നുവരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ മറ്റൊരു വശമാണിത്. ഇതും പൊതുസമൂഹത്തിൽ നാം കാണപ്പെടുന്നതാണ്.
ശാസ്ത്രമിത്രയേറെ പുരോഗമിച്ചിട്ടും, വെളിച്ചമെത്താത്ത ഇരുളറകൾ ഇന്നും കേരള സമൂഹത്തിൽ ഉണ്ടെന്നത് തെളിയിക്കുന്നതാണ് ഈ സംഭവം. മിക്ക കൊലപാതകങ്ങൾക്കു കാരണം സമ്പത്തിനോടുള്ള മനുഷ്യന്റെ അമിത ഭ്രമവും വഴിവിട്ട ജീവിത ബന്ധങ്ങളും ആണെന്ന് കാണാം. മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യരും മാനസികമായി തളർന്നിരിക്കുന്നു കുടുംബങ്ങളും പെട്ടെന്ന് പറ്റിക്കപ്പെടും. അതിന് കാരണം അവരുടെ മനസികനിലയും എവിടെയെങ്കിലും പിടിച്ചു കയറാനുള്ള പിടിവള്ളിയുമാണ് . അങ്ങനെയുള്ളടത്തു സ്വാമിമാരും സിദ്ധന്മാരും, പാസ്റ്റർമാരുമെക്കെ ഓരോ വേഷത്തിൽ എത്തിപ്പെടും കാരണം. ഇതവരുടെ ഉപജീവന മാർഗ്ഗമാണ്. മന്ത്രവാദം, ആഭിചാരം- കേള്‍ക്കുമ്പോള്‍ തന്നെ നമ്മളിൽ പലരെയും ഭയപ്പെടുത്തുന്ന വാക്കുകളാണിവ.
ഇന്ന് കേരളം തട്ടിപ്പുകാരും അന്ധവിശ്വാസികളും കപടവിശ്വാസികളും മത- രാഷ്ട്രീയ അടിമകളും കൊലപാതകികളും യഥേഷ്ടം വിഹരിക്കുന്ന സ്ഥലമായി മാറി . വര്‍ഗീയവാദികളും തീവ്രവാദികളും ഭീകരരും എന്നുവേണ്ട എല്ലാത്തരത്തിലുള്ള ഉഡായിപ്പുകളുടെയും ഒരു കേന്ദ്രമാണ് ഇന്ന് കേരളം. മയക്ക്മരുന്നിന്റെ ഉപയോഗം ഇന്ന് കേരളത്തിൽ വളരെ കൂടുതൽ ആണ്. അത് മൂലം വരാനിരിക്കുന്ന വൻവിപത്തുകൾ എന്തായിരിക്കും? നാം ഇന്ന് കാണുന്നതെക്കെ ചെറിയ ചെറിയ പൂരങ്ങൾ ആണ് , വലിയ പൂരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
എന്നും പറ്റിക്കാനും പറ്റിക്കപ്പെടാനും വിധിക്കപ്പെട്ട ഒരു സമൂഹം! പല അനുഭവങ്ങൾ ഉണ്ടായിട്ടും , കാലമെത്ര കഴിഞ്ഞിട്ടും കബളിപ്പെടാൻ വിധിക്കപ്പെട്ട ഒരു ജനത "പട്ടിയുടെ വാല് എത്ര വർഷം കുഴലിൽ ഇട്ടു വെച്ചാലും അത് വളഞ്ഞേ ഇരിക്ക് " എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ കഥ. എത്ര അനുഭവിച്ചാലും പഠിക്കാത്ത ഒരു സമൂഹം. നാളെ ഇതിലും വലുത് കേൾക്കുവാൻ തയാർ എടുക്കുക!
#elanthoor human sacrifice