Image

പിപ്പിരിയും പിപ്പിടിയും: മറ്റൊരു ചെപ്പടി? (നടപ്പാതയിൽ ഇന്ന്- 56: ബാബു പാറയ്ക്കൽ)

Published on 01 November, 2022
പിപ്പിരിയും പിപ്പിടിയും: മറ്റൊരു ചെപ്പടി? (നടപ്പാതയിൽ ഇന്ന്- 56: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, നമ്മുടെ ഗവർണ്ണർ ഇങ്ങനെ തല തിരിഞ്ഞു പലതും പുലമ്പുന്നത്?"
"എന്ത് പുലമ്പിയെന്നാണെടോ ഇയ്യാൾ പറയുന്നത്?"
"ഇതുവരെയുള്ള ഗവർണർമാർ മിണ്ടാതെയിരുന്നു കാലാവധി കഴിഞ്ഞു മടങ്ങിയിടത്തു ഇങ്ങേര് ഓരോ ദിവസം ഓരോ കേസെടുത്തു നമ്മൾ തെരഞ്ഞെടുത്തു അധികാരത്തിലേറ്റിയ ഗവൺമെന്റിനെ വെള്ളം കുടിപ്പിക്കാനായി ഓരോ പ്രസ്താവനയുമായി വരുന്നത്?"
"ഏതു പ്രസ്താവനയുടെ കാര്യമാ ഇയ്യാളീ പറയുന്നത്?"
"ഇപ്പോൾ ഒടുവിലത്തെ വിസിമാരുടെ കാര്യം തന്നെയെടുക്കാം. സർക്കാർ നിയോഗിച്ചിരിക്കുന്ന ഇവരെയെല്ലാം ഒറ്റയടിക്ക് ഫയർ ചെയ്യാൻ ഇങ്ങേർക്കാരാ അധികാരം കൊടുത്തത്?"
"എടോ, കേരളത്തിൽ ഗവർണറാണ് ചാൻസലർ. അതായത് യൂണിവേഴ്‌സിറ്റിയുടെ പരമാധികാരി. അവിടെ നിയമിക്കപ്പെടുന്ന വൈസ് ചാൻസലർമാർക്കു മിനിമം വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തന പരിചയവും ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ എല്ലാം പാർട്ടി തീരുമാനിക്കുന്നതുകൊണ്ട് ആ വക നിയമങ്ങളൊക്കെ ചവറ്റുകൊട്ടയിലെറിഞ്ഞു സ്വന്തം ഇഷ്ടപ്രകാരം ഓരോരുത്തരെ തിരുകി കയറ്റിയിരിക്കുന്നതിനെയാണ് ചാൻസലർ ആയ ഗവർണ്ണർ ചോദ്യം ചെയ്‌തത്‌."
"എന്തുതന്നെയായാലും മുഖ്യമന്ത്രി വളരെ ശക്തമായി പ്രതികരിക്കുന്നതുകൊണ്ടു ഗവർണർക്കു കൂടുതലൊന്നും ചെയ്യാൻ കഴിയില്ല. ഇത് പിണറായി അല്ലേ, ഉമ്മൻ ചാണ്ടി അല്ലല്ലോ?"
"എന്നു പറഞ്ഞാൽ?"
"മുഖ്യമന്ത്രി പറഞ്ഞതു കേട്ടില്ലേ, ഗവർണ്ണറുടെ പിപ്പിരിയൊന്നും ഇവിടെ ചെലവാകത്തില്ല ഇത് കേരളമാണെന്ന്."
"അപ്പോൾ ഗവർണ്ണർ പത്രസമ്മേളനം വിളിച്ചുടനെ തന്നെ അതിനെ കൗണ്ടർ ചെയ്തില്ലേ? മുഖ്യമന്ത്രിയുടെ പിപ്പിടിയൊന്നും കണ്ടു വിരളുന്നവനല്ല ഈ ഗവർണ്ണർ എന്നു തിരിച്ചടിച്ചില്ലേ?"
"ഈ പ്രശ്‌നം പിന്നെയെങ്ങനെയാണ് പിള്ളേച്ചാ ഒന്ന് പരിഹരിക്കുന്നത്? ഇവർ ഇങ്ങനെ തുടർന്ന് പോയാൽ എങ്ങനെയാണ്?”
"തുടർന്നു പോയാൽ എന്താണ് പ്രശ്നം? മാധ്യമങ്ങൾക്കു ചാകരയല്ലേ?"
"എടോ, ഇതിനൊരു മറുവശം കൂടിയുണ്ട്. ക്രൈസിസ് മാനേജ്‌മന്റ് ക്ലാസ്സുകളിൽ  പറയാറുള്ള ഒരു കാര്യമുണ്ട്. ഒരു വര ചെറുതായി കാണാൻ അതിൻറെ അടുത്ത് അല്പം കൂടി വലിയൊരു വര വരച്ചാൽ മതിയെന്ന്. അതായത്, ഒരു പ്രശ്‌നത്തെ അതിൽ തൊടാതെ മാധ്യമങ്ങളെ മാറ്റി നിർത്താൻ അൽപ്പം കൂടി വലിയ മറ്റൊരു പ്രശ്നം ഇട്ടുകൊടുത്താൽ മതിയെന്ന് ചുരുക്കം. ഇവിടെ അതല്ലേടോ സംഭവിച്ചിരിക്കുന്നത്?"
"അതെന്താണ് പിള്ളേച്ചാ, മാധ്യമങ്ങൾ അങ്ങനെ മാറ്റി പിടിക്കുന്നത്?"

"എല്ലാ മാധ്യമങ്ങളും അങ്ങനെയല്ല. പക്ഷെ കേരളത്തിലെ മാധ്യമങ്ങൾ നൂറു ശതമാനവും അങ്ങനെയാണ്. ജേർണലിസത്തിൽ 'ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം' എന്നൊരു വിഭാഗമുണ്ട്. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ എവിടെയെങ്കിലും അങ്ങനെയൊരു വിഭാഗം ഉള്ളതായി കണ്ടിട്ടില്ല. വിദേശ രാജ്യങ്ങളിൽ പലപ്പോഴും പത്രങ്ങളാണ് പല സംഭവങ്ങളും വെളിച്ചത്തു കൊണ്ട് വരുന്നത്. അമേരിക്കയിൽ 1972 ൽ ആദ്യമായി 'വാട്ടർഗേറ്റ് സംഭവം വെളിച്ചത്തു കൊണ്ടുവന്നത് വാഷിംഗ്‌ടൺ പോസ്റ്റിൽ ജേർണലിസ്റ്റ് അപ്രന്റീസ് ആയി ജോലി ചെയ്‌തിരുന്ന ബോബ് വുഡ്‌വേഡ്‌ എന്നയാളാണ്. പിന്നീട് ന്യൂയോർക്ക് ടൈംസും മറ്റു മുഖ്യമാധ്യമങ്ങളും മത്സരിച്ചാണ് ഈ ഗൂഡാലോചനയുടെ ചുരുളുകൾ ഓരോന്നായി അഴിച്ചത്. രണ്ടു വർഷത്തിലേറെ ഈ മാധ്യമങ്ങളുടെ റിപ്പോർട്ടർമാർ പുതിയ പുതിയ കാര്യങ്ങൾ കുഴിച്ചു മാന്തി കൊണ്ടുവന്ന് അന്വേഷണ ഏജൻസികളെപ്പോലും  ഞെട്ടിച്ചുകൊണ്ടിരുന്നു. ഒടുവിൽ അമേരിക്കയുടെ ചരിത്രത്തിൽ രാജി വച്ചൊഴിയുന്ന ആദ്യ പ്രെസിഡന്റായി 1974 ൽ  റിച്ചാർഡ് നിക്‌സൺ പടിയിറങ്ങി. അതുപോലെതന്നെയായിരുന്നു അമേരിക്കൻ പ്രെസിഡന്റായിരുന്ന റൊണാൾഡ്‌ റീഗനെ വെള്ളം കുടിപ്പിച്ച 'ഇറാൻ കോൺട്രാ' സംഭവം. അങ്ങനെ എത്രയെത്ര കാര്യങ്ങളാണ് അവിടെയൊക്കെ പത്രക്കാർ അന്വേഷിച്ചു കണ്ടുപിടിക്കുന്നത്! ഇവിടെയോ?

ഖുർആൻ കൊണ്ടുവന്നതും ഈന്തപ്പഴം കൊണ്ടുവന്നതും സ്പ്രിംഗ്ലർ അഴിമതിയും സ്വർണ്ണക്കടത്തും ബിരിയാണി ചെമ്പും ഷാർജാ ഷെയ്ക്കിനെ പ്രോട്ടോക്കോൾ ലംഘിച്ചു വീട്ടിൽ കൊണ്ടുപോയതും എല്ലാം ആരെങ്കിലും വിളിച്ചുപറയുമ്പോൾ മാത്രം മാധ്യമങ്ങൾ വലിയ വാർത്തയാക്കുന്നു. പിന്നീട് മുഖ്യമന്ത്രിയോ പൊലീസോ എന്തെങ്കിലും പത്ര സമ്മേളനം നടത്തി പറയുന്ന കാര്യങ്ങൾ മാത്രം മാധ്യമങ്ങൾ കാണിക്കുന്നു. അതിനെപ്പറ്റി ചാനൽ ചർച്ചകൾ നടത്തുന്നു. ഉടനെ മറ്റൊരു വിഷയം വരുന്നു. എല്ലാവരും മൈക്കും കയ്യിൽ പിടിച്ച്‌ അതിന്റെ പുറകെ ഓടുന്നു. അടുത്ത ദിവസം മറ്റൊരു സംഭവം ഉണ്ടാകുന്നു. ഉടനെ മറ്റെല്ലാ സംഭവങ്ങളെയും മറന്ന് അതിന്റെ പുറകെ പോകുന്നു. അങ്ങനെയിരുന്നപ്പോൾ സ്വപ്ന സുരേഷ് വീണ്ടും ഒരു ബോംബ് പൊട്ടിക്കുന്നു. ഉടനെ അത് മാധ്യമങ്ങൾ ബ്രേക്കിങ് ന്യൂസ് ആയി ആഘോഷിക്കുന്നു. അപ്പോഴാണ് വടക്കാഞ്ചേരിയിൽ ടൂർ പോയ ബസ് അപകടത്തിൽ പെടുന്നത്. ഉടനെ എല്ലാവരും അങ്ങോട്ട് പോയി. അതിനെപ്പറ്റി ചൂടുപിടിച്ചു ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇലന്തൂരിൽ നരബലി നടത്തിയ ഇരട്ടക്കൊലപാതകം. ഹോ! എന്തൊരു ചൂട് പിടിച്ച റിപ്പോർട്ടിംഗ്‌  ആയിരുന്നു! അപ്പോഴാണ് കുന്നപ്പള്ളി എം എൽ എ ഏതോ പെണ്ണിൻറെ പുറകെ പോയത്. ചൂടുള്ള വാർത്ത, ചൂടുള്ള വാർത്ത... എല്ലാരും അവരുടെ പുറകെ പോയി. ഇപ്പോൾ ഷാരോൺ കൊലപാതകം ഞെട്ടിക്കുന്ന വാർത്തയായി. മറ്റെല്ലാ സംഭവങ്ങളും എവിടെയോ പോയ് മറഞ്ഞു."
"ഇതെന്തൊരു കഷ്ടമാണ്? അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ എന്താ പിള്ളേച്ചാ ഇവരാരും ശ്രദ്ധിക്കാത്തത്? ഏതെങ്കിലും ഒരു അഴിമതിയുടെയോ കള്ളക്കടത്തിൻറെയോ കാര്യത്തിൽ അധികാരത്തിലുള്ളവരിൽ നിന്നും എന്തെങ്കിലും ‘കവർ അപ്പ്’ ഉണ്ടായിട്ടുണ്ടോ എന്നെന്താ ആരും കുഴിച്ചു നോക്കാൻ പോകാത്തത്?"
"അതിൽ പല കാര്യങ്ങളുണ്ടെടോ. ഒന്ന്, കൂടുതൽ കുഴിക്കാൻ പോയാൽ കുഴിച്ചിട്ടു ചെന്നാൽ ജോലി കാണില്ല. രണ്ട്, ചിലപ്പോൾ ആരെങ്കിലും കുഴിച്ചവനെ ആ കുഴിയിൽ തന്നെ ഇട്ടു മൂടും. ചിലപ്പോൾ 'അപകട മരണം' അല്ലെങ്കിൽ 'കാണാതായി' അത്ര തന്നെ. പിന്നെ, പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ ജീവൻ പണയം വച്ചൊന്നും ഇവിടെയാരും ഇറങ്ങിത്തിരിക്കില്ല. അതിലൊക്കെ ഉപരി നമ്മൾ കാണുന്ന ഈ മാധ്യമ പ്രവർത്തകരൊക്കെ കൂടുതലും താത്കാലികമായി റിപ്പോർട്ടിങ്ങിനു വേണ്ടി എടുത്തിരിക്കുന്ന ട്രെയ്‌നികളാണ്. അവർക്കൊന്നും ഇതിനെപ്പറ്റി വലിയ ഗ്രാഹ്യവുമില്ല."
"അപ്പോൾ പിള്ളേച്ചൻ പറയുന്നത്, ഗവർണറും മുഖ്യനുമായുള്ള പ്രശ്‌നം ഇനിയും ചൂടായി നിൽക്കുമെന്നാണോ?"
"സംശയമെന്താ? ആ പ്രശ്‌നം ചൂടായി നിൽക്കുമ്പോൾ സ്വപ്ന പൊട്ടിക്കുന്ന ബോംബുകളൊന്നും കാര്യമായ പ്രഹര ശേഷി ഉണ്ടാക്കില്ലെടോ."
"അപ്പോൾ ഇത് ജനങ്ങളുടെ ശ്രദ്ധ മറ്റു വലിയ അഴിമതി കഥകളിൽ നിന്നും മാറ്റി നിർത്താനുള്ള വലിയൊരു വരയാണോ?"
"അങ്ങനെ വേണം വിശ്വസിക്കാൻ. മുഖ്യന്റെ പിപ്പിരിയും ഗവർണറുടെ പിപ്പിടിയും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള മറ്റൊരു ചെപ്പടി വിദ്യയായിട്ടേ കരുതാനാവൂ എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താനാവുമോ?"
"പാവം പൊതു ജനം!"
"ശരി പിന്നെ കാണാമെടോ."
"അങ്ങനെയാകട്ടെ പിള്ളേച്ചാ."

# nadapathayil innu by Babu Parackel

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക