കിലുങ്ങുന്ന പാദസരങ്ങൾ അണിഞ്ഞു പെൺകുട്ടികൾ നടക്കുന്ന ഒരു ഗ്രാമം. അമ്പലങ്ങളും, ആൽത്തറകളും, അമ്പലക്കുളങ്ങളും, യക്ഷിപാലകളും, ഇടുങ്ങിയ നാട്ടുവഴികളും, കാളവണ്ടികളും, പിന്നെ കുറെ ശുദ്ധരിൽ ശുദ്ധരായ മനുഷ്യരുമുള്ള ഗ്രാമം. ഗ്രാമത്തെ രണ്ടാക്കികൊണ്ടു വിശാലമായ ഒരു പാടം നാടുവിലായുണ്ട്.കന്നിക്കൊയ്ത് കഴിഞ്ഞു പാടം ഒഴിയുമ്പോഴാണ് ഗ്രാമത്തിന്റെ വടക്കും തെക്കുമുള്ള ഗ്രാമവാസികൾ തമ്മിൽ കാണുന്നത്.. കന്നിനിലാവ് കറവ്പാൽ ഒഴുക്കി പാടത്തെ ഒരു പാലാഴിയാക്കും. രാത്രിയും പകലും ആ ഗ്രാമത്തിൽ സൗന്ദര്യദേവത നൃത്തം വച്ചുകൊണ്ടിരുന്നു. നോക്കിയാൽ കണ്ണെടുക്കാൻ കഴിയാത്തവിധം അവിടത്തെ മരങ്ങൾക്കും, കുന്നിനും, പുഴക്കും, വയലുകൾക്കും, തൊടികൾക്കും അഭൗമഭംഗിയായിരുന്നു. കവികളൊന്നും ജനിച്ചില്ലായെന്നത് അത്ഭുതം. കഥകൾ പാടി നടന്നത് നാട്ടുകാരായ പാണന്മാരായിരുന്നു.
ഇരുട്ടായാൽ നക്ഷത്രങ്ങളും, മിന്നാമിനുങ്ങുകളും നൽകുന്ന വെളിച്ചത്തിൽ നേരത്തെ ഉറക്കം പിടിക്കുന്ന ഗ്രാമം. അവരുടെ ഉറക്കത്തിലെ സ്വപനം പോലെ നാട്ടുവഴികളിലൂടെ ഓരോ ദിവസവും പല ദിശകളിലേക്ക് പോകുന്ന ഒരു ചൂട്ടുവെളിച്ചം ആദ്യമാദ്യം നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. പിന്നെ അപ്പുണ്ണിയേട്ടൻ അത് ഇല്ലത്തെ നമ്പൂതിരി സംബന്ധത്തിനു പോകയാണെന്നു നാട്ടുകാരെ അറിയിച്ചു. എന്നാലും പലരും അത് വിശ്വസിച്ചില്ല. അപ്പുണ്ണിയേട്ടൻ പോലും പലപ്പോഴും നമ്പൂതിരിയുടെ തേർവാഴ്ചക്ക് ശേഷവും ചൂട്ടുകൾ കത്തിയും കെട്ടും പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ട്. നമ്പൂതിരിയെക്കൂടാതെ വിടന്മാർ ഉണ്ടാകാം അല്ലെങ്കിൽ ഭൂതപ്രേതങ്ങൾ തന്നെയെന്ന് അദ്ദേഹവും വിശ്വസിച്ചു. അന്ധവിശ്വാസം ആഴത്തിൽ വേരൂന്നിയ ആ ഗ്രാമത്തിൽ അതൊക്കെ ഏതോ ദുരാത്മാവിന്റെ വിഹാരമായി കണക്കാക്കിയിരുന്നു. ചോദ്യങ്ങൾ ഇല്ല എല്ലാം വിശ്വാസം. എന്തൊരു നിഷ്‌കളങ്കരായ ഗ്രാമനിവാസികൾ. എത്ര കറയറ്റ ഗ്രാമഭംഗി.
അമ്പലത്തിന്റെ അധികം ദൂരമല്ലാത്ത ആൽത്തറയിൽ ശകലം നൊസ്സുള്ള അപ്പുണ്ണിയേട്ടൻ സ്ഥിരമാക്കിയിരുന്നു. ആ ഗ്രാമത്തിലെ ധനികതറവാട്ടിലെ ഇളയ കാരണവരാണ് അപ്പുണ്ണിയേട്ടൻ. മൂപ്പർ ആളുകളെ ഉപദ്രവിക്കുകയൊന്നുമില്ല. ആൽത്തറയിൽ കിടപ്പും ഉറക്കവും. നാട്ടുകാർ അപ്പുണ്ണിയേട്ടനിൽ നെടുമുടി വേണുവിനെ കണ്ടു. ആലായാൽ തറവേണം എന്ന പാട്ടൊക്കെ മൂപ്പർ പാടും. അപ്പുണ്ണിയേട്ടൻ ചെറുപ്പത്തിൽ. സ്ത്രീവിഷയത്തിൽ വേന്ദ്രനായിരുന്നത്രെ അതുകൊണ്ട് രാത്രിയായാൽ മൂപ്പർ യക്ഷിപ്പാലയുടെ കീഴിൽ ഇരുന്നു പാട്ട് ആരംഭിക്കും ഏതെങ്കിലും യക്ഷികൾ വന്നു മൂപ്പരെ രതിക്രീഡക്ക് വിളിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
പുലരിവെട്ടം പരക്കുമ്പോൾ അപ്പുണ്ണിയേട്ടനും ഉണർന്നു അമ്പലകുളത്തിൽ കുളിച്ച് ദേവിയെ തൊഴുത് ചന്ദനം ചാർത്തി ബോധം നഷ്ടപ്പെട്ടവനെപോലെ ആൽത്തറയിൽ നിന്നും കീർത്തനങ്ങൾ ചൊല്ലും. പിന്നെ മൂപ്പരുടെ കഥാപ്രസംഗമാണ്. അയാൾ പറയും.. പ്രിയ നാട്ടുകാരെ നിങ്ങൾ പറയുന്നപോലെ യക്ഷിയും ഗന്ധർവനുമില്ല. ഇതൊക്കെ നിങ്ങളുടെ തോന്നലാണ്. പൂശാരി രാമുവിനും ജ്യോൽസ്യൻ കുഞ്ഞിക്കേളുവിനും പണമുണ്ടാക്കാനുള്ള മാർഗ്ഗം, രാമൻകുട്ടിയുടെ മകളെ അമ്പലനടയിൽ വച്ച് കാള ഓടിച്ചത് ആ കുട്ടി ചുവന്ന പാവാട ധരിച്ചതുകൊണ്ടാണ്. അല്ലാതെ കാളയിൽ ദുരാത്മാവ് കയറിയിട്ടല്ല,. ശിവന്റെ അമ്പലത്തിലെ പോറ്റിയുമായി ആ കള്ള ജ്യോൽസ്യൻ ഒത്തുകളിച്ച് ഒരു പാട് വഴിപാടുകൾ ആ കുട്ടിയുടെ അച്ഛനെക്കൊണ്ട് ചെയ്യിച്ച്. ഞാൻ ഭ്രാന്തനല്ലേ ഞാൻ രാമന്കുട്ടിയോട് പറഞ്ഞു രാമാ, നിന്റെ മകൾ ചുവന്ന പാവാടയും ചുറ്റി നെറ്റിയിൽ ഒരു ചുവന്ന ഗോപികുറിയും വരച്ചു ഒറ്റക്ക് വരുന്നത് കണ്ടാൽ കാളയല്ല സാക്ഷാൽ ശിവൻ തന്നെ ഓടിപ്പിക്കും. നീ വെറുതെ കാശു കളയണ്ട. പറഞ്ഞിട്ട് എന്ത് ഫലം എല്ലാവരും എനിക്ക് നൊസ്സു കൂടുതലാണെന്നു പറഞ്ഞു.
എന്തായാലും ശിവന്റെ അമ്പലത്തിൽ ഒരാഴ്ചക്കാലം ജോത്സ്യനും പോറ്റിക്കും നല്ല കോളായിരുന്നു പഴവും, പഞ്ചാമൃതവും, തേനും. അതിൽ നിന്നും നക്കാപ്പിച്ച അവിടെ തൊഴാൻ വരുന്നവർക്കും കിട്ടി. കാള ഇപ്പോഴും ചുവന്ന വസ്ത്രം ധരിച്ച്ചവരുന്ന പെണ്ണുങ്ങളെയും പെൺകുട്ടികളെയും നോട്ടമിട്ടു മുക്കറയിട്ട നടക്കുന്നു. ശിവന്റെയല്ലേ കാള. തിലോത്തമ ശിവനെ പ്രദിക്ഷണം വച്ചപ്പോൾ ശിവന്റെ നാലു ഭാഗത്തും അവളെ കാണാൻ കണ്ണുകൾ ഉണ്ടായി എന്ന് കഥ. അപ്പുണ്ണിയേട്ടന് അറിയാത്ത കഥകൾ ഇല്ല. ഇന്ദ്രനും സ്ത്രീവിഷയത്തിൽ വേന്ദ്രനാണത്രെ. തിലോത്തമ്മയെ കണ്ടു രസിക്കാൻ മൂപ്പർ ദേഹത്തിൽ ആയിരം കണ്ണുകൾ ഉണ്ടാക്കിയെന്ന കഥ പറയുമ്പോൾ മൂപ്പരും ഒരു കൊച്ചു ഇന്ദ്രനായിരുന്നു എന്ന നാണം മുഖത്തു പരക്കുന്നത് കാണാൻ രസമാണ്.
പക്ഷെ ചില ദിവസം ആളുടെ മട്ടും ഭാവവും മാറും. അദ്ദേഹം പറയും പ്രിയ നാട്ടുകാരെ ഭൂതവും, പിശാചുക്കളും, സുന്ദരിമാരായ യക്ഷികളുമുണ്ട്. ഏതു വീട്ടിലാണോ സ്നേഹമില്ലാത്തതു, എവിടെയാണോ വിശ്വാസമില്ലാത്ത തു അവിടെ ഒരു നെഗറ്റിവ് എനർജി നിറയും. നിങ്ങളുടെ മനസമാധാനം നഷ്ടപ്പെടുമ്പോൾ ആ ശക്തി വർധിക്കുകയും അടച്ചിട്ട മുറികളിൽ നിങ്ങൾ ഓരോ രൂപങ്ങളെ കാണുകയും പേടിക്കയും ചെയ്യും. അതുകൊണ്ട് ദൈവവിശ്വാസം കൈവെടിയരുത്. ഞാൻ ഒറ്റക്ക് പുറത്തു കഴിയുന്നത് എനിക്ക് ദേവിയിലുള്ള വിശ്വാസമാണ്. പിന്നെ എന്റെ മനസ്സിലെ ദുരാഗ്രഹം കൊണ്ടാണ് നിങ്ങൾ പറയുന്ന നൊസ്സു എനിക്ക് കൂടുന്നത്.
അപ്പുണ്ണിയേട്ടന്റെ സങ്കടം ഒരു യക്ഷിപോലും മൂപ്പരെ തേടി വന്നില്ലെന്നാണ്. വയസ്സായതു കൊണ്ടായിരിക്കുമെന്നു മൂപ്പര് വിശ്വസിച്ച്. യക്ഷികളിൽ ഭൂരിപക്ഷവും കാമകേളികൾ ഇഷ്ടപ്പെടുന്നവരാണ്. അവർ കണ്ടുപിടിക്കുന്ന പുരുഷൻ ഷണ്ഡൻ അല്ലെങ്കിൽ സ്ത്രീയെ തൃപ്തിപ്പെടുത്താൻ കഴിവില്ലാത്തവനാണെങ്കിൽ അവർ അവനെ കൊന്നു കളയും. അമ്പലത്തിൽ തൊഴാൻ വരുന്ന സ്ത്രീകളിൽ പലരും യക്ഷികളാണെന്നാണ് അപ്പുണ്ണിയേട്ടന്റെ നിഗമനം. അതിൽ സുഭദ്ര വാരസ്യാരും കമല പിഷാരസ്യാരും യക്ഷികളാണോ എന്നാണ് അപ്പുണ്ണിയേട്ടന്റെ ബലമായ സംശയം. അമ്പലവാസികൾ താമസിക്കുന്ന വീടിനു പിഷാരം എന്നും വാരിയം എന്നും പറയുന്നു. മേല്പറഞ്ഞ അംഗനമാരെ ആരെങ്കിലും പിൻതുടർന്നാൽ അവർ അടുത്തുള്ള വാരിയത്തോ പിഷാരത്തിലോ കയറും, നമ്പൂതിരി രാവിലെ അമ്പലത്തിൽ തൊഴുതു മടങ്ങിയെ അവർ വരുകയുള്ളു. അല്ലെങ്കിൽ നമ്പൂതിരിക്ക് പായ വിരിക്കേണ്ടി വരും, നമ്പൂതിരി ജന്മിയും നാട്ടിലെ പ്രമാണിയുമാണ്. ജനം അദ്ദേഹം പറയുന്നത് അനുസരിക്കണം. കഥ നടക്കുന്നത് വർഷങ്ങൾക്ക് മുമ്പാണ്. എല്ലാം നമ്പൂതിരിമാരും അങ്ങനെയായിരുന്നില്ല. ചില വിടന്മാർ ഏതു നല്ല ഇല്ലത്തുമുണ്ടാവും
നമ്പൂതിരിക്ക് കൂടി മേൽക്കോയ്മ ഉള്ള അമ്പലമാണ്. രാവിലെ അദ്ദേഹം എത്തുമ്പോൾ സുന്ദരിമാരും അല്ലാത്തവരുമായ സ്ത്രീകൾ കുളികഴിഞ്ഞു ഈറൻമുടിയും അലക്കിയ വസ്ത്രങ്ങളുമുടുത്ത് ശ്രീകോവിലിനു മുന്നിൽ ശാന്തിക്കാരൻ നട തുറക്കുന്നതും കാത്ത് സോപാന സംഗീതവും ആസ്വദിച്ച് അർദ്ധനിമീലിത നേത്രങ്ങളുമായി ഭക്തിപാരവശ്യത്തോടെ നിൽപ്പുണ്ടാകും. ചിലരൊക്കെ നമ്പൂതിരിയുടെ കണ്ണിൽപ്പെടാൻ വേണ്ടി പെടാപാട് പെടുന്നവരുമാണ്. നമ്പൂതിരിയുടെ കണ്ണേറ്റാൽ കുറച്ച് പുഞ്ചപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും കൈവശമാക്കാം. നമ്പൂതിരി കാര്യസ്ഥനുമായി വന്നു കണ്ണോടിക്കും. ഇക്കാലത്ത് വേശ്യാലയത്തിൽ ചെല്ലുമ്പോൾ മാഡം പെൺകുട്ടികളെ വിളിച്ച് നിർത്തും. ആവശ്യക്കാരൻ "I will have her" എന്ന് പറയുന്ന പെൺകുട്ടിയെ അയാളോടൊപ്പം അയക്കുന്നു. അതേപോലെ നമ്പൂതിരി കാര്യസ്ഥനോട് "ദാ ഇന്നേക്ക് അവളെ മതി" എന്ന് പറയും . അവളുടെ സമ്മതം പ്രശ്നമല്ല.
നമ്പൂതിരി ബുക്ക് ചെയ്യുന്ന പെണ്ണിനെ കാണാൻ അപ്പുണ്ണിയേട്ടനും അമ്പലത്തിൽ കയറിപ്പറ്റുക പതിവാണ്. അന്ന് നമ്പൂതിരി വൈകി വന്നതുകൊണ്ട് സുഭദ്ര വാരസ്യാരും കമല പിഷാരസ്യാരും കണ്ണിൽ പെട്ട്. നമ്പൂതിരി അന്തം വിട്ട് നിന്ന് ശ്രീകുമാരൻ തമ്പിയുടെ ഗാനം മൂളി. "ചെന്തെങ്ങു കുലച്ച പോലെ, ചെമ്പകം പൂത്തപോലെ, ചെമ്മാനം തുടുത്തപോലൊരു പെണ്ണ്" നമ്പൂതിരിക്ക് നിക്കക്കള്ളിയില്ലാതായപോലെ പരവേശം. കാര്യസ്ഥനെ ശാസിച്ചു. എവിടെയായിരുന്നടോ ഇവരൊക്കെ. നോമിന് രണ്ടുപേരെയും വേണം. ആദ്യം ആ പൊക്കം കൂടിയവളെ മതി.കാര്യസ്ഥൻ തോർത്ത് അരയിൽ കെട്ടി സമ്മതം മൂളി. നമ്പൂതിരി ആഗ്രഹിച്ചപെണ്ണ് സുഭദ്രാവാരസ്യാരാണ്. അവർ വളരെ കണിശക്കാരിയും സുചരിതയുമാണ്. ഈശ്വരചിന്തയും ദാനധര്മങ്ങളുമൊക്കെ ചെയ്തു നല്ല വരനെ കിട്ടാൻ തിങ്കളാഴ്ചനോയ്മ്പ് നോൽക്കുന്നവളാണ്. തിരുമേനിയുടെ തീട്ടൂരം അവർ നിഷേധിക്കുമ്പോൾ എന്തെക്കോ പുകിലുകൾ ഉണ്ടാകുമെന്നു കാണാൻ അപ്പുണ്ണിയേട്ടൻ കാത്തിരുന്നു.
അപ്പുണ്ണിയേട്ടൻ അദ്ദേഹത്തിന്റെ സി.സി.ടിവി ഓൺചെയ്ത് നമ്പൂതിരിയുടെ വരവും കാത്ത് ഇരിക്കുമ്പോൾ അതാ ഒരു ചൂട്ടു വെളിച്ചം. പെട്ടെന്ന് ഒരു മനുഷ്യന്റെ അലർച്ച. അപ്പുണ്ണിയേട്ടൻ നോക്കുമ്പോൾ ചൂട്ടു കയ്യിൽ നിന്നും വീഴുന്നപോലെ ഇരുട്ടിലൂടെ മനസ്സിലായി. അലർച്ചയുടെ ആഘാതത്തിൽ ഗ്രാമം ഉണർന്നു. അവർ കരുതി അപ്പുണ്ണിയേട്ടന് നൊസ്സ് കൂടിയെന്ന്. എല്ലാവരും അമ്പലത്തറയിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ അപ്പുണ്ണിയേട്ടനിൽ നിന്നും അവരറിഞ്ഞത് പാടത്തിന്റെ മറുകരയിൽ നിന്നാണ് ആ ശബ്ദം വന്നത്. ഒരു ചൂട്ടു വെളിച്ചം ഉണ്ടായിരുന്നു. അതിപ്പോൾ കെട്ടുപോയി. എല്ലാവരും സംഭവസ്ഥലത്തേക്ക് ഓടി. അപ്പുണ്ണിയേട്ടൻ സംശയിച്ചപോലെ അത് നമ്പൂതിരിയുടേതായിരുന്നു. പക്ഷെ തിരുമേനി എന്തിനു ചോര ഛര്ദിച്ച് മരിക്കണം. സുഭദ്രാമ്മയുമായി രാസലീല ആടി വരുമ്പോൾ എങ്ങനെ ഇത് സംഭവിച്ചു. അപ്പുണ്ണിയേട്ടൻ എല്ലാവരും കേൾക്കെ പറഞ്ഞു. ഞാൻ പറയാറില്ലേ യക്ഷികൾ ഉണ്ട്. അവരിൽ കാമയക്ഷികൾ ഉണ്ട്. അവരാണ് ലൈംഗിക ബലഹീനതയുള്ള പുരുഷന്മാരെ കൊല്ലുന്നത്. ഉള്ള നിക്ഷേപം മുഴുവൻ സുഭദ്രാമ്മയ്ക്ക് കൊടുത്ത് പാപ്പരായി വരുമ്പോൾ നമ്പൂതിരിയെ കാമയക്ഷി പിടിച്ച്കാണും. ഒന്നിനും വയ്യാതിരുന്ന തിരുമേനിയെ യക്ഷി കഴുത്ത് ഞരിച്ചുകൊന്നുകാണും. ജനം അതൊക്കെ വിശ്വസിച്ചു.
എന്നാൽ പോലീസ്കാർക്ക് അത് വിശ്വാസയോഗ്യമായിരുന്നില്ല. അവർ കാര്യസ്ഥനെ ചോദ്യം ചെയ്തു. കാര്യസ്ഥൻ പറഞ്ഞു. എല്ലാവരും തിരുമേനിയെ ഉപദേശിച്ചു. സുഭദ്രാമ്മ അങ്ങനെ വഴങ്ങുന്ന സ്ത്രീയല്ല. പിന്നെ അധികാരം ഉപയോഗിക്കാമെന്ന് വച്ചാലും അവർക്കും അതിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകുമല്ലോ. എത്ര പറഞ്ഞിട്ടും തിരുമേനി സമ്മതിച്ചില്ല. ഞാൻ പോയി അവരോട് പറഞ്ഞു ഇന്ന് രാത്രി തിരുമേനി വരും. അവർ ഒരു കൂസലും കൂടാതെ വന്നോട്ടെ എന്ന് പറഞ്ഞു. തിരുമേനി തുള്ളിച്ചാടി. അവിടെ ചെന്നപ്പോഴും അവർ സൽക്കാരപ്രിയയായിരുന്നു. തിരുമേനിക്ക് ഇളനീർ കരുതിയത് കൊടുത്തു. തിരുമേനി പറഞ്ഞു സൽക്കാരം ഒന്നും വേണ്ട. നോമിനെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകു. അപ്പോഴാണ് അവർ പറഞ്ഞത് തിരുമേനി ക്ഷമിക്കുക ഞാൻ അശുദ്ധയാണ്. ഒരു നാല് ദിവസം കഴിഞ്ഞു വരൂ.
അത് കേൾക്കലും തിരുമേനി എണിറ്റു. അവരോട് തന്നെ ചോദിച്ചു കമല പിഷാരസ്യാരുടെ വീട് എവിടെ. അവർ പറഞ്ഞുകൊടുത്തപ്പോൾ തിരുമേനി ചൂട്ടു സ്വയം എടുത്തു നടന്നു. എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. തിരുമേനി ഇറങ്ങുന്നതിനു മുമ്പ് തിരുമേനിക്കായി അവർ നൂറ്റിയൊന്ന് വെറ്റില നൂറു തേച്ചു വച്ചത് കൊടുത്ത് പുഞ്ചിരിതൂകി പറഞ്ഞു “തിരുമേനി കമലയുടെ വീട്ടിലേക്ക് നടക്കുമ്പോൾ ഇത് ചവച്ച് നടന്നോളു.” ഞാൻ വീട്ടിലേക്ക് നടന്നു പിന്നെ എനിക്കൊന്നും അറിയില്ല..
പോലീസുകാർ വെറുതെ സംശയിച്ചു. ഒരു പക്ഷെ താംബൂലത്തിൽ വിഷം കലർത്തിയിരിക്കുമോ? അന്ന് അതൊന്നും അന്വേഷിക്കാനുള്ള സംവിധാനമില്ലായിരുന്നു. അതുകൊണ്ട് കുറ്റം പാവം യക്ഷികളിൽ ചാർത്തി അന്വേഷണം അവസാനിപ്പിച്ചു.
ശുഭം
# Halloween story by sudheer panikkaveettil