
"എന്താ പിള്ളേച്ചാ കണ്ടിട്ട് കുറെ ദിവസങ്ങളായല്ലോ."
"ഓ, ഞാൻ ഇലന്തൂർ വരെ പോയിരുന്നു."
"അതെന്തിനാ പിള്ളേച്ചൻ ഇലന്തൂരിനു പോയത്? അവിടെയല്ലേ ഈ അന്ധവിശ്വാസനത്തിന്റെ പേരിൽ നരബലി നടന്നത്?"
"അതെ. അവിടെ ഒരു പെരുനാൾ സ്ഥലത്തെ ആൾ ആണ്. വീട്ടിലോ പറമ്പിലോ കേറാൻ പോലീസ് സമ്മതിക്കില്ല. വെളിയിൽ കൂടിനിൽക്കാം. ദൂരെ നിന്ന് ഫോട്ടോ എടുക്കാം. അത്ര തന്നെ."
"എന്താണ് പിള്ളേച്ചാ ശരിക്കും അവിടെ സംഭവിച്ചത്?"
"എന്താന്നു തനിക്കറിയില്ലേ? രണ്ടു മനുഷ്യ ജന്മങ്ങളെ കുരുതികൊടുത്തു. അത്ര തന്നെ."
"അതൊരു അന്ധവിശ്വാസത്തിൻറെ പേരിൽ നടത്തിയതല്ലേ? അതുപോലെ ഇതിനു മുൻപും നടത്തിയിട്ടില്ലെന്നാരു കണ്ടു?"
"അതയാളുടെ വിശ്വാസത്തിന്റെ പേരിലല്ലേ? അതെങ്ങനെ അന്ധവിശ്വാസമാകും?"
"എന്താ പിള്ളേച്ചാ, ഈ പറയുന്നത്? ഒരു സ്ത്രീയെ പച്ചയ്ക്കു ക്രൂരമായി പീഡിപ്പിച്ചിട്ടു കഴുത്തറുത്തു കൊല്ലുന്നത് ഏതോ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി പൂജ ചെയ്യാൻ വേണ്ടിയാണെന്നാണ് അയാൾ പറയുന്നത്. അത് അന്ധവിശ്വാസമല്ലേ?"
“എന്താണെടോ അന്ധവിശ്വാസം? അതയാളുടെ വിശ്വാസമായിരുന്നെടോ!"
"അതെങ്ങനെയാ പിള്ളേച്ചാ വിശ്വാസമാകുന്നത്?" അത് ശുദ്ധ തെമ്മാടിത്തരമായ അന്ധവിശ്വാസമല്ലേ ഒരാളെ കൊന്നിട്ട് ദേവ പ്രീതി കിട്ടുമെന്നത്? അത് അന്ധവിശ്വാസമല്ലെങ്കിൽ പിന്നെ എന്താണ്?"
"ഇവിടെയാണെടോ പ്രശ്‌നം. തന്റെ വിശ്വാസം എനിക്ക് അന്ധവിശ്വാസമായിരിക്കാം. അതുപോലെ എന്റെ വിശ്വാസം തനിക്കും. ആരുടെ വിശ്വാസമാണ് യഥാർഥ വിശ്വാസം എന്നോ ആരുടെ വിശ്വാസമാണ് അന്ധവിശ്വാസമെന്നോ എങ്ങനെയാണ് തീരുമാനിക്കുക? ആരാണ് തീരുമാനിക്കുക? പണ്ട് പേഗൻ വിശ്വാസം നിലനിന്ന കാലഘട്ടത്തിൽ മൃഗബലി സർവ്വ സാധാരണയായിരുന്നു. എൺപതോ നൂറോ അടി പൊക്കത്തിൽ മൃഗങ്ങളെ കയറ്റി ഒരു പീഠത്തിൽ നിർത്തിയിട്ട് അതിന്റെ കഴുത്തറുക്കുന്നു. താഴെ വച്ചിരിക്കുന്ന വിഗ്രഹത്തിൽ ആ രക്തം ധാരയായി ഒഴുകി അഭിഷേകം നടത്തുന്നു. പേഗൻ രീതി നിലനിന്നിരുന്ന ചില സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ അതിന്റെ തെളിവുകൾ കണ്ടിരുന്നു. അതൊക്കെ അന്ധവിശ്വാസങ്ങൾ ആയിരുന്നോ?"
"എന്താണ് പിള്ളേച്ചൻ പറഞ്ഞു വരുന്നത്? ഇപ്പോൾ അന്ധവിശ്വാസത്തിനും ആഭിചാര ക്രിയകൾക്കും നിരോധനം ഏർപ്പെടുത്തുന്ന നിയമം പാസ്സാക്കാൻ പോകുകയല്ലേ? അത് ഒരു പരിധിവരെ ഇതിനെ തടയില്ലേ?"
"ഞാൻ ചുരുക്കിപ്പറഞ്ഞത് ഇയ്യാൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. ഞാൻ ചോദിക്കട്ടെ, ഞാൻ അമ്പലത്തിൽ പോയി വിഗ്രഹത്തിൽ മാല ചാർത്തി പൂജ നടത്തുന്നത് അന്ധവിശ്വാസമാണെന്നല്ലേ നിങ്ങൾ പറയുന്നത്? വിഗ്രഹാരാധന പാടില്ലെന്നല്ലേ നിങ്ങളുടെ മതം പഠിപ്പിക്കുന്നത്? അതുപോലെ നിങ്ങളുടെ പുരോഹിതർ ഏതോ വേഷഭൂഷാദികളണിഞ്ഞു ദേവാലയങ്ങളിൽ കാണിക്കുന്ന വിക്രിയകൾ നിങ്ങൾക്ക് പരിശുദ്ധമായ കൂദാശകളായിരിക്കാം, പക്ഷേ, ഞങ്ങൾക്കത് അംഗീകരിക്കാൻ കഴിയില്ല. കാരണം ഞങ്ങൾക്കത് അന്ധവിശ്വാസമാണ്. ഞങ്ങൾ മരിച്ചവരുടെ മോക്ഷത്തിനു വേണ്ടി ബലിയിടുമ്പോൾ ചോറുരുട്ടിവച്ചു കാക്കകളെ വിളിക്കുന്നതു കാണുമ്പോൾ നിങ്ങൾ ഉള്ളിൽ ചിരിക്കുമായിരിക്കും. പക്ഷേ, മരിച്ചു വർഷങ്ങൾ കഴിഞ്ഞാൽ പോലും നിങ്ങൾ അവരുടെ കുഴിമാടത്തിൽ ധൂപം അർപ്പിച്ചു പ്രാർഥിക്കും അവരുടെ ആത്മശാന്തിക്ക് വേണ്ടി. നിങ്ങളുടെ ബൈബിളിൽ 'മരിച്ചു കഴിഞ്ഞാൽ ആത്മാവ് എങ്ങോട്ടു പോകുന്നു എന്നർക്കുമറിയില്ലെന്നു' സഭാപ്രസംഗി പറയുമ്പോഴും നിങ്ങൾ ഈ ആചാരങ്ങളിൽ വിശ്വസിക്കുന്നു. ഇതിൽ ഏതാണ് ശരിയായ വിശ്വാസം? ഏതാണ് അന്ധവിശ്വാസം? എടോ, സത്യം എന്ന് പറയുന്നത് എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ് എന്നുള്ളതാണ്. കാരണം, എല്ലാ അന്ധവിശ്വാസങ്ങളും മറ്റൊരാൾക്ക് വിശ്വാസമാണ്. പണ്ട് മനുഷ്യർ തീയെയും വെള്ളത്തേയും ആരാധിച്ചിരുന്നു. പേഗൻ ആചാരങ്ങളുടെ കാലത്തും മായൻ ആചാരങ്ങളുടെ കാലത്തും അവർ വേറെ ദൈവങ്ങളെ പൂജിച്ചു. തത്വചിന്തകരുടെ നാടെന്നു വിശേഷിപ്പിക്കുന്ന ഗ്രീസിൽപ്പോലും ഓരോ കാര്യത്തിനും ഓരോ ദൈവങ്ങൾ അവർക്കുണ്ടായിരുന്നു. റോമൻ ഭരണത്തിലും അവർ വേറെ ദൈവങ്ങളെ ആരാധിച്ചിരുന്നു. ഹിന്ദുക്കൾക്കും പല ദൈവങ്ങളും ആരാധനയും ഉണ്ടായി. ക്രിസ്‌തീയ മതം ലോകത്തു പ്രചുരപ്രചാരം നേടിയപ്പോൾ അവർ ഏകദൈവാരാധന എന്ന് പറഞ്ഞെങ്കിലും അവർ സ്ഥാപിച്ചിരിക്കുന്ന ദേവാലയങ്ങൾ ഓരോ കാര്യത്തിനു പ്രശസ്‌തി നേടിയ ഓരോ വിശുദ്ധന്മാരുടെ പേരിലാണ്. റഷ്യയിൽ അവർ ഓരോ യുദ്ധം ജയിക്കുമ്പോഴും ഒരു വിശുദ്ധന്റെ പേരിൽ ഒരു വലിയ ദേവാലയം നന്ദിസൂചകമായി പണിയും. ആ വിശുദ്ധന്റെ അനുഗ്രഹത്താലാണ് ആ യുദ്ധം ജയിച്ചതെന്നവർ വിശ്വസിച്ചിരുന്നു. എന്നാൽ തോറ്റ രാജ്യവും ഈ വിശുദ്ധനെ തന്നെയാണ് പ്രാർഥിച്ചിരുന്നതെന്നത് വേറെ കാര്യം.”
"അപ്പോൾ പിള്ളേച്ചൻ പറയുന്നത് ഒരു വിശ്വാസവും ശരിയല്ലെന്നാണോ? ഏതെങ്കിലും ഒരു വിശ്വാസം മനുഷ്യന് ഉള്ളതല്ലേ നല്ലത്. ഏതു ദൈവമായാലും അൽപ്പം ഭയപ്പെട്ടു ജീവിക്കുന്നതല്ലേ സമൂഹത്തിനും നല്ലത്?"
"ഇയ്യാൾ ആ പറഞ്ഞതിൽ ഒരു സത്യമുണ്ട്. പക്ഷെ അതിന്റെ കുഴപ്പം അവിടെയല്ലല്ലോ. എൻറെ ദൈവത്തിന്റെ പ്രീതിക്കുവേണ്ടി മറ്റു മതത്തിലെ ആളുകളെ കൊന്നാൽ തനിക്കു മരണാനന്തരം 72 കന്യകമാരുടെ മടിയിൽ കിടക്കാം എന്ന് വിശ്വസിക്കുമ്പോൾ അവൻ ആ കുറ്റകൃത്യത്തിന് തയ്യാറാകും. അവിടെയാണ് കുഴപ്പം. എന്നാൽ അവനെ സംബന്ധിച്ചിടത്തോളം അത് അവൻ പൂർണ്ണമായി വിശ്വസിക്കുന്ന യാഥാർഥ്യമാണ് അവന്റെ മനസ്സിൽ. അതവന് അന്ധവിശ്വാസമല്ല. ഇലന്തൂരിൽ നരബലി നടത്തിയ മുഹമ്മദ് ഷാഫിക്കും അതേ ചിന്തയായിരുന്നു എന്ന് വേണം കരുതാൻ. ഉദ്ദിഷ്ട കാര്യത്തിന് അവൻ വിശ്വസിക്കുന്ന ഒരു ശക്തിക്കു നൽകുന്ന ഉപകാരസ്മരണ! അവിടെ രണ്ടു മനുഷ്യ ജന്മങ്ങളെ ജീവനോടെ കുത്തിമുറിക്കുന്നതിൽ അതുകൊണ്ടുതന്നെ അവനു യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. പത്രങ്ങൾ എടുത്തു നോക്കിയാൽ 'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ' എന്നതിനു തന്നെ എത്രയോ പരസ്യങ്ങളാണ്! അതുപോലെ ഭാവി, ഭൂതം എല്ലാം പറയും, എന്നിങ്ങനെയുള്ള ആകർഷകമായ പരസ്യങ്ങൾ! ഇതെല്ലം ബിസിനസ് ആണ്. മനുഷ്യന്റെ ആകുലതയെ ചൂഷണം ചെയ്‌തു സമ്പാദിച്ചു കൂട്ടുക എന്നതാണ് ഇന്ന് മതത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗം. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ സ്വത്തും വരുമാനവുമുള്ളതു മതങ്ങൾക്കാണ്. അത് അഭംഗുരം തുടരാൻ വേണ്ടിയാണ് പുരോഹിതന്മാരെ സൃഷ്ടിക്കപ്പെടുന്നത്."
"എല്ലാ പുരോഹിതന്മാരും അങ്ങനെയാണെന്നു പറയാനാവില്ലല്ലോ, പിള്ളേച്ചാ?"
"എല്ലാ മതത്തിന്റെയും കാര്യമാണ് ഞാൻ പറഞ്ഞത്. എല്ലായിടത്തും നല്ല കുറേപ്പേരുണ്ട്. സംശയമില്ല. പക്ഷെ പൊതുവേയുള്ള അജണ്ട ഒന്നുതന്നെ."
"അപ്പോൾ പിള്ളേച്ചൻ പറയുന്നത്, എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ ആണെന്നാണോ?"
"അത് സംശയമില്ലാത്ത കാര്യമാണെടോ. ഇപ്പോൾ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി നിയമമുണ്ടാക്കാൻ പോകുന്നവർ രാവിലെ സ്വാമിജിയെ കണ്ടു കാര്യങ്ങൾ തീരുമാനിച്ചിട്ടായിരിക്കും വരിക. കേരളത്തിൽ പലയിടത്തുമുള്ള ആൾ ദൈവങ്ങളെ തൂത്തുപെറുക്കി പൊക്കാനുള്ള ധൈര്യം സർക്കാരിനുണ്ടായാൽ തന്നെ ഇതിനു പകുതി പരിഹാരമാകും. പിന്നെ എല്ലാ മതങ്ങളും ഇന്ന് ബിസിനസ്സായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന സത്യം ജനങ്ങളും മനസ്സിലാക്കിയാൽ ബാക്കി പകുതിയും പരിഹരിക്കാം! ചിന്താശക്തിയുള്ളവർ ചിന്തിക്കട്ടെടോ."
"ശരി, പിള്ളേച്ചാ പിന്നെ കാണാം."
"അങ്ങനെയാകട്ടെ."
_____________
# nadappathayil innu -babu parackel story