Image

ജാതി മത വിഭാഗീയതകളിൽനിന്നും സ്വതന്ത്ര ചിന്തയിലേക്ക് വളരുന്ന അമേരിക്കൻ മലയാളി (ജെയിംസ് കുരീക്കാട്ടിൽ )

Published on 24 October, 2022
ജാതി മത വിഭാഗീയതകളിൽനിന്നും സ്വതന്ത്ര ചിന്തയിലേക്ക് വളരുന്ന അമേരിക്കൻ മലയാളി (ജെയിംസ് കുരീക്കാട്ടിൽ )

എന്ത് കൊണ്ടാണ് അമേരിക്കൻ മലയാളി  സമൂഹത്തിൽ ഇപ്പോൾ ജാതി മത സംഘടനകൾ ഇത്രയധികം പെരുകുന്നത്? 
എന്ത് കൊണ്ടാണ്  വിവിധ മലയാളീ മതവിഭാഗങ്ങളുടെ  ആരാധനാലയങ്ങൾ അടുത്തകാലത്തായി അമേരിക്കയിൽ കൂണുകൾ പോലെ മുളച്ചുപൊന്തുന്നത്? 
ആദ്യകാല മലയാളീ കുടിയേറ്റക്കാർ കൂടുതൽ മതേതരർ ആയിരുന്നോ ? 
ഇപ്പോൾ വരുന്നവരിൽ കൂടുതൽ ജാതിമത ചിന്തകൾ പ്രബലമായത് കൊണ്ടാണോ? 
ഇതിന്റെ ഉത്തരം ലഭിക്കാൻ നമ്മൾ നമ്മളിലേക്ക് തന്നെ നോക്കിയാൽ മതി. നമ്മുടെയുള്ളിൽ  എത്രമാത്രം മതേതരത്വവും/ ജാതി മത സങ്കുചിത ചിന്തകളും ഉണ്ടെന്ന് ആത്മപരിശോധന ചെയ്‌താൽ മതി. നമ്മൾ ലളിതമായ ആ സത്യം തിരിച്ചറിയും. നമ്മൾ എന്നും ഇങ്ങനെയൊക്കെയായിരുന്നു ഭായ്. ഉള്ളിൽ എല്ലാവിധ ജാതിമത സങ്കുചിത ചിന്തകളും  പേറികൊണ്ട് പുറമെ ഒരു സമൂഹമായ് അതിജീവിക്കാൻ വേണ്ടി മാത്രം മതേതരത്വം നടിക്കുന്നവരാണ് നമ്മൾ മലയാളികൾ.


 എങ്കിൽ പിന്നെ ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒന്ന് മാത്രമേ സംഭവിക്കൂന്നുള്ളു. കൂടുതൽ ആളുകൾ ഈ രാജ്യത്തേക്ക് കുടിയേറി തുടങ്ങി. സ്വാഭാവികമായും ഓരോ ജാതി മത വിഭാഗങ്ങളിലും പെട്ടവരുടെ അംഗസംഖ്യ വർദ്ധിച്ചു. ജാതി മത സംഘടനകൾ രൂപീകരിക്കാനും വലിയ കൺവെൻഷനുകൾ നടത്താനും ആരാധനാലയങ്ങൾ പണിയാനും  ഓരോ ചെറിയ ഗ്രൂപ്പുകളും വരെ സാമ്പത്തികമായ് ശേഷിയുള്ളവരായി മാറി. സ്വാഭാവികമായി ഓരോരുത്തരും അവർക്ക് ഏറ്റവും കംഫോര്ട്ടബിൾ ആയ സ്വന്തം തുരുത്തുകളിലേക്ക് ചുരുങ്ങാനുള്ള പ്രവണത കാട്ടി തുടങ്ങി. ഇത് നമ്മുടെ മാത്രം പ്രവണതയാണെന്നുള്ള ആത്മ നിന്ദയൊന്നും വേണ്ട. ലോകമെമ്പാടുമുള്ള മനുഷ്യരുടെ പൊതു സ്വഭാവമാണ് വംശീയ കേന്ദ്രീകരണം എന്ന് വിളിക്കാവുന്ന ഈ Ethnocentrism. അതായത് ഉത്തമാ, നമ്മൾ പറയുന്ന Ingroup solidarity, Outgroup antagonism അല്ലെങ്കിൽ ഇത്തിരി കൂടി ലളിതമായ് പറഞ്ഞാൽ Ingroup loyalty, outgroup hostility ഒക്കെ, ജനിതകമായി നമുക്ക് ലഭിച്ച ഗോത്രീയ സ്വഭാവമാണ്. പണ്ട് നമ്മുടെ പൂർവ്വികർ ഗോത്രങ്ങളായ് കഴിഞ്ഞിരുന്ന കാലത്ത്, സ്വന്തം ഗോത്രത്തിന് വേണ്ടി മരിക്കാനും മറ്റ് ഗോത്രങ്ങളെ കണ്ടാൽ അവരെ ആക്രമിക്കാനും അവരുടെ resource കൾ കയ്യടക്കാനും നമ്മുടെ പൂർവ്വികർക്കുണ്ടായിരുന്ന പ്രവണതയുടെ തിരുശേഷിപ്പുകൾ പാരമ്പര്യമായ് നമ്മളും പേറുന്നു എന്ന് മാത്രം. ഇന്ന് പിന്നെ resource കൾക്കായ് മറ്റ് ഗ്രൂപ്പുകളെ ആക്രമിക്കേണ്ട ഗതികേട് ഇല്ലാത്തത് കൊണ്ട് അതിന് തുനിയുന്നില്ലെന്നേയുള്ളൂ. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ നമ്മുടെ ഉള്ളിലെ പഴയ ഗോത്രീയ സ്വഭാവം ഉണരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതുവരെയൊക്കെയേ നമുക്ക് മതേതരത്വം അഭിനയിക്കാനും civilized എന്ന് മേനി നടിക്കാനും കഴിയൂ. 


കുറച്ചു വർഷങ്ങൾ മുമ്പ് വരെ നമ്മൾ അമേരിക്കൻ മലയാളികൾ ഓണം പോലുള്ള ദേശീയ ഉത്സവങ്ങൾ ഒത്ത് ചേർന്ന് കെങ്കേമമായി ആഘോഷിച്ചുരുന്നു. അന്ന് അതിന് നേതൃത്വം വഹിച്ചിരുന്നത്, എല്ലാ ജാതി മത വിഭാഗങ്ങളും ഉൾപ്പെടുന്ന ഇവിടുത്തെ സാംസ്കാരിക സംഘടനകൾ ആയിരുന്നു. ഇന്ന് ആ ഓണമൊക്കെ പള്ളികളുടെയും ജാതി സംഘടനകളുടെയും സ്വകാര്യ ആഘോഷമായി മാറുന്നതിനെ കുറിച്ച് പലരും പരിതപിക്കുന്നത് കേൾക്കാറുണ്ട്. അത് പോലെ തന്നെ സാംസ്കാരിക സംഘടനകളുടെ നേത്രത്വത്തിലേക്ക്, ജാതി മത പ്രഭുക്കൾ മത്സരിക്കുകയും സ്വന്തം അണികളുടെ കരുത്തിലും അംഗബലത്തിലും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ പതിവായിട്ടുണ്ട്. ഇതിനൊക്കെ കാരണമാകുന്നത് നമ്മൾ മുമ്പ് പറഞ്ഞ, നമ്മുടെ ഒക്കെ ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന Ingroup Love, outgroup hate മനോഭാവം തന്നെയാണ്. ഈ നൂറ്റാണ്ടിലും "വംശ ശുദ്ധി" നിലനിർത്താൻ പെടാപാട് പെടുന്ന വിഭാഗങ്ങളും നമ്മുടെ മലയാളീ സമൂഹത്തിൽ ഉണ്ടെന്ന് ഓർക്കണം. 


നമ്മളാരും ഇന്ത്യയിൽ നിന്ന് പോന്നപ്പോൾ നമ്മുടെ ഉള്ളിലെ ജാതി മത ചിന്തകളെ അവിടെ ഊരിവെച്ചിട്ട് ഫ്ലൈറ്റ് കയറിയവരല്ല. സ്യുട്ട് കേസിൽ കരിയാപ്പിലയും, അച്ചാറും, തൈരിന്റെ ഉറയും കൊണ്ടുവന്നത് പോലെ തലച്ചോറിൽ എല്ലാവിധ ജാതിമത ദേശീയ/പ്രാദേശീയ  ചിന്തകളുമായി തന്നെയാണ് ഇവിടെ ഫ്ലൈറ്റ് ഇറങ്ങിയത്. അതുകൊണ്ടാണ് നമ്മൾ അംഗസംഖ്യ വർദ്ധിക്കുന്നത് അനുസരിച്ച് സംഘടനകൾക്ക് രൂപം കൊടുക്കുന്നതും, പള്ളികളും അമ്പലങ്ങളും പണിത് കൂട്ടാൻ  വ്യഗ്രത പെടുന്നതും. ഒരു പരിധി വരെ ആശങ്കാ ജനകമായ ഈ പ്രവണത അമേരിക്കൻ മലയാളീ സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും,  നമുക്ക് പ്രതീക്ഷ നൽകുന്നത്, പെരുകുന്ന ഈ ജാതിമത പ്രസ്ഥാനങ്ങളെക്കാൾ അതിവേഗം നമ്മുടെ സമൂഹത്തിൽ വളരുന്ന സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങളാണ്. esSENSE Global പോലുള്ള സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾ അമേരിക്കയിലെ എല്ലാ സ്റ്റേറ്റിലുമുള്ള യുവജനങ്ങളിൽ അതിവേഗം പടരുന്നത് പുതിയൊരു മാറ്റത്തിന് തുടക്കമാവുകയാണ്. 
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പൊരുതാനും സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും അവർ വർഷത്തിലൊരിക്കൽ കേരളത്തിൽ നടത്തുന്ന Litmus പോലുള്ള പരിപാടികൾ പതിനായിരക്കണക്കിന് യുവജനങ്ങളെ ആകർഷിക്കുന്നു എന്നുള്ളതാണ്, സാമൂഹ്യ നന്മയുടെ ഈ വലിയ മുന്നേറ്റത്തിന് ഊർജ്ജമാകുന്നത്. 


Fact based Politics, Evidence based medicine, Humanism based society എന്ന സൂമൂഹ്യ നന്മയെ ലക്ഷ്യമാക്കിയുള്ള esSENSE Global ന്റെ പ്രവർത്തനങ്ങൾ, അമേരിക്കൻ മലയാളിയെ, ജാതി മത വിഭാഗീയതകളെ അതിജീവിക്കാൻ പ്രാപ്തരാക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ സൂചിപ്പിച്ച Ingroup Love/ outgroup hostility യെ അതിജീവിക്കാൻ, സങ്കുചിത താത്പര്യങ്ങൾ വെടിഞ്ഞു സ്വതന്ത്ര ചിന്തയിലേക്ക് വളരുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ജാതി മത വിഭാഗീയതകൾ ഇനിയെങ്കിലും അവസാനിപ്പിക്കാനും, മാനവികത ലക്ഷ്യമാക്കിയുള്ള സ്വതന്ത്ര ചിന്ത വളർത്തുവാനും നമുക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാം. സ്വതന്ത്ര ചിന്ത വളരട്ടെ. 
Let evidence lead. 

#religion article by james kurikkattil

Join WhatsApp News
Johnson Philippose 2022-10-24 03:59:29
Well Said... 👍
Ninan Mathullah 2022-10-25 19:15:01
'ജാതി മത വിഭാഗീയതകൾ' will be here as long as people are here on earth as it is rooted in us. We all know blood is thicker than water. Is it not family ties and related nepotism stronger than all of this? It is rooted in the selfishness in all of us. Is there anybody selfless out there among the readers or writers? We can't see or accept our own faults but the faults of others.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക