Image

28 ദിനപത്രങ്ങളും, 18 വാരികകളും, 38 ദ്വൈവാരികകളും, 47 മാസികകളും... (വിജയ് സി. എച്ച്)

Published on 02 November, 2022
28 ദിനപത്രങ്ങളും, 18 വാരികകളും, 38 ദ്വൈവാരികകളും, 47 മാസികകളും... (വിജയ് സി. എച്ച്)

ഒരു കൊച്ചു കടയാണ് ജോൺസൻ്റേത്. പക്ഷെ, മലയാളത്തിൽ അച്ചടിച്ചിറങ്ങുന്ന സകല ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെ കിട്ടും. ഇവിടയേ കിട്ടൂ എന്നു പറയുന്നതാണ് കൂടുതൽ ശരി.  

ദിനപത്രങ്ങളും, വാരികകളും, ദ്വൈവാരികകളും, മാസികകളും, ദ്വൈമാസികകളും, ത്രൈമാസികകളും, വാർഷിക പതിപ്പുകളും ഇടതൂർന്നു തോരണം ചാർത്തുന്ന ഈ പെട്ടിക്കടയ്ക്കുള്ളിൽ ജോൺസനും കൂടിയുണ്ടെന്ന് അറിയണമെങ്കിൽ സൂക്ഷിച്ചു നോക്കണം! 

ഒരാൾക്ക് കഷ്ടിച്ചു നിൽക്കാനുള്ള സ്ഥലം മാത്രമേ ഈ കൊച്ചു സ്റ്റാളിനകത്തുള്ളു. കാലുകളൊന്നു മാറ്റിച്ചവിട്ടാൻ പോലും അതിനകത്തൊരു പഴുതില്ല. പാദങ്ങൾ വെക്കാനുള്ള സ്ഥലമൊഴിച്ചു ബാക്കിയുള്ള ഇടത്തത്രയും പ്രസിദ്ധീകരണങ്ങളുടെ കെട്ടുകൾ കുമിഞ്ഞു കിടക്കുകയാണ്. 

പത്തിരുപതു റോഡുകൾ വന്നുചേരുന്ന തൃശ്ശൂരിലെ സ്വരാജ് റൗണ്ടിൽ ഏറ്റവും പ്രസിദ്ധമായതാണ് എം. ഒ. റോഡ്. തൃശ്ശൂർ പൂരത്തിൻ്റെ വർണ്ണവിസ്മയം എന്നറിയപ്പെടുന്ന കുടമാറ്റം അരങ്ങേറുന്ന തെക്കെ ഗോപുര നടയിലെത്തുന്നതാണ് ഈ പാത. ചരിത്ര സ്മാരകമായ കോർപ്പറേഷൻ കെട്ടിടവും, മുനിസിപ്പൽ ബസ്സ്റ്റാ൯ഡും, പേരുകേട്ട തുണിക്കടകളും സ്വർണ്ണക്കടകളുമെല്ലാം വിശാലമായ ഈ തെരുവിൽ. രാമവർമ്മ തമ്പുരാൻ സ്റ്റാച്ച്യു കഴിഞ്ഞയുടനെ, പി. ഒ. റോഡ് തുടങ്ങുന്ന ആ കണ്ണായ സ്ഥലത്ത്‌, ജോൺസൻ്റെ ബുക്കുകട, ശരിക്കുമൊരു ബ്യൂട്ടിസ്പോട്ട്! 

സിറ്റിയിലേയ്ക്കുവരുന്നവർ പറയും, ജോൺസൻ്റെ കടയ്ക്കു മുന്നിൽ വൈറ്റുചെയ്യാമെന്ന്. ഒരു വാരിക വാങ്ങി വായിച്ചു നിൽക്കുന്നതിനിടയിൽ, തൊട്ടടുത്ത സ്റ്റാൻഡിൽ ബസ്സിറങ്ങി പ്രതീക്ഷിക്കുന്ന ആൾ ഇങ്ങെത്തും. കൊള്ളാം, 1932-ൽ പണിതീർത്ത, ചൈമിങ് ക്ലോക്ക് ടിക്-ടിക് അടിക്കുന്ന, കോർപ്പറേഷൻ ടവറിനേക്കാളും വലിയ ലാൻഡ് മാർക്ക് തൃശ്ശൂർ നഗരത്തിൽ നാലു സ്ക്വയർ ഫീറ്റ് ഭൂമിയിൽ നിലകൊള്ളുന്ന ജോൺസൻ്റെ കട! 

തൃശ്ശൂരിൽ മാത്രമല്ല, സംസ്ഥാനത്തെ സകല നഗരങ്ങളിലും സമകാലിക പ്രസിദ്ധീകരണങ്ങൾ ലഭിയ്ക്കുന്ന പെട്ടിക്കടകൾ സർവ്വത്ര. മുക്കിലും മൂലയിലും! ചിലത് സമകാലികങ്ങൾ‍ക്കു വേണ്ടി മാത്രം. ചിലതിൽ അവക്കൊപ്പം ചില്ലറ മറ്റു സാധനങ്ങളും കാണും. എന്തുകൊണ്ടു ജോൺസൻ്റെ കട? ഈ ചോദ്യത്തിനുത്തരം നൽകുമ്പോഴാണ് ജോൺസൺ ഉള്ളിൽതട്ടി ആവേശം കൊള്ളുന്നത്. 

പല സമാന സ്റ്റാളുകളിലും മുൻനിര പത്രങ്ങളും പുസ്തകങ്ങളും മാത്രമാണ് വിപണനം ചെയ്യുന്നത്. ചില 'വിപുലമായ' പെട്ടിക്കടകളിൽ ഏറ്റവും പ്രചാരമുള്ള പത്തെണ്ണം വരെ കാണും. എന്നാൽ, ജോൺസൻ്റെ കടയിൽ, മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും വരുന്നതുൾപ്പെടെ, 28 മലയാളം ദിനപത്രങ്ങൾ ലഭ്യമാണ്! ഇംഗ്ളീഷിലുള്ളതും, ഹിന്ദിയിലുള്ളതും, തമിഴിലുള്ളതും ചേർത്തു 14 എണ്ണം വേറെ. 

ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ മാത്രമായിരിക്കും ഇവയിൽ ചിലത് അന്വേഷിച്ചു ഒരു ഉപഭോക്താവ്‌ വരുന്നത്. പക്ഷെ, ആ സാധനം കടയിലില്ലെന്നു പറയുന്നത് തൻ്റെ ഒരു 'പ്രൊഫഷണൽ ഫെയില്യർ' ആയി ജോൺസൺ കാണുന്നു. അതിനാൽ, ദിവസേന 100-ൽ പരം കോപ്പികൾ വിറ്റഴിയുന്നൊരു മുൻനിര പത്രത്തിനും, മാസത്തിൽ ഒരു കോപ്പി മാത്രം ചിലവുള്ള ഇരുപത്തിയെട്ടാം സ്ഥാനത്തെ പത്രത്തിനും ജോൺസൻ്റെ കടയിൽ ഒരേ പ്രാധാന്യം! 

ഒരു പത്രത്തിൻ്റെ വിലയുടെ 17% സ്റ്റാൾ കോപ്പി കമ്മീഷനായി ജോൺസനു ലഭിക്കുന്നു. എല്ലാ പത്രങ്ങളും ചേർത്ത് ദിവസേന 'തരക്കേടില്ലാത്ത'ത്ര സ്റ്റാൾ കോപ്പികൾ വിൽക്കുന്ന ജോൺസന് ഇരുപത്തിയെട്ടാമനെയും, ഇരുപത്തിയേഴാമനെയും ഉൾക്കൊള്ളാൻ യാതൊരു നൊമ്പരവുമില്ല. മാത്രവുമല്ല, ടോപ്-10 വിഭാഗത്തിൽ വരാത്ത പത്രങ്ങളെ കൂടുതൽ ഡിസ്പ്ലെ ചെയ്തും, കസ്റ്റമേഴ്സിനോടു പറഞ്ഞു ശ്രദ്ധയിൽ പെടുത്തിയും സർകുലേഷൻ വർദ്ധിപ്പിക്കാൻ ഈ സഹൃദയൻ ശ്രമിക്കുന്നു. 

നിത്യവാടകയായ 630 രൂപ കൊടുത്തു കഴിഞ്ഞാലും, തൻ്റെയും, വൈകുന്നേരം കടയിലിരിക്കുന്ന സഹോദരൻ പോൾസൻൻ്റെയും കുടുംബങ്ങൾക്കു കഴിയാനുള്ള വരുമാനം ഇതിൽനിന്നു ലഭിക്കുന്നുണ്ടല്ലൊ. ജോൺസൺ സന്തുഷ്ടനാണ്! വലിയ മോഹങ്ങളൊന്നുമില്ല. യഥാർത്ഥത്തിൽ, ഈ കടക്കാരൻ്റെ സമീപനം കമേഷ്യലല്ല, പ്രൊഫഷനലാണ്! 

ദിനപത്രങ്ങൾക്കൊപ്പം, 18 വാരികകളും, 38 ദ്വൈവാരികകളും, 47 മാസികകളും, മലയാളത്തിൽ ഇറങ്ങുന്ന മുഴുവൻ ദ്വൈമാസികകളും, ത്രൈമാസികകളും, ഓണപ്പതിപ്പുകളും, വാർഷിക പതിപ്പുകളും, ഇയർ ബുക്കുകളും, കൂടാതെ അമ്പതിൽപരം ഇംഗ്ളീഷ് മാഗസിനുകളും പതിവായി വിപണനം ചെയ്യുന്നുവെന്നതാണ് ജോൺസനെ ശരിക്കുമൊരു വേറിട്ട വിജ്ഞാന വ്യാപാരിയാക്കുന്നത്! എന്തുകൊണ്ടു ദൂരദിക്കിൽ നിന്നു പോലും ജോൺസൻ്റെ കട അന്വേഷിച്ചു വായനക്കാരെത്തുന്നുവെന്നതിന് ഉത്തരമിതാണ്. ഉപഭോക്താക്കൾക്കറിയാം അവർക്കാവശ്യമുള്ള സാധനം ഇവിടെ വന്നാൽ ഉറപ്പായും കിട്ടുമെന്ന്! 

ഓരോ ലക്കവും ഇരുനൂറോളം പ്രതികൾ വിൽക്കപ്പെടുന്ന ദ്വൈവാരികകളും, മാസികകളുമുണ്ട് ഈ കടയിൽ. എന്നാൽ, വിൽപ്പനയുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചല്ല ജോൺസൺ തൻറെ കടയിലെത്തുന്ന 'അച്ചടിച്ച അറിവുകൾ'ക്കു കൊടുക്കുന്ന സ്ഥാനം. പ്രചാരവും വൈജ്ഞാനികതയും ആനുപാതികമാവണമെന്നില്ല എന്ന നിയതിക്കു അടിവരയിടുകയാണ് ജോൺസനിവിടെ! തൻറെ കടയിലേക്കു പ്രസിദ്ധീകരങ്ങൾ എത്തിച്ചുതരുന്ന വിതരണക്കാർക്ക് ഇല്ലാതെപോയൊരു തിരിച്ചറിവാണിതെന്ന് ജോൺസൺ ഖേദപൂർവ്വം അറിയിക്കുന്നു. 

കൊല്ലത്തുനിന്നും, തിരുവനന്തപുരത്തുനിന്നും, എറണാകുളത്തുനിന്നും, കോഴിക്കോടുനിന്നും പ്രസാധകർ നേരിട്ടയച്ചുകൊടുക്കുന്ന പ്രസിദ്ധീകരണങ്ങളും ജോൺസൻ്റെ കടയിലുണ്ട്. പക്ഷെ, പോസ്റ്റലായി എത്തുന്നതിനാൽ ഇവയുടെ പരിമിതമായ പ്രതികൾ മാത്രമേ ലഭിക്കുന്നുള്ളു. ഇക്കാരണത്താൽ ഈ ഗണത്തിൽപ്പെടുന്ന മാസികകൾ
വിറ്റഴിയുന്നത് ചൂടപ്പം പോലെയാണ്! 

ജോൺസൻൻ്റെ കട അറിയുന്നവരും സന്ദർശിക്കുന്നവരും കേരളത്തിൽ ഒട്ടനവധി! മന്ത്രിമാരും ലോകസഭ-നിയമസഭ അംഗങ്ങളും മുൻ അംഗങ്ങളും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും, സാഹിത്യ-ചലച്ചിത്ര മേഖലകളിലെ സെലബ്രിറ്റികളും കാർ അൽപ്പം ദൂരെ നിർത്തി, ഡ്രൈവറെ വിട്ടു മെഗസീനുകളും പത്രങ്ങളും വാങ്ങിപ്പിക്കുമ്പോൾ, ചിലർ "നടന്നുവന്ന് എന്നോടു രണ്ടു വർത്തമാനവും പറഞ്ഞു" സാധനം നേരിട്ടു വാങ്ങുന്നത് ജൊൺസനെ വല്ലാതെ ആകർഷിച്ചിരിക്കുന്നു! 

ചില രാഷ്ട്രീയ നേതാൾക്ക് തങ്ങളുടെ പാർട്ടി പത്രത്തിൻ്റെ ഒരു കോപ്പിയും, പിന്നെ വേറെ കുറെ പത്രങ്ങളും മാഗസീനുകളും വേണം. ഓരോ പ്രാവശ്യവും വേറെവേറെ പത്രങ്ങളും മാസികകളും ആവശ്യപ്പെടുന്നവരുമുണ്ട്.  പ്രശസ്തരായവർ ആവശ്യപ്പെട്ടതെല്ലാം ഇതുവരെ നൽകാൻ സാധിച്ചിട്ടുണ്ടെന്നത് ജോൺസന് എന്തെന്നില്ലാത്ത ആനന്ദം നൽകുന്നു. സാമാന്യമായൊരു സംതൃപ്തിക്കപ്പുറം ഇതൊരു ഇച്ഛാപൂർ‍ത്തിയും കൂടിയാണ് ഈ 'ചെറിയ' കടക്കാരന്! 

നിത്യവും മുപ്പതു കിലോമീറ്റർ സഞ്ചരിച്ചു ചാലക്കുടിയിൽനിന്നെത്തുന്ന ഗിരിയാണ് ജോൺസൻ്റെ കടയിലെത്തുന്ന ഏറ്റവും ശ്രദ്ധാലുവായ വായനക്കാരൻ. അദ്ദേഹത്തിന് ഇംഗ്ളീഷിലുള്ള രണ്ടെണ്ണമുൾപ്പെടെ 12 പത്രങ്ങൾ വേണം. അതിൽ ഒരു വിട്ടുവീഴ്ച്ചക്കും അദ്ദേഹം തയ്യാറല്ല. അതിനാൽ, കട തുറന്നു പത്രക്കെട്ടുകൾ അഴിച്ചയുടനെ ഗിരിക്കുള്ളത് എടുത്തു മാറ്റിവെക്കും. ഓരോ ദിവസത്തേയും വായനയുടെ 'റിവ്യൂ' പിറ്റേദിവസം ഗിരി പത്രം വാങ്ങാൻ വരുമ്പോൾ ജോൺസനു കൊടുക്കും. ഓരോ പത്രത്തിലുമുള്ള വസ്തുതാ പിഴവുകളും ആവർത്തനങ്ങളും മുതൽ അക്ഷരതെറ്റുകൾ വരെയുള്ള സകല പിശകുകളും അങ്ങനെ ജോൺസൺ അറിയുന്നു. ഇത് വർണ്ണങ്ങൾ വാരിവിതറുന്ന തൻറെ 'വിൽപ്പന ചരക്കു'കളുടെ ശരിയായ ഗുണനിലവാരമറിയാൻ ഈ 'പ്രൊഫഷണൽ' പത്ര കച്ചവടക്കാരനെ സഹായിക്കുകയും ചെയ്യുന്നു.  

ഒരിയ്ക്കൽ ഒരു കൂടിയ കൂട്ടരുടെ ഇയർ ബുക്ക് 60 പേജ് വായിച്ചു തീർന്നപ്പോൾ, അതിൽ 20 തെറ്റുകൾ ഗിരി കണ്ടുപിടിച്ചു. ആകസ്‌മികക്ഷോഭം അനുഭവപ്പെട്ട ജോൺസൺ, വിവരം ഉടനടി പ്രസാധകരെ അറിയിച്ചു. ഗിരിയുടെ കണ്ടെത്തലുകൾ ശരിയാണെന്നു ബോധ്യപ്പെട്ട പ്രസാധകർ ജോൺസൻ്റെ കസ്റ്റമറെ പത്രമാപ്പീസിലേക്കു വിളിപ്പിച്ചു പ്രശംസിച്ചു! 

തന്നെക്കാൾ ബുദ്ധിമാനായിരിക്കും തൻ്റെ വായനക്കാരനെന്നു ഒരു നല്ല പത്രലേഖകൻ കരുതണമെന്നു പറയുന്നത് ഇതുകൊണ്ടാണ്! ആയിരം വായനക്കാരിൽ ഒരു 'ഗിരി'യെങ്കിലും ഉണ്ടാകില്ലേ? ആ സംഭവത്തിനു ശേഷം, പുതിയ ഇയർ ബുക്ക് ഇറങ്ങിയാൽ ഫസ്റ്റ്-റീഡർ-ഫീഡ്ബേക്ക് അറിയാൻ അവർ ബന്ധപ്പെടുന്നത് ഗിരിയെയാണ്! ചാലക്കുടിക്കാരനെ പെട്ടെന്നു കിട്ടിയില്ലെങ്കിൽ ജോൺസനെ വിളിച്ചു ഓർമ്മപ്പെടുത്തും. അവർക്കറിയാം ബൃഹത്തായ പ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തേയും പരമ പ്രധാനവുമായ ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത് വിപണനം ചെയ്യുന്നവരാണെന്ന്! 

ഇറങ്ങിയാലുടനെ സർ‍വ്വ ഓണപ്പതിപ്പുകളും വായിച്ചു, മേന്മ അധികമുള്ളതിൻ്റെ  കൂടുതൽ കോപ്പികൾ സ്റ്റോക്കു ചെയ്യാൻ ജോൺസനോട് അഭിപ്രായപ്പെടുന്നതും ഗിരിയാണ്. തീവ്ര വായനക്കാരനായ ഇദ്ദേഹത്തിൻ്റെ നിർദ്ദേശമനുസരിച്ചു വരുത്തിയ അധികക്കോപ്പികൾ ഞൊടിയിടയിൽ വിറ്റുതീർന്ന ചരിത്രമേ ഇതുവരെയുള്ളു! 

ഏതെങ്കിലുമൊരു പിര്യോഡിക്കൽ ആദ്യമായി വിപണിയിൽ എത്തുമ്പോൾ അതിൻ്റെ ഒരു കോപ്പി വാങ്ങി ഷോകെയ്സിൽ വെക്കുന്ന വിൻസെൻ്റും, ഒരു പ്രത്യേക വാരികയുടെ ഓരോ ലക്കത്തിൻ്റെയും ഒരു കോപ്പി വാങ്ങി ഭദ്രമായി വീട്ടിൽ സൂക്ഷിക്കുന്ന ബി.എസ്.എൻ.എൽ ഓഫീസറും, ഒരു ദ്വൈവാരിക വില കൊടുത്തു വങ്ങി വേറെ മൂന്നു ദ്വൈവാരികൾ സൗജന്യമായി മറിച്ചു നോക്കാൻ അനുവാദം ചോദിക്കുന്ന ചെറുപ്പക്കാരനും ജോൺസൻ്റെ മറ്റു ചില സവിശേഷ സന്ദർശകരാണ്. 

സർകുലേഷൻ കുറഞ്ഞതിനാൽ നിലവിലുള്ളതു നിർത്തുന്നതും, ഏറെ പ്രതീക്ഷയോടെ നൂതനമായ അച്ചടിസംരംഭങ്ങൾ തുടങ്ങുന്നതും ഇന്നിൻ്റെ രീതിയായതിനാൽ, ജോൺസനെ കണ്ടു പുതിയതെത്തിയോയെന്നു ചോദിക്കാൻ വിൻസെൻ്റിനുനു നിത്യേനെയെന്നോണം വരേണ്ടിവരുന്നു! 

ജോൺസൻ്റെ അപ്പച്ചൻ, തട്ടിൽ തെക്കുമ്പത്ത് അന്തോണി എഴുപത്തഞ്ചു  വർഷം മുന്നെ ആരംഭിച്ച ഈ എളിയ സ്ഥാപനം, നഗരത്തിൽ പെട്ടെന്നു പച്ചപിടിച്ചതുകണ്ട ഒരു വലിയ പത്രത്തിൻ്റെ റിപ്പോർട്ടർ, അന്തോണിച്ചേട്ടനോട് ഒരിക്കൽ 'എന്തുണ്ടാക്കി' എന്നു ചോദിച്ചു. മറുപടിയായി, 'ആറെണ്ണത്തിനെ' എന്ന് അന്തോണിച്ചേട്ടൻ കളിവാക്കായ് പറഞ്ഞത്, ആ ലേഖകനുൾപ്പെടെ, അവിടെയുണ്ടായിരുന്ന സകലരേയും ചിരിപ്പിച്ചുകളഞ്ഞു! 

പിറ്റേ ദിവസത്തെ പത്രത്തിൽ, ഷേഡു ചെയ്ത ബോക്സിൽ, നടന്ന സംഭവം വള്ളിപുള്ളി വ്യത്യാസമില്ലാതെ അന്തോണിച്ചേട്ടൻ്റെ ഫോട്ടോ സഹിതം പ്രത്യക്ഷപ്പെട്ടപ്പോൾ (1982), ജോൺസൻ്റെ അപ്പച്ചനെയും അദ്ദേഹത്തിൻ്റെ  'സമകാലിക പെട്ടിക്കടയും' അറിയാത്തവരായി ആരുമില്ലെന്നായി! ആ 'തമാശ' അച്ചടിച്ചുവന്ന പത്രം, 'ആറെണ്ണത്തിൽ' ഇളയവനായ ജോൺസൺ അപ്പച്ചൻ്റെ ഓർമ്മക്കായി ഇപ്പോഴും പൊന്നു പോലെ സൂക്ഷിക്കുന്നു! 

കുഞ്ഞുമൊയ്ദീൻ ഹാജിയാണ് അന്തോണിച്ചേട്ടന് ഈ കട നിൽക്കുന്ന സ്ഥലം പണ്ട് അനുവദിച്ചത്. ഹാജിയുടെ മകൻ പി. കെ ആരിഫിനെ അന്തോണിച്ചേട്ടൻ്റെ മകൻ, തൻ്റെ അപ്പച്ചനു തുല്യം ഇന്നു ബഹുമാനിക്കുന്നത്, അദ്ദേഹം സ്ഥലത്തിൻ്റെ ഇപ്പോഴത്തെ ഉടമസ്ഥനായതുകൊണ്ടല്ല, മറിച്ച്, 'ആരിഫ് ഇക്ക' താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി ആയതുകൊണ്ടാണെന്നു ജോൺസൺ നെഞ്ചിൽ കൈവച്ചു പറയുന്നു. 

ആരിഫ് ഇക്കയ്ക്കു ശത്രുക്കളില്ല. ആ പാത അതുപോലെ പിൻതുടരുന്നതിനാൽ, സകലരും ജോൺസൻ്റെ മിത്രങ്ങൾ! ഇതാണ് ചെറിയ ഈ വിജ്ഞാന വ്യാപാരിയുടെ വലിയ വിജയമന്ത്രം! 

ഒമ്പതാം ക്ലാസിൽവെച്ചു സ്കൂൾ പുസ്തകങ്ങളോടു വിടചൊല്ലി ആനുകാലികങ്ങളോടു കൂട്ടുകൂടിയ ജോൺസൺ, തകര ഷീറ്റ് മേഞ്ഞ ഈ ഇത്തിരി സ്റ്റാളിൽ വിജയകരമായി പിന്നിട്ടത് നീണ്ട മുപ്പത്തിയേഴു വിജ്ഞാനവിൽപ്പന വർഷങ്ങൾ! 

# books article by vijai ch

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക