Read more: https://emalayalee.com/writer/130
ന്യു ജേഴ്‌സി: അന്തരിച്ച മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വമ്പിച്ച ജനാവലി പാറ്റേഴ്‌സണിലെ സെന്റ് ജോർജ് സീറോ മലബാർ ചർച്ചിലെത്തി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയ ഫ്രാൻസീസിന് കണ്ണീർ പ്രണാമമർപ്പിച്ചപ്പോൾ പരിചിതരും അപരിചിതരുമായ നിരവധി പേർ ദുഖാർത്ഥരായി പൊതുദര്ശനത്തിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തു.
അന്ത്യോപചാരമർപ്പിക്കാൻ ചിക്കാഗോ രൂപതയുടെ സ്ഥാനമൊഴിഞ്ഞ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ഉൾപ്പടെ ഒട്ടേറെ പേര് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ വാഷിംഗ്ടണിൽ നിന്നും , ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം ഫ്‌ലോറിഡയിൽ നിന്നും അന്ത്യോപചാരമർപ്പിക്കാൻ എത്തിയവയിൽ ഉൾപ്പെടുന്നു. ഒട്ടേറെ വൈദികരും കന്യാസ്ത്രികളും ചടങ്ങുകളിൽ പങ്കെടുത്തു.
ഫ്രാൻസിസ്ന്റെ ആകസ്മിക വേർപാടിൽ ദുഃഖം അറിയിച്ച് ജോണ് ബ്രിട്ടാസ് എം.പി. വീഡിയോ സന്ദേശമയച്ചു. ഫൊക്കാന സമ്മേളനത്തിൽ വച്ച കണ്ടതും ഫ്രാൻസിസിന്റെ പുസ്തകം പ്രകാശനം ചെയ്തതും അദ്ദേഹം അനുസ്‌മരിച്ചു. ഫ്രാൻസിസ് എന്ന മാധ്യമ പ്രവർത്തകന്റെ മികവുകളും അദ്ദേഹം എടുത്തു കാട്ടി
ബിഷപ്പ് മാർ അങ്ങാടിയത്ത് തന്റെ പ്രസംഗത്തിൽ നിത്യതയെ ലക്ഷ്യമാക്കിയുള്ള യാത്രയാണ് നമ്മുടെയൊക്കെ ജീവിതമെന്ന് ചൂണ്ടിക്കാട്ടി. നമ്മെ ഏല്പിച്ച ചുമതല കഴിയുമ്പോൾ സ്‌നേഹം തന്നെയായ ദൈവത്തിലേക്ക് എത്തിച്ചേരാൻ നമ്മെ ക്ഷണിക്കുന്നു. അത് എപ്പോഴെന്നോ എങ്ങനെയെന്നോ നമുക്ക് അറിയില്ല.
വേർപാട് ആഴമായ വേദനയാണ് നമുക്ക് നൽകുന്നത്. എന്നാൽ അത് മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശന കവാടവുമാണ്. എന്റെ പിതാവിന്റെ പക്കൽ അനേകം വാസസ്ഥലമുണ്ട് എന്നും സമയമാകുമ്പോൾ നിങ്ങളെ കൊണ്ട് പോകാമെന്നും ആണ് കർത്താവ് പറഞ്ഞത്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് നാം ചോദിക്കുമെങ്കിലും അതിനു ഉത്തരമില്ല. നമ്മെ അയച്ച ആൾക്ക് നമ്മെ തിരിച്ചുവിളിക്കാനും അധികാരമുണ്ട്. ഇപ്പോൾ ഫ്രാൻസിസ് യാത്രയായി. ഇനി ആരെന്ന് അറിയില്ല. പക്ഷെ ഒന്ന് മാത്രം ഉറപ്പാണ്, എല്ലാവരും എന്നെങ്കിലും പോകേണ്ടവർ തന്നെ.
മാധ്യമപ്രവർത്തന രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ചാണ് ഫ്രാൻസിസ് കടന്നു പോകുന്നത്. ഭാര്യക്കും മക്കൾക്കും ഈ വേർപാട് ഉൾക്കൊള്ളാനാവില്ല. ജീവിതത്തിന്റെ എല്ലാ രംഗത്തും ഉണ്ടാവേണ്ട പിതാവാണ് മക്കൾക്ക് നഷ്ട്ടമായത്. എങ്കിലും നിരാശരാകരുത്. ഒരു വാതിൽ അടയുമ്പോൾ പല വാതിൽ തുറന്നു തരുന്ന കർത്താവിൽ പ്രത്യാശ അർപ്പിച്ചു മുന്നോട്ടു പോകുക-മാർ അങ്ങാടിയത്ത് പറഞ്ഞു.
കുറച്ച് കാലത്തെ ബന്ധമേയുള്ളുവെങ്കിലും ദീർഘകാല സുഹൃത്തുക്കളെപ്പോലെയാണ് തങ്ങൾ ഇടപെട്ടിരുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. കേരള ടൈംസ് പത്രം ഫ്രാൻസിസിന്റെ സാരഥ്യത്തിൽ കൈവരിച്ച നേട്ടങ്ങൾ മാനേജിംഗ് ഡയറക്ടർ പോൾ കറുകപ്പള്ളി ചൂണ്ടിക്കാട്ടി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യു യോർക്ക് ചാപ്റ്റർ സെക്രട്ടറിയായ ഫ്രാൻസിസിന്റെ വിയോഗം സംഘടനക്ക് വലിയ നഷ്ടമാണെന്ന് നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫ്രാൻസിസുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ചു.
റോക്ക് ലാൻഡ് ലെജിസ്ളേറ്റർ ഡോ . ആനി പോൾ , പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് സണ്ണി പൗലോസ്, ഫൊക്കാന ട്രസ്റി ബോർഡ് ചെയർ സജി പോത്തൻ, ഫാ. ഷിബു ഡാനിയൽ, സജിമോൻ ആന്റണി തുടങ്ങി ഒട്ടേറെ പേർ ഓർമ്മകൾ പങ്കു വച്ചു.
നാട്ടിലുള്ള സഹോദരീ സഹോദരർ വീഡിയോ കോളിലൂടെ സംസാരിച്ചു.
സംസ്കാര ശുശ്രുഷ ഇന്ന് (ശനി) രാവിലെ 8:30 -നു പാറ്റേഴ്‌സാണ് സെന്റ് ജോർജ് പള്ളിയിൽ ആരംഭിക്കും.