Image

പുഷ്പങ്ങളുടെ അക്ഷര സ്പർശം (വിജയ് സി. എച്ച് )

Published on 23 October, 2022
പുഷ്പങ്ങളുടെ അക്ഷര സ്പർശം (വിജയ് സി. എച്ച് )

പൂക്കളും സാഹിത്യവുമായുള്ള സൗഹൃദം സ്ഥാപിയ്ക്കുന്നതിൽ പ്രശസ്ത അമേരിക്കൻ കവയിത്രി ഡൊറോത്തി പാർക്കർ രചിച്ച 'വൺ പെർഫെക്റ്റ് റോസ്' എന്ന കൃതിയുടെ പങ്ക് നിരുപമമാണ്. ഒരു പുരുഷനിൽ നിന്ന് ഡൊറോത്തിയ്ക്ക് ഒരു റോസാപുഷ്പം ലഭിയ്ക്കാനിടയായ സംഭവം മനോഹരമായി ചിത്രീകരിച്ചുകൊണ്ടു തുടങ്ങുന്ന കാവ്യം, ആ പുഷ്പത്തിനു കീഴെയുണ്ടായിരുന്ന ലോലമായ ഇലകളുമായി തനിയ്ക്ക് അത് കൊടുത്തയച്ച വ്യക്തിയുടെ പ്രണയാർദ്രമായ മനസ്സിനെ ഉപമിയ്ക്കുന്നുമുണ്ട്! 
വില്യം വേഡ്സ്‌വർത്തിൻ്റെ 'ദ ഡാഫോഡിൽസും', സിൽവിയ പ്ലാത്തിൻ്റെ 'തുലിപ്സും', സാറാ ജ്യുവറ്റിൻ്റെ 'ദ സോൾ ഓഫ് സൺഫ്ളവറും' മുതൽ മലയാളത്തിലെ പ്രഥമ സിംബോളിക് കവിതയായി അറിയപ്പെടുന്ന, കുമാരനാശാൻ്റെ 'വീണപൂവും' വരെ വായനക്കാരെ  ബോദ്ധ്യപ്പെടുത്തുന്നത് പുഷ്പങ്ങളുടെ അക്ഷര സ്പർശമാണ്.
പുരയിടത്തിൽ നിരവധിയിനം പൂച്ചെടികൾ നട്ടുവളർത്തുകയും, അവയുടെ സാഹിത്യ-സാംസ്കാരിക  സമ്പർക്കങ്ങളെക്കുറിച്ചു കൃത്യമായ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുകയും ചെയ്യുന്ന ലതാ കുറുപ്പിനോടു സംവദിയ്ക്കുമ്പോൾ തോന്നുക നറുമണമുള്ളൊരു പൂന്തോട്ടത്തിനു നടുവിൽ നിൽക്കുമ്പോഴുള്ള കൗതുകമാണ്...


🟥 പുഷ്പങ്ങൾ പ്രതിരൂപങ്ങൾ 
മനുഷ്യമനസ്സുകളിൽ നാമ്പിടുന്ന ലോലമായ വൈകാരികതകൾ പ്രതിനിധാനം ചെയ്യുന്നവയാണ് പേരെടുത്ത പൂക്കളെല്ലാം. പരിശുദ്ധിയും, ശാലീനതയും, നന്മയും, സഹാനുഭൂതിയും, ആർദ്രതയും, ഇഷ്ടവും, വാത്സല്യവും, അഭിനിവേശവും മുതൽ ശോകം വരെയുള്ള വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉചിതമായ പൂക്കൾ ഉപയോഗിയ്ക്കുന്നു. കുസുമങ്ങളിൽ തെളിഞ്ഞു കാണാത്ത വികാരങ്ങളില്ലെന്ന് എഴുത്തുകാരും കരുതുന്നു. വെളുത്ത പനിനീർപുഷ്പം ശാശ്വത സത്യത്തെ പ്രതിനിധീകരിക്കുമ്പോൾ, ചുവന്നവ കാണുമ്പോൾ ചിന്തയിലെത്തുന്നത് വാലൻ്റൈൻ ദിനമല്ലേ! തുളസിക്കതിരിൻ്റെ നൈർമല്യമെന്നും, തുമ്പപ്പൂവിൻ്റെ പവിത്രതയെന്നും, റോസാപ്പൂവിൻ്റെ പ്രണയ ഭാവവുമെന്നും ആയിരിയ്ക്കാം ഞാൻ ഏറ്റവുമധികം വായിച്ചിട്ടുള്ള ഭാഷാശകലങ്ങൾ. ബാപ്റ്റിസവും, വിവാഹവും മുതൽ ശവസംസ്കാരം വരെയുള്ള ചടങ്ങുകളിൽ പാശ്ചാത്യർ പതിവായി ഉപയോഗിയ്ക്കുന്നത് വെളുത്ത റോസും, വെളുത്ത ഡാലിയയുമാണ്. സൂര്യകാന്തിയുടെ രാഗോഷ്മളതയും, ഗുൽമോഹറിൻ്റെ പ്രണയേച്ഛയും, ജക്കരന്തയുടെ തൃഷ്ണയും, യൂക്കാലിയുടെ രാജകീയതയും, ലില്ലിയുടെ പ്രൗഢിയും, ഓർക്കിഡിൻ്റെ മഹനീയതയും ലോകപ്രശസ്തം! നൂറിലേറെ ഉപവർഗങ്ങളിൽ കാണപ്പെടുന്ന തുലിപ്‌, സമ്പൂർണ്ണമായൊരു പ്രണയ പുഷ്പമെന്നതിൽ സംശയമുണ്ടോ? ചുവപ്പും, മഞ്ഞയും, വെള്ളയും തുലിപുകൾ നിരനിരയായി വിരിഞ്ഞു നിൽക്കുന്ന അത്യന്തം ഹൃദയഹാരിയായ ഒരു ഉത്തരേന്ത്യൻ ഉദ്യാനത്തിൽ, അമിതാഭ് ബച്ചനും രേഖയും, കിഷോർ കുമാറിൻ്റെയും ലതാ മങ്കേഷ്കറിൻ്റെയും ശബ്ദത്തിൽ പാടി അഭിനയിക്കുന്ന 'സിൽസില'യിലെ ആ ദൃശ്യവിരുന്നാണ് ഓർമ്മയിലെത്തുന്നത്. 'ദേഖാ ഏക് ഖ്വാബ് തോ യേ സിൽസിലേ ഹുവേ, ദൂര് തക്  നിഗാഹോം മേ ഹേ ഗുൽ ഖിലേ ഹുവേ...' എന്നു തുടങ്ങുന്ന ആ വരികൾ ഇപ്പോഴുമെൻ്റെ കാതുകളിൽ പ്രതിധ്വനിയ്ക്കുന്നു! ഉള്ളിൽ കുളിരുകോരുന്ന ആ പ്രണയ രംഗങ്ങളുടെ പ്രാണനാണ് മാസ്മരികതയുടെ മൂർത്തീഭാവങ്ങളായ ആ 'ടോലിബൻ' പൂക്കൾ! 

🟥 സംസ്കൃതിയിൽ ഉടനീളം 
ചില പുഷ്പനാമങ്ങൾ സംസ്കൃതി സ്വയം വിളിച്ചോതുന്നവയാണ്. ചെത്തി, കണിക്കൊന്ന, കൃഷ്ണകിരീടം, കൃഷ്ണനീല, നിത്യകല്യാണി, ഗന്ധരാജൻ, രജനീഗന്ധി, ശംഖുപുഷ്പം, കൊങ്ങിണി, മന്ദാരം, കനകാംബരം, അശോകം, അരളി, ആമ്പൽ, ചെമ്പകം, ലാങ്കി, ചെമ്പരത്തി, നന്ദ്യാർവട്ടം, ഏഴിലംപാല, ജാതിമല്ലി, രാജമല്ലി, വാക, കൈത മുതൽ തൊട്ടാവാടി വരെയുള്ള പേരുകൾ ചിന്തയിലെത്തുമ്പോൾ, കൂടെയോർക്കാൻ ഒരു ഐതിഹ്യമോ, അല്ലെങ്കിൽ ഒരു കഥയോ, അതുമല്ലെങ്കിൽ ഒരു ചലച്ചിത്രഗാനമെങ്കിലോ ഉണ്ടാകുമെന്നത് ഉറപ്പാണ്. അത്യന്തം സാഹിത്യ സംബന്ധികളാണ് നീർമാതളവും, കണ്ണാന്തളിയും, നീലോല്പലവും, നീലക്കൊടുവേലിയും, ഇലഞ്ഞിയും, ഇലവും, ആറ്റുവഞ്ചിയും, വാടാർമല്ലിയും, നിശാറാണിയും, ചന്ദ്രപുഷ്പവും, കാശിത്തുമ്പയും, കാക്കപ്പൂവും, കുങ്കുമപ്പൂവും. കേരള സംസ്കൃതിയുടെ പര്യായങ്ങളായിത്തീർന്നവയാണ് എരിക്കിൻപ്പൂവും, കൂവളപ്പൂവും, നാഗലിംഗപ്പൂവും, ചേനപ്പൂവും, ജമന്തിപ്പൂവും, ചാമ്പപ്പൂവും, കമ്മൽപ്പൂവും, കോളാമ്പിപ്പൂവും, പൂച്ചവാൽപ്പൂവും, പത്തുമണിപ്പൂവും, നാലുമണിപ്പൂവും, തോട്ടവാഴപ്പൂവും, കുളവാഴപ്പൂവും, സീനിയയും, മുസ്സാൻഡയും, മാതളപ്പൂവും, മരമല്ലിയും മുതൽ ചേഞ്ചിങ് റോസും വരെ. സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ നിന്ന് ഈ പാരിൽ വന്നു ജനിച്ച പാരിജാതവും, എം. ടി. വാസുദേവൻ നായർക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവുമായെത്തിയ 'രണ്ടാമൂഴ'വും അതിലെ സൗഗന്ധികപുഷ്പവും അനുവാചകർക്കു വേണ്ടി കരുതിവെച്ചിരിയ്ക്കുന്നത് എത്ര പറഞ്ഞാലും തീരാത്ത ഇതിവൃത്തങ്ങളാണ്! പ്രണയം യഥാക്രമം കണ്ണിനോടും, കാടിനോടും, കുന്നിനോടുമുള്ള കായാമ്പൂവും, കടമ്പും, രുദ്രാക്ഷവും ദേശ പരിഷ്കൃതിയിൽ നീലത്താമരയ്ക്കു തുല്യം! എനിയ്ക്ക് സംശയമില്ലാ, സംസ്കൃതിയെയോ, പൈതൃകത്തെയോ പുറകിലാക്കിക്കൊണ്ട് പൂക്കളിവിടെ ഒരു ജീവിതരീതിയായി മാറുകയാണ്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ കൂട്ടത്തോടെ പുഷ്പിയ്ക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം 'സ്ട്രൊബിലാന്തസ് കുന്തിയാന' എന്നാണ്. ഇങ്ങനെയൊരു പാശ്ചാത്യ നാമധേയം അപരിചിതമായി തോന്നുന്നുവെങ്കിൽ, മഹാഭാരതത്തിലെ പാണ്ഡു മഹാരാജാവിൻ്റെ പത്നിയും കൃഷ്ണൻ്റെ പിതാവ്‌ വസുദേവരുടെ സഹോദരിയുമായ കുന്തീദേവിയെ ഓർക്കുക. കേരള സംസ്കൃതിയും മലയാള സാഹിത്യവും തന്നിലേയ്ക്ക് ആവാഹിച്ചെടുത്തിട്ടുള്ള നിളയുടെ പോഷകനദിയായ തൂതപ്പുഴയുടെ കൈവഴി, കുന്തിയുടെ തീരത്ത് വളർന്നു നിന്നിരുന്ന കുറ്റിച്ചെടികളിൽ (Shrubs) ആദ്യമായി കണ്ടതിനാലാണ് നീലക്കുറിഞ്ഞിയ്ക്ക് Strobilanthes 'Kunthi'ana എന്ന ബൊട്ടാണിക്കൽ വർഗ്ഗനാമം ലഭിച്ചത്! 


🟥 കുടുംബസമേതം പൂക്കൾക്കൊപ്പം 
എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറുള്ള നോർത്ത് പറവൂരിലെ നന്ത്യാട്ടുകുന്നം ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. പ്രസിദ്ധമായ ചെറായ് ബീച്ചിൽ നിന്ന് അത്ര ദൂരെയല്ലാത്ത, ഞങ്ങളുടെ തൊടിയിൽ വളരാത്ത പൂച്ചെടികൾ അപൂർവ്വം. നാടൻ ചെടികൾ മണ്ണിൽ നേരിട്ടു വളർത്തുന്ന രീതിയായിരുന്നു തറവാടുകളിൽ നിലനിന്നിരുന്നത്. ചട്ടികളിൽ പൂച്ചെടികൾ കൃഷിചെയ്യുന്ന പരിഷ്കാരം പിന്നീടെത്തിയതാണ്. ചെമ്പരത്തി, നന്ത്യാർവട്ടം, മുതലായ പരമ്പരാഗത ഇനങ്ങൾ ചട്ടികളിൽ വളരുന്നവയുമല്ല. തറവാട്ടമ്പലത്തിലെ പൂജയ്ക്ക് അത്യാവശ്യമുള്ള പുഷ്പങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നൊരു പൂന്തോട്ടമാണ് പൊതുവായ ഉദ്ദേശ്യം. കൂടാതെ, കൊങ്ങിണിപ്പൂ ചെടികളും, പവിഴമല്ലിയും, പവിഴമുല്ലയും, ചക്കമുല്ലയും, ഈഴച്ചെമ്പകവും, കുറുമൊഴിയും, റങ്കൂൺ ക്രീപ്പർ വറൈറ്റികളും (യശോദപ്പൂ, മധുമാലതി, കാട്ടുപുല്ലാനി)  നട്ടുവളർത്തിയിട്ടുണ്ട്. മണ്ണിനടിയിലുള്ള കിഴങ്ങുകളിൽ നിന്ന് വർഷം തോറും മുളച്ചുവന്നു പൂവിടുന്ന ചുവന്ന ലില്ലിയും (മെയ്‌ മാസ റാണി), അതുപോലെയെത്തുന്ന മറ്റു ചില പൂക്കളുമുണ്ടാകും. അതിനാൽ, നിറങ്ങളിൽ കുളിച്ചു നിൽക്കുന്നൊരു പൂന്തോട്ടമാണ് ബാല്യകാല സ്മരണകളിലുള്ളത്. തിരുവോണം കഴിഞ്ഞാലും, മഹാലക്ഷ്മിയുടെ നാളായ മകം വരെയുള്ള 16 ദിവസങ്ങളിൽ 'ശീവോതിപ്പൂക്കളം' തീർക്കാൻ നിർബന്ധമായും ശീവോതി (ശീ ഭഗവതി) പുൽച്ചെടി വേണം. പൂവിൻ്റെ പരിവേഷമില്ലെങ്കിലും, പൂവായി വിശേഷിപ്പിക്കപ്പെടുന്ന ശീവോതിച്ചെടി നനച്ചു വളർത്താൻ അനിയത്തി രമ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കറുകയും, മുക്കുറ്റിയും, തിരുതാളിയും ഉൾപ്പെടെയുള്ള ദശപുഷ്പങ്ങളുടെ പരിലാളനവും രമയുടെ ചുമതലയായിരുന്നു. ഞാനും, ചേച്ചി വിജിയും സ്കൂൾ വിട്ടു വരുമ്പോൾ, കൂട്ടുകാരുടെ വീട്ടിൽ നിന്ന് ഞങ്ങളുടെ തൊടിയിലില്ലാത്ത ചെടികളുടെ കമ്പുകൾ കൊണ്ടുവന്നു നടുമായിരുന്നു. ഏക സഹോദരൻ മധു അന്ന് വളരെ ഇളംപ്രായക്കാരനായിരുന്നുവെങ്കിലും, സഹായിയായി കൂടെ നിന്നു. നിർദ്ദേശങ്ങളുമായി അമ്മയും (അമ്മിണിക്കുട്ടി) ഒപ്പമെത്തി. റിട്ടയേർമെൻ്റിനു ശേഷം മിലിറ്ററി സർവീസിൽ നിന്നെത്തിയ അച്ഛൻ (ഗോപാലകൃഷ്ണ കുറുപ്പ്) ഉദ്യാനപാലനത്തിൽ പ്രതിഭ തെളിയിച്ചത് പെട്ടെന്നായിരുന്നു. ഒരിക്കൽ എവിടെയോ യാത്ര പോയി മടങ്ങുമ്പോൾ അച്ഛന് കുറെ കാപ്പിച്ചെടികൾ കിട്ടി. അദ്ദേഹം അത് തൊടിയുടെ നാലു പുറവും നട്ടു. ആ ചെടികളിൽ ആദ്യമായി തൂവെള്ള പൂക്കൾ വിരിഞ്ഞതും, അവയുടെ മനോഹാരിത കണ്ടു ഞങ്ങൾ പ്രകമ്പനം കൊണ്ടതും, ആ സുന്ദരി സൂനങ്ങളുടെ മനം കവരുന്ന സൗരഭ്യം നുകർന്നു കൊണ്ടു പുരയിടത്തിലങ്ങനെ നിൽക്കാറുണ്ടായിരുന്നതും ഇന്ന് ഗതകാലസുഖസ്‌മരണകൾ ഉണർത്തുന്നു! കാപ്പിച്ചെടികൾക്കിടയിൽ അച്ഛൻ നട്ട ചെന്തെങ്ങുകൾ കുലച്ചു നിന്നിരുന്ന ദൃശ്യം കാലമെത്രകഴിഞ്ഞാലും ഞങ്ങളുടെ മനസ്സുകളിൽ നിന്നു മാഞ്ഞുപോകില്ല! അന്നുമിന്നും, അനായാസം ചെടികൾ നടാവുന്ന ഘടനയാണ് പറമ്പിലെ മണ്ണിനുള്ളത്. തീരദേശമാണെങ്കിലും, മണ്ണിലും ജലത്തിലും ഉപ്പുരസമില്ല താനും. പശുക്കളെ വളർത്തിയിരുന്നതിനാൽ, വളമായി ചാണകം  ഉപയോഗിച്ചു. കൂടാതെ, അതിരുകളിൽ നിരനിരയായി നട്ടു വളർത്തിയിരുന്ന ശീമക്കൊന്നയുടെ ഇലകൾ മികച്ച ജൈവവളമല്ലേ! ഇക്കാരണത്താൽ എല്ലാ ചെടികളിലും ശോഭയുള്ള പൂക്കൾ പതിവായിരുന്നു. മുറ്റത്തെ വൃക്ഷങ്ങളിലേയ്ക്ക് പടർത്തി വിട്ടിരുന്ന മുല്ലവള്ളികളും, കുറ്റി മുല്ലച്ചെടികളും, പിച്ചകവും പൂന്തോട്ടത്തിനൊരു സമഗ്രത നൽകി. മൂന്നു സഹോദരിമാർക്കും മുല്ലപ്പൂക്കൾ മുടിയിൽ ചൂടുന്നത് ഏറെ ഇഷ്ടമായിരുന്നു. മുല്ലപ്പൂവിനെ പ്രണയിക്കാത്ത പെണ്ണുങ്ങളുണ്ടോ! 


🟥 പൂവിൻ്റെ ജന്മം 
ഒരു ശതം സൂനങ്ങൾ നമുക്ക് അറിയുന്നവയെങ്കിൽ, പരശ്ശതം അജ്ഞാതമെന്നത് ഒരു പരമാർത്ഥം! എന്നുവരികിലും, ദാർശനിക സമസ്യകളുടെ സങ്കീർണ്ണതകൾ ഇല്ലാതെ തന്നെ മനുഷ്യ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതാണ് ഒരു പൂവിൻ്റെ ജന്മം. പൂ വിരിയുന്നത് നിയതി അതിനു നൽകിയ കാലം ചെടിയിൽ ജീവനോടെ നിലനിന്നുകൊണ്ട് അതിനു ചുറ്റും സൗരഭ്യം പരത്താനാണ്. അനുവദിച്ച ആയുസ്സ് തീരുന്നതോടെ തിളക്കം കുറഞ്ഞു, ആകാര സൗഷ്ഠവം നഷ്ടപ്പെട്ടു, ഒരുനാൾ അത് വാടി വീഴുന്നു. നമ്മുടെ തോട്ടത്തിൽ എത്രയോ പൂക്കൾ ഒരുമിച്ചു വിരിയുന്നു. എന്നാൽ, ഓരോ പൂവിൻ്റെയും വിധി വ്യത്യസ്തമാണ്. ഭഗവാൻ അണിയുന്ന പൂമാലയാകാനുള്ള ഭാഗ്യം ചിലതിനു ലഭിയ്ക്കുന്നു. വാണിജ്യത്തെരുവുകളിൽ വിൽപ്പനച്ചരക്കായി മാറാനാണ് ചിലതിൻ്റെ നിയോഗം. പരേതാത്മാക്കളെ സ്വർഗ്ഗത്തേയ്ക്ക് ആനയിക്കാനായി മറ്റു ചില സൂനങ്ങൾ. ദൗത്യങ്ങളൊന്നും ഇല്ലാത്തവയുമുണ്ട്. അവ വിരിയുന്നു, പ്രകാശം കുറയുന്നു, കൊഴിയുന്നു, മണ്ണോട് മണ്ണടിയുന്നു. മനുഷ്യ ജന്മം പൂക്കളിൽ നിന്ന് വിഭിന്നമാണോ? ജ്ഞാനപീഠ ജേതാവ് ഒ.എൻ.വി സാർ രചിച്ച 'ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിൻ്റെ ജന്മം കൊതിച്ചു...' എന്നു തുടങ്ങുന്ന വരികൾ ശ്രദ്ധിച്ചിട്ടുണ്ടോ? അർത്ഥമുള്ള ഈ ഗാനം കേൾക്കുമ്പോൾ, ദേവാംഗനയല്ലെങ്കിലും, ഒരു പൂവിൻ്റെ ജന്മം കൊതിക്കാത്തവരുണ്ടാകുമോ? പ്രകൃതിയെ ഏറ്റവും സുന്ദരിയാക്കുന്നത് ബഹുവർണ്ണ സൂനങ്ങൾ തന്നെയാണ്. ഒരു പൂവിൻ്റെ ജന്മം, അതിൻ്റെ ആയുസ്സ്, ഹ്രസ്വമോ ദീർഘമോ ആകട്ടെ, ഉള്ള കാലം വിരിഞ്ഞു നിന്ന് അത് മനുഷ്യ മനസ്സുകളിൽ വർണ്ണാഭയും, സ്നേഹ സുഗന്ധവും പകരുന്നു. അമ്പലപ്പറമ്പിലും ശ്മശാനത്തിലും വർണ്ണങ്ങൾ വിരിയിക്കുന്നവയാണ് ഉഷമലരികൾ. സൗന്ദര്യം ആവോളമുണ്ടെങ്കിലും, അവയിൽ ചിലത് ദുർഗന്ധികളാണ്. പൂജയ്‌ക്കെടുക്കാത്ത പുഷ്‌പങ്ങൾ. എന്നിരുന്നാലും പ്രകൃതിയെ അണിയിച്ചൊരുക്കുന്നതിൽ അവയുടെ പങ്കും നിസ്തുലമാണ്. മരുഭൂമിയിൽ വളരുന്ന കള്ളിമുൾച്ചെടികളിലും, ഗ്രീഷ്മമൂറ്റി വളരുന്ന ബോഗൺവില്ലകളിലും (കടലാസു പിച്ചകം) മനോഹരമായ പുഷ്പങ്ങൾ സമൃദ്ധിയിൽ കാണാറുണ്ട്. കളയെന്നു കരുതപ്പെടുന്ന വള്ളിയിലെ വേലിപ്പരുത്തിപ്പൂവും, വിഷച്ചെടിയെന്നു തെറ്റിദ്ധരിച്ചു പലരും പിഴുതെറിയുന്ന അപൂർവ ഔഷധച്ചെടി മേന്തോന്നിയിൽ മലരുന്നതും, പൂഴിമണ്ണിൽ നിലം അടഞ്ഞു വളരുന്ന അടമ്പിൻ ചെടിയിലെ പുഷ്പവും, പൂവിനേക്കാളേറെ സുഗന്ധവ്യജ്ഞനമായി അറിയപ്പെടുന്ന കരയാമ്പൂവും, ലോകത്തെ ഏറ്റവും വലിയ പുഷ്പം റഫ്ലേഷ്യ ആർനോൾഡും ഈ ഭൂവിനെ കൂടുതൽ മനോഹരിയാക്കുകയാണ് ചെയ്യുന്നത്. ജീവിത കാലയളവിൽ ഒരിക്കൽ മാത്രം ഒരുമിച്ചു, ഹൃദ്യമായി പൂവിട്ടതിനൊടുവിൽ ഒരുമിച്ചു ഉണങ്ങിപ്പോകുന്ന മുളങ്കൂട്ടങ്ങളും ധരിത്രിയുടെ ധന്യത. വ്യക്തം, പൂച്ചെടികളും പൂമരങ്ങളും ഓരോ ഋതുവിലും നമുക്ക് ഒരുക്കിത്തരുന്നത് വൈവിധ്യമാർന്ന വർണ്ണവിസ്മയങ്ങളാണ്! 


🟥 പൂക്കൾ പറിയ്ക്കരുതേ... 
യൗവനത്തിൽ പൂക്കൾ മുടിയിൽ ചൂടുന്നത് എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നുവെങ്കിലും, ഇന്ന് ആ ഇഷ്ടം കുറഞ്ഞു വരുന്നു. പറിച്ചെടുക്കുന്ന മാത്രയിൽ തന്നെ വാടിപ്പോകുന്നവയാണ് പൂക്കൾ. അവ തനതായ സൗന്ദര്യവും ഓജസ്സും നിലനിർത്തി ചെടിയിൽ തന്നെ നിൽക്കുന്നത് കാണുവാനാണ് എനിയ്ക്കിന്ന് കൂടുതൽ താൽപര്യം. പൂവിട്ടു നിൽക്കുന്ന ചെടിയ്ക്കരികിൽ കൊണ്ടുപോയി പലരും കുട്ടികളെക്കൊണ്ട് പൂക്കൾ നുള്ളിക്കുന്നതും, അവരത് നിമിഷനേരം കൊണ്ടു  പിച്ചിച്ചീന്തുന്നതും കാണുമ്പോൾ വേദനിക്കാറുണ്ട്. കുട്ടികളോട് ഞങ്ങൾ പറയാറുള്ളത് ഇങ്ങനെയാണ്: "ഇതൊരു അമ്മച്ചെടിയാണ്. അതിൻ്റെ കുട്ടികളാണ് പൂക്കൾ. ആ മക്കളെ ആരെങ്കിലും നുള്ളി നോവിച്ചാൽ അമ്മച്ചെടിയ്ക്കു നോവും; നിങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാൽ, നിങ്ങളുടെ അമ്മയ്ക്കു വേദനിക്കുന്നതു പോലെ!"


🟥 പുതിയ തലമുറ ഏറ്റെടുക്കുന്നു 
ഞങ്ങൾ മൂന്നു സഹോദരിമാർക്കുമുള്ള ഏക മകളാണ് അനുപമ. ചേച്ചിയാണ് അവളെ പ്രസവിച്ചതെങ്കിലും, പിറന്നതു മുതൽ ചിറ്റമാരായ ഞങ്ങളുടെയും കൂടി പുത്രിയാണവൾ! അടുത്തിടെ വിവാഹിതയായ അനുക്കുട്ടി, ഞങ്ങളുടെ ചെല്ലച്ചെടികളോടു ബന്ധപ്പെട്ട സാഹിത്യവും, സംസ്കൃതിയും, പുസ്തകങ്ങളും ഏറെ വാത്സല്യത്തോടെ ഏറ്റെടുക്കുന്നുവെന്നതാണ് ഏറ്റവും വലിയ സംതൃപ്തി. മണ്ണിലിറങ്ങി പണിയെടുക്കാൻ മടി കാണിയ്ക്കുന്ന പുതു തലമുറയ്ക്ക് അവൾ ഒരു മാതൃകയാകട്ടെ! ഉദ്യാനപാലനത്തിൽ അനുക്കുട്ടി ഇഷ്ടം കാണിച്ചു തുടങ്ങിയതിനു ശേഷം ഞങ്ങളുടെ തോട്ടത്തിൽ എത്തിയവയാണ് ഹൈഡ്രാഞ്ചിയ, ചൈനീസ് ഹാറ്റ്, പെട്രിയ, ലെമൻ വൈൻ, ടോർച്ച് ജിൻജർ, കേറ്റ്സ് ക്ലാ, ഹോയ, ആന്തുറിയം, ടെക്കോമ, ഗോൾഡൻ കാസ്കേഡ്, ഡോംബേയ, പെറ്റ്യൂണിയ, തൻബെർജിയ, ജറേനിയം, ഫ്യൂഷിയ, ബിഗോണിയ, ബ്രൈഡൽ ബൊക്കെ, ബ്ലീഡിംഗ് ഹാർട്ട്‌, ബ്ലേക്ക് വെൽവെറ്റ് റോസ്, ബ്ലേക്ക് മേജിക്, ബ്ലേക്ക് ബ്യൂട്ടി, മുതലായ വിദേശ ഇനങ്ങൾ. നാടൻ താമരപ്പൂക്കൾക്കൊപ്പം, വിദേശ സ്പീഷീസുകളായ നെലുമ്പോ നൂസിഫെറാ വറൈറ്റികളും ഇക്കാലങ്ങളിൽ ഞങ്ങളുടെ മുറ്റത്തെ കൊച്ചു പൊയ്കകളിൽ വിരിയാറുണ്ട്. ഭാരതത്തിൻ്റെയും, ഈജിപ്തിൻ്റെയും ദേശീയ പുഷ്പമായ താമര, നമ്മുടെ സാഹിത്യത്തിലും പൈതൃകത്തിലും ഏറ്റവുമധികം പ്രതിപാദിയ്ക്കപ്പെട്ടിട്ടുള്ള പുഷ്പം. ഇന്ത്യയിലുണ്ടോ അംബുജത്തിൻ്റെ അഴക് വാഴ്ത്താത്ത എഴുത്തുകാർ! 

#vc flowers and litrature article by vijai ch

പുഷ്പങ്ങളുടെ അക്ഷര സ്പർശം (വിജയ് സി. എച്ച് )പുഷ്പങ്ങളുടെ അക്ഷര സ്പർശം (വിജയ് സി. എച്ച് )പുഷ്പങ്ങളുടെ അക്ഷര സ്പർശം (വിജയ് സി. എച്ച് )
Join WhatsApp News
Lalitha Somam 2022-10-24 08:27:44
എത്ര മനോഹരമായ വർണ്ണന 🙏🌹🙏 Hats off 🙏🌹🙏
Ninan Mathullah 2022-10-29 01:55:13
Really enjoyed reading this unique and beautiful description of flowers. Some of the names are not familiar to me. Wish if Vijay could name the plants and flowers with a note underneath the picture of the flower. I shared this article to few groups and places. As a Botany major I am also in love with plants and flowers. Here is a link to two flowering plants in my yard now- Changing Rosa and Bougainville. https://www.facebook.com/photo/?fbid=558520822940248&set=pcb.2132435920293444
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക