പടച്ചോൻ കടും നിറങ്ങൾ ചാലിച്ചെഴുതി, കിനാശ്ശേരിയുടെ മണ്ണിൽ വച്ച എണ്ണച്ചായച്ചിത്രം എന്ന് വാമാക്ഷിയമ്മയെ ഒറ്റ വാചകത്തിൽ നിർവചിക്കാമെന്നു തോന്നുന്നു.
വാമാക്ഷിയമ്മ എച്ച്മു എന്ന വിളിപ്പേരുള്ള ലക്ഷ്മിയമ്മയുടെ ഒറ്റമകളായിരുന്നു. ആണായിട്ടും പെണ്ണായിട്ടും വാമാക്ഷി മാത്രമേ പരമസാധുവായ അവർക്കുണ്ടായിരുന്നുള്ളൂ. വാമാക്ഷിയുടെ അച്ഛൻ ചരിത്രരേഖയിലില്ല. പക്ഷെ, വാമാക്ഷിയെ നിരീക്ഷിക്കുന്നവർക്ക് ഒരു ഉഗ്രസ്വരൂപ ജീനിന്റെ സാന്നിദ്ധ്യം അവരിൽ തെളിഞ്ഞു കാണാമായിരുന്നു. അത് 'പുഴുങ്ങ നെല്ലിന് വാ പൊളിക്കാത്ത' ലക്ഷ്മിയമ്മയുടേതാവുക അസാദ്ധ്യം.
മരുമക്കത്തായം നില നിന്നിരുന്ന (മാട്രിലീനിയൽ) നായർ സമുദായാംഗമായ വാമാക്ഷിക്ക് കസിൻസ് നാല്. കൂട്ടത്തിലിളയതും ഏക പെൺകൊടിയും അവളായിരുന്നു. സ്വാഭാവികമായും നാലു മുറച്ചെറുക്കൻമാരും കണ്ണെറിയേണ്ടതാണ്. പക്ഷെ ചെറുക്കൻമാർക്കവളെ ഭയമായിരുന്നു. പ്രാണഭയം. കാരണം വേറൊന്നുമല്ല. എപ്പോൾ എന്തു ചെയ്യുമെന്ന് പ്രവചിക്കാനാവില്ല, എന്നതുതന്നെ. എപ്പോൾ വേണമെങ്കിലും എന്തു വേണമെങ്കിലും ചെയ്യാം എന്നു മാത്രമേ ഏറ്റവും അഡ്വാൻസ്ഡ് ആയ പ്രോബബിലിറ്റി തിയറി വച്ചുപോലും ആ പ്രതിഭാസത്തെ പ്രവചിക്കാൻ പറ്റുമായിരുന്നുള്ളു.
തറവാട്ടിൽ ആശാൻ വന്നു പഠിപ്പിക്കുക എന്നതായിരുന്നു രീതി. ആശാൻ, കളരിയിലെ സർവ്വാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷാ സ്വാതന്ത്ര്യത്തിൽ തറവാട്ടിൽ ആരും കൈകടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. വാമാക്ഷിക്കാകട്ടെ കളരിയിലെ പഠിപ്പ് 'കൊല്ലുന്നേലോരി'യായിരുന്നു (കൊല്ലുന്നതിലുപരി എന്ന് അച്ചടി ഭാഷ.). അക്ഷരങ്ങളോ അക്കങ്ങളോ വ്യാകരണമോ ചമ്പുക്കളോ അവരെ മോഹിപ്പിച്ചില്ല. ഭരണമായിരുന്നു ഇഷ്ടം. അത് അവരെ ആരും പഠിപ്പിക്കേണ്ടതില്ലായിരുന്നു. ജന്മസിദ്ധം.
ആശാൻ എല്ലാരേമളക്കുന്ന മുഴക്കോലുകൊണ്ട് വാമാക്ഷിയേയും ദാമോദരനേയും, മാധവനേയും, അപ്പുക്കുട്ടനേയും, കൃഷ്ണനുണ്ണിയേയും അളന്നു. സത്യത്തിൽ ആശാന്റെ മുഴക്കോൽ ദാമോദരനു മാത്രം ചേരുന്ന ഒന്നായിരുന്നു. മാധവനും, അപ്പുക്കുട്ടനും, കൃഷ്ണനുണ്ണിയും 'സഹിച്ചും ക്ഷമിച്ചും നിന്നപ്പോൾ ഒരു 'ബോൺ ലീഡറാ'യ വാമാക്ഷി ശക്തമായി പ്രതികരിച്ചു. ഒരിക്കൽ ഗണിതത്തിൽ തെറ്റുവരുത്തിയതിന് മണലുകൂട്ടി തുടയ്ക്കു തിരുമ്മി ശിക്ഷിച്ച ആശാനോട് വാമാക്ഷി പ്രതികാരം ചെയ്തത് പൂഴിമണൽ രണ്ടു കയ്യിലും വാരി ആശാന്റെ മുഖത്തേക്കെറിഞ്ഞുകൊണ്ടാണ്. വാമാക്ഷിയുടെ അപ്രതീക്ഷിതമായ ഈ നീക്കത്തിൽ അടിതെറ്റുകയും അപമാനിതനാവുകയും ചെയ്ത ആശാൻ ദേഷ്യത്താൽ ആലില പൊലെ വിറയ്ക്കുകയും അടച്ച കണ്ണിലൂടെ തീ പാറിച്ചുകൊണ്ട് വാമാക്ഷിക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.
'ചാണകക്കുഴിയിൽ നിന്നും ചാണകം കൊട്ടയിൽ വാരി തെങ്ങിൻ ചുവട്ടിൽ ഇടണം'.
അത് ചെയ്യേണ്ടത് കളരിക്കു മുന്നിലൂടെ വേണം താനും. പഠനം തീരും വരെയാണ് ചെയ്യേണ്ടത്.
വാമാക്ഷി മനസ്സിൽ ചിലതു ഗണിച്ചു. ആശാന്റടുത്ത് ഗണിതം പഠിക്കുന്നതിലും ഭേദം ചാണകം ചുമക്കുന്നതു തന്നെ. അവൾ സമ്മതം അറിയിച്ചു. പഠിപ്പിസ്റ്റ് ആയ ദാമോദരന് ആ ശിക്ഷ 'ക്ഷ' പിടിച്ചു. വാമാക്ഷി എഴുന്നേറ്റു പോകുന്ന പോക്കിൽ പരിഹസിച്ചു ചിരിക്കുന്ന അവന്റെ പുറത്ത് തന്റെ വാളുപോലുള്ള നഖം കൊണ്ട് ഒരു മാന്തു കൊടുത്തിട്ടു പോയി. രണ്ടിഞ്ചു നീളത്തിൽ തൊലിയും മാംസവും വാമാക്ഷിയുടെ നഖത്തിനടിയിലെത്തി. പുറത്തൊഴുകിയ ചോരപ്പുഴ (മുഖത്തൊഴുകിയ കണ്ണീർപ്പുഴയും) ദാമോദരമേനോൻ എന്ന പിൽക്കാലത്ത് പ്രശസ്തനായ ക്രിമിനൽ വക്കീലിന് ഭാവിയിൽ വധുവായിത്തീരേണ്ടിയിരുന്ന വാമാക്ഷിയുടെ ആദ്യ പ്രണയോപഹാരമായി. അത് ഭാവിയിൽ വരാനിരിക്കുകയായിരുന്ന അനേകം 'മാന്തു'കളുടെ വെറുമൊരു സാമ്പിൾ വെടിക്കെട്ടായിരുന്നു എന്ന് പാവം മേനോൻ അന്നറിഞ്ഞിരുന്നെങ്കിൽ അയാളുടെ ജീവിതം വേറൊന്നായേനേ.
#കിനാശ്ശേരിക്കാലം