ഞങ്ങള്‍ കണ്ട കോടിയേരി ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. നാട്ടില്‍വച്ചും അദ്ദേഹം അങ്ങനെ പെരുമാറിയിരുന്നില്ല. ഞങ്ങള്‍ക്കു രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലായിരുന്നെങ്കിലും എനിക്കതൊരത്ഭുതമായിരുന്നു. കാരണം, സാധാരണ രാഷ്ട്രീയക്കാര്‍ അങ്ങനെയല്ലല്ലോ!
ശ്രീ കോടിയേരി ബാലകൃഷ്ണനെയും ഭാര്യ ശ്രീമതി വിനോദിനെയെയും ആദ്യം കാണുന്നത് 2005 ല്‍, തിരുവനന്തപുരത്തെ വീട്ടില്‍വച്ചാണ്. വിനോദിനിയുടെ ഏറ്റവുമടുത്ത കൂട്ടുകാരി കവിത പ്രമോദ് അന്ന് അമേരിക്കയില്‍ ഞങ്ങളുടെ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. കവിത പറഞ്ഞിട്ടാണ് ഞാന്‍ തിരുവനന്തപുരത്തു ചെന്നപ്പോള്‍ വിനോദിനിയെ വിളിച്ചത്. എന്റെ സിനിമകള്‍ വിനോദിനി കണ്ടിട്ടുണ്ട്. ഞാന്‍ വളരെക്കുറച്ചു സിനിമകളിലേ അന്നഭിനയിച്ചിരുന്നുള്ളു എങ്കിലും 'പളുങ്കി'ലെ കവിയെ വിനോദിനിക്കും കോടിയേരിക്കും ഇഷ്ടമായിരുന്നു എന്നു കവിത പറഞ്ഞ് ഞാനറിഞ്ഞിരുന്നു.
ഒരു സൗഹൃദത്തിനായാണ് ഞാന്‍ തിരുവനന്തപുരത്തുവച്ച് വിനോദിനിയെ വിളിച്ചതെങ്കിലും രണ്ടുപേരും എന്നെ അത്താഴത്തിനു വീട്ടിലേക്കു ക്ഷണിച്ചു. അന്നവിടെ വലിയ രാഷ്ട്രീയനേതാക്കളൊക്കെ ഉണ്ടായിരുന്നെങ്കിലും എന്നെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണു പരിഗണിച്ചത്. തിരക്കുകള്‍ക്കിടയിലും എന്നോടു സംസാരിക്കാന്‍ കോടിയേരി സമയം കണ്ടെത്തിയതില്‍ എനിക്ക് അത്ഭുതം തോന്നി. സംസാരിക്കുക മാത്രമല്ല, വലിയ സ്‌നേഹാദരങ്ങളോടെ പെരുമാറുകയും ചെയ്തു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ വന്നപ്പോള്‍ ഞാന്‍ വീട്ടിലേക്കു ക്ഷണിച്ചെങ്കിലും അദ്ദേഹത്തിനു വരാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. മീറ്റിംഗുകളും സ്വീകരണങ്ങളുമൊക്കെയായി തിരക്കിലായിരിക്കുമെന്ന് എന്നെ അറിയിച്ചു. അതുകൊണ്ട് ഞാനും പ്രേമയുംകൂടി അവര്‍ താമസിക്കുന്ന ഹോട്ടലില്‍ പോയി. അന്നാണ് അവസാനമായി കണ്ടത്.
പിന്നീടു ചികിത്സാര്‍ത്ഥം, അമേരിക്കയില്‍ ഹൂസ്റ്റണിലെ പ്രശസ്തമായ എം ഡി ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ സെന്ററില്‍ വന്നപ്പോള്‍ എനിക്കു കാണാന്‍ സാധിച്ചില്ലെങ്കിലും ഞാന്‍ അനുജന്‍ ബാബുവിനെ (ബാബു ആന്റണി) വിളിച്ചു വിവരങ്ങള്‍ പറഞ്ഞു. ഉടന്‍തന്നെ ബാബു അദ്ദേഹത്തെക്കാണാന്‍ ഹോസ്പിറ്റലില്‍ പോയി. ആ സന്ദര്‍ശനത്തില്‍ കോടിയേരിയും വിനോദിനിയും വളരെ സന്തുഷ്ടരായിരുന്നെന്നു ബാബു പറഞ്ഞു. അന്ന് അവരൊന്നിച്ചുനിന്നു ഫോട്ടോയൊക്കെ എടുത്തിട്ടാണു പിരിഞ്ഞത്.
വീണ്ടും ഹൂസ്റ്റണില്‍ വന്നപ്പോള്‍ വിനോദിനിയുടെ കൂട്ടുകാരി കവിത കാലിഫോര്‍ണിയയില്‍നിന്നു കാണാന്‍ പോയിരുന്നു. അപ്പോഴും എനിക്കു പോകാന്‍ പറ്റിയില്ലെങ്കിലും ഫോണില്‍ സംസാരിച്ചിരുന്നു. അവസാനം ഈ വര്‍ഷം വന്നപ്പോള്‍ വിദഗ്ദ്ധചികിത്സ കിട്ടി എല്ലാം ഭേദമാകുമെന്നുള്ള ആത്മവിശ്വാസത്തിലായിരുന്നു ഞാനും കവിതയും ബാബുവുമൊക്കെ. പക്ഷേ, വളരെപ്പെട്ടെന്ന് അപ്രതീക്ഷിതമായി എല്ലാവരോടും യാത്രപറഞ്ഞു!
വിനോദിനിയെ വിളിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ കൈയില്‍ ഫോണ്‍ കൊടുക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഒരു രാഷ്ട്രീയനേതാവെന്ന നിലയിലല്ല സംസാരിച്ചിരുന്നത്; സാധാരണക്കാരനെപ്പോലെയായിരുന്നു.
ഒന്നിച്ചൊരു ഫോട്ടോയെടുക്കാന്‍ പറ്റിയില്ലല്ലോ എന്നൊരു ദുഃഖം ബാക്കിയായി. അസുഖം ഭേദമായി, രണ്ടുപേരുംകൂടി വീണ്ടും അമേരിക്ക സന്ദര്‍ശിക്കാനായി മാത്രം വരുമെന്നും അന്നു ഫോട്ടോയെടുക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങളും അതു മോഹിച്ചിരുന്നു. എന്നാല്‍, നമ്മള്‍ വിചാരിക്കുന്നതുപോലെയല്ലല്ലോ മരണത്തിന്റെ വരവ്! ലോകത്തിലെ ഏറ്റവും മുന്തിയ ചികിത്സ കിട്ടിയിട്ടും മരണത്തിനു കീഴടങ്ങിയ, ആപ്പിളിന്റെ സി ഇ ഒ സ്റ്റീവ് ജോബ് പറഞ്ഞു:
'Death is the only destination we all share equally.'
ആ ലക്ഷ്യസ്ഥാനത്തെത്താനല്ലേ നമ്മളെല്ലാം തിടുക്കം കൂട്ടുന്നത്!
എപ്പോഴും സൗഹൃദത്തോടെ സംസാരിച്ചിരുന്ന, പുഞ്ചിരിക്കുന്ന മുഖവുമായി, നല്ല ഓര്‍മകള്‍ മാത്രം ബാക്കിയാക്കി, ഒന്നും മിണ്ടാതെ യാത്രയായ കോടിയേരി എന്ന മനുഷ്യസ്‌നേഹി എന്നെന്നും ഹൃദയത്തിലുണ്ടായിരിക്കും. ഒരു മികച്ച രാഷ്ട്രീയപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ദൃഷ്ടാന്തമായി കേരളചരിത്രത്തില്‍ എക്കാലവും അദ്ദേഹമുണ്ടായിരിക്കും.
news summary: # kodiyeri balakrishnan death