Image

ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് മരിക്കാൻ കഴിയുമോ? (വിജയ് സി. എച്ച്) 

Published on 28 October, 2022
ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് മരിക്കാൻ കഴിയുമോ? (വിജയ് സി. എച്ച്) 

മലയാള സിനിമയിൽനിന്ന് ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പട്ട ഏക നടനാണ് ഇന്നസൻറ്. എന്നാൽ, സിനിമാതാരത്തിൻറെ പകിട്ട്‌ ഉപയോഗിച്ചു രാഷ്ട്രീയത്തിൽ പ്രവേശിച്ച വ്യക്തിയല്ല അദ്ദേഹം. 
എഴുപതുകളിൽ RSP-യുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇന്നസൻറ്, അക്കാലങ്ങളിൽതന്നെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഏറെ സജീവമായിരുന്നു. 1979-ൽ, തൻറെ ജന്മനാടായ ഇരിഞ്ഞാലക്കുടയിലെ മുനിസിപ്പൽ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

വർഷങ്ങൾക്കു ശേഷം, 1989-ൽ ഇറങ്ങിയ 'റാംജിറാവ് സ്പീക്കിങ്' എന്ന സൂപ്പർ ഹിറ്റ് ഹാസ്യചിത്രത്തോടെയാണ് ഇന്നസൻറ് മലയാള സിനിമയുടെ ഫലിത ചക്രവർത്തിയായി മാറിയത്! 
"അതിനിപ്പോ, എന്താ പ്രശ്നം? രണ്ടും ബന്ധപ്പെട്ടതാണ്. രാഷ്ട്രീയത്തിലും അഭിനയം തന്നെ," 'പാർപ്പിട'ത്തിൽ തൂക്കിയിട്ടിട്ടുള്ള, താനടക്കമുള്ള പതിനാറാം ലോകസഭാംഗങ്ങളുടെ വൻ ഫോട്ടോ നോക്കി, ഇന്നസൻറ് സകലതുമിതാ ഒരു കളങ്കവുമില്ലാതെ പങ്കുവെക്കുന്നു: 

🍁 രാഷ്ട്രീയത്തിൽ അഭിനയമുണ്ട് 
സിനിമാഅഭിനയവും, രാഷ്ട്രീയവും തമ്മിൽ ഒരുപാടു സാമ്യമുണ്ട്. കാരണം, രാഷ്ട്രീയത്തിൽ കൊറെ അഭിനയമുണ്ടെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ!എൻറെ അപ്പൻ മരിച്ചു കിടക്കുന്നെന്നു കരുതൂ. പ്രധാന മന്ത്രി എൻറെ വീട്ടിൽ എത്തുന്നു. ഞാൻ മൂപ്പരടെ കൂടെ ഡെല്ലീല് നാലഞ്ചു കൊല്ലം ഉണ്ടായിരുന്നല്ലൊ. ആ പരിചയം വെച്ച്, അദ്ദേഹത്തെ കെട്ടിപ്പിടിച്ച്, 'മോഡി സാറേ, എൻറെ അപ്പൻ പോയീ, ട്ടാ...' എന്നു പറഞ്ഞു കരഞ്ഞാൽ, അത് അഭിനയാ! എൻറെ ഉള്ളീന്ന് വെര്ണ സങ്കടല്ലാ അത്! മുഖ്യമന്ത്രി വരുമ്പോൾ, വിജയേട്ടാന്ന് വിളിച്ച് ഞാൻ ബഹളം ഇണ്ടാക്കിയാൽ, അതും അഭിനയാ! നേരേമറിച്ച്, കുട്ടിക്കാലം മുതലേ ഒരുമിച്ചു കളിച്ചുവളർന്ന ഒരു ചെങ്ങാതി എൻറെ വീട്ടിലെത്തിയാൽ, എനിക്ക് സങ്കടം ശെരിക്കും വരും. അവനെ കെട്ടിപ്പിടിച്ചു, 'പോയടാ, എൻറെ അപ്പൻ പോയി' എന്നു പറഞ്ഞു കരഞ്ഞാൽ, അതിൽ അഭിനയല്ല്യാ, അത് സത്യാ! അപ്പൊ, രാഷ്ട്രീയത്തിൽ അഭിനയമുണ്ടെന്നത് ഒറപ്പ്! പിന്നെ, ചില സന്ദർഭങ്ങളിൽ നമുക്കു മനുഷ്യനായിട്ടുതന്നെ പെരുമാറേണ്ടിയുംവരും. ദൗർഭാഗ്യകരമായ അവസ്ഥകൾ നേർക്കുനേർ കാണുമ്പോൾ പൊട്ടിക്കരഞ്ഞെന്നുമിരിക്കും. അതോണ്ട്, രാഷ്ട്രീയോം അഭിനയോം ജീവിതവുമൊക്കെ ഒരുമിച്ചു കൊണ്ടോവാൻ എനിക്കൊരു ബുദ്ധിമുട്ടൂല്ല്യാ! 

🍁 2014-ൽ ജയിച്ചപ്പോൾ പേടിച്ചു! 
2014-ലെ ലോക സഭാ തിരഞ്ഞെടുപ്പിൽ പതിനാലായിരത്തോളം വോട്ടിൻറെ ലീഡിനാണ് വിജയിച്ചത്. വാശിയേറിയ മത്സരം ആയിരുന്നല്ലൊ അത്. പക്ഷെ, റിസൾട്ട് പ്രഖ്യാപനം കഴിഞ്ഞു കുറച്ചു കഴിഞ്ഞതോടെ പേടി തോന്നിത്തുടങ്ങി. ഡെല്ലീലൊക്കെപ്പോയി, ലോക സഭേല് ഇരുന്ന് എന്തു സംസാരിക്കും, എങ്ങിനെ സംസാരിക്കും? ദൈവം സഹായിച്ച്, എനിക്കാണെങ്ങെ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയൂല്ല്യ! പാർലിമെൻറിൽ എത്തിയപ്പോഴല്ലേ മനസ്സിലായത് അവടെ ട്രാസ്ലേറ്റർമാർ ഉണ്ടെന്ന്! ഭാഷ ഒരു പ്രശ്നമേ അല്ല, എന്ത് സംസാരിക്കണംന്ന് മാത്രം അറിഞ്ഞാമതി. 

🍁 2019-ൽ തോറ്റപ്പോൾ ചിരിച്ചു! 
ഇത്തിരി അധികം വോട്ടിനാ തോറ്റത്! ബെന്നിക്ക് (UDF സ്ഥാനാർത്ഥി, ബെന്നി ബെഹനാൻ) എന്നെക്കാളും ഒരു ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടു കൂടുതൽ കിട്ടി. എൻറെ കഷ്ടം കണ്ടിട്ട് ജനങ്ങൾ എന്നെ സഹായിച്ചതാ! ഇയാൾ നാലഞ്ചു കൊല്ലായി ഓടിനടക്കുണൂ. ഈ ഡെല്ലീ പോക്കു കാരണം, സിനിമേല് എത്രയെത്ര നല്ല അവസരങ്ങൾ ഇയാൾക്ക് നഷ്ടായി! ഇപ്പഴാണെങ്കീ, സിനിമേല് അഭിനയിച്ചാ നല്ല കാശാ! എല്ലാം ഇയാൾക്ക് പാഴായി. ഇനി, ഇയാള് ഇത്തിരി റെസ്റ്റ് ഇടുക്കട്ടെ. പോയി, നാല് സിനിമേൽ അഭിനയിക്കെട്ടെ. ഇതുവരെ ഊണും ഒറക്കോം ഇല്ല്യാതെ നാട്ടുകാരെ സഹായിച്ചത് പോരെ! ജനങ്ങൾ എനിക്ക് വോട്ട് ചെയ്യാതിരുന്നത് ആലോചിച്ച് ഞാൻ കൊറെ ചിരിച്ചു! LDF-ൻറെ പത്തൊമ്പതു പേരും തോറ്റു, ഞാനും തോറ്റു! 

🍁 കലാകാരനായ ഇന്നസൻറിനെ കൂടുതൽ ഇഷ്ടം 
രാഷ്ട്രീയക്കാരനായ ഇന്നസെൻറിനേക്കാൾ എനിക്കിഷ്ടം കലാകാരനായ ഇന്നസൻറിനെയാണ്!  ഷ്ട്രീയക്കാരനാകുമ്പോൾ വോട്ടു ചെയ്തവരോടൊക്കെ ഉത്തരവാദിത്വമുണ്ട്. ഞാൻ പ്രതീക്ഷക്കൊത്ത് പ്രവർത്തിച്ചില്ലെന്ന് മനസ്സിലെങ്കിലും ഒരാൾ കരുതിയാൽ ഞാനൊരു പരാജയമായി മാറുന്നു. സിനിമയാകുമ്പോൾ ആ ബാദ്ധ്യതയില്ലല്ലൊ. 


🍁 കുഞ്ഞുന്നാളുമുതൽ പ്രശസ്തി മോഹിച്ചു 
സ്കൂൾ കാലം മുതൽ എനിക്കറിയാമായിരുന്നു ഞാൻ പഠിച്ചു നന്നാവില്ലെന്ന്! ആകെ എട്ടാം ക്ലാസ്സുവരെയാണ് പഠിച്ചത്. നാലു ക്ലാസ്സുകളിൽ മൂന്നു കൊല്ലം വീതം പഠിച്ചു! അഞ്ചു മുതൽ എട്ടു വരെ, പന്ത്രണ്ടു കൊല്ലം. പഠിച്ചു മാർക്ക് മേടിക്കാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ, പാഠപുസ്തകൾക്ക് അപ്പുറത്തുള്ളതിലായി എൻറെ ശ്രദ്ധ. ഇത്രയും കൊല്ലം കൊണ്ട് പല സ്കൂളുകളിലായി ഒരുപാടു സുഹൃത്തുക്കളെ ഉണ്ടാക്കി. മാഷ്മ്മാരോടും കുട്ടികളോടും തമാശകൾ പറഞ്ഞു. സ്കൂൾ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതെല്ലാം ഞാൻ ചെയ്തത് നാലാള് എന്നെ അറിയാനായിരുന്നു. സ്കൂൾ കാലത്തിനു ശേഷം മത്സരിച്ചു, മുൻസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങി. ഇതിനൊപ്പം ഞാൻ മനുഷ്യരെ അടുത്തറിയാനും, നേതൃത്വത്തിൻറെ ബാലപഠങ്ങൾ പഠിക്കാനും തുടങ്ങി. ഈ അറിവ് പിന്നീടുള്ള കാലങ്ങളിൽ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. പഠിപ്പും പത്രാസുമില്ലാത്ത എനിക്ക് ഇവയെല്ലാം വലിയ അംഗീകാരങ്ങളായി തോന്നി. കൂടെ പറയട്ടെ, എൻറെ ചേട്ടൻ ഡോക്ടറാണ്, അനിയൻ വക്കീലാണ്, അവരുടെ മക്കളെല്ലാം ഡോക്ടർമാരാണ്, അമേരിക്കയിലാണ്. പ്രശസ്തനാവാൻ ഏറ്റവും എളുപ്പവഴി സിനിമക്കാരൻ ആവുകയാണെന്ന് താമസിയാതെ ഞാൻ മനസ്സിലാക്കി. ഉടനെ ആ വഴിക്കു ചിന്തിച്ചു. തുടർന്നു നിർമ്മാതാവും നടനുമൊക്കെയായി. 1972-ൽ, ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച 'നൃത്തശാല' ആയിരുന്നു അഭിനയിച്ച പ്രഥമ പടം. ഞാനും ഡേവിഡ് കാച്ചപ്പള്ളിയും ചേർന്നു നിർമ്മിച്ചതാണ് 'വിട പറയും മുമ്പെ' (1981), 'ഇളക്കങ്ങൾ' (1982), 'ഓർമ്മയ്ക്കായി' (1982), 'ഒരു കഥ ഒരു നുണക്കഥ' (1986) മുതലായവ. 


🍁 പണ്ടു ജീവിതത്തിൽ പറഞ്ഞ തമാശകൾ ഇന്നു സിനിമയിൽ 
എൻറെ ചില പടങ്ങൾ കണ്ടതിനുശേഷം സുഹൃത്തുക്കൾ പറായാറുണ്ട്, അതിൽ കണ്ട തമാശ സീൻ പണ്ട് ഞാൻ അവരോട് നേരിൽ പറഞ്ഞിട്ടുണ്ടെന്ന്! ഞാൻ ചെയ്യുന്ന കോമഡികൾ പലതും ഞാൻതന്നെ സംവിധായകർക്കു പറഞ്ഞുകൊടുക്കുന്ന സിനാരിയോകൾ ആകുന്നു. ഞാൻ പറഞ്ഞതിലെ ഹാസ്യം ഉൾക്കൊണ്ട് അവർ അത് സിനിമയിൽ ചേർക്കുന്നു. പ്രേക്ഷകരെ കൂട്ടത്തോടെ ചിരിപ്പിക്കുന്ന എൻറെ പല അഭിനയങ്ങളും ഇതുപോലെയുണ്ട്. 

🍁 ഏറ്റവും കൂടുതൽ അനുകരിക്കപ്പെട്ട അഭിനേതാവ് 
ദിലീപ് മുന്നെ ഒരു മിമിക്രിക്കാരൻ ആയിരുന്നല്ലൊ. എന്നെ ഇമിറ്റേറ്റ് ചെയ്താണ് പുള്ളിയൊരു മിമിക്രി ആർട്ടിസ്റ്റുതന്നെ ആയതത്രെ! എന്നിട്ടു കിട്ടിയ കാശുകൊണ്ടാണത്രെ ഒരു സൈക്കിൾ വേടിച്ചത്. ഇതൊന്നും ഞാൻ പറയുന്നതല്ല, ദിലീപ് തന്നെ പറഞ്ഞതാണ്. മിമിക്രിക്കാർ എന്നെ പതിവായി അനുകരിക്കാൻ കാരണം, പ്രേക്ഷകർക്ക് എന്നെ വളരെ ഇഷ്ടമാണ് എന്നതുകൊണ്ടാണ്. ചില സംഭാഷണങ്ങളും മേനറിസങ്ങളും, തമാശാ രംഗങ്ങളും എൻറെ പേരിൽ അവതരിപ്പിച്ചാലെ ജനം ആസ്വദിക്കൂ എന്നുമുണ്ട്. ഈ വക കോമഡികൾ വേറൊരു നടനിലൂടെ പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഇന്നസൻറ് ആണെങ്കിൽ സ്വീകാര്യമാണ്. ഇതു സൂചിപ്പിക്കുന്നത് ഇന്നസൻറ് എന്ന അഭിനേതാവിൻറെ ജനകീയതയായിരിക്കാം. എന്നെ നിഷ്പ്രയാസം അനുകരിക്കാൻ സാധിക്കുമെന്നത് മറ്റൊരു കാരണവും ആവാം. 

🍁 കേൻസർ വാർഡിലെ ചിരി 
എൻറെ ജീവിത കഥയാണ് 'കേൻസർ വാർഡിലെ ചിരി'. ഞാനും ഭാര്യയും കേൻസറിനെ അതിജീവിച്ചവരാണ്. കേൻസർ ചികിത്സയിലിരിക്കുമ്പോഴുള്ള എൻറെ ഓർമക്കുറിപ്പുകളാണ് ഈപുസ്തകത്തിലുള്ളത്.


2018, ഡിസംബറിൽ അതിൻറെ പതിനാറാം പതിപ്പ് ഇറങ്ങി. വളരെ വേഗം വിറ്റഴിയുന്നതിനാൽ, ഇക്കുറി 67,000 കോപ്പികളാണ് അച്ചടിച്ചിരിക്കുന്നത്! കേൻസർ ബാധിച്ച് എല്ലാം കൈവിട്ടു പോയെന്നു കരുതുന്നവർക്ക് ഈ പുസ്തകമൊരു ആലംബം നൽകട്ടെ! 'കേൻസർ വാർഡിലെ ചിരി' ഇറ്റാലിയൻ, ഇംഗ്ലീഷ്, തമിഴ്, കന്നഡ മുതലായ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്! ജീവിതത്തെ സ്നേഹിക്കുന്നവരും ജീവിതത്തിനായി ദാഹിക്കുന്നവരും ഈ പുസ്തകം വായിക്കണം. ജീവിതം കാത്തുനിൽക്കുമ്പോൾ നമുക്ക് എങ്ങിനെ മരിക്കാൻ കഴിയും? 

🍁 ജീവിതത്തിൽ ഏറ്റവും ആനന്ദം അനുഭവപ്പെട്ട നിമിഷം 
'കേൻസർ വാർഡിലെ ചിരി' ഏഴു കൊല്ലമായി അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കാനുണ്ട്. അഞ്ചാം ക്ലാസ്സിൽ മൂന്നു കൊല്ലം തോറ്റ ഞാൻ എഴുതിയ ആ പുസ്തകം, അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന എൻറെ കൊച്ചുമകൻ ഉറക്കെ വായിക്കുന്നതു കേട്ട ആ നിമിഷത്തിലാണ് എനിക്കെൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം അനുഭവപ്പെട്ടത്! എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണത്! അർബുദ ചികിൽസാ രംഗത്തെ പ്രസിദ്ധനായ ഡോക്ടർ, വി.പി. ഗംഗാധരൻ എഴുതിയ മുഖവുര, 'ഇന്നസൻറ്എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്', എന്നത് എൻറെ കൊച്ചുമകൻറെ ശബ്ദത്തിൽ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. 

Actor Innocent interview by Vijay CH

ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് മരിക്കാൻ കഴിയുമോ? (വിജയ് സി. എച്ച്) 
ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് മരിക്കാൻ കഴിയുമോ? (വിജയ് സി. എച്ച്) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക