Image

നമ്മളീ കടലിൽ അവസാനിക്കട്ടെ ( കവിത : ഷലീർ അലി )

Published on 25 October, 2022
നമ്മളീ കടലിൽ അവസാനിക്കട്ടെ ( കവിത : ഷലീർ അലി )

ഇന്നും വെറുതെ 
ബീച്ചിൽ ചെന്നു..

ഞാനിപ്പോഴും 
നിന്റെ മടിയിൽ കിടക്കുന്നുണ്ട്
നീ പിന്നെയും എന്റെ നെറുകയിൽ 
ഉമ്മ വെക്കുന്നുണ്ട്
പേൻ തിരയാനെന്ന് ചിരിച്ച് 
വെറുതെ മുടിയിഴകളിൽ
വിരൽ പായിച്ചു  കൊണ്ടേയിരിക്കുന്നുണ്ട്..

മുന്നിലെ മരമവിടെയുണ്ട്
ചുവട്ടിലെ ഏകാകി
അവിടെ തന്നെയിരിപ്പുണ്ട്
ഇത്രമേൽ ആർദ്രമായി അയാളോർക്കുന്ന-
താരെയാവാമെന്നു ചിന്തിക്കവേ 
നമ്മളൊന്നുലഞ്ഞു പോവുന്നുണ്ട്.. 

നാളെയൊരിക്കെ ഒറ്റക്കങ്ങനെ 
ഞാനിരിക്കേണ്ടി വരുമോയെന്നൊരു
ചോദ്യമെന്റെ തലയിൽ 
നിന്റെ മുഷ്ടി   വീഴ്ത്തുന്നുണ്ട്.. 
കവിളിലൊരു കടിയും 
കയ്യിലൊരു പിച്ചും തന്ന്
മരിക്കോളം മറക്കാതിരിക്കാനെന്നു
കണ്ണുനിറഞ്ഞു നീ ചിരിക്കുന്നുണ്ട്

ഒക്കെയുമങ്ങിനെ തന്നെയിരിപ്പുണ്ട്
ആ വേദനകൾ പക്ഷെ
മറന്നു പോയിട്ടുണ്ട്.. 
അയാളിരുന്ന മരച്ചോട്ടിൽ
തനിച്ചിരിക്കുമ്പോ 
നമ്മൾ മറ്റേതോ ശില്പമാവും
അയാളെന്തേ അനങ്ങാത്തതെന്ന
നിന്റെ ചോദ്യചിഹ്നത്തിനുള്ളിൽ
ചുരുണ്ടുകൂടി
അകമേഅത്രമേൽ 
ഭാരമിരിക്കയാലെന്ന്
ഞാൻ തന്നെ ഉത്തരമാവുന്നു..

പ്രിയപ്പെട്ട സമീരാ.. 
നമ്മളീ കടലിൽ അവസാനിക്കട്ടെ
നീയോർമ്മകളുടെ ശൈലൻ
ഈ പാറക്കെട്ടിൽ തലയിടിച്ചു മരിക്കട്ടെ
ഇനിയെന്റെ കവിതകളിൽ
നീ മരിച്ചു പോയവളായി
തന്നെയിരിക്കട്ടെ
നിന്റെ ശൈലന്റെ ശവം 
എന്റെ ഒടുക്കത്തെ
പുസ്തകത്തിന്റെ മുഖചിത്രമാവട്ടെ..!!

POEM SHALEER ALI NAMMAL EE KADALIL AVASAANIKKATTE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക