Image

മലയാളി ജൈവ ജീവിതത്തിനു മണ്ണിന്റെ മണമുള്ള ആത്മ സമർപ്പണം (കുര്യൻ പാമ്പാടി)

Published on 30 October, 2022
മലയാളി ജൈവ ജീവിതത്തിനു മണ്ണിന്റെ മണമുള്ള ആത്മ സമർപ്പണം (കുര്യൻ പാമ്പാടി)

"സഫലം ജൈവ ജീവിതം" എന്നാണ് ഒരു വ്യാഴവട്ടത്തെ നേട്ടങ്ങൾ ക്രോഡീകരിച്ച് കൊണ്ട് ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമത്തിലെ സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ പുറത്തിറക്കിയ ഡയറക്ടറിയുടെ പേര്. 2009 മുതൽ 2021 വരെ ജൈവ കൃഷിക്കുള്ള  അക്ഷയശ്രീ പുരസ്കാരങ്ങൾ  നേടിയവരെക്കുറിച്ചുള്ള ലഘുചിത്രീകരണങ്ങൾ  ഒരു കഥാസമാഹാരം പോലെ വായിച്ചു പോകാം.

ജൈവ വിജയം കൊയ്തവർ മലപ്പുറത്തെ സുഹറയും പാലക്കാട്ടെ റംലയും

വേമ്പനാട് കായലിന്റെയും കായലോരത്തോടുരുമ്മി കിടക്കുന്ന പാതിരാമണൽ ദ്വീപിന്റെയും നുനുനുനുത്ത  കാറ്റു വീശിയടിക്കുന്ന  മുഹമ്മയിലെ ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചപുരസ്കാരദാന ചടങ്ങിലാണ് ഡയറക്ടറി പ്രകാശനം ചെയ്തത്. മറ്റൊരിടത്തും ഇങ്ങിനെയൊരു സമ്പൂർണ സമ്മാനപ്പൊതി ഇറക്കിയതായി കേട്ടിട്ടില്ല.

ഏറ്റം മികച്ച കർഷകനുള്ള രണ്ടുലക്ഷം നേടിയ വയനാട്ടിലെ കെ. ശശീന്ദ്രൻ

നാൽപ്പത്തിരണ്ടു വർഷം മുമ്പ് 1980ലെ ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള സ്റ്റേറ്റ്സ്മാൻ   പുരസ്കാരം കേരളത്തിലേക്ക് കൊണ്ടുവരാൻ കൊൽക്കത്തയിലെ  ടാഗോർ സെന്റിനറി ഹാളിൽ പോയ ആളാണ് ഞാൻ. രാജ്‌മോഹൻ ഗാന്ധിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചവേളയിൽ അക്കൊല്ലത്തെ സമ്മാനങ്ങൾക്കു അർഹമായ രചനകളും ജേതാക്കളുടെ ജീവിത രേഖയും ചിത്രങ്ങളും അടങ്ങിയ സ്മരണിക വിതരണം ചെയ്തിരുന്നു. ആ പതിവ് ഇന്നും തുടരുന്നു.

ചതുർമൂർത്തികൾ ജയചന്ദ്രബാബു, ഷിബുലാൽ,  കുമാരി, ദയാൽ

ജീവിതത്തിന്റെ സായാഹ്നത്തിൽ  ഞാൻ തന്നെ ഒരു ജൈവ കർഷകൻ ആണല്ലോ എന്ന തിരിച്ചറിവ്  എന്നെ  പുളകിതനാക്കുന്നു.  തന്മൂലം ഈ അപൂർവ ജൈവ കർഷക സംഗമം റിപ്പോർട്ട് ചെയ്യാൻ എനിക്ക് പ്രത്യേക അവകാശം ഉണ്ടെന്നും അഭിമാനത്തോടെ പറയട്ടെ.

മഹാമാരി കാരണം നടക്കാതെ പോയ മൂന്നു വർഷത്തെ പുരസ്‌കാരങ്ങൾ സ്വീകരിക്കാൻ കാസർകോഡ് മുതൽ തിരുവനന്തപുരംവരെയുള്ള എല്ലാ ജില്ലകളിൽ നിന്നും ജേതാക്കൾ എത്തിയിരുന്നു. അവർക്കെല്ലാം  ആതിഥ്യം അരുളാൻ സ്നേഹവാത്സല്യങ്ങളോടെ ഗ്രാമവാസികൾ  അണിനിരന്നു.

പ്രാണനാഥൻ  പോയിട്ടും ഉശിരു വിടാതെ വാളകത്തെ സുനിത നായർ

ഇത് ആലപ്പുഴ ജില്ലയിലെ ഒരു "കുഗ്രാമ"ത്തിലാണ് നടക്കുന്നതെന്നോർക്കണം.  ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആയിരുന്ന കൊൽക്കത്ത പോലുള്ള മെട്രോപോലിത്തൻ നഗരത്തിലല്ല. അന്ന് സ്റ്റേറ്റ്സ്മാൻ പത്രം നഗരത്തിനു നടുവിൽ പാർക്ക് സ്ട്രീറ്റിലെ  കെനിൽവർത്ത് നക്ഷത്ര ഹോട്ടലിലാണ് ഞങ്ങൾക്ക്അക്കൊമൊഡേഷൻ ഏർപ്പെടുത്തിയിരുന്നത്.

മുഹമ്മയെ കുഗ്രാമമെന്നു വിളിക്കുന്നത് പരമാബദ്ധം! തലനാരിഴക്ക് കേരളത്തിലാദ്യത്തെ വനിതാ മുഖ്യമന്ത്രി പദം നഷ്ട്ടപെട്ട  സുശീല ഗോപാലന്റെ ചീരപ്പഞ്ചിറ കുടുംബം ആ ഗ്രാമത്തിലേതാണ്. ശബരിമല അയ്യപ്പനു ശിക്ഷണം  നൽകിയതെന്ന് വിശ്വസിക്കപെടുന്ന പണിക്കർമാരുടെ കളരി ഇന്നും അവിടുണ്ട്.  കമ്യുണിസ്റ്റുകളെ വേട്ടയാടുന്ന കാലത്ത് ആ തറവാട്ടിൽ ഒളിച്ചു കഴിയുന്നതിനിടയിലാണ് കണ്ണൂർ കാരനായ എകെ ഗോപലൻ (48) തന്നെക്കാൾ 22  വയസ് പ്രായക്കുറവുള്ള സുശീലയെ പ്രണയിച്ച് വിവാഹം കഴിച്ചത്. 

 മുഖ്യാതിഥി കൃഷിമന്ത്രി പി പ്രസാദ്, ഡോ. സെബാസ്റ്റിയൻ പോളുമൊത്ത്

അതൊക്കെ "പാവങ്ങളുടെ പടത്തലവൻ" എന്ന എകെജിയുടെ  വീരേതിഹാസങ്ങളിൽ ഒരേട് മാത്രം. ഇന്ന് അതല്ല, ലോകത്തിലെ ഏറ്റവും പ്രബബലമായ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനി  ഇൻഫോസിസിന്റെ ബഹുശതകോടീശ്വരന്മാരായ ഏഴു സ്ഥാപകരിൽ ഒരാളായ എസ് .ഡി. ഷിബുലാലിന്റെ  (സ്വത്ത് 2.2 ബി ഡോളർ അഥവാ 18,041 കോടി രൂപ)   ജന്മനാട് എന്ന ബഹുമതിയാണ് മുഹമ്മക്കു കൂടുതൽ ചേരുക. 

സെബാ. പോളിന്റെ കാസർകോട്ടെ ഭാര്യാ സഹോദരൻ സെബാ. പി അഗസ്റ്റിൻ

എത്ര പണം ഉണ്ടായാലെന്താ, നല്ല മനസ് വേണമല്ലോ!  എത്ര ഉയരങ്ങൾ താണ്ടിയിട്ടും  ജനിച്ച നാടിനെയും ജനങ്ങളേയും കൂടെകൂട്ടുന്നു എന്നതാണ് ഷിബുലാലിന്റെ സന്മനസ്.

"കഞ്ഞിക്കുഴിപയർ" കണ്ടുപിടിച്ച ആലപ്പുഴയിലെ ശുഭകേശൻ

ആയുർവേദ വൈദ്യൻ ആയിരുന്ന അച്ഛൻ സി കെ.  ദാമോദരന്റേയും അമ്മ സരോജിനിയുടെയും പേരിൽ ഏർപ്പെ ടുത്തിയ ഫൗണ്ടേഷൻ നാടിനു വേണ്ടി എന്തെല്ലാമാണ് ചെയ്യുന്നത്! ഫൗണ്ടേഷന്റെ ശിവ പാർവ്വതിമാരാണ്  ചെയർമാൻ ഷിബുലാലും മഹാരാജാസിൽ കൂടെപഠിച്ച  ഭാര്യ കുമാരി എന്ന മാനേജിങ് ട്രസ്റ്റിയും ഷിബുലാലിന്റെ സതീർഥ്യൻ  പ്രൊഫ. എസ രാമാനന്ദ് ആണ് എക്സിക്യൂട്ടീവ് ട്രസ്റ്റി.

   
   

. ബി രാധാകൃഷ്ണൻ, സാബു, ലേഖകൻ, പ്രൊഫ. എസ് രാമാനന്ദ്

"അറിവും കഴിവും ബുധ്ധിയും വികസിച്ചാൽ സമ്പത്ത് താനേ വരും എന്നാണെന്റെ അനുഭവം. ഒരു വ്യകതി ഉയരങ്ങളിൽ എത്തുന്നത് സമൂഹത്തിലെ ധാരാളം പേരുടെ സഹായം കൊണ്ടാണ്. അതു  സമൂഹത്തിനു തിരിച്ചു നൽകേണ്ട കടമയുണ്ട് എന്ന് ഞാൻ കരുതുന്നു," ഫിസിക്സിലും കമ്പ്യുട്ടർ സയൻസിലും മാസ്റെർഴ്സ് ഉള്ള ഷിബുലാൽ  പറയുന്നു.

"വിഷരഹിതമായ ഭക്ഷണം സമൂഹത്തിനു നൽകുന്നവരെ  പ്രോത്സാഹിപ്പിക്കാൻ 2009ൽ ഏർപ്പെടുത്തിയ അക്ഷയശ്രീ പുരസ്‌ക്കാരങ്ങൾ ഫലം കണ്ടു എന്നതിൽ ഞങ്ങൾ സന്തുഷ്ട്ടരാണ്. അതിന്റെ 13ആം വർഷം ഇങ്ങിനെയൊരു ഡയറക്ടറി പ്രസിദ്ധീകരിക്കാൻ പിന്നിൽ പ്രവർത്തിച്ച പ്രൊഫ. എസ് രാമാനന്ദ്, കെ. വി. ദയാൽ, മാത്യു ജെ പെരിങ്ങല്ലൂർ, ബി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രശംസ അർഹിക്കുന്നു."അദ്ദേഹം പറഞ്ഞു.

കോഴിക്കോടിന് ബഹുമതി നേടിയ പി.വേലായുധൻനായർ, കുടുംബം

കുട്ടിക്കാലത്ത് ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി നടന്നു സ്‌കൂളിൽ പോയ കാലം മുതൽ  മനസ്സിൽ സൂക്ഷിക്കുന്ന മണ്ണിനോടുള്ള സ്നേഹമാണ് ജൈവ കൃഷി പ്രചാരണത്തിന് കുമാരി ഷിബുലാലിനു കരുത്തു നൽകുന്നത്. എറണാകുളം ജില്ലയിലെ രാമമംഗലം എന്ന കാർഷിക ഗ്രാമത്തിൽ ജനിച്ച കുമാരിക്കു ഭർത്താവിന്റെ മനസറിഞ്ഞു കാരുണ്യത്തിന്റെ കാവലാളായി നില്ക്കാൻ കഴിയുന്നത് നൻമകകളാൽ സമൃദ്ധമായ നാട്ടിൻ പുറത്തിന്റെ ഓർമ്മകളാണ്.

പാലക്കാടിന് അഭിമാനം പകർന്ന ഗാന്ധിയൻ ഓങ്ങല്ലൂരിലെ ചേക്കാമു മാസ്റ്റർ

ചലച്ചിത്ര സെലിബ്രിറ്റികൾ  സത്യൻ അന്തിക്കാടും ശ്രീനിവാസനും 2014, 15 വർഷങ്ങളിൽ പുരസ്‌കാര ച്ചടങ്ങുകളിൽ മുഖ്യാതിമാരായിരുന്നു. "കാശുണ്ടാക്കാനായി ഓടിനടക്കുന്ന ഒത്തിരിപേരെ അറിയാം. എന്നാൽ ആർജിച്ച സമ്പത്തു നല്ലകാര്യങ്ങൾക്കായി വിനിയോഗിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രം," ശ്രീനിവാസൻ പറഞ്ഞു.

"ജൈവ മനസുണ്ടെങ്കിലേ ജൈവ കർഷകൻ ആകാൻ കഴിയൂ. പുരസ്കാരമല്ല അവരുടെ ജീവവായു," അന്തിക്കാട് പറയുന്നു."ഞങ്ങൾ കൂടപ്പിറപ്പുകളാണ്, ' ഇൻഫോസിസ് സ്ഥാപകരിൽപെട്ട ക്രിസ് ഗോപാലകൃഷ്‍ണന്റെ ഭാര്യ സുധ ഗോപാലകൃഷ്‌ണൻ ആശംസയിൽ പറഞ്ഞു. "പ്രതീക്ഷ ട്രസ്റ് വഴി ഞങ്ങളും കുറെ കാര്യങ്ങൾ ചെയ്തു വരുന്നുണ്ട്."

അട്ടപ്പാടിയിലെ  കൂത്തോട്ടിൽ മാഷ് , മാത്യു പെരിങ്ങോട്ടിൽ;  പിഎൻ  ഉണ്ണകൃഷ്ണൻ   

ജൈവ സംരക്ഷണ രംഗത്ത് പ്രശസ്തനായ നാട്ടുകാരൻ കെവി ദയാലിന്റെ നേതൃത്വത്തിൽ  മുഹമ്മ ആസ്ഥാനമാക്കി 1986ൽ ആരംഭിച്ച വേമ്പനാട് നേച്ചർ ക്ലബ്ബ ആണ് എല്ലാറ്റിനും മൂലഹേതു. ഇരുപതു കൊല്ലം മുമ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച നിർധനരായ വയോജനങ്ങക്കുള്ള പെൻഷൻ പദ്ധതിയിൽ 60  പേർക്ക് സഹായം നൽകിക്കൊണ്ടതാണ് ഷിബുലാൽ  കടന്നു വന്നത്.

"ബന്ധു ഡോ. കെഎൻ ജയചന്ദ്ര  ബാബുവുമൊത്ത് ഷിബുലാലിനെ ഞങ്ങൾ വീണ്ടും കണ്ടു,  ജൈവ കർഷകർ ആദരിക്കപ്പെടണം എന്ന ആശയവുമായി. അന്ന് ചെറിയ തോതിൽ തുടങ്ങിയ അക്ഷയശ്രീ പുരസ്കാരം 13 വർഷം കൊണ്ട്  ജൈവകർഷകരുടെ ഏറ്റവും വലിയ ബഹുമതിയായി വളർന്നു.  എല്ലാവർഷവും സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷിക്കാരന് രണ്ടുലക്ഷം രൂപ നൽകുന്നു. ഓരോ ജില്ലയിലെയും മികച്ച കർഷകനു 50,000 രൂപയും. പ്രോത്സാഹനസമ്മാനങ്ങളും മികച്ച സ്‌കൂളുകൾക്കുള്ള സമ്മാനങ്ങളും വേറെ" ദയാൽ വിവരിക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നിക്കുന്ന സമർഥരായ കുട്ടികളെ കണ്ടെത്തി അവർക്കു 10,000 മുതൽ 65,000  വരെ രൂപ സഹായം നൽകുന്ന വിദ്യാധൻ സ്‌കോളർഷിപ്പും ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.  ഇതിനകം കേരളത്തിൽ മാത്രം ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. മറ്റു 14  സംസ്ഥാനങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിച്ചിട്ടുമുണ്ട്.

സദ്യ വച്ചു വിളമ്പിയ  ബൈജു പാപ്പാളി,  അജിത; ‘സഫലം’ ഡിസൈനർ ശിവകുമാർ സാരംഗ് 

സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും നിന്നും മുഹമ്മയിലേക്കു പ്രവഹിച്ച പുരസ്‌കാര ജേതാക്കൾക്കു താമസവും നാലു നേരം ചെറുപയർ പായസം ഉൾപ്പെടെയുള്ള ഹൃദ്യമായ ഭക്ഷണവും വിളമ്പിയ ചടങ്ങിനു ഏറ്റവും കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും ചെലവായിക്കാണും. 

2009  മുതലുള്ള ജേതാക്കളെ വീണ്ടും കണ്ടുപിടിച്ച് ജീവിത രേഖകളും ചിത്രങ്ങളും സമാഹരിക്കുകയെന്ന ബൃഹദ് പരിപാടിക്കു ജൈവ കർഷകർ കൂടിയായ മുഹമ്മയിലെ ബി. രാധാകൃഷ്ണനും അഗളിയിലെ മാത്യു ജെ. പെരിങ്ങല്ലൂരും വിയർപ്പൊഴുക്കി.   ജേതാക്കളിൽ അപൂർവം ചിലർ ഇതിനിടക്ക് ജീവിതത്തിൽ നിന്ന് കടന്നു പോവുകയും ചെയ്തു.  ഡയറക്ടറിയിൽ അതെല്ലാം  പരാമർശിച്ചിട്ടുണ്ട്.

നാവിക സേനയിൽ നിന്ന് റിട്ടയർ ചെയ്‍ത ചീരപ്പൻചിറ  സികെ മണിയുടെ പൂക്കളും പുൽമെത്തയും വിരിചൊരുക്കിയ  അങ്കണത്തിൽ പുരസ്‌കാര ജേതാക്കളിൽ രണ്ടു പേരെ   അതിരാവിലെ കാണാൻ കഴിഞ്ഞത് ഭാഗ്യമായി. സുഹ്‌റ, മലപ്പുറത്തെ  പെരിന്തൽമണ്ണയിൽ നിന്നും നിന്നും റംല,  പാലക്കാട്ടെ പട്ടാമ്പിയിൽ നിന്നുമാണ് പരിവാര സമേതം  കാലേകൂട്ടി വന്നെത്തിയത്.

ഭർത്താവും മുഹമ്മദ് കുട്ടിയുമൊത്ത് യുഎഇയിലെ അൽ അയ്‌നിൽ 15 വർഷം കഴിച്ചു മടങ്ങിവന്ന ആളാണ് സുഹറ പാറയിൽ.  അവിടെവീട്ടാവശ്യത്തിന് ചെയ്തിരുന്ന പച്ചക്കറിക്കൃഷി പെരിന്തൽ മണ്ണയിൽ  മടങ്ങി വന്നപ്പോൾ  തുടർന്നുകൊണ്ടു പുരസ്കാരം നേടി. ചക്ക ഉൾപ്പെടെ എല്ലാ വസ്തുക്കളിൽ നിന്നും മൂല്യവർധിത ഉലപന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്നു. കവിതയും എഴുതും. ഒരു സമാഹാരം ഇക്കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു.

പാലക്കാട് പട്ടാമ്പിയിലെ റംല സിദ്ദിഖിനും ഇത്തരമൊരു വിജയകഥയാണ് പറയാനുള്ളത്.ടെറസിലെ കൃഷിക്കാന് പുരസ്കാരം. സിദ്ദിഖ്‌  വളരെക്കാലം ബഹ്‌റിനിൽ ആയിരുന്നു.  അതൊന്നുമല്ല റംലയെ വേറിട്ട് നിർത്തുന്നത്. പൊന്നാനിക്കാരി റംലയും സഹോദരി സഹോദരൻമാരുമെല്ലാം  ഗായകരാണ്. ഗസൽ പാടുന്ന പങ്കജ് ഉദ്ദാസ് ആണ് ആരാധന മൂർത്തി. കൊലാലമ്പൂരിലുള്ള  മകൾ റെനിയും ദുബായിലുള്ള മകൻ റഷാലും പാടും.

പതിമൂന്നു വർഷത്തിനുളിൽ പുരസ്കാരം നേടിയ 460 പേരിൽ  രണ്ടു സെന്റുള്ള  സാധാരണക്കാരും 75  ഏക്കറുള്ള എസ്റ്റേറ്റുകാരും പ്രൊഫസർ മാരും ഡോക്ടർമാരും മുൻ പ്രവാസികളും എല്ലാമുണ്ട്.  പലരും മലബാറിലേക്കോ ഹൈറേഞ്ചിലേക്കോ കുടിയേറിയവർ അല്ലെങ്കിൽ അവരുടെ മക്കൾ. പത്തു ശതമാനം പേരെങ്കിലും സ്ത്രീകളാണ്. ചിലർ  ഭർത്താവ്‌ മരിച്ച ശേഷം വർധിത വീര്യത്തോടെ ജൈവ ജീവിതം ആശ്ലേഷിക്കുന്നവർ.. ഉദാ: കൊല്ലം വാളകത്തെ സുനിത നായർ. ബഹറിനിൽ നിന്ന് മടങ്ങി വന്നു.

ഐഎഫ്എസ്  1979ൽ നേടി  ഫോറസ്റ് അഡി. പ്രിൻസിപ്പൽ ചീഫ് കൺസേർവേറ്ററായി വിരമിച്ച പി. എൻ ഉണ്ണികൃഷ്ണനാണ് 2914ലെ പുരസ്‌കാര ജേതാവ്. അട്ടപ്പാടി ബൊമ്മിയാമ്പടിയിൽ ഭവാനിപുഴയോരത്ത് എട്ടേക്കറിൽ സംസ്ഥാനത്തെ ആദ്യ എക്കോഫാമിന് തുടക്കമിട്ടു.   പത്താം വയസിൽ രണ്ടു സെന്ററിൽ പച്ചക്കറി  കൃഷി തുടങ്ങി "കഞ്ഞിക്കുഴി പയർ" എന്ന വിശിഷ്ട ജനുസ് കണ്ടുപിടിച്ച്‌ 2020ലെ സംസ്ഥാന അവാർഡ് നേടിയ ആലപ്പുഴ എസ്എൻ പുരത്തെ ശുഭാനന്ദൻ  ആണ് ശ്രദ്ധേയനായ മറ്റൊരാൾ.

പാലക്കാട് മംഗലം ഡാമിലെ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ലോക പ്രസിദ്ധനായ ചെറുവയൽ  രാമൻ, കുളവാഴ സംസ്കരിക്കുന്ന ഗവേഷണത്തിന് ജർമനിയിലെ ഗീസൻ   സർവകലാശാലയിൽ നിന്ന്  ഡോക്ട്രെറ്റ്    നേടിയ അതിരമ്പുഴയിലെ മാത്യു മൂഴിയിൽ, ദൈവശാസ്ത്രത്തിൽ പിഎച് ഡിയുള്ള അട്ടപാടിയിലെ കുത്തോട്ടിൽ ഇക്കോഫാം ഉടമ എബ്രഹാം (89)  ഇവരെല്ലാം 'സഫല' ത്തിലെ കഥാപാത്രങ്ങൾ ആണ്.  എന്നെന്നും ഓർമ്മിക്കാൻ, ഓമനിക്കാൻ ഇതിൽ  കൂടുതൽ എന്തുവേണം? മോഹൻലാൽ നായകനായ റോഷൻ ആൻഡ്രൂസിന്റെ  ചിത്രം പോലെ "ഇവിടം സ്വർഗമാണ്". 

'സഫലം ' മനോഹരമായി രൂപകൽപന ചെയ്തത് ചേർത്തല സാരംഗ് ഡിജിറ്റലിലെ ശിവകുമാർ.

# kurian pampady article

Join WhatsApp News
Dr. Mathew Mathew 2022-10-30 08:55:27
Congratulations!! Best wishes!!
George mampara 2022-10-30 09:21:32
Quite informative. More luck k. Gm Back in the salt mines. Helen is still working on recovering better. Healing comes slowly. Gm
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക