അപ്രതീക്ഷിതമായി മഴ പെയ്തുതോർന്ന ഒരു സായാഹ്‌നമായിരുന്നു. സന്ധ്യയുടെ നിറം മാറിത്തുടങ്ങിയ സമയത്താണവർ വക്കീൽ ഓഫീസിലേക്ക്കയറി വന്നത്. ഇരുപത്തിഅഞ്ചു വയസ്സിൽ താഴെമാത്രം പ്രായം തോന്നിക്കുന്ന ഒരു യുവാവും,യുവതിയും.
ഗതാഗതക്കുരുക്കിലകപ്പെടാതെ വീട്ടിലേക്ക് വേഗമെത്താനുള്ള തിടുക്കത്തിലായിരുന്നു അഡ്വക്കേറ്റ് സഹീറ. മേശപ്പുറത്തെ പേപ്പർവെയ്റ്റിൽപതുക്കെ വിരലമർത്തി ആഗതരോട്എന്തോ പറയുവാൻ ഭാവിക്കുമ്പോഴായിരുന്നു മൊബൈൽ റിങ്ങ് ചെയ്തത്. നിസ്സഹായതയുടെപടുകുഴിയിൽ അമർന്നതു പോലെ ഇരുണ്ടു പോയിരിക്കുന്ന അയാളുടെ മുഖത്തേക്ക് നോക്കി
അഡ്വക്കേറ്റ്. സഹീറ മൊബൈലെടുത്തു.
എളാപ്പയുടെ മകൾ സെറീനയാണ്. മലയാളചലച്ചിത്ര
ലോകത്ത് തിളങ്ങി നിൽക്കുന്ന നായിക നടി കൂടിയാണ് സെറീന. തിരക്കിനിടയിലും സമയം കണ്ടെത്തി വിളിക്കുന്നതാണ്.
"സെറീനാ ..മോളെ ഇന്നത്തെ ഷൂട്ടിംഗൊക്കെ കഴിഞ്ഞോ. ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാട്ടൊ. ക്ലയന്റ് ഉണ്ട്." അത്രയെങ്കിലും പറഞ്ഞ്
വച്ചില്ലെങ്കിൽ പരിഭവമാകും.
"മാഡത്തിന്റെ പരിചയക്കാരിയാണോ ഫിലിം സ്റ്റാർ സെറീന. ഞാനവരുടെ വല്യ ഫാനാ .ഫോൺ നമ്പർ ഒന്നു തരാമോ" ക്രമം വിട്ട ആഹ്ളാദപ്രകടനങ്ങളോടെ യുവതി പറഞ്ഞു.
ഒരു പരിചയവുമില്ലാതെ പെട്ടെന്ന് കയറി വന്ന് തന്റെ മൊബൈൽ സംഭാഷണം ശ്രദ്ധിച്ചിട്ടുള്ള അവളുടെ ഇടപെടൽ കണ്ട് സഹീറക്ക് നല്ല ദേഷ്യം വന്നു.
"നിങ്ങൾ വന്ന കാര്യം പറയൂ" ഔപചാരികതകൾ മറന്നുള്ള സഹീറയുടെ ചോദ്യത്തിൽ നീരസത്തിന്റെ നിഴലുകൾ പ്രകടമായിരുന്നു.
"മാഡം ,സെറീനയുടെ ഫോൺ നമ്പർ തരൂ"
വല്ലാത്തൊരു വാശിയോടെ വീണ്ടും അവൾ ചോദിച്ചു കൊണ്ടേയിരുന്നു.
"ഇവളിങ്ങനെയാണ് മാഡം. കൊഞ്ചിച്ചു വളർത്തി വഷളാക്കി വച്ചിരിക്കുകയാണ്. മാഡമതു മൈൻഡ് ചെയ്യണ്ട"അസ്വസ്ഥതയുടെ അടരുകളിൽ നിന്നും സഹീറയെ മടക്കിക്കൊണ്ടുവരാനെന്ന വണ്ണം യുവാവ് പറഞ്ഞു.
"പിന്നെ,നിങ്ങളങ്ങ് പെർഫെക്ട് അല്ലേ എല്ലാക്കാര്യത്തിലും" കണ്ണുകൾ തള്ളി, ഞരമ്പുകൾ വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ
നിന്നിരുന്ന യുവതിയിൽ ഒരു മനോരോഗി ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് സഹീറക്ക് തോന്നിപ്പോയി.
"മടുത്തു മാഡം .ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഡിവോഴ്സ് മാത്രമേയുള്ളൂ."
"പ്രശ്നങ്ങളെല്ലാം നമുക്ക് നാളെ ഡിസ്ക്കസ്സ് ചെയ്യാം. വൈകിട്ട് അഞ്ചുമണിക്ക് മുൻപായി എത്തണേ. ക്ലയൻറിനെ മുഷിപ്പിക്കരുതെന്ന ഉൾപ്രേരണയാൽ സാസ്ഥ്യത്തെ വീണ്ടെടുത്ത്
ചാവിയുമായി സഹീറ എഴുന്നേറ്റു.
പിറ്റേന്ന്പറഞ്ഞസമയത്ത്തന്നെ അവരെത്തി. മിശ്രവിവാഹിതരായ ദമ്പതികൾ -ജേക്കബ്ബും,ഷീലുവും. ഇതു പോല എത്രയോ പേരെ കണ്ടിരിക്കുന്നു,കേട്ടിരിക്കുന്നു .അങ്ങനൊരു മുൻവിധിയോടെയാണ് അവരോട് സംസാരിച്ചു തുടങ്ങിയതും. എത്രയെത്ര കേസുകൾ കുടുംബ കോടതി കാണാതെ ഒത്തു തീർപ്പാക്കി വിട്ടിരിക്കുന്നു. വക്കീൽ ഫീസ് കിട്ടുവാൻ വേണ്ടി കേസുകൾ നീട്ടിക്കൊണ്ടു പോകുന്ന സ്വഭാവക്കാരിയുമല്ല സഹീറ.
"നാലു തലമുറക്ക് കഴിയാനുള്ളത് ഇബിടെണ്ട് സഹീറാ.പടച്ചോന് നിരക്കാത്തതൊന്നും ചെയ്യല്ലേ ഇയ്യ്" .വക്കീൽക്കോട്ടണിഞ്ഞപ്പോൾ ബാപ്പ നൽകിയ ഉപദേശമാണ്. അതിന്നും അക്ഷരം പ്രതി പാലിക്കുന്നുണ്ട്.
ഒറ്റക്കേൾവിയിൽ മാത്രം ഒതുങ്ങുന്നതല്ല അവരുടെ
പ്രശ്നങ്ങളെന്ന് തോന്നി.ശക്തമായി പ്രവഹിച്ചു
തുടങ്ങിയ പരാതി പ്രവാഹങ്ങളെ മന്ദഗതിയിലൂടെ നേർത്ത ചാലുകളിലൂടെയൊഴുക്കുവാൻ തന്നെ
ഏറെ ശ്രമം വേണ്ടി വന്നു.
"ഇവൾക്കെന്റെ കാര്യത്തിലോ , വീട്ടു കാര്യങ്ങളിലോ
ഒരു ശ്രദ്ധയുമില്ല മാഡം." അവൻ കരയാനുള്ള ഭാവത്തിലാണെന്ന് തോന്നിപ്പോയി.
"ഭർത്താവിന്റെ കാര്യങ്ങളും,വീട്ടുജോലികളുമൊക്കെ നോക്കി പുറംലോകം കാണാതെ നിങ്ങളുടെ അമ്മയെപ്പോലെ കഴിയണമായിരിക്കും" തർക്കങ്ങളുടെ തണലില്ലാത്ത വേവുനിലങ്ങളിൽ സമന്വയത്തിന്റെ തുടക്കമെങ്ങനെ കുറിക്കണമെന്നറിയാതെ ബദ്ധപ്പെടുകയായിരുന്നു സഹീറ. വേവലാതികൾ പങ്കു വയ്ക്കുവാൻ ഓരോരുത്തർക്കും അവസരം കൊടുക്കുവാൻ തന്നെ നിശ്ചയിച്ചു.
ഷീലുവിന് നിരത്താൻ വലിയൊരു പരാതിപ്പട്ടിക
തന്നെയുണ്ടായിരുന്നു. പ്രണയിച്ചിരുന്ന നാളുകളിലെപ്പോലെ തന്റെ ഇഷ്ടങ്ങൾക്കൊന്നും ജേക്കബ്ബ് മുൻതൂക്കം കൊടുക്കുന്നില്ലഎന്നതായിരുന്നു പ്രധാന പരിഭവം.
"എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കുന്ന സ്വഭാവക്കാരിയാണ് ജേക്കബ്ബിന്റെ അമ്മ. നിറംപോരാ..സൗന്ദര്യം പോരാ അങ്ങനെയോരോന്നും പറഞ്ഞ് എപ്പോളും ഇറിറ്റേറ്റ് ചെയ്യും.
വർക്ക്ഫ്രം ഹോമാണെന്ന് പറഞ്ഞ് ലാപ്ടോപ്പുമായി വെറുതെ കുത്തിയിരിക്കുകയാണെന്നാണ് തള്ളേടെ പറച്ചിൽ. ഹിന്ദുവാണെന്ന് പറഞ്ഞിട്ട് കാര്യമെന്നാ, തരം താണജാതിയിൽ നിന്നൊരുത്തിയേ നിനക്ക് കിട്ടിയുള്ളോടാ ചെറുക്കാന്നും പറഞ്ഞ് തട്ടിക്കയറും.
പുള്ളിക്കാരനാണെങ്കിൽ എതിർത്തൊരക്ഷരം മിണ്ടില്ല. വീടു മാറി താമസിക്കാമെന്നു പറഞ്ഞാൽ കേൾക്കില്ല.ഇപ്പോഴാണേൽ
എന്റെ അമ്മ ഫോൺ വിളിക്കുന്നതിനു പോലും ഒബ്ജക്ഷനാണ്. വാട്ടർ അതോറിറ്റിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് എന്റെ അമ്മ.ഞങ്ങളുടെ വീട്ടിൽ രണ്ട് സെർവൻറ്സാണുള്ളത്...
അപ്പോൾ അമ്മമാർ ഇവിടെയും പ്രശ്നക്കാരാണ്. ആ
പോയിന്റ് സഹീറ മനസ്സിൽ കുറിച്ചിട്ടു.
ഷീലുവിന്റെ പരാതിക്കടലിലെ തിരകൾ ഒരിക്കലും
തീരമടുക്കില്ലെന്ന് മനസ്സിലായപ്പോൾ സഹീറ
ജേക്കബ്ബിനെ വിളിച്ചു.
"നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നതല്ലേ ഉള്ളൂ.പ്രണയിച്ച് വിവാഹം കഴിച്ച് ഏറെ നാൾ കഴിയുന്നതിന് മുൻപ്
പിരിയുന്നത് ഒരു ഫാഷനായിട്ടുണ്ട് ഐ.ടി പ്രൊഫഷണലുകൾക്കിടയിൽ.അയാളെ പ്രകോപിപ്പിക്കാനെന്നവണ്ണം സഹീറ ഒരു നമ്പരിട്ടു.
പക്ഷേ ഏറെ പക്വതയോടെയാണയാൾ സംസാരിച്ചു തുടങ്ങിയത്.
"അതെ മാഡം,കുറച്ചു കൂടി എല്ലാ കാര്യങ്ങളും
ഞാനും ചിന്തിക്കണമായിരുന്നു. അടച്ചു പൂട്ടലിന്റെ
താഴു വീഴുന്നതിന് തൊട്ടു മുൻപാണ് ഷീലു കമ്പനിയിൽ ജോയിൻ ചെയ്യുന്നത്. ജോലിയിൽ സ്മാർട്ടായ അവൾ സൂം മീറ്റിംഗുകളിൽ ഏറെ തിളങ്ങി. മോഡേൺ ലുക്കും, വശ്യതയാർന്ന സംഭാഷണവുമെല്ലാം കൊണ്ട് വളരെപ്പെട്ടെന്ന് അവളെന്റെ മനസ്സ് കീഴടക്കി. വീഡിയോ ചാറ്റിലൂടെയും,മെസ്സേജുകൾ കൈമാറിയും കോവിഡ് കാലം ഞങ്ങൾ ശരിക്കും പ്രണയിച്ചു. ഞങ്ങളുടെ ജനറേഷനിൽപ്പെട്ടവർക്ക്
ജാതിയൊന്നും പ്രശ്നമേയല്ലല്ലോ. പക്ഷേ അമ്മയുടെ
ഉള്ളിൽ ഒരു കനലണയാതെ കിടക്കുന്നുണ്ടായിരുന്നു. ഞാനത് ഓർത്തില്ല.
'എന്താണത് .സഹീറ ചോദിച്ചു.
"ഉയർന്ന ജാതിക്കാരിയായതു കൊണ്ട് മാത്രം പടിവാതിലിൽ എത്തിയ സർക്കാർ ജോലി ലഭിക്കാതെ പോയതിന്റെ വിങ്ങൽ അമ്മയുടെ മനസ്സിലിന്നുമുണ്ട്. സംവരണവിഭാഗത്തിൽ ജോലി
നേടിയിട്ടുള്ള എല്ലാവരോടും അമ്മക്ക് ഉള്ളിൽ
വല്ലാത്ത കലിപ്പാണ്. ഷീലുവിനോടും, അവളുടെ അമ്മയോടുമുള്ള ദേഷ്യത്തിന് പ്രധാന കാരണമതാണ്.
"ആഹാ,അതു കൊള്ളാമല്ലോ. അമ്മയെ ഇയാളെന്നിട്ട് ന്യായീകരിക്കുന്നോ. ഇത് വേറെ
കേസാകുമേ പറഞ്ഞേക്കാം". നാണംകെട്ടവൻ . അയാളോട് ആദ്യം സഹതാപം തോന്നിയതോർത്ത് അവർക്ക് ദേഷ്യം വന്നു.
"അറിയാം മാഡം. ഞാനൊറ്റ മകനാണ്. അച്ഛനെ അടുത്ത കാലത്താണ് കോവിഡ് കൊണ്ടുപോയത്. ഇനി അമ്മയെ
തനിച്ചാക്കി മാറി താമസിക്കുവാൻ എനിക്കാവുമോ.
വീട്ടിലെ ഓമനമകളായി വളർന്നത് കൊണ്ട് അമിത വാശിയും, കുട്ടിക്കളിയുമുണ്ടെന്നൊരു കുഴപ്പമേ
ഷീലുവിനുള്ളൂ മാഡം. പഴയകാലത്തെ രീതികൾ
ഫോളോ ചെയ്യണമെന്ന് പറഞ്ഞാൽ ഐ.ടി ഫീൽഡിലൊക്കെ ജോലിചെയ്യുന്നവർക്ക് സാധിക്കുകയില്ലെന്നും അറിയാം.
"എല്ലാം ജേക്കബ്ബിനപ്പോളറിയാം. എങ്കിൽ അമ്മയുടെ
ഇഷ്ടം നോക്കി സ്വന്തം ജാതിയിൽ നിന്ന് തന്നെയൊരു പാർട്ട്ണറെ കണ്ടെത്താൻ പാടില്ലായിരുന്നോ" ശ്ശെ ...ഒരുപെൺകുട്ടിയെ സ്നേഹിക്കുക. ഇല്ലാത്ത കുറ്റങ്ങൾ നിരത്തി മാനസികമായി പീഡിപ്പിക്കുക. ഷീലു ഒരു പരാതി
കൊടുത്താൽ ഗാർഹിക പീഡനത്തിന്റെ പരിധിയിൽ
അമ്മയും, മകനും അകത്തു പോകും.
" അറിയാം മാം. ഷീലുവിനൊരു നല്ല ഭാവിയുണ്ട്. അതെന്റെ അമ്മയുടെ മനസ്സിൽ വീണ ജാതിപ്പകയുടെ ഇരുട്ടിൽ കാലിടറി വീണു തകരാനുള്ളതല്ല. അവളെ പറത്തിവിടണമെനിക്ക് ആകാശത്തോളം. മേശമേൽ കൈവച്ച് അയാൾ തേങ്ങിക്കരഞ്ഞു.
"ഇതെല്ലാം തുറന്നു പറയണ്ടേ ജക്കൂ. ഒറ്റക്കിങ്ങനെ സഹിക്കാതെ."ഓടി വാതിൽ കടന്നെത്തി ഷീലു അയാളെ ചേർത്തു പിടിച്ചു. അവളപ്പുറത്തു നിന്ന് എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
"അമ്മയെ നമുക്കൊരു നല്ല സൈക്കോളജിസ്റ്റിനെ കാണിക്കാം. ബാക്കിയൊക്കെ ഞാനഡ്ജസ്റ്റ് ചെയ്തോളാം. "
"ഇത്ര പെട്ടെന്ന് നിങ്ങളെന്റെ ജോലി എളുപ്പമാക്കിയല്ലോ. സന്തോഷത്തോടെ സഹീറ പറഞ്ഞു.
"ഷീലു , ഞാൻ നിന്നെ ഒരുപാട് സങ്കടപ്പെടുത്തി അല്ലേ." ഇത്രയും കാലം മനസ്സിലൊതുക്കി വച്ച സങ്കടങ്ങളാണ്. ഇരുവരും പറഞ്ഞു തീർക്കട്ടെ.
"എന്റെ ജക്കു വിഷമിക്കരുത്. "
അവരിവരും കെട്ടിപിടിച്ചു കരയുന്നതു കണ്ടപ്പോൾ
സഹീറ വക്കീലിന്റെയും മിഴികളറിയാതെ നിറഞ്ഞു.