കാലത്തു് എഴുന്നേറ്റ് പതിവുപോലെ ഒരു കട്ടനും കുടിച്ചു് പത്രവും വായിച്ചിരിക്കുകയായിരുന്നു ഞാൻ.
"തന്നെകണ്ടാൽ ഒരു ബുദ്ധിജീവിയാണെന്ന് തോന്നും,പക്ഷെ,തലമണ്ട ശൂന്യമാണ് എന്ന് എനിക്കല്ലേ അറിയൂ.
"ജോർജ്‌കുട്ടി രാവിലെ ചൊറിയാൻ വരുന്നത് എനിക്ക് അത്ര പിടിച്ചില്ല.ഞാൻ ചോദിച്ചു,"തനിക്ക് രാവിലെ എന്തിന്റെ തകരാറാണ്.?"
"താൻ ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും കണ്ടുപിടുത്തങ്ങൾ നടത്തൂ.എന്തെങ്കിലും പുതിയ ആശയങ്ങൾ.നാടിനും നമുക്കും ഗുണമുള്ള എന്തെങ്കിലും പുതിയ കണ്ടുപിടുത്തങ്ങൾ.എൻ്റെ മനസ്സിൽ ചില പരിപാടികളുണ്ടായിരുന്നു.പക്ഷെ,ഒരു പൊട്ടൻ അത് നേരത്തെ കണ്ടുപിടിച്ചു."
"ആര്?എന്തുകണ്ടുപിടിച്ചു എന്നാണ് താൻ പറഞ്ഞുവരുന്നത്?"
" മറ്റൊന്നുമല്ല.പേപ്പട്ടി കടിയേറ്റാൽ കുത്തിവെപ്പ് നൽകാറില്ലേ ?ആ മരുന്ന് തന്നെ.ഇപ്പോൾ നാട്ടിൽപേപ്പട്ടിയുടെ കടി ഏൽക്കുന്നത് സർവ്വ സാധാരണമാണല്ലോ. അതിനുള്ളപ്രധിരോധ കുത്തിവെപ്പിന്റെ കാര്യമാണ് പറയുന്നത്.പക്ഷെ,ലൂയിപാസ്റ്റർ ചതിച്ചുകളഞ്ഞു.അല്ലെങ്കിലും ചതി അയാളുടെ സ്വഭാവത്തിൽ ഉള്ളതാ.കൂട്ടുകാരനെ പറ്റിച്ചു അടിച്ചതെടുത്തതാണ് ആ ക്രെഡിറ്റ് ."
ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ജോർജുകുട്ടി പറഞ്ഞു,"ഇപ്പോൾ പത്രത്താളുകളിൽ പട്ടികടിയുടെ വാർത്ത കൊടുക്കുന്നത് ഒളിമ്പിക്സിൽ മെഡൽ കിട്ടിയതുപോലയാണ്.ഇന്നലെ ഒരു പട്ടി പതിനാറുപേരെ കടിച്ചു എന്നൊക്കെയാണ് വാർത്തകൾ. ഇനി പട്ടികടി ഒളിമ്പിക് മത്സരങ്ങളിൽ ഉൾപെടുത്തുമോ എന്നറിയില്ല."
ജോർജ്‌കുട്ടി തമാശ ആയി പറഞ്ഞതാണെങ്കിലും എല്ലാ മറുനാടൻ മലയാളികളേപ്പോലെ ഒരു ബിസിനസ്സോ വ്യവസായമോ തുടങ്ങി വലിയ മുതലാളി ആകുന്നതും അതിനുശേഷം ആ സ്ഥാപനത്തിൽ തൊഴിലാളികൾ കൊടി നാട്ടി അടച്ചുപൂട്ടിക്കുന്നതും ഞാൻ സ്വപ്നം കണ്ടു.
"പേപ്പട്ടി കടിച്ചാൽ കുത്തിവയ്ക്കാൻ മരുന്ന് നിലവിൽ ഉണ്ട്.അപ്പോൾ പട്ടി കടിക്കാതിരിക്കാൻ ഉള്ള മാർഗം കാണ്ടുപിടിക്കണം.പട്ടികളെ കൊല്ലണമോ വേണ്ടയോ എന്ന തീരുമാനം കോടതി എടുക്കണമെങ്കിൽ ഇപ്പോഴത്തെ രീതി അനുസരിച്ചു രണ്ടു വർഷമെങ്കിലും പിടിക്കും,എല്ലാ മാസവും ഇരുപത്തിഎട്ടാം തിയതിക്ക് കേസ് അവധിക്ക് വയ്ക്കും."
പെട്ടന്ന് ഒന്നും സംഭവിക്കില്ല.കേരളത്തിലെ ജനങ്ങളിൽ പകുതി പേർക്കെങ്കിലും ഈ സമയംകൊണ്ട് കടി കിട്ടിയിരിക്കും.
ആലോചിച്ചപ്പോൾ എനിക്ക് ഒരു ഐഡിയ കിട്ടി.
"പേപ്പട്ടി കടിക്കാതിരിക്കാനുള്ള ഒരു ആപ്പ് കണ്ടുപിടിച്ചാൽ പോരെ ?"
ജോർജ്‌കുട്ടി ചാടി എഴുന്നേറ്റു ,"അപ്പോൾ തനിക്ക് ബുദ്ധിയുണ്ട്.പക്ഷെ,ആരെങ്കിലും ഒന്ന് ഇളക്കികൊടുക്കണം."
"അപ്പോൾ നമ്മൾ പട്ടി കടിക്കാതിരിക്കുവാനുള്ള ആപ്പ് കണ്ടുപിടിക്കണം."
"ഗൂഗിൾ നാവിഗേഷൻ വഴി പേപ്പട്ടികൾ എവിടെയുണ്ട് എന്നുമനസ്സിലാക്കി ഉപഭോക്താവിൻ്റെ മൊബൈലിൽ വാണിംഗ് സിഗ്നൽ വരണം.വേണമെങ്കിൽ നിങ്ങൾപേപ്പട്ടിയിൽനിന്നും നൂറു മീറ്റർ അകലത്തിലാണ് എന്ന ഒരു വോയിസ് മെസ്സേജ് കൊടുക്കാം".
"പക്ഷെ പേപ്പട്ടികളെ എങ്ങനെ തിരിച്ചറിയും?"
"അത് നിസ്സാരം.സംസ്ഥാന ഗവണ്മെൻറ് പട്ടികളെ പിടിച്ചു അടയാളം കുത്തി വിടുന്നുണ്ടല്ലോ."
"അതിനുപകരം അതിനെ അങ്ങ് കൊന്നുകളഞ്ഞാൽ പ്രശനം തീരില്ലേ ?"
"പാടില്ല, പട്ടിക്ക് വേദനിക്കും.പട്ടികളുടെ വേദനകണ്ടാൽ കൊച്ചമ്മമാർക്ക് സങ്കടം വരും.പട്ടി എന്ന് തന്നെ പറയാൻ പാടില്ല .നായ്ക്കൾ എന്ന് പറയണം."
ഞങ്ങൾ ആപ്പ് എങ്ങനെ തയ്യാറാക്കാം എന്നുചിന്തിച്ചു തുടങ്ങിയപ്പോളാണ് പ്രോഗ്രാമിങ്ങിൽ ഞങ്ങൾ രണ്ടുപേർക്കും കാര്യമായ വിവരം ഇല്ല എന്ന കാര്യം ഓർമയിൽ വരുന്നത്.ആശയങ്ങൾ തല നിറച്ചും ഉണ്ട്.പക്ഷെ നടപ്പിലാക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം ആവശ്യമാണ്.
"സാരമില്ല.നമ്മളുടെ രാമകുഷ്ണൻറെ അളിയൻ ഒരു ഗംഗാധരൻ ഇൻഫോമാറ്റിക്കർ ആണ്. നമ്മൾക്ക് ഒന്ന് മുട്ടി നോക്കാം .
ഞങ്ങൾ പറയുന്നതെല്ലാം ഗംഗാധരൻ കേട്ടിരുന്നു.ചില കമെൻറ്സ് എഴുതിയെടുത്തു.എല്ലാം കഴിഞ്ഞു ഒരുമാസത്തെ സമയം ചോദിച്ചു.
രണ്ടഴ്ച കഴിഞ്ഞ ജോർജ്‌കുട്ടി ഒരു മലയാള പത്രത്തിലെ കട്ടിങ്ങുമായി വന്നു.
" ആ തെണ്ടി ഗംഗാധരൻ നമ്മളുടെ ആപ്പ് തട്ടിയെടുത്തു.ദാ പരസ്യം നോക്ക്."
"ഗംഗാധരൻസ് ആപ്പ്. പേപ്പട്ടിയുടെ കടിയിൽ നിന്നും രക്ഷനേടാൻ ഗംഗാധരൻസ് ആപ്പ് ഉപയോഗിക്കുക"
ചതിയൻ ".ജോർജ്‌കുട്ടി പറഞ്ഞു.
"ഇനി ഈ നമ്മുടെ ആപ്പ് ക്രിക്കറ്റ് കളിക്കാരുടെ ജേർസിയിലും വരും അല്ലെ ?"ഞാൻ ചോദിച്ചു.
"നമ്മളുടെ ഐഡിയയും ആപ്പും ആ കോപ്പൻ തട്ടിയെടുത്തെങ്കിലും വിഷമിക്കേണ്ട.അവൻ അനുഭവിക്കും" ."എങ്ങനെ?
അവൻെറ വീട്ടുമുറ്റത്ത് തൊഴിലാളികൾ കൊടികുത്തും.പിന്നെ അയാളെ അവർ കുത്തുപാളയെടുപ്പി ക്കും,അല്ലെങ്കിൽ...."
"അല്ലെങ്കിൽ?"
"അവൻ ആത്മഹത്യ ചെയ്യും.മലയാളികളോടാണോ കളി."
ഞങ്ങൾക്ക് സമാധാനമായി,ഏതായാലും അവൻ നശിച്ചു കുത്തുപാളയെടുക്കും,അല്ലെങ്കിൽ നാട്ടുകാർ എടുപ്പിക്കും.
# bangloordays - humaor novel by john kurinjirappally