Image

അവറാച്ചൻ്റെ  മുന്തിരിത്തോപ്പ് (ബാംഗ്ലൂര്‍ ഡേയ്‌സ്- ഹാസ്യനോവല്‍ 25: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 29 October, 2022
അവറാച്ചൻ്റെ  മുന്തിരിത്തോപ്പ് (ബാംഗ്ലൂര്‍ ഡേയ്‌സ്- ഹാസ്യനോവല്‍ 25: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

വെള്ളിയാഴ്ച വൈകുന്നേരം ജോർജ് കുട്ടി പറഞ്ഞു,"അടുത്തമാസം ക്രിസ്തുമസ്സ് അല്ലെ? നമ്മുക്ക് ആഘോഷിക്കണ്ടേ?അതിനു നമ്മൾ  കുറച്ചു വൈൻ ഉണ്ടാക്കണം,സുഹൃത്തുക്കളെ ക്ഷണിക്കണം,ഉണ്ടാക്കിയ വൈൻ മുഴുവൻ കുടിച്ചു് തീർക്കണം. ക്രിസ്തുമസ്സ് ആഘോഷത്തിന് എന്തുചെയ്യണം എന്ന്  ബൈബിളിൽ  പ്രത്യേകം പറയുന്നുണ്ട് "

"എന്ത് പറയുന്നു?"

"എൻ്റെ നാമത്തിൽ എവിടെ നാലുപേർ ഒന്നിച്ചുകൂടുന്നുവോ അവരുടെ മദ്യത്തിൽ ഞാനുണ്ട് എന്ന് ബൈബിളിൽ എഴുതി വച്ചിട്ടുണ്ട്.അനുസരിക്കാതിരിക്കാൻ പറ്റില്ല."

"അതുശരി."

"അപ്പോൾ ഉണ്ടാക്കാം അല്ലെ?"

"അതിനു തനിക്ക് വൈൻ ഉണ്ടാക്കാൻ അറിയാമോ?".

" നോ പ്രോബ്ലം.ഞാൻ ഇവിടെയുള്ള, എനിക്ക് പരിചയമുള്ള ഒരു ആംഗ്ലോ ഇന്ത്യൻ ഫാമിലിയിൽ നിന്നും അതിൻ്റെ  റെസിപി വാങ്ങി വച്ചിട്ടുണ്ട്."

"അപ്പോൾ മുന്തിരിയോ ?".

"അതിനു ഒരു പ്രശനവുമില്ല.നമ്മുടെ അവറാച്ചൻ്റെ നല്ലൂർഹള്ളിയിലുള്ള മുന്തിരി  തോട്ടത്തിൽ നിന്നും വാങ്ങാം"

അവറാച്ചന്  ഒരു കോൾഡ് സ്റ്റോറേജ് കടയുണ്ട്. എനിക്കും കക്ഷിയെ പരിചയമുണ്ട്.ഞങ്ങൾ രണ്ടു പേരും കൂടി അവറാച്ചനെ  കാണാൻ കടയിൽ ചെന്നു.അവറാച്ചൻ പറഞ്ഞു,"ഇന്നലെ അത് മുഴുവൻ ഒരു  പാർട്ടിക്ക് വിറ്റു.ഇന്നലെത്തന്നെ  അവർ അത് കട്ട് ചെയ്‌തുകൊണ്ടുപോയി.അവർ പറിച്ചുകൊണ്ടുപോയതിൻ്റെ ബാക്കി കാണും. ഒരു പത്തിരുപതു കിലോ എങ്കിലും കാണാതിരിക്കില്ല. വേണമെങ്കിൽ ഫ്രീയായി പറിച്ചെടുത്തോ.കാശ് ഒന്നും തരേണ്ട."

ആനന്ദലബ്ദിക്കിനിയെന്തുവേണം?

ഞങ്ങൾ ഞായറാഴ്ച കാലത്തെ എഴുന്നേറ്റു.രണ്ട കാർഡ് ബോർഡ് പെട്ടിയും സംഘടിപ്പിച്ചു,  ആഘോഷമായി അവറാച്ചൻ്റെ മുന്തിരി തോട്ടത്തിലേക്ക് പോയി.ഞങ്ങൾ ഉദ്ദേശിച്ചതുപോലെ നിസ്സാരമായിരുന്നില്ല  മുന്തിരി തോട്ടം.രണ്ടേക്കറിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മനോഹരമായ ഒരു തോട്ടം ആയിരുന്നു അത്.

ഒരു  അമ്പതു കിലോ എങ്കിലും ഇനിയും പറിച്ചെടുക്കാൻ കഴിയും .

പക്ഷെ ഞങ്ങളുടെ കയ്യിലുള്ള പെട്ടികളിൽ  ഒരു പത്തോ പതിനഞ്ചോ കിലോ മുന്തിരി കൊള്ളും. തൽക്കാലം അത് മതി എന്ന് തീരുമാനിച്ചു.

ഞങ്ങൾ കാർഡ് ബോർഡ് ബോക്സ് നിറച്ചു .അതിനിടയിൽ  ജോർജ് കുട്ടി മുന്തിരിത്തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളികളുടെ  പല കഥകളും പറഞ്ഞുകൊണ്ടിരുന്നു.എല്ലാം ബൈബിളിൽനിന്നും പുള്ളിക്കാരൻ്റെ  ഇഷ്ട്ടം പോലെ തർജ്ജമ ചെയ്തതാണ് എന്നുമാത്രം.

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി .മുന്തിരി എല്ലാം നന്നായി കഴുകി,ചീത്തയായതെല്ലാം പെറുക്കി കളഞ്ഞു, കഴുകിയെടുത്തു.

വെള്ളം  ഉണങ്ങിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി റെസിപ്പിയുമായി വന്നു.രണ്ടു വലിയ ഗ്ലാസ് ഭരണി ജോർജ് കുട്ടി എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു.രണ്ടു ഭരണിയിലും അഞ്ചുകിലോ വീതം മുന്തിരി ഇട്ടു,രണ്ടുകിലോ പഞ്ചസാര അല്പം ഏലക്കായ രണ്ടു ഗ്രാമ്പൂ പിന്നെ എന്തെല്ലാമോ അതിൻറെ കൂടെ ചേർത്തു.

അതിനുശേഷം ജോർജ് കുട്ടി ഭരണികൾ അടപ്പുകൾ ഉപയോഗിച്ച് അടച്ചു.

"ഉറുമ്പ് വരാതെ നോക്കണം.ഇത് എവിടെ സൂക്ഷിക്കും ?"

ഞാൻ പറഞ്ഞു,”എൻ്റെ  മുറിയിൽ വെക്കാൻ പറ്റില്ല”

 ഡ്രോയിങ്  റൂമിൽ വച്ചാൽ വരുന്നവരെല്ലാം കാണും.അവസാനം ജോർജ് കുട്ടി തന്നെ അത് സൂക്ഷിച്ചുവെയ്ക്കാനുള്ള സ്ഥലം കണ്ടുപിടിച്ചു.

ജോർജ്‌കുട്ടി കിടക്കുന്ന കട്ടിലിൻറെ കീഴിൽ ഭദ്രമായി വച്ചു.

"ഇവിടെ വച്ചാൽ ആർക്കും ശല്യമില്ല,എല്ലാം ഭദ്രം."

രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഭരണിയിലെ ചേരുവകകൾ നന്നായി ഇളക്കി കൊടുക്കണം .

തിരക്കുകൾ കൊണ്ട് ഞങ്ങൾ ആ കാര്യം മറന്നുപോയി .

ഒരാഴ്ച കഴിഞ്ഞു പോയി.

മുന്തിരിയും വൈൻ നിർമ്മാണവും എല്ലാം തിരക്കിനിടയിൽ മറന്ന് പോയി. 

ഞങ്ങളുടെ ഹൌസ് ഓണറിൻ്റെ   മകൾ ബൊമ്മി കാലത്തു ഞങ്ങളുടെ വീട്ടിലേക്കു വന്നു.ആറ്  വയസ്സേയുള്ളു.കുരുത്തക്കേടിൻ്റെ  ആശാത്തിയാണ് ബൊമ്മി.അവൾ വന്ന പാടെ ജോർജ് കുട്ടിയുടെ റൂമിലേക്ക് പോയി.

പെട്ടന്ന് ഒരു നിലവിളി ഉയർന്നു."ജോർജ് കുട്ടി അങ്കിൾ  ചത്തു പോച്ചു."അവൾ ഉറക്കെ കരഞ്ഞു.ഞാൻ ഓടി ചെന്നു.ജോർജ് കുട്ടി രക്തത്തിൽ കുളിച്ചു അനക്കമില്ലാതെ കിടക്കുന്നു.

ഞാനും ഉറക്കെ നിലവിളിച്ചുപോയി."ജോർജ് കുട്ടി............."

ഹൌസ് ഓണറും  ഭാര്യയും ബൊമ്മിയുടെ നിലവിളികേട്ട്  മൂന്ന് നാലാളുകളും ഓടി വന്നു.എല്ലാവരും രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോർജ് കുട്ടിയെക്കണ്ട്  കരച്ചിൽ തുടങ്ങി.

"പാവം ജോർജ്‌കുട്ടി ,എന്നാലും ആര് ഇത് ചെയ്തു?ആംബുലൻസ് വിളിക്കണം ,പോലീസിൽ അറിയിക്കണം."ആരോ വിളിച്ചുപറഞ്ഞു.

ഹൗസ് ഓണറിൻ്റെ  ഭാര്യ, അക്ക അടുത്തുചെന്ന് ജോർജ്‌കുട്ടിയെ സൂക്ഷിച്ചുനോക്കി ,എന്നിട്ട് ചിരിക്കാൻ തുടങ്ങി.

"അത് രക്തമല്ല.വൈൻ ഉണ്ടാക്കാൻ വച്ച കുപ്പി ഗ്യാസ് കാരണം  പൊട്ടിതെറിച്ചതാണ് ."

ചുവന്ന മുന്തിരി ജൂസ് അവിടെ എല്ലാം ചിതറിയതാണ്.

"പക്ഷെ ജോർജ്‌കുട്ടി അനങ്ങുന്നില്ലല്ലോ?"

 ഇത്രയെല്ലാം ബഹളം ഉണ്ടായിട്ടും ജോർജ് കുട്ടി അനങ്ങാതെ കിടക്കുകയാണ്.

"ഇനി ഭരണി പൊട്ടിത്തെറിച്ചു് ജോർജ്‌കുട്ടിക്ക് എന്തെങ്കിലും പറ്റിക്കാണുമോ?"

അക്ക ജോർജ് കുട്ടിയെ വിളിച്ചെഴുന്നേല്പിച്ചു.

എല്ലാവരുംകൂടി റൂമെല്ലാം വൃത്തിയാക്കി.എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഞാൻ എല്ലാം അറിഞ്ഞിരുന്നു.എല്ലാവരുംകൂടി ക്ളീൻ ചെയ്തില്ലെങ്കിൽ എന്ന് തീരും ആ പണി,അതുകൊണ്ടു അനങ്ങാതെ കിടന്നതാണ്  പിന്നെ ഒരു കാര്യം മനസ്സിലായി,താൻ എന്നെ തെറി പറഞ്ഞാലും തനിക്ക്  അല്പം ബഹുമാനവും സ്നേഹവും ഒക്കെയുണ്ടെന്ന്".

"ഹേയ്,അങ്ങനെയൊന്നുമില്ല,കൂട്ടുകാരൻ  ചത്തുപോയി എന്ന് ആളുകൾ പറയുമ്പോൾ ചിരിച്ചാൽ അവർ എന്ത് വിചാരിക്കും.അതുകൊണ്ട് നിലവിളിച്ചതാ".

"അങ്ങനെയാണ്?ഞാൻ ഈ മാസത്തെ വാടക തനിക്ക് തരാം എന്ന് വിചാരിച്ചിരുന്നതാണ്.ഇനി അതിൻറെ ആവശ്യമില്ല.മരിച്ചുപോയവർ വാടക കൊടുക്കില്ല."ജോർജ്‌കുട്ടി പറഞ്ഞു.

ഞാൻ ഒന്നും പറഞ്ഞില്ല,പറഞ്ഞിട്ട് കാര്യമില്ല.ഇത്രയുംകാലത്തിനിടക്ക് ഒരു തവണ പോലും ജോർജ്‌കുട്ടി വാടക തന്നിട്ടില്ല.എങ്കിലും എന്തെങ്കിലും കാരണം പറഞ്ഞു എന്നെ പ്രകോപിപ്പിക്കാൻ നോക്കും.

"ആകാശത്തിലെ പറവകളെ നോക്കുക.അവ വിതക്കുന്നില്ല,കൊയ്യുന്നില്ല,കളപ്പുരകളിൽ ശേഖരിക്കുന്നുമില്ല.ആർക്കും വാടക കൊടുക്കുന്നുമില്ല."വരൂ നമുക്ക് അവറാച്ചൻറെ മുന്തിരി തോട്ടത്തിലേക്ക് പോകാം.അവിടെ വച്ച് തനിക്ക് ബാക്കിയുള്ള മുന്തിരി കുലകൾ പറിച്ചെടുക്കാം."

"എന്തിന്?"

"അപ്പോൾ നമ്മളുടെ ക്രിസ്തുമസ്സ് ആഘോഷം നടത്തണ്ടേ?ആളുകൾ ഒന്നിച്ചുകൂടുമ്പോൾ എന്ത് ചെയ്യണം എന്ന് ബൈബിളിൽ പറയുന്നുണ്ടല്ലോ?"

# Bangalore days-26 novel by john kurinjirappally

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക