ബ്രിട്ടനിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയിൽ വേരുകൾ ഉള്ള ഒരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കാലത്തിന്റെ കണക്കുകൂട്ടലുകൾ മറികടന്നുകൊണ്ടു തന്നെയാണെന്നുവേണം പറയാൻ. ഭാരതം മുഴുവൻ ദീപങ്ങൾ ദീപങ്ങൾകൊണ്ടലങ്കരിച്ച ദീപാവലി എന്ന ദൈവീകമായ ഒരു അന്തരീക്ഷം ചൈതന്യപൂർവമാകുമ്പോൾ ഇന്ത്യൻ ജനതക്ക് അഭിമാനിക്കാവുന്ന ഒരു ദീപാവലി സമ്മാനമായാണ് ബ്രിട്ടനിൽ നിന്നും ഈ വാർത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഭാരതീയരായിരുന്ന മാതാപിതാക്കളുടെ മകൻ ഋഷി സുനക് എന്ന നാല്പത്തിരണ്ടുകാരൻ, ഒരു കാലത്ത് ഒരിക്കലും സൂര്യൻ അസ്തമിക്കാതിരുന്ന സാമ്രാജ്യത്തിന്റെ ഏറ്റവും ഉന്നത സ്ഥാനം വഹിക്കുന്നു. വെറും ഒരു സ്ഥാനം മാത്രമല്ല ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രി, ധനികനായ പ്രധാന മന്ത്രി തുടങ്ങിയ ഒരുപാട് സവിശേഷതകളുടെ നിറകുടമായാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത്. ഭാരതീയർക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. വെള്ളക്കാരുടെ അധികാരവലയത്തിൽ നിന്നും വേർപെട്ട് ഒരു നിറമുള്ള പ്രധാനമന്ത്രി എന്ന് ഋഷി സുനക്കിനെ പാശ്ചാത്യപത്രങ്ങൾ പുകഴ്ത്തിപ്പാടുന്നു. അതേസമയം, ബ്രിട്ടനിൽ ആദ്യമായി ഒരു ഹിന്ദു, അതും ഭാരതത്തിന്റെ പൈതൃകമുള്ള ഒരാൾ അധികാരത്തിന്റെ ഉച്ചകോടിയിൽ എന്ന് ഭാരതീയ മാധ്യമങ്ങൾ പുകഴ്ത്തിപ്പാടുമ്പോൾ അഭിമാനപൂരിതമാകുന്നു ഓരോ ഭാരതീയന്റെയും ഹൃദയം.
വിഭജനത്തിനു മുൻപുള്ള ഭാരതത്തിലെ (1930-കളിൽ) ഗുജ്റൻവാലയിലാണ് തന്റെ മുത്തച്ഛന്മാർ ('അമ്മ വഴിയും അച്ഛൻ വഴിയും) ഉണ്ടായിരുന്നത് എന്ന് അഭിമുഖങ്ങളിൽ ഋഷി സുനക് പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ അവർ ആഫ്രിക്കയിലേക്കും അവിടെ നിന്നും ലണ്ടനിലേക്കും കുടിയേറിപാർക്കുകയും ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല തന്റെ തായ് വേരുകൾ ഇന്ത്യയിലാണെന്നതിൽ താൻ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്ന ഒന്നാണ്. അതിലുപരി ഇന്ത്യയിലെ ശതകോടീശ്വരനായ, ഇൻഫോസിസിന്റെ സ്ഥാപകനായ ശ്രീ. നാരായണമൂർത്തിയുടെയും, പ്രശസ്ത എഴുത്തുകാരി സുധാമൂർത്തിയുടെയും മകളായ അക്ഷത മൂർത്തിയാണ് ഈ അഭിമാനഭാജനത്തിന്റെ ജീവിതപങ്കാളി എന്നതിലും ഇന്ത്യക്കാർക്ക് അത്യധികം അഭിമാനം കൊള്ളാം
വൈവിധ്യങ്ങളെ സമഭാവനയോടെ സമീപിക്കാനുള്ള ബ്രിട്ടന്റെ വലിയ മനോഭാവം പ്രശംസാർഹം തന്നെ. ഭാരതം നാനാത്വത്തിൽ ഏകത്വം എന്നൊക്കെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നെങ്കിലും അത് പ്രാവർത്തികമാക്കുന്നതിൽ പൂർണ്ണവിജയം കൈവരിക്കാറില്ല എന്നത് ഈ കാലഘട്ടത്തിൽ രാജ്യപുരോഗതിക്ക് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്ന ഒരു പ്രശ്നമാണ് .
ഹിന്ദുധർമ്മപ്രകാരം എന്നാൽ രാജ്യനന്മക്കുവേണ്ടി ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് പ്രകൃതിയേയും, മനുഷ്യജീവിതത്തെയും നിശബ്ദമായി നോക്കിക്കണ്ട് വേദങ്ങളും ഉപനിഷത്തുക്കളും എഴുതി ഭാരതസംസ്കാരത്തിനു നൽകിയവരാണ് നമ്മുടെ ഋഷിവര്യന്മാർ. ഇവിടെ പേരിനെ അന്വർത്ഥമാക്കികൊണ്ട് വേണ്ടതിലധികം വിദ്യാഭ്യാസവും, അറിവും നേടിക്കൊണ്ട് കാലത്തിനനുസരിച്ച് അഭിമാനകരമായിരിക്കുകയാണ് മറ്റൊരു ഋഷി എന്നതു നിമിത്തമായി കണക്കാക്കാം ചില നിയോഗങ്ങൾ ഏതോ ദൈവീകമായ ശക്തിയുടെ പ്രേരണയാൽ നടക്കുന്നുവെന്ന് നമുക്ക് സംശയിക്കാം. ഭാരതീയ സംസ്കാരം വളരെ മികവുറ്റതും, നിരവധി പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആകെത്തുകയുമാണ്. ഭാരതീയന് അഭിമാനിക്കാവുന്ന വേദങ്ങൾ ഉപനിഷത്തുക്കൾ, ആയുർവ്വേദം, യോഗ എന്നീ നിരവധി സ്രോതസ്സുകൾ സ്വന്തമായി ഉള്ളപ്പോൾ മതത്തിന്റെ പേരിലും അവ വിലമതിക്കാതിരിക്കുകയും അവയെല്ലാം വ്യാപാരമാക്കി മാറ്റുകയും ചെയ്യുന്ന ഭാരതീയന്റെ കണ്ണുതുറപ്പിച്ചുകൊണ്ടാണ് ബഹുമാനപ്പെട്ട ഋഷി അധികാരത്തിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്. ഭാരതീയൻ എന്ന മൂല്യത്തെ ആ നിമിഷത്തിലും ഉയർത്തിപിടിക്കാൻ അദ്ദേഹം മറന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ വേരുകളിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറയുന്ന മുഹൂർത്തം ഭാരതീയ ജനത കോരിത്തരിച്ച മുഹൂർത്തമാണ്. മാസങ്ങൾക്കുമുമ്പ് മേരി എലിസബത്ത് ട്രസ്സുമായുള്ള മത്സരത്തിൽ പരാജയപ്പെട്ട ഋഷിക്ക് പിന്നീട് എതിര്കക്ഷികളില്ലാതെ ലഭിച്ച പിന്തുണ തികച്ചും അവിശ്വസനീയമാണ്.
ബ്രിട്ടൻ ഇന്ന് കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. കൂടാതെ കോവിഡ് വരുത്തിവച്ച നഷ്ടങ്ങളും അനിശ്ചിതത്വവും നിലനിൽക്കയും ചെയ്യുന്നു. ഋഷി സുനാക്കിന് രാഷ്ട്രീയമായും, സാമ്പത്തികമായുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുകയും അതിനെല്ലാം പരിഹാരം കണ്ടെത്തുകയും വേണം. ഇന്നേവരെ ഏറ്റെടുത്ത കർത്തവ്യങ്ങൾ വിദഗ്‌ധമായി നിർവഹിക്കാൻ കഴിഞ്ഞ അദ്ദേഹം തുടർന്നും വിജയം കൈവരിക്കുമെന്നു നമുക്ക് വിശ്വസിക്കാം. അദ്ദേഹത്തിന്റെ തന്നെ കൺസേർവേറ്റിവ് പാർട്ടിക്കകത്തെ മാസങ്ങളോളം നീണ്ടു നിന്ന ഉൾപ്പോരുകളുടെ മുറിവുകൾ ഉണക്കാനും ശ്രമിക്കേണ്ടതുണ്ട്. കാര്യമായ പാർലിമെന്ററി ഭൂരിപക്ഷത്തോടെ അദ്ദേഹത്തിന് കോൺസെർവറ്റിവ് പാർട്ടി നയിക്കാൻ കഴിയുമെന്ന അനുകൂലമായ സാഹചര്യമാണ് നൽകുന്നത്.
'ഋഷി' എന്ന നാമധേയത്തെ അനശ്വരമാക്കികൊണ്ട് എല്ലാ സാഹചര്യങ്ങളും നിഷ്പ്രയാസം നേരിടാനും, ബ്രിട്ടനിൽ ഭാരതത്തിന്റെ അഭിമാനമായ നായകനായി തുടരാനും അദ്ദേഹത്തിന് കഴിയണം എന്ന് നമുക്ക് ഓരോ ഭാരതീയനും പ്രത്യാശിക്കാം, പ്രാർത്ഥിക്കാം. സത്യമേവ ജയതേ !
# article rushi sanak by jyothilexmi nambiar