Image

അനശ്വരനാവുക ! (യുദ്ധ വിരുദ്ധ കവിത: ജയൻ വർഗീസ്)

Published on 21 October, 2022
അനശ്വരനാവുക ! (യുദ്ധ വിരുദ്ധ കവിത: ജയൻ വർഗീസ്)

ആഗോള സൈനിക രംഗം 

അത്യുന്നത സേവന മേഖലയാണോ ? 

സഹോദരനെ കൊന്നു തിന്നാൻ വേണ്ടിയുള്ള 

മനുഷ്യ നിർമ്മിത തന്ത്ര സംവിധാനമല്ലേ അത്? ?


അധിനിവേശത്തിന്റെ അടയാള വാക്യങ്ങൾ

അരും കൊലയുടെ അശ്വമേധങ്ങളെങ്കിൽ 

മനുഷ്യനെ കോന്ന് മാന്യത നേടുന്നവർ 

മഹാ പ്രതിഭകളോ, മണ്ടന്മാരോ ?


മഹാ യുദ്ധങ്ങളുടെ കെടുതികളിൽ നിന്ന് 

വെട്ടിപ്പിടിച്ചവരും നഷ്ടപ്പെട്ടവരും എവിടെ ? 

കാറ്റത്തെ കരിയില പോലെ അവർ പോയി 

കാല പ്രവാഹിനിയുടെ കാണാക്കയങ്ങളിൽ അലിഞ്ഞു !


നിധിയറയിൽ കടന്ന കള്ളനെപ്പോലെ 

വെറുതേ വാരിക്കൂട്ടി ; ഉപയോഗപ്പെട്ടില്ല ! 

ശവപ്പെട്ടി വാങ്ങുന്നവന് ഉപയോഗിക്കാൻ കഴിയാത്ത പോലെ !

ഉപയോഗിക്കുന്നവനാകട്ടെ  വാങ്ങാൻ കഴിയാത്ത പോലെ !


അപരന്റെ മേൽ ആരോപിക്കപ്പെടുന്നത് 

അതിർത്തി കടന്നു എന്ന കുറ്റമാണെങ്കിൽ 

ആരാണ് അതിർത്തി വരച്ചത് എന്നതല്ലേ 

പ്രസക്തമായ ചോദ്യം ?


മനുഷ്യ വർഗ്ഗത്തിനായി ദൈവം ഞാത്തിയിട്ട 

താരാട്ട് തൊട്ടിലാണ് ഭൂമിയെങ്കിൽ,

അതിനു മുകളിൽ അതിരുകൾ വരച്ചു ചേർത്ത 

അധാർമ്മികത മനുഷ്യന്റേതല്ലേ?


ആർത്തി പൂണ്ട രാഷ്ട്രീയ നീതി ശാസ്ത്രം 

അപ്പുറത്ത് വരുന്നവനെ അക്രമിയായി എണ്ണുന്നു ?. 

അപ്പത്തിനുള്ള ധനം വഴിമാറ്റി സംഭരിച്ച്

ആയുധങ്ങൾ നേടി യുദ്ധം ചെയ്യുന്നു. 


ആയിരങ്ങളെ അരിഞ്ഞു വീഴ്ത്തുന്നവനെ 

അജയ്യനായി ആരാധിക്കപ്പെടുന്നു, 

വീര നായകനാക്കി മകുടം ചാർത്തുന്നു, 

അന്യന്റെ ചോരയിൽ അവകാശ വാദങ്ങളുയർത്തുന്നു, 


 മനുഷ്യാ, ഇവിടെ നീ മറന്ന ഒരു കാര്യമുണ്ട് : 

അവൻ നിന്റെ സഹോദരനായിരുന്നു, എന്ന കാര്യം. 

അവന്റെയും നിന്റെയും ജീവൻ വന്നത് 

ഒരിടത്തു നിന്നായിരുന്നു എന്ന സത്യം.


സ്ഥൂല പ്രപഞ്ചമെന്ന വർത്തമാനാവസ്ഥയുടെ 

ദൃശ്യ തുല്യതയുടെ രണ്ട് കഷണങ്ങളായിരുന്നു നിങ്ങൾ 

സൂക്ഷ്മ പ്രപഞ്ചമെന്ന സജീവ തേജസായി 

നിങ്ങളിൽ കത്തി നിന്നത് ദൈവം തന്നെയായിരുന്നു ! 


നിന്റെ ജീവന്റെ മറുപാതി അവൻ ആയിരുന്നു എന്നതിനാൽ,

അവനെ കൊല്ലുമ്പോൾ ചാവുന്നത് നീ തന്നെയല്ലേ ? 

നീ ദൈവത്തെ കൊന്ന പാപി, അധമൻ, അക്രമി

നീ , ആദരവ് അർഹിക്കാത്തവൻ, അപമാനിതൻ


ഈ ചീത്തപ്പേരിനോ നീ സൈനികനായത്?

മനുഷ്യനെ അറുക്കുന്ന  കശാപ്പുകാരനായത് ?

എത്രയോ സുന്ദര തൊഴിൽ മേഖലകളിൽ 

നിനക്ക് നിന്റെ ലോകത്തിന് കാവൽക്കാരനാകാമായിരുന്നു  ? 


പാടത്തെ ചളിയിൽ, ഫാക്ടറിയിലെ പുകയിൽ, 

വിയർപ്പൊഴുക്കി നിന്റെ അപ്പം നേടാമായിരുന്നു ?

അന്തസ്സോടെ അദ്ധ്വാന ഫലം ആസ്വദിക്കാമായിരുന്നു !

അകത്തെ ആനന്ദത്തിൽ അഭിരമിക്കാമായിരുന്നു ! 


അടിപൊളിയൻ അധികാരികളുടെ ബയണറ്റു മുനകൾ 

നിനക്ക് നേരേയും നീണ്ടു വന്നേക്കാം. 

അവർ അതിരുകൾ വരച്ചത് കൊണ്ടാണ് 

അത് നിഷേധിക്കേണ്ടി വന്നത് എന്ന് അവരോട് പറയുക ? 


അതിരുകൾ ഇല്ലാത്ത ഒരു ലോകത്തിനു വേണ്ടി, 

അടയാളങ്ങൾ ഇല്ലാത്ത മനുഷ്യന് വേണ്ടി, 

ആദ്യത്തെ രക്തസാക്ഷി നീ ആയിത്തീരുക !

അങ്ങിനെയങ്ങിനെ അനശ്വരനാവുക ! 

Join WhatsApp News
S S Prakash 2022-10-21 11:26:33
Very good ❤️❤️❤️🙏🏽
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക