ഇന്ത്യയിൽ ജീവശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഗ്രാൻഡ് ഓൾഡ് പാർട്ടിക്ക് ജീവവായു കൊടുക്കാൻ തയ്യാറായ കോൺഗ്രസ് നേതാവ് ശശി തരൂരിന് വിദേശമലയാളികൾ പാർട്ടിഭേദം കഷി-ഗ്രൂപ്പ് ഭേദം മറന്നു വൻ പിന്തുണയാണ് നൽകുന്നത്. അവരെ സംബന്ധിച്ച് നെഹ്റുവിൻ നീതിബോധത്തോട് ചേർത്തുനിറുത്താവുന്ന വിശ്വമാനവിക ബോധ്യവും, തിരിച്ചറിവും, ഊർജ്ജവുമുള്ള നേതാവ് ശശി തരൂർ തന്നെയാണ്. എത്രയൊക്കെ ഇകഴ്ത്തലുകളും, ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ടെങ്കിൽപോലും അവ അവഗണിച്ചു, ആരെയും കുറ്റപ്പെടുത്താതെ, പാർട്ടിയുടെ വിജയം മാത്രമാണ് തന്റെ മുന്നിൽ എന്ന് മാന്യമായി പറയുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ അവർ ആത്മാർത്ഥത കാണുന്നുണ്ട്. അതുകൊണ്ടു തന്നെ ശശി തരൂരിന്റെ തോൽവി സാധാരണ കൊണ്ഗ്രെസ്സ് അംഗങ്ങളിൽ വല്ലാത്ത മുറിവേൽപ്പിക്കുകയും, ഇനി വരുന്ന തിരഞ്ഞെടുപ്പിൽ അവർ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് കണക്കിട്ടു പ്രഹരം കൊടുക്കുകയും ആവും ഫലത്തിൽ.
അമേരിക്കൻ മലയാളികൾ വിവിധ സ്ഥലങ്ങളിൽ ചർച്ചായോഗങ്ങൾ , സൂം മീറ്റിംഗുകൾ ഒക്കെ സംഘടിപ്പിച്ചു അവരുടെ ഹൃദയം പങ്കുവച്ചു. ഇവിടെയെല്ലാം ഒരേ അഭിപ്രായമാണ് ഉയർന്നുവന്നത്, "ശശി തരൂരിനെ വിളിക്കൂ , കോൺഗ്രസ് പാർട്ടിയെ രക്ഷിക്കൂ". ന്യൂയോർക്കിലെ കേരള സെന്ററിൽ നടന്ന ചർച്ചകളിൽ വ്യക്തമായി നിഴലിച്ചു വന്നതും ഇത് തന്നെയായിരുന്നു. വാൽക്കണ്ണാടി മീഡിയ സംഘടിപ്പിച്ച ചർച്ചായോഗത്തിനിൽ , ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, പ്രവാസി കോൺഗ്രസ് പാർട്ടി നേതാവ് ലീല മാരേട്ട്, കേരളാ സെന്റര് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ , സംഘാടകനായ ഫിലിപ്പ് മഠത്തിൽ, മാധ്യമ പ്രവർത്തകനായ മാത്യുക്കുട്ടി ഈശോ, സാമൂഹ്യ നിരീക്ഷകനായ ബാബു പാറക്കെൽ, രാഷ്ട്രീയ പ്രവർത്തകനായ കോശി തോമസ് എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് മാധ്യമപ്രവർത്തകനായ കോരസൺ വർഗീസ് നേതൃത്വം നൽകി.
ഒരു മലയാളിയും വിശ്വ പൗരനുമായി തിളങ്ങിനിൽക്കുന്ന ശശി തരൂരിനോട് കേരളാ കോൺഗ്രസ് നേതാക്കൾ കാട്ടുന്ന അവഗണനയും തിരസ്ക്കരണങ്ങളും അത്യധികം വേദന ഉണ്ടാക്കുന്നതായി എല്ലാ പാനലിസ്റ്റുകളും അഭിപ്രായപ്പെട്ടു. ഇന്ത്യക്കു പുറത്തു ജീവിക്കുകയും ഇന്ത്യയെ ഒരു വികാരമായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഞങ്ങൾക്ക് വികാരം പ്രകടിപ്പിക്കാൻ മാത്രമേ പ്രകടിപ്പിക്കാനാവൂ. ഞങളുടെ വികാരങ്ങൾ ഒരു പക്ഷെ ഇപ്പോൾ വോട്ടുകളായി മാറില്ലായിരിക്കും, എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ ഈ നേതാക്കൾക്കെല്ലാം ഇപ്പോഴത്തെ അവരുടെ തെറ്റിനെപ്പറ്റി നല്ല ബോധ്യം ഉണ്ടാവും എന്നാണ് എല്ലാവരുടെയും വിലയിരുത്തൽ. ഗാന്ധി കുടുംബത്തിന് കൊടുക്കുന്ന അമിത പ്രാധാന്യം, അവരോടുള്ള സ്നേഹമല്ല, 22 വര്ഷങ്ങള്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഒഴുകിപോകാവുന്ന അവരുടെ സ്ഥാനമോഹങ്ങളാണ്. പാർട്ടിയല്ല, ഹൈകമാൻഡ് എന്ന ഞങ്ങളാണ് വലുതെന്നു പ്രഖ്യാപിക്കുന്ന റിവേഴ്സ് പിരമിഡ് അഹന്ത കോൺഗ്രസ് പാർട്ടിയെ അവതാളത്തിലാക്കിയെന്ന് അവർ അഭിപ്രായപ്പെട്ടു.
ലോകത്തിൽ അനുനിമിഷവും മാറിക്കൊണ്ടിരിക്കുന്ന അരിഷിതാവസ്ഥയിൽ ഇന്ത്യയെ നയിക്കാൻ ഇത്രയൂം കാലത്തെ നയതന്ത്ര ചാരുതയും, ആകാരവും, ഭാഷയും ജ്ഞാനവും ഉള്ള ശശി തരൂർ ഇന്ത്യയുടെ അഭിമാനം മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ ലൈഫ് ലൈൻ ആണെന്നാണ് എല്ലാവരും ഒരുപോലെ പറഞ്ഞത്. ഇന്ത്യയുടെ മാറുന്ന വർഗ്ഗ-വർണ്ണ പ്രതിസന്ധികളിൽ ഒരു മറുവാക്കും, ജനാധിപത്യത്തിൻറെ ഉറപ്പും, കാലം ഉയർത്തിക്കൊണ്ടുവന്ന പ്രതീക്ഷയുമാണ് ശശി തരൂർ എന്നാണ് വിലയിരുത്തപ്പെട്ടത്. ഒരിക്കലും അദ്ദേഹം കോൺഗ്രസ് പാർട്ടി വിട്ടുപോകില്ല, പോകാനായിരുന്നെങ്കിൽ എന്നേ പോകാമായിരുന്നു. അദ്ദേഹം ഇതിനകം തന്നെ വിജയിച്ചുകഴിഞ്ഞു. ഒരുപക്ഷേ അവ്യക്തമായ വോട്ടർ പട്ടികയുടെ മറവിൽ അദ്ദേഹത്തെ തോൽപ്പിക്കാനായേക്കും, എന്നാൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ പാർട്ടി ഭേദമന്യേ അദ്ദേഹം കൂടുകൂട്ടിക്കഴിഞ്ഞു.
- Korason Varghese, vkorason@yahoo.com., 516-398-5989