Image

സർപ്പഗന്ധി (ചെറുകഥ: മനോഹർ തോമസ്)

Published on 29 October, 2022
സർപ്പഗന്ധി (ചെറുകഥ: മനോഹർ തോമസ്)

ബോധം തെളിയുമ്പോൾ ആദ്യം കേൾക്കുന്നത് ശബ്ദങ്ങളാണ്. കണ്ണുകൾ  തുറക്കാൻ കഴിയുന്നില്ല. ആരോ പശവച്ചു ഒട്ടിച്ചപോലെ കൂട്ടിപിടിച്ചിരിക്കുന്നു . ആരൊക്കെയോ വ്യക്തമാകാത്ത     
ഇംഗ്ലീഷിൽ  സംരിക്കുന്നു . സ്വർഗത്തിൽ എല്ലാവരും ഇംഗ്ലീഷിലാണോ സംസാരിക്കുന്നത് . മരുന്നുകളുടെ മണം. ഷുസ്   നിലത്തുരയുന്ന ശബ്ദം. രക്ഷപെട്ടു ! ദൈവത്തോട് കാര്യങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞു
മനസ്സിലാക്കാമല്ലോ .കണ്ണുകൾ വലിച്ചു തുറന്നു .അകെ ഒരു മഞ്ഞ നിറം. അതിനിടയിലൂടെ ഒരു മുഖം അടുത്തുവരുന്നു . ആരാണെന്ന് മനസ്സിലായില്ല. എന്നാലും പറഞ്ഞു , " ഇവിടെ എല്ലാരും ഇംഗ്ലീഷിലാണ്
സംസാരിക്കുന്നത്. "

 " രാജേട്ടാ ,തമാശ പറയാൻ പറ്റിയ സമയം ഇതല്ല."

 ഭാര്യയാണ്. അവളുടെ മുഖം ഇത്രക്ക് ഭീതിദമായി മുമ്പൊരിക്കലും കണ്ടിട്ടില്ല .

 "മുന്ന് ദിവസം കഴിഞ്ഞാണ് ഇപ്പോൾ ബോധം തെളിയുന്നത് . തലനാരിഴക്ക് രക്ഷപെട്ടു  . ഏഴുകാറുകളാണ് ഇടിച്ചിട്ടത് . സ്ക്കൂളിന്റെ മതിലും തകർത്താണ് കാറിടിച്ചു നിന്നത് "

അവൾ പറഞ്ഞുകൊണ്ടേയിരുന്നു . ചിന്തകൾ പുറകോട്ടു വലിച്ചു . വീട്ടിൽനിന്നും ഇറങ്ങുമ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല . കാറ്  മുന്നോട്ട് എടുക്കുമ്പോൾ അടുത്ത ബ്ലോക്കിൽ സ്‌കൂളിന് മുമ്പിൽ  റെഡ് ലൈറ്റ് കാത്തുനിൽക്കുന്ന കാറുകളുടെ നിര. പിന്നെ ഒന്നും ഓർമയിൽ തെളിയുന്നില്ല . ആകെ  ഒരു മൂടൽ  .       

ഡോക്ടർ വന്ന് കസേര വലിച്ചിട്ട് അടുത്തിരുന്നു . മുഖത്തുനിന്ന് കണ്ണെടുക്കാതെ പറഞ്ഞു തുടങ്ങി . " നാൽപ്പത്  വർഷത്തെ എൻ്റെ ഔദ്യോഗിക ജീവിതത്തിൽ ട്രൈഗ്ലിസറൈഡ് ആയിരത്തിആറായിട്ടും ജീവിച്ചിരിക്കുന്ന ഒരാളെ ആദ്യമായി കാണുകയാണ് .സാധാരണ ഗതിയിൽ ഞരമ്പുകൾ മുറിഞ്ഞു മുറിഞ്ഞു പോകാറാണ് പതിവ് .നിങ്ങൾ തികച്ചും ഒരത്ഭുതജീവിയാണ് . ഇവിടന്നങ്ങോട്ട് മരണം വരെ മരുന്നുകൾ തുടരേണ്ടിവരും .
   
അങ്ങിനെയാണ് വ്യായാമത്തിന്റെ തുടക്കമെന്നോണം ഓടാൻ തീരുമാനിച്ചത്.  പറയുംപോലെ അത്ര എളുപ്പമല്ല ഓട്ടം എന്ന് ആദ്യദിവസം തന്നെ മനസ്സിലായി.കുറച്ചു ദുരം ചെന്നപ്പോൾ തന്നെ ശ്വാസം കിട്ടുന്നില്ല. നടപ്പ് , വേഗംനടപ്പ് , പിന്നെ ഓട്ടം അതാണ് ക്രമം . വീടിനടുത്തുള്ള ക്ലോവ് ലെയിക് പാർക്ക് .  വളഞ്ഞു പുളഞ്ഞു പോകുന്ന വഴികൾ , ധാരാളം കേറ്റവും ഇറക്കവും ശരിക്കും ഇളകി ഓടാൻ പറ്റിയ ഇടം . രാവിലെ അഞ്ചുമണിക്ക് ഉണർന്ന് , ബ്രഹ്മമുഹൂർത്തതിന് മുമ്പ് ഓട്ടം തുടങ്ങണം .

ഓട്ടത്തിന്റെ ഒടുക്കം സ്ഥിരമായി ഒരു ബഞ്ചിൽ ഇരിക്കുന്നത് പതിവാക്കി . അതു വഴി കടന്നു 
പോകുമ്പോഴും, ബഞ്ചിൽ ഇരിക്കുമ്പോഴും ഒരു പ്രത്യേക മണം അനുഭവപ്പെട്ടു . മണം എന്ന് പറയുന്നതല്ല 
ശരി . ഒരു ഗന്ധം . ധുമ പടലങ്ങൾ ബെഞ്ചിനെ വലയം ചെയ്യുന്നു .വെളിച്ചത്തിന്റെ കിരണങ്ങൾ 
കണ്ണിനെ മൂടുന്നു . തലക്കകത്തു ചിഹ്നം വിളിപോലൊരു  മൂളൽ . മഞ്ഞിന്റെ പടലങ്ങൾ ബെഞ്ചിനെ വലയം ചെയ്തു കറങ്ങുന്നു . ചുറ്റും തിങ്ങി നിൽക്കുന്ന  മരങ്ങളിലെ ഇളക്കളിപ്പുകൾ നിശ്ചലമാകുന്നു . സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിലെ നേർത്ത അതിർവരമ്പുകൾ മുറിയുന്നു .

ആരോ ശുദ്ധമലയാളത്തിൽ എന്തോ ചോദിച്ചോ ? ഇല്ല . തോന്നിയതായിരിക്കും !

" ഇവിടെ ! ഇവിടെ ! " രണ്ടുപ്രാവശ്യം അവർത്തിച്ചുകൊണ്ട് ആ ശബ്ദം വന്നു .

സൂക്ഷിച്ചു നോക്കി.കഷ്ടിച്ച് ഒരടി  നീളം കാണും . പത്തി  വിടർത്തി ഒരു സർപ്പം നിൽക്കുന്നു . നിങ്ങൾ പേടിക്കണ്ട . ഞാൻ ഉപദ്രവിക്കില്ല . കാത്തിരിക്കുകയായിരുന്നു. എനിക്ക് നിങ്ങളെക്കൊണ്ട്  ഒരു കാര്യം സാധിക്കാനുണ്ട് . എന്റെ മൂർദ്ധാവിൽ ഒന്ന് തൊട്ട് തടവണം . അപ്പോൾ എനിക്കെൻറെ  സ്ത്രീ ജന്മം 
തിരിച്ചു കിട്ടും .

'ഞാനോ സർപ്പത്തിന്റെ നെറുകയിലോ ? സർപ്പത്തിനെ വിശ്വസിക്കരുതെന്നാ ശാസ്ത്രം.

“വിശ്വസിക്കാൻ പാടില്ലാത്തത് പാമ്പിനെയാണ് . ഞാൻ ആരെയും  ചതിക്കില്ല. അളകനന്ദ എന്ന് പേരുള്ള ഈ ബ്രാഹ്മണസ്ത്രീ ആരെയും ചതിച്ചിട്ടില്ല . സർപ്പങ്ങൾ  ത്രികാലജ്ഞാനികളാണ് . നിങ്ങളെപ്പറ്റിയുള്ള ഓരോ കാര്യങ്ങളും എനിക്കറിയാം , അതിലേക്ക് കടക്കാം നിങ്ങൾ അർദ്ധബ്രാഹ്മണനാണ് . 
വളരെക്കാലം സന്യാസിയായി, നിത്യബ്രഹ്‌മചാരിയായി ജിവിച്ചവനാണ് . നിങ്ങൾ ആഭിചാര ക്രിയകൾക്ക് പ്രസിദ്ധമായ പടുതോൾ മനക്കലെ ഭദ്രൻ നമ്പുരിപ്പാടിന്റെ  മകനാണ് .അത് വ്യക്തമായി അറിഞ്ഞിട്ടു തന്നെയാണ് ഈ കൂടിക്കാഴ്ച്ച . ഇതും കൂടി പറയുന്നു ,  “ എന്റെ 'അമ്മ നിങ്ങളുടെ ഇല്ലത്തെയാണ് . “

എന്റെ അതേ പേരുള്ള ഒരു സ്ത്രീ ഗംഗാ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ  ശ്രമിച്ചപ്പോൾ നിങ്ങൾ രക്ഷിച്ചു . അവരെ വിവാഹം കഴിച്ചു . ശിവഭക്തനായ നിങ്ങൾ ഉപാസനകൊണ്ട് അതീന്ദ്രിയ ജ്ഞാനം കൈവരിച്ചവനാണ് .   
നിങ്ങളൊരു ബ്രഹ്മചാരിയായിരുന്നെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായേനെ.  പലപ്പോഴും പൂർണത തേടുന്ന അപൂർണ്ണ  ബിന്ദുക്കളാകും മനുഷ്യർ . ഒരുപാട്  തീർത്ഥങ്ങളിൽ മുങ്ങിയ 
നിങ്ങളോട് കാലം ഇതാവശ്യപ്പെടുകയാണ് .ഞാനല്ല ! ഞാനൊരു നിയോഗം മാത്രം .!!

എൻ്റെ കഥ കേൾക്കൂ ……. .

മുംബയിലെ ജസ്‌ലോക് ഹോസ്പിറ്റലിൽ ചെറിയൊരു ജോലി. മെഡിക്കൽ റെക്കോർഡ്‌സിൽ .     അന്ത്രപ്പോളജിയിൽ മാസ്‌റ്റേഴ്‌സ് എടുക്കാൻ പ്രൈവറ്റായി പഠിക്കുന്നു . ഹോസ്പിറ്റലിനടുത്തു ചെറിയൊരു 
മുറിയിൽ താമസം . വൈകുന്നേരങ്ങളിൽ ചിലദിവസം തൊട്ടടുത്തുള്ള ഒരു പാർക്കിൽ പോയിരിക്കും .
അവിടെവച്ചാണ് കുട്ടികളില്ലാത്ത ആ  ദമ്പതികളെ പരിചയപ്പെടുന്നത് . അവരോടുള്ള അടുപ്പം 
ജീവിതത്തിന് വേറൊരു താളം ഉണ്ടാക്കി  .ആ വീട്ടിലെ നിത്യ സന്ദർശക  ആയപ്പോൾ അമേരിക്കയിലേക്ക് അവർ വിസ കാത്തിരിക്കുകയാണെന്ന് മനസ്സിലായി . എന്നെയും അമേരിക്കക്കു കൊണ്ട് പോകാമെന്ന് അവർ പറഞ്ഞു.

പ്രതീക്ഷക്ക് വിപരീതമായി അവരാ വാക്കുപാലിച്ചു . ഇടതോരാതെ മഞ്ഞുപെയ്യുന്ന ഒരു 
ശൈത്യകാലരാത്രിയിൽ ഇവിടെ വന്നിറിങ്ങി . ഏതോ കമ്പനിയുടെ ഓഡിറ്റ് മാനേജരായ കാരണം 
അവരെപ്പോഴും യാത്രയിൽ ആയിരിക്കും . 

കൂട്ടുപുരികം നീണ്ടതാടി , മിതഭാഷി , ആവശ്യത്തിലധികം തീഷ്ണമായ കണ്ണുകൾ ഈവക കാര്യങ്ങൾ കുടുംബനാഥനെ വ്യത്യസ്ഥനാക്കി . മാന്യമായ പെരുമാറ്റമാണെങ്കിലും അയാൾ വളരെനേരം 
അകലേക്ക് നോക്കിയിരിക്കും . ആ  വീട്ടിലെ ഒരു മുറി  എപ്പോഴും പൂട്ടികിടക്കും .പൂജാമുറിയാണെന്നാണ് പറഞ്ഞത്.           

മുംബയിലെ പോലെ ഇവിടെയും ഒരു മുറി അടഞ്ഞു കിടന്നു . അയാൾ  എപ്പോഴും അതിനകത്തായിരിക്കും . ഇടക്ക് മന്ത്രോച്ചാരണങ്ങളും  മണി  കിലുക്കവും  കേൾക്കാം .സുഗന്ധ ധുളികളുടെ ഗന്ധം കാറ്റിൽ ലയിച്ചുകിടക്കും . അയാൾ അധികം സംസാരിക്കാറില്ല. അലോസരപ്പെടുത്തുന്ന നിശബ്ദത വീട്ടിൽ തളം കെട്ടിനിന്നിരുന്നു .ഭയമൊന്നും തോന്നിയിരുന്നില്ലെങ്കിലും  മനസ്സിൻറെ കോണിലെവിടെയോ വിഹ്വലതകളുടെ കാൽപ്പെരുമാറ്റം !സാധ്യതകളുടെ പരിമിതിയെപ്പറ്റി ബോധം ഉണ്ടായിരുന്നതുകൊണ്ട് നിശബ്ദതയെ പുണരാനാണ് തോന്നിയത് .

അമ്പരപ്പിക്കുന്ന ഒരു ദുരൂഹത അയാളുടെ ഓരോ ചലനത്തിലും ഉണ്ടായിരുന്നു . എന്നെ ബാധിക്കാത്ത എന്തിനെയും നിസ്സംഗതയുടെ പുതപ്പിനുള്ളിൽ നിന്ന് കാണാൻ ജീവിതം പഠിപ്പിച്ചിരുന്നു .
പുസ്തകങ്ങൾ വായിച്ചാണ് സമയം കളഞ്ഞിരുന്നത് .അയാളുടെ ലൈബ്രറിയിൽ അഥർവ്വവേദവും ,
ബ്ലാക്ക് മാജിക്  സംബന്ധിയായ പുസ്തകങ്ങളുമായിരുന്നു അധികവും . 

ഒരു ദിവസം ഫോട്ടോകൾ തുടക്കുന്നതിനിടയിൽ ശിവന്റെ തൃക്കണ്ണിനടിയിൽ കാണാനിടയായ ഭൂതക്കണ്ണാടി  ചില ചോദ്യങ്ങൾ ബാക്കി നിർത്തി . അയാൾ ആ  മുറിക്കുള്ളിൽ നിന്ന് എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന വെളിപാട് ഉൾകിടിലത്തിന് തീകൊളുത്തി . അയാളല്ലാതെ  മറ്റാരും ആ മുറിയിൽ 
പ്രവേശിച്ചിരുന്നില്ല . ഒരു ദിവസം ഉച്ചക്ക്  ഞാനെന്തോ വായിച്ചിരിക്കുകയായിരുന്നു . അയാൾ മുറിയുടെ 
വാതുക്കൽ വന്നു നിന്നു . കണ്ണുകൾ  തീനാളം പോലെ കത്തിനിൽക്കുന്നു . എന്നോട് അകത്തേക്ക് 
വരാൻ ആജ്ഞാപിച്ചു ! മെല്ലെ എഴുന്നേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ , വീണ്ടും വന്നു പറഞ്ഞു ,
" വസ്ത്രങ്ങൾ  വേണ്ട . " ഭയം എന്നിൽ ആവസിച്ചിരുന്നതുകൊണ്ട് ,മറ്റൊരു സാദ്ധ്യതയും ബാക്കിയില്ലെന്ന് 
മനസ്സിലായി..

 ആ  മുറിനിറയെ ചുവന്ന പ്രകാശം തളം കെട്ടിനിന്നു . ദിപങ്ങളും ,തിരികളും ഉയർത്തുന്ന പുകമണവും. ചുകപ്പിൻറെ  മാസ്മരികതയും, മന്ത്രോച്ചാരണങ്ങളും , മണികിലുക്കവും ബോധം 
മറയുമെന്ന തലത്തിലേക്ക് എത്തിച്ചു .  പൊക്കിയെടുത്തു ഒരു പീഠത്തിൽ കിടത്തി .അയാളെന്നെ 
എത്ര പ്രാവശ്യം പ്രാപിച്ചു എന്ന് ഓർക്കാനേ കഴിയുന്നില്ല .

രണ്ടു ദിവസം കഴിഞ്ഞാണ് ആ സ്ത്രീ വന്നത് . അയാളിലോ ,അവരിലോ യാതൊരു വിധ 
മാറ്റങ്ങളും കണ്ടില്ല . സ്ഥായിയായ അതേ നിസംഗത. വല്ലാതെ പേടിച്ചുപോയ എന്നെ അതാണ് കൂടുതൽ 
അത്ഭുതപ്പെടുത്തിയത് . അയാളെന്നെ ക്രൂരമായി പ്രാപിക്കുന്നത് പോകെ പോകെ ഒരു പ്രശ്നമല്ലാതായി .
പക്ഷെ , ചൂട്എണ്ണയിൽ  കൈ മുക്കി എൻ്റെ നെഞ്ചത്ത് വച്ച് മന്ത്രങ്ങൾ ജപിക്കുന്നത്‌ സഹനത്തിനും 
അപ്പുറത്തായിരുന്നു . ഒരു ദിവസം ഭൂതാവേശത്തിലെന്നപോലെ മന്ത്രോച്ചാരണങ്ങളുടെ മദ്ധ്യേ 
ഞാനയാളെ , ഒറ്റച്ചവിട്ടിനു വിളക്കുകളുടെയും, ദിപങ്ങളുടെയും ഇടയിലേക്ക് തെറിപ്പിച്ചിട്ടു .ദേഹം 
മുഴുവൻ പൊള്ളിപ്പോയ അവസ്ഥയിൽ എഴുന്നേറ്റുവരാൻ സമയമെടുത്തെങ്കിലും , കലികൊണ്ട് 
വിറക്കുന്നതിനിടയിലും , മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു . വന്നപാടെ ,അലറിക്കൊണ്ട് ,മന്ത്രോച്ചാരണം 
ഉച്ചത്തിലാക്കി എൻ്റെ തലയിൽ കൈവെച്ചു . ഞൊടിയിടകൊണ്ട് ഞാൻ സർപ്പമായി മാറി .!!
           
അരിശത്തിന് അങ്ങിനെ ചെയ്‌തെങ്കിലും ,കാര്യങ്ങൾ ആ ഒറ്റ പ്രവൃത്തിയിൽ കൈവിട്ടു പോയെന്ന് 
  അയാൾക്ക്‌ മനസ്സിലായി . തിരിച്ചുപിടിക്കാൻ തൻ്റെ കൈയിൽ ആയുധങ്ങൾ ഇല്ലെന്നും ബോധ്യമായി .
 വളരെ ചെറിയ സർപ്പമായതുകൊണ്ട്  അത് പെട്ടെന്ന് അപ്രത്യക്ഷമായി.

പാർക്കിന്റെ നിശബ്ദതയിൽ , വഴിയോരത്തെ ബെഞ്ചിൽ നിന്ന് കിട്ടിയ ചോദ്യത്തിന്റെ പൊരുൾ 
തേടി അയാൾ ഓട്ടം തുടർന്നു . 
മനസ്സിൻറെ അടിത്തട്ടിലെവിടെയോ ആ  ചോദ്യം നീറി നിന്നു .
“ ഒന്ന് സഹായിക്കാമോ? “

# Short story  by manohar Thomas

Join WhatsApp News
S S Prakash 2022-10-31 12:35:42
Very good
J. Mathews, NY 2022-10-31 16:42:04
ആ സർപ്പത്തിന്റെ തലയിൽ കൈ വച്ചൊന്നു അനുഹ്രഹിച്ചിരുന്നെങ്കിൽ ! അതിനെ " അവൾ " ആക്കി മാറ്റിയിരുന്നെങ്കിൽ ! വാരിപ്പിടിച്ചൊന്നു ചുംബിച്ചിരുന്നെങ്കിൽ ! അല്ലയോ കഥാകാരാ, നിങ്ങളൊരു കഠിന ഹൃദയനാണ് !
Nalinakumari 2022-11-01 07:23:09
തറവാട്ടിലെ സർപ്പങ്ങളുടെ കഥ കേട്ടു വളർന്നൊരു കുട്ടിക്കാലമുള്ളതുകൊണ്ടാവാം ഒരുപാട് പ്രതീക്ഷയോടെ വായിച്ചു. എന്നാലും ആദ്യഭാഗം കഥയുമായി എന്താ ബന്ധമെന്ന് മനസ്സിലായില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക