പത്രധര്‍മ്മം എന്താണന്നതിനെപറ്റി മുന്‍പൊരു ലേഖനം ഞാന്‍ എഴുതുകയുണ്ടായി. ടീവിയും ഇന്റര്‍നെറ്റും വരുന്നതിനുമുന്‍പ് പത്രങ്ങള്‍ മാത്രമായിരുന്നു വാര്‍ത്തകള്‍ അറിയാനുള്ള മാര്‍ഗം. അന്ന് ലോകത്തിന്റെ പലഭാഗങ്ങളില്‍നടക്കുന്ന കാര്യങ്ങള്‍ ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും ശേഷമാണ് നമ്മള്‍ അറിഞ്ഞിരുന്നത്. ടൈറ്റാനിക്ക് മുങ്ങിയവിവരം ഇന്‍ഡ്യയിലെ പത്രങ്ങള്‍ റിപ്പര്‍ട്ടുചെയ്തത് ഒരുമാസത്തിനുശേഷമാണന്ന് പറയപ്പെടുന്നു. വാര്‍ത്ത ഇന്ഡ്യയിലെത്താന്‍ അത്രയും സമയമെടുത്തെന്ന് സാരം. ഇന്നിപ്പോള്‍ ഇന്‍ന്റര്‍നെറ്റ് വ്യാപകമായതോടെ ഇന്‍ഡോനേഷ്യയില്‍ ഫുട്ട്ബാള്‍ മാച്ചിനിടയില്‍ നടന്ന കൂട്ടമരണം മിനിറ്റുകള്‍ക്കുള്ളില്‍ നമ്മള്‍ വായിച്ചു. ബ്രിട്ടീഷ് പ്രധാനമ്ന്ത്രി ലിസ് ട്രെസ്സ് രാജിവച്ചവിവരം ഉടനടി പത്രങ്ങളും ടീവി ചാനലുകളും റിപ്പോര്‍ട്ടുചെയ്തു. റഷ്യ- ഉക്രേന്‍ യുദ്ധം നേരിട്ടെന്നതുപോലെ കാണുന്നു. ഇന്റര്‍നെറ്റിന് നന്ദി.
പണ്ടത്തെ പത്രങ്ങള്‍ സത്യമായ വാര്‍ത്തകള്‍ മാത്രമെ പ്രസിദ്ധീകരിച്ചിരുന്നുള്ളു. സത്യമേവജയതെ എന്നതായിരുന്നു അവരുടെ ആപ്തവാക്യം. സത്യത്തിനും നീതിക്കുംവേണ്ടി പ്രവര്‍ത്തിച്ചിരുന്ന പത്രങ്ങളായിരുന്നു മലയാള മനോരമയും മാതൃഭൂമിയും മറ്റും. ധീരമായ നിലപാടെടുത്തതിന്റെപേരില്‍ ഈ പത്രങ്ങളുടെ പസിദ്ധീകരണംതന്നെ മാസങ്ങളോളം നിറുത്തേണ്ടതായും വന്നിട്ടുണ്ട്. ഇന്‍ഡ്യന്‍ സ്വാതന്ത്യസമരത്തിന്റെ ജിഹ്വയായി വര്‍ത്തിച്ചതിന്റെപേരില്‍ അവരിന്നും അഭിമാനിക്കുന്നു.
എന്നാല്‍ കാലംകഴിഞ്ഞതോടുകൂടി അതൊക്കെ പഴങ്കഥകളായി മാറി. ഇന്ന് പത്രപ്രസിദ്ധീകരണം ബിസിനസ്സാണ് .എങ്ങനെയും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കുക എന്നതാണ് പരമപ്രധാനം. അതിനുവേണ്ടി വിട്ടുവീഴ്ച്ചകളും കപടമാര്‍ഗങ്ങളും സ്വീകരിക്കുന്നു. വര്‍ഗീയവാദികളെയും മതതീവ്രവാദികളെയും പ്രീണിപ്പിക്കുന്നു. ഓരോ രാഷ്ട്രയ പാര്‍ട്ടികളുടെ ജഹ്വയായി ശബ്ദിക്കുന്നു. മനോരമ കോണ്‍ഗ്രസ്സിന്റെ മുഖപത്രമാണോ എന്ന് വായിക്കുന്നവര്‍ സംശയിച്ചുപോകും. നിഷ്പക്ഷമായി രാഷ്ട്രീയഭേദമില്ലാതെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന പത്രങ്ങള്‍ മലയാളത്തിലില്ല. സ്ത്രീപീഡനത്തിന്റെ പേരില്‍ എം എല്‍ എ കുററാരോപിതനായാല്‍ അയാള്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെപത്രം വാര്‍ത്ത പ്രസിദ്ധീകരിക്കില്ല. സ്വര്‍ണ്ണം കള്ളക്കടത്തിയ വ്യക്തി ഒരു പ്രത്യേകമതത്തില്‍പെട്ടവന്‍ ആയതിനാല്‍ ആസമുദായത്തിന് ഇഷ്ടപ്പട്ടില്ലെങ്കിലോ എന്നഭയംകൊണ്ട് വാര്‍ത്ത വെളിച്ചംകാണില്ല. കൗമാരക്കാരിയായ വീട്ടുവേലക്കാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പുതുപണക്കാരന്‍ മുതലാളി പണംകൊടുത്ത് വാര്‍ത്ത അമക്കും.
വായനക്കാരനെ ത്രില്ലടിപ്പിക്കാനുള്ള വാര്‍ത്തകള്‍ നല്‍കാനാണ് പത്രങ്ങള്‍ക്ക് താത്പര്യം. ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നടന്ന നരബലിയുടെ വാര്‍ത്ത പൊടിപ്പും തൊങ്ങലുംവച്ച് പ്രസിദ്ധീകരിക്കാന്‍ പത്രങ്ങള്‍ മത്സരിക്കയായിരുന്നു. എങ്ങനെയാണ് കഴുത്തറത്തത്, ശരീരഭഗങ്ങള്‍ എവിടൊക്കെ വെട്ടിനുറുക്കി എങ്ങനെ കുഴിയെടുത്തുമൂടി ഇങ്ങനെപോകുന്നു വിവരണം. വായിച്ചാല്‍ അറപ്പും ഭയംജനിപ്പിക്കുന്നതുമായ വാര്‍ത്തകള്‍. ഇതൊക്കെവായിച്ച് പുളകംകൊണ്ട ജനം സംഭവംനടന്ന വീടുംപരിസരവുംകാണാന്‍ തടിച്ചുകൂടുകയായിരുന്നു. ദൂരദേശങ്ങളില്‍നിന്നുപോലും പിക്‌നിക്കായി ആളുകള്‍ വന്നുകൂടി. ലജ്ഞാകരം എന്നല്ലാതെ എന്താപറയുക. കൊച്ചുകുട്ടികളും ഇതെല്ലാം വായിക്കുന്നുണ്ടെന്ന് പത്രക്കാര്‍ ഓര്‍ക്കുക. ഇതൊക്കെ വായിക്കുന്ന കുട്ടികള്‍ ഭാവിയില്‍ എന്തായിതീരുമെന്ന് ഭയപ്പെടുകയാണ്.
വാനക്കാരനെ ഉത്ബുദ്ധനാക്കുക എന്നത് പത്രങ്ങളുടെ കടമയാണ്. അവന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ വാസനകളെ ഉയര്‍ത്തിക്കൊണ്ടുവരുകയാണ് പത്രങ്ങള്‍ ചെയ്യേണ്ടത്. അതിനുപകരം അവന്റെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെന്ന് തരംതാഴുകയല്ല വേണ്ടത്.
മുറിവാല്.
ചെന്നായുടെ ന്യായം എന്ന എന്റെ മുന്‍ലേഖനത്തിനത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഒരുമാന്യവായനക്കാരന്‍ കമന്റെഴുതുകയുണ്ടായി. അദ്ദേഹം രണ്ടുതെറ്റുകളാണ് കണ്ടുപിടിച്ചത്. ഒന്നാമത്തേത് .. ഉക്രേന്‍ നേറ്റോയില്‍ ചേരുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞിട്ടും റഷ്യ യുദ്ധംപ്രഖ്യപിക്കുകയായിരുന്നു . എന്റെ വാചകങ്ങള്‍ ഉദ്ധരിച്ചകൊണ്ട് തെറ്റായ വിവരങ്ങള്‍ നല്‍കി വായനക്കാരെ ഞാന്‍ വഴിതെറ്റിക്കയാണന്ന് അദ്ദേഹം പറയുന്നു.
യുദ്ധംതുടങ്ങിയ ഫെബ്രുവരി 24 ന് മുന്‍പുള്ള പത്രങ്ങള്‍ അദ്ദേഹം വായിച്ചതായി തോന്നുന്നില്ല.. സെലന്‍സ്‌കി അപ്രകാരം പറഞ്ഞതായി എല്ലാപത്രങ്ങളും റിപ്പോര്ട്ടു ചെയ്തിരുന്നു. പത്രവാര്‍ത്തകളില്‍നിന്നാണല്ലോ നമുക്ക് വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നത്. അദ്ദേഹം പുടിനെ നേരിട്ടുവിളിച്ച് വിവരങ്ങള്‍ ശേഖരിച്ചത് ഞാന്‍ അറിഞ്ഞില്ല.
സെലന്‍സ്‌കി അപ്രകാരം പറഞ്ഞോ ഇല്ലയോ എന്നതിന് പ്രസക്തിയില്ല. യാതൊരു പ്രകോപനവുമില്ലാതെ ഒരു സ്വതന്ത്രരാജ്യത്തെ ആക്രമിച്ചു എന്നതാണ് പ്രധാനം. റഷ്യ ഇതിനുമുന്‍പും അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ജോര്‍ജ്ജിയയില്‍ എന്തിനാണ് കടന്നുകയറിയത്. ഉക്രേന്‍ നേറ്റോയില് ചേരുന്നതുകൊണ്ട് റഷ്യക്ക് എന്താണ് ഭീഷണി. നേറ്റോയും അമേരിക്കയും ഒരിക്കലും ആണവശക്തിയായ റഷ്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല. ഇത്രയൊക്കെ അതിക്രമങ്ങള്‍ കാട്ടിയിട്ടും അവരാരും റഷ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. അപ്പോള്‍ നേറ്റോ അല്ല പുടിന്റെ പ്രശ്‌നം. ഉക്രേനിന്റെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ്. ക്രീമിയ പിടിച്ചെടുത്തത് നേറ്റോയുടെ കാര്യം പറഞ്ഞിട്ടല്ല. ഇപ്പോള്‍ പരാജയം രുചിക്കുന്ന പുടിന്‍ ഉക്രേനിലെ ഇന്‍ഭ്രാസ്റ്റ്രക്ച്ചറുകള്‍ തകര്‍ക്കുകയും പൊതുജനങ്ങളെ ബോംബിട്ട് കൊല്ലുകയുമാണ്. പരാജയം ഉറപ്പായ സ്ഥിതിക്ക് ഇയാള്‍ അണുവായുധം പ്രയോഗിക്കുമോ എന്നാണ് ലോകം ഭയപ്പെടുന്നത്.
രണ്ടാമത്തെ തെറ്റ്.
കേരളം തിന്മനിറഞ്ഞ രാജ്യമായി മാറിയെന്ന എന്റെ അഭിപ്രായം. കേരളം രാജ്യമല്ലെന്നും ഇന്‍ഡ്യയാണ് രാജ്യമെന്നുമാണ് വിദ്വാന്‍ പറയുന്നത്. രാജ്യമെന്നതിന് മലയാളം നിഘണ്ടുവിലുള്ള നിര്‍വചനം ഇങ്ങനെയാണ്. ഭൂമിശാസ്രപരമായി മറ്റുപ്രദേശങ്ങളില്‍നിന്ന് വിഭിന്നമായ പ്രദേശം, നാട്, ഒരുജനത അധിവസിക്കുന്ന പ്രദേശം, രാജാവിനാല്‍ ഭരിക്കപ്പെടുന്ന പ്രദേശമെന്നും അര്‍ഥമുണ്ട്.
മലയാളിയായ എന്നെ കേരളം രാജ്യമല്ലെന്ന് ഓര്മ്മിപ്പിച്ച മഹാന് വണക്കം. മറ്റൊരു ആരോപണം ഞാന്‍ ബി ജെ പിക്കാരനാണന്ന വ്യഗ്യേനയുള്ള സൂചന. ഒരുകാര്യം വായനക്കാരെ പ്രത്യേകം ഓര്‍മിപ്പിക്കട്ടെ. കേരളത്തിലായിരന്നപ്പോഴോ അമേരിക്കയില്‍ വന്നതിനുശേഷമോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടുകമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതിലെനിക്ക് അഭിമാനമുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും വോട്ടുചെയ്തിട്ടുണ്ട്. കമ്മ്യണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്തത് കരുണാകരനെക്കാള്‍ പ്രിയം നായനാരോട് ആയതിനാലാണ്., കമ്മ്യൂണിസ്റ്റകാരന്‍ ആയതിനാലല്ല. അമരിക്കയില്‍ ഒബാമക്കും ട്രംമ്പിനും വോട്ടുചെയ്തത് വ്യക്തികളുടെ കഴിവുനോക്കിയിട്ടാണ്. ഇന്‍ഡ്യയില്‍ നരേന്ദ്ര മോദി രാജ്യത്തെ നേര്‍വഴിയില്‍ നയിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണം ഞാന്‍ ഇഷ്ടപ്പെടുന്നു. സൈനികവും സാമ്പത്തികവുമായി ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്‍ഡ്യയെ ഉയര്‍ത്തിയ അദ്ദേഹം അഭിനന്ദനം അര്‍ഘിക്കുന്നു. കഴിവും ബുദ്ധിയും ഉള്ളവരെ ബഹുമാനിക്കുന്നവനാണ് ഞാന്‍.
സാം നിലമ്പള്ളില്‍
samnilampallil@gmail.com.
#Essay journalism by samnilampallil