Image

സ്റ്റാറ്റന്‍ ഐലന്‍ഡ് തെരുവില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്ക് കടിയേറ്റു 

പി പി ചെറിയാന്‍ Published on 19 October, 2022
സ്റ്റാറ്റന്‍ ഐലന്‍ഡ് തെരുവില്‍ നായ്ക്കളുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്ക് കടിയേറ്റു 

സ്റ്റാറ്റന്‍ ഐലന്‍ഡ് (ന്യുയോര്‍ക്ക്) :  തെരുവില്‍ അഴിഞ്ഞാടിയ ഒരുപറ്റം  നായ്ക്കളുടെ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് കടിയേറ്റു. ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടില്‍ നിന്നാണ് എട്ടോളം വരുന്ന പിറ്റ്ബുള്‍ വര്‍ഗത്തില്‍ പെട്ട നായ്ക്കള്‍ തെരുവില്‍ എത്തിയത് . 250 യോര്‍ക്ക് അവന്യുവിലെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്നു 2, 13, 19 വയസ്സുള്ള പെണ്‍കുട്ടികളാണ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിനിരകളായത്. 

കാലിലും കൈകളിലും കടിയേറ്റ് രണ്ടു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേരെയും രക്തം വാര്‍ന്ന നിലയില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടില്‍ 15 നായ്ക്കള്‍ ആണ് ഉണ്ടായിരുന്നത് . ഇതില്‍  എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ  ആനിമല്‍ കണ്‍ട്രോള്‍ ജീവനക്കാരും പോലീസും ചേര്‍ന്ന് ഇവയെ പിടികൂടി ആനിമല്‍ഷല്‍ ഷെല്‍ട്ടറില്‍  അടച്ചു. റിച്  മൗണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍  കഴിയുന്ന കുട്ടികള്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

സംഭവത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ ഒരു പുരുഷനെയും സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ചാര്‍ജുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക