നാട്ടിൽ നിന്നു പുറപ്പെടുന്പോൾത്തന്നെ മലയാളികൾ ഒരു കാര്യം ഹൃദയ സ്‌പന്ദനത്തോടൊപ്പം മനസ്സിൽ സൂക്ഷിച്ചുപോരുന്നു: സ്വന്തം ജാതി-മത വിശ്വാസങ്ങൾ! ജോലിത്തിരക്കും സമയക്കുറവും നേരിട്ടുകൊണ്ടുതന്നെ മക്കളെ ജാതി-മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലും അനുഷ്‌ഠാനങ്ങളിലും വളർത്താൻ മാതാപിതാക്കൾ ജാഗ്രത കാണിച്ചുവരുന്നു. ആദ്യകാലങ്ങളിൽ മനസ്സിൽ മാത്രമായിരുന്ന ജാതി-മത ചിന്തകൾ, ക്രമേണ സംഘടനാരൂപത്തിൽ സജീവമായി. കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ഇന്ന് അവരവരുടേതായ സുശക്തമായ ജാതി-മതസംഘടനകളുണ്ട്. അതാതു സംഘടനകളോട് ആഭിമുഖ്യമുള്ളവരാണ് ബഹുഭൂരിപക്ഷം മലയാളികളും. കുടിയേറ്റഭൂമിയിൽ ഒറ്റപ്പെട്ടു ജീവിക്കുമ്പോഴുള്ള ഗൃഹാതുരത്വം പരിഹരിക്കാൻ
സംഘടനകളിൽ പങ്കുചേരുന്നതും സമാനമനസ്‌കരുമായി ബന്ധപ്പെടുന്നതും
ഫലപ്രദമാണ്. സ്വന്തം സമുദായ സംഘടനയിൽ ചേർന്നുനിക്കുമ്പോൾ കൂടുതൽ
മനപ്പൊരുത്തം ഉണ്ടാകുമെന്നുള്ളത് സ്വാഭാവികമാണ്. പക്ഷേ, മറ്റു സമുദായക്കാരിൽ നിന്നും ഒറ്റപ്പെട്ടുപോകാൻ ഇടയാകരുത്. എങ്കിലും, പലപ്പോഴും അതാണു സംഭവിക്കുന്നത്.
അമേരിക്കയിൽ കേരളീയരുടെ സാമുദായിക സംഘടനകൾ ശക്തിപ്പെട്ടപ്പോൾ ദുർബലമായത് അവരുടെ മതേതര സാംസ്‌കാരിക സംഘടനകളാണ്. മലയാളിസമാജങ്ങൾ നടത്തിപോന്നിരുന്ന ഒരോ പരിപാടിയും ഒരോ ജാതി-മത സംഘടനയും അവരവരുടേതായ ബാനറിൽ നടത്താൻ തുടങ്ങി. ഒരു കേരള സമാജത്തിന്റെ പ്രവർത്തനപരിധിയിൽത്തന്നെ വിവിധ സംഘടനകളുടെ അഭിമുഖ്യത്തിൽ ഒൻപതും പത്തും ഓണാഘോഷങ്ങൾ നടത്തുന്ന സ്ഥിതി ഇന്നുനിലനിൽക്കുന്നു! സാംസ്‌കാരിക സംഘടനകൾ നടത്താറുള്ള പിക്കിനിക്കും ഓണാഘോഷവുമൊക്കെ കൂടുതൽ ആവേശത്തോടെ പള്ളികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നു. ക്രിസ്‌ത്യാനികളുടെ ആൽമീയജീവിത്തത്തിലേക്കു ദേശീയസംസ്‌കാരം കൂടി ഉൾക്കൊള്ളിക്കുകയാണ് ലക്ഷ്യമെങ്കിൽ അത് ശ്ലാഘനീയമാണ്. എന്നാൽ, വിശ്വാസികളെ ഒരുകാര്യത്തിനും മറ്റൊരിടത്തേയ്‌ക്കും വിടാതെ പളളിയുടെ മതിൽക്കെട്ടിൽത്തന്നെ ഒതുക്കി നിറുത്തണമെന്നുള്ളതാണ് ഉദ്ദേശ്യമെങ്കിൽ, വിശ്വാസികളെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുന്ന ക്രൂരതയാണത്.
“സംഘടിച്ചു ശക്തരാകുവിൻ”, എന്നാണ് ശ്രീ നാരായണ ഗുരു ഉദ്‌ബോധിപ്പിച്ചത്. പക്ഷേ, ഇന്ന്, സംഘടനകളുടെ അതിപ്രസരം മൂലം വിഘടിച്ചുവിഘടിച്ച്, പല വിഭാഗങ്ങളിലായി ദുർബ്ബലരാകുകയാണ് അമേരിക്കയിലെ മലയാളികൾ! അനേക ലക്ഷം ഡോളർ ചെലവഴിച്ചു പണികഴിപ്പിച്ചിട്ടുള്ള ഒട്ടേറെ പള്ളികളും അന്പലങ്ങളും അമേരിക്കയിൽ മലയാളികൾക്കു സ്വന്തമായിട്ടുണ്ട്. ചിട്ടയോടെ, മുടങ്ങാതെ ആരാധനയും പൂജയും നടക്കുന്ന ദേവാലയങ്ങൾ! ( മതേതര സാംസ്‌കാരിക സംഘടനകൾക്കും സ്വന്തമായ ആസ്ഥാനങ്ങളുണ്ട്, ഒരു കൈയിലെ വിരലുകൾകൊണ്ട് എണ്ണാൻ വേണ്ടതിൽ കുറവ്!)
മലയാളികളുടെ മതേതര (secular) സംഘടനകൾക്കു നേതൃത്വം കൊടുക്കുന്നവർ
പ്രായോഗികമായി ചിന്തിച്ചു മുന്നോട്ടു നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ മതങ്ങൾക്കും ഒരേ പരിഗണന നൽകുന്ന സന്പ്രദായമാണല്ലോ മതേതരത്വം.
അതുകൊണ്ടുതന്നെ, ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു മാത്രം പ്രധാന്യം
നൽകുന്ന പ്രവർത്തന രീതി സ്വീകാര്യമല്ലതാനും. ഒരു മതേതര സാംസ്‌കാരിക
സംഘടനയിൽ ഏതു മതവിശ്വാസിക്കും ഭാഗഭാക്കാകാം. ആ സാംസ്‌കാരിക സംഘടനയുടെ പ്രഖ്യാപിത നയങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ അംഗമായിച്ചേരുന്ന ഏതൊരു മതവിശ്വാസിയും ബാധ്യസ്ഥനാണ്.
സ്വന്തം മതപ്രചരണത്തിന് മതേതര സംഘടനയെ ഉപയോഗിക്കാൻ ശാഠ്യം പിടിക്കരുത്. ഒരു പ്രത്യേക ജാതിയുടെയോ മതത്തിന്റെയോ താൽപര്യങ്ങൾ
സംരക്ഷിക്കാൻ അവരുടെ ജാതി-മത സംഘടനകളുണ്ട്, അതിന് അവിടെയാണു പ്രവർത്തിക്കേണ്ടത്. ആ 'ഹിഡൻ അജണ്ട'യുമായി മതേതര സംഘടനയിൽ
നുഴഞ്ഞു കയറരുത്. ഈയിടെയായി സംഘ ടനാരംഗത്തു കണ്ടുവരുന്ന അനാരോഗ്യകരമായ ഒരു തെരഞ്ഞെടുപ്പുതന്ത്രം മതേതര സംഘടനകളെ മലീമസമാക്കു ന്നതാണ്. ഒരു സംഘടനയെ നിയന്ത്രിക്കുന്നതിനോ ‘പിടിച്ചെടുക്കുന്നതിനോ’ ജാതി-മത-വർഗ്ഗീയ 'കാർഡു’ കളിക്കുന്ന ദുഷിച്ച പ്രവണത നമ്മുടെ സംസ്‌കാരത്തിന്റെമേൽ കരിപുരട്ടുകയാണ്!
മതനിരപേക്ഷതയിൽ താൽപര്യമുള്ളവർ എതിർത്തു തോൽപ്പിക്കേണ്ട ദുഷ്‌പ്രവണതയാണിത്, മുളയിലേ പിഴുതെറിയേണ്ട വിഷമുൾച്ചെടിയാണിത്.
ജാതി-മത വിശ്വാസികൾക്ക് ചില പ്രത്യേക ദിവസങ്ങൾ 'കടപ്പെട്ട'താണ്. അന്ന്, മതേതര പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. ചില ഭക്ഷണസാധനങ്ങൾക്കു വിലക്കുണ്ട്. വസ്‌ത്രധാരണത്തിൽ നിയന്ത്രണമുണ്ട്.എന്തിന്, ഒരു നിലവിളക്കു കത്തിക്കുന്നതിൽ പോലും എതിർപ്പുണ്ട് ! ഇത്തരത്തിലുള്ള വിലക്കുകളും
നിയന്ത്രണങ്ങളും പാലിക്കാൻ ബാദ്ധ്യതയുള്ള, അണികളെക്കൊണ്ടു പാലിപ്പിക്കാൻ ചുമതലയുള്ള, ഒരു 'ഔദ്യോഗിക ഭാരവാഹി' ഒരു മതേതര സംഘടനയുടെ ഔദ്യോഗിക സ്ഥാനത്തു വന്നാൽ ഉണ്ടാകാനിടയുള്ള താൽപര്യവൈരുദ്ധ്യം സങ്കല്പിക്കാവുന്നതേയുള്ളു. ( ഓർക്കണം, എല്ലാവരും ഗാന്ധിജിമാരല്ല! ). ഏതേങ്കിലുമൊരു പരിപാടി നടത്താനുള്ള ദിവസം കണ്ടെത്താൻ, ഭക്ഷണത്തിന്റെ വിഭങ്ങൾ തീരുമാനിക്കാൻ, എന്തിന്- നിലവിളക്കു കത്തിച്ച് ഒരു പൊതുയോഗം തുടങ്ങാൻ പോലും കഴിയാത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടും.
ഏതെങ്കിലും സാമുദായിക സംഘാടനയിൽ ഔദ്യോഗിക സ്‌ഥാനത്തു തുടരുന്ന ഒരാൾ, ആ കാലയളവിൽത്തന്നെ ഒരു മതേതര സംഘടനയുടെ ഔദ്യോഗിക സ്‌ഥാനം കാംക്ഷിക്കുന്നത് അനുചിതമാണ്. അതുപൊലെതന്നെ, ഒരു മതേതര സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിക്കുന്ന വ്യക്തി, ഏതെങ്കിലും സമുദായ സംഘടനയുടെ ഔദ്യോഗികനേതൃത്വം സ്വീകരിക്കുന്നതിലും വൈരുദ്ധ്യമുണ്ട്. ഇക്കാര്യത്തിൽ ഭരണഘടനാപരമായ വ്യക്തമായ വിശദീകരണമോ വിലക്കോ
ല്ലെങ്കിൽപോലും സംഘടനാസദാചാരത്തിന്റെപേരിൽ സ്വയം നിയന്ത്രണം പാലിക്കേണ്ടതാണ്. ഈ സ ന്ദർഭത്തിൽ ആ മഹത്വചനം പ്രായോഗികമാണ് ," ദൈവത്തിന്റേത് ദൈവത്തിനും സീസറിന്റേത് സീസറിനും ".
# religion in india and america