Image

ഞങ്ങളിങ്ങനെയാണ് ( കഥ : രമണി അമ്മാൾ )

Published on 18 October, 2022
ഞങ്ങളിങ്ങനെയാണ് ( കഥ :  രമണി അമ്മാൾ )

രമേശൻ സാറിന് പ്രൊമോഷൻ കിട്ടിയതിന്റെ വക ചിലവ് ഉച്ചയ്ക്കുണ്ട്...
ഏതോ മുന്തിയ ഹോട്ടലിൽനിന്ന് 
ഭക്ഷണം ഓഫീസിലേക്കു വരുത്തുകയാണ്. ഹെഡ്ഡാഫീസിൽ സാറിനൊപ്പമുണ്ടായിരുന്ന ചിലരേക്കൂടി   വിളിച്ചിട്ടുണ്ട്..

ആനുവൽ അക്കൗണ്ട്സ് 
സബ്മിറ്റുചെയ്തു കഴിഞ്ഞതിന്റെ ആശ്വാസം..
ഫയലുകൾ ഒതുക്കിവച്ച്
വാഷ്റൂമിലേക്ക് നടക്കുമ്പോൾ ഓഫീസിന്റെ  ഗേറ്റുകടന്നു
വരുന്ന സജിത്ത്, തന്റെ ഭർത്താവ്.
രാവിലെ ഇവിടെ കൊണ്ടാക്കിയിട്ടു
പോയതാണ്.   ഈ പൊരിഞ്ഞ വെയിലത്ത് 
വീട്ടിൽനിന്ന വേഷത്തിൽ.

ഓഫീസിനകത്തേക്കു
കയറിവരുംമുൻപ് ഞാനിറങ്ങിച്ചെന്നു...
"എന്താ..എന്തുപറ്റി.."
"സ്കൂട്ടറിന് പെട്രോൾ അടിക്കണമായിരുന്നു.
പിന്നെ,  പായിപ്പാട്ടൂന്ന് മാലിനി വിളിച്ചു,
അവള്ടെ മോളു മെച്വറായ കാര്യം പറയാൻ..
അതു നിന്നോടൊന്നു പറയുകയുമാവാമെന്നു വിചാരിച്ചു.."
സജിത്തിന്റെ ഇളയ പെങ്ങളാണ് മാലിനി..അവളുടെ മോൾക്ക് ഒമ്പതുവയസ്സേയുളളു..
പെൺകുട്ടികളുടെ വളർച്ച എത്രപെട്ടെന്നാണ്..
"ഞാൻ വൈകിട്ട് അങ്ങോട്ടല്ലേ വരുന്നത്.. അപ്പോൾ പറഞ്ഞാൽപോരേ...
ഇതു പറയാൻവേണ്ടി ഈ വെയിലത്ത്.."
"എന്താ ഞാനിപ്പോഴിങ്ങോട്ടു വന്നത് ഭവതിക്കു ശല്യമായോ..?
ഇന്ന് ഭക്ഷണമെടുക്കാതെ പോന്നതെന്താ.?.."
" രമേശൻസാറിന്റെ വക ഉച്ചഭക്ഷണമുണ്ട്.. 
പറയാൻ മറന്നു." 
"ഈയിടെയായിട്ടു നിനക്ക് മറവിയിത്തിരി 
കൂടുതലാ..ഞാൻ പൊട്ടനൊന്നുമല്ലെന്നോർത്തോണം. ഞാമ്പോയേക്കാം.
അവമ്മാരു  കാത്തിരിക്കുവല്ലേ..ചെല്ല്"..

തിരിച്ചുപറയാൻ നാവു തരിച്ചതാണ്..
ഓഫീസും പരിസരവും..
ആത്മസംയമനം പാലിച്ചേപറ്റൂ..
       

കഴുകി കമഴ്ത്തിവച്ച ചോറ്റുപാത്രം കണ്ടുകാണണം..

"പുറത്തുപോയി ഭക്ഷണംകഴിക്കാനാവും.!.ആരോക്കെയുണ്ടാവും...!
ഏവിടുന്നാവും...!

ചോദ്യങ്ങളും ഉത്തരങ്ങളും  വീർപ്പുമുട്ടിച്ചപ്പോൾ 
സ്കൂട്ടറുമെടുത്തോണ്ടിറങ്ങിപ്പുറപ്പെട്ടു.

ഇതിപ്പോഴെങ്ങും തുടങ്ങിയതല്ല..
പ്ളസ്ടു അദ്ധ്യാപകനാണെന്നു പറഞ്ഞിട്ടു കാര്യമില്ല. സജിത്തിങ്ങനെയാണ്.
കല്യാണം കഴിഞ്ഞനാളുകളിൽ തന്നോടുളള അമിത സ്നേഹത്താലുടലെടുത്ത
പൊസ്സസ്സീവ്നെസ്സാവുമെന്നു സമാധാനിച്ചു..

കഴിഞ്ഞ ട്രാൻസ്ഫറിന് കൊല്ലത്ത് ട്രെയിനിൽ  പോയിവരുകയായിരുന്നു.
രാവിലെ സ്റ്റേഷനിൽ കൊണ്ടുവിടും.. വൈകിട്ടു കൂട്ടിക്കൊണ്ടുപോവാനും വരും.. പോകുമ്പോഴും വരുമ്പോഴും 
കമ്പാർട്ടുമെന്റിൽ  ആരൊക്കെയാണു തന്റെ സഫയാത്രികർ,
താൻ ആരോടെങ്കിലും സംസാരിക്കുന്നുണ്ടോ, ചിരിക്കുന്നുണ്ടോ..
ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ..
സജിത്ത്
ജാഗരൂകനാവും..     

ജോയിൻചെയ്യാൻ പോകുന്നതിന്റെ തലേന്ന് രാത്രിയിൽ ഉറക്കിയിട്ടില്ല..
ഉപദേശങ്ങളായിരുന്നു,
പുതിയ പെരുമാറ്റച്ചട്ടങ്ങൾ പഠിപ്പിക്കലായിരുന്നു.
ആണുങ്ങളാരോടും, ട്രെയിനിലായാലും ഓഫീസിലായാലും 
ഒരു സൗഹൃദവും വേണ്ട....അവമ്മാരുടെ
അടുത്ത് മുട്ടിച്ചേർന്നു നില്ക്കാനും ഇരിക്കാനുമൊന്നും മുതിരരുത്..
വീടുവിട്ട് ഒരുപാടു ദൂരെയാണ്..എന്റെ കണ്ണെത്താത്തയിടം..
അർമാദിച്ചുകളയാമെന്നു വിചാരിക്കരുത്
എന്നൊക്കെ..
 

"മാലിനീടെ കൊച്ചിന് സ്വർണ്ണമായിട്ടെന്തെങ്കിലും കൊടുക്കണ്ടേ...അതല്ലേ നാട്ടു രീതി....നിന്റേല് വല്ല കരുതലുമുണ്ടോ..."
"വീട്ടിൽവന്നിട്ട് അതിനേക്കുറിച്ചൊക്കെ ആലോചിക്കാം.."
"ഓ ....എന്നെ പറഞ്ഞുവിടാനങ്ങു ധൃതിയായി നിനക്ക്...
നീ ചെന്നേലേ അവമ്മാരു കഴിക്കൂ..വേഗം ചെല്ല്..."
സ്കൂട്ടർ വലിയശബ്ദത്തിൽ ഇരപ്പിച്ച് ഒരു പാച്ചിൽ..

ഈ മനുഷ്യനോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല..
മാറാരോഗത്തിനുളള മരുന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു...

" ഹസ്ബന്റ് എന്തേ വന്നത്.." 

"ഫുഡ് എടുക്കാൻ ഞാൻ മറന്നതാണെന്നു കരുതി
അതുംകൊണ്ടു വന്നതാ.."

" സ്നേഹമുളള ഭർത്താക്കന്മാരങ്ങനെയാ.."

അതു പറഞ്ഞത് കേട്ടിട്ട് ചിരിക്കാൻ മറന്ന് ഞാൻ ഓഫീസിലെ കസേരയിൽ ചാഞ്ഞിരുന്നു.

Remany Ammal  Story 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക