Image

മകൻ  (കവിത: ചിഞ്ചു തോമസ്‌)

Published on 01 November, 2022
മകൻ  (കവിത: ചിഞ്ചു തോമസ്‌)

ഓടിക്കിതച്ചുതളർന്നൊരു ബാലനെൻ 
മടിയിൽ തലവെച്ചു വിശ്രമിക്കേ,
ക്ഷീണത്താൽ നിദ്രയിലാണ്ടിരുന്നഞാൻ 
ഞെട്ടിയുണർന്നു ശിരസ്സിൻ ഭാരമേറ്റ്.

ജന്തുക്കൾ നീന്തിത്തുടിച്ചൂമുറങ്ങിയും വിലസുമാം
മടിയിലതാകിടക്കുന്നൂ അമ്പോറ്റിയാംകുമാരൻ.
ആരാണീ ബാലൻ , ആരാണിവൻ 
ബോധമറ്റുവീണതെൻ മടിയിലേക്കോ?
ഇളംമേനിയാണ് തളിർമേനിയാണ്,
മലർമൊട്ടുപോൽ പുതുജീവനാണ്.
മൊഴികൾ വിങ്ങലായ് , മിഴികളിലശ്രുധാരയായ് 
നിമിനേരങ്കൊണ്ടണയും ആനന്ദക്കനലോ നീയെൻ കുഞ്ഞേ!

ചുറ്റിനുംനോക്കീഞാൻ ബാലന്റെയുറ്റവരാ-
യാരേയുംക്കണ്ടില്ലാക്കൂട്ടത്തിലൊന്നും.
ധൂമത്താൽ മൂടിയ മേനിയും , കട്ടച്ചെളിയാൽ 
വരണ്ടപാദങ്ങളും , വെള്ളം കിട്ടാ-
തുണങ്ങിയ ചുണ്ടുകളും , വെള്ളം കാണാ-
തഴുക്കിലൊളിച്ച നഖങ്ങളും ,പറയുന്നു കുഞ്ഞേ നീ 
തീരത്തെവിടെയോകളിച്ചൂതിമിർത്തൂനടന്നൊരുബാലനെന്ന്.

മാതൃത്വമുണർന്നൂകൊതിപൂണ്ടു ഞാനെ-
ന്നോമനതൻ മേനിയിലെന്നിലെയല ചൊരിഞ്ഞു.
ദൃശ്യമായ് വദനം പളുങ്കുപോൽ ; ആരിത് !
വിഹായസ്സിലാദിത്യൻ തൻ പ്രതിബിംബമോ!
കണ്ണുതട്ടാതെയെന്നോമനേ ഞാൻ നിന്റെ,
ചിബുകത്തിൽ കാർമേഘത്താൽ കരിചാർത്തീടാം.

മെല്ലെ വലയാൽപ്പൊതിഞ്ഞൂ,എൻകൈകളിൽ
കോരീയെടുത്തൂ 
അങ്ങകലെക്കാണുന്നകരയിൽ നിന്നെഞാനാക്കീടാം കുഞ്ഞേ 
തിരിച്ചുപോകുകനീ നിന്നുറ്റവർക്കരികിലായ് 
വളരുക നീ ,നല്ലൊരുമർത്ത്യനായീടുക നീ 
അറിയുക നീ പരമാത്മാവിന്നന്തരംഗം 
കരുതുക നീ എല്ലാ ജീവജാലങ്ങളേയും.

നിന്നെയുണർത്താതുമ്മനൽകീ ഞാൻ 
കൊതിതീരെനൽകാനാകില്ലോമനേ 
കൊതിതീരില്ല, നിന്നെക്കണ്ടുകൊതിതീർന്നില്ല 
എങ്കിലുമെൻപൈതലേ നീ പോയിജീവിക്ക.

കരയിലവനെച്ചേർത്തു ,ഞാനവിടെയാകെപ്പരതി 
ചാവാലിപ്പട്ടിക്കൂട്ടം ഓടിയണയുന്നതുകണ്ടു 
ഓമനയെനോക്കി നാവിൽക്കൊതിയൂറുന്നതുകണ്ടു 
അതുകണ്ട് ചിലമാനവർ കല്ലെറിഞ്ഞതുങ്ങളെയോടിച്ചു 
എന്നിട്ടവർത്തമ്മിൽനോക്കി കണ്ണിറുക്കുന്നതുകണ്ടു 
ചുറ്റിനുംനോക്കിയവർ ആരുമില്ലന്നുറപ്പിച്ചു 
ഓമനയെ വട്ടംകൂടുന്നതുകണ്ടു 
എന്നോമനതൻ വസ്ത്രമൂരുന്നതുകണ്ടു

 അയ്യോ കാപാലികർ ! അയ്യയ്യോ അവർ കൊന്നുതിന്നും 
കാളിയായ് ഉഗ്രരൂപിയായുയർത്തെഴുന്നേറ്റൂ ഞാൻ 
കരയിലേക്കാഞ്ഞടിച്ചൂ,എന്നോമനയേ കോരീയെടുത്തൂ 
ഓമനേ എന്നൊതിക്കരഞ്ഞു,കടലമ്മേയെന്നവൻ തിരികേവിളിച്ചൂ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക