Image

വിഷക്കുപ്പിയുമായി മനുഷ്യർ സഞ്ചരിക്കുന്ന കാലം (ചിഞ്ചു തോമസ്)

Published on 03 November, 2022
വിഷക്കുപ്പിയുമായി മനുഷ്യർ സഞ്ചരിക്കുന്ന കാലം (ചിഞ്ചു തോമസ്)

'പെട്ടെന്നുള്ള മരണത്തിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണേ ', ക്രിസ്ത്യാനികളുടെ പ്രാർത്ഥനയിൽ ഉൾപ്പെട്ട എന്നാൽ നമ്മളിൽ മിക്കവരും അർത്ഥം ഓർക്കാതെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന.പെട്ടെന്ന് മരിക്കുമ്പോൾ നമ്മളുടെ സ്വപ്‌നങ്ങൾ ബാക്കി ആകുന്ന കാര്യമറിയാതെ ,ഉറ്റവരെ അവസാനമായി ഒന്ന് കാണാനോ അവരോട് എന്തെങ്കിലും പറയാനോ കഴിയാതെ , അവസാനമായി ചെയ്ത് തീർക്കാനായി എന്തെങ്കിലും ആഗ്രഹിക്കുന്നു എങ്കിൽ അത് ചെയ്ത് തീർക്കാൻ ആരോടെങ്കിലുമൊന്ന് പറയാതെ ഒരു ജീവൻ കടന്ന് പോകുക എന്ന ദുർവിധി ഉണ്ടാകരുതേ എന്നുള്ള പ്രാർത്ഥനയ്ക്ക് നമ്മൾ കരുതുന്നതിലും പ്രാധാന്യമുണ്ട്.

കൂടെ നിന്നവളെ ജീവന്റെ അവസാനകണിക അവശേഷിച്ചതുവരെ ഷാരോൺ സംശയിച്ചില്ല എന്നുമാത്രമല്ല മരണമൊഴിയിൽ പോലും അവൾ വിഷം നൽകിയെന്ന് സംശയിക്കുന്നു എന്ന് പറഞ്ഞില്ല. ഷാരോണിന് അവളോടുള്ള വിശ്വാസം അത്രമേൽ വലുതായിരുന്നു.വിഷം ഇറങ്ങിപ്പോയ വഴികളെല്ലാം പൊള്ളലേറ്റ് വിണ്ടുകീറി പുണ്ണുപിടിച്ച അവസ്ഥയിലും ആന്തരീകാവയവങ്ങൾ പ്രവർത്തനരഹിതമായപ്പോഴും  അവന് ആകുന്ന സമയമത്രയും അവളോട് ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണീരിൽ കുതിർന്നുള്ള സംഭാഷണങ്ങളിൽ അന്ധമായി വിശ്വസിച്ചുകൊണ്ടിരുന്നു.'തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല ,നീ വിഷമിക്കാതെ' എന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു.അവൻ ജീവിക്കുമെന്ന് കരുതിയിട്ടുണ്ടാകും.വാവേ ,പൊന്നേ എന്നൊക്കെ വിളിച്ച് അവൻ പറ്റുന്നസമയംവരെ അവളോട് മിണ്ടി.ഒടുവിൽ , ജീവിക്കുമോ എന്ന് സംശയം തോന്നിയിട്ടാകണം 'നീ എന്നെ മറക്കല്ലേ' എന്നവൻ ഒരു ചിരിയോടെ പറഞ്ഞുനിർത്തി.ഷാരോൺ മരിച്ചു പ്രണയിനി വിഷംകലർത്തിയതറിയാതെ.

അവർ താലികെട്ടിയപ്പോഴുള്ള അവളുടെ ചിരി ഞാൻ ശ്രദ്ധിച്ചു, എന്ത് നിഷ്ക്കളങ്കത! ഷാരോണിന്റെയടുത്തും അവന്റെ വീട്ടുകാരുടെയടുത്തും കൂട്ടുകാരുടെയടുത്തും അവൾ നടത്തിയ സംഭാഷണങ്ങളിലെല്ലാം കണ്ണീരും നിസ്സഹായതയുമാണെങ്കിലും കാമുകൻ മരണത്തോട് മല്ലിടുമ്പോൾ അവൾക്ക് അവൾ കൊടുത്ത കഷായം ഏതെന്ന് പറയാൻ കഴിയാതെയുള്ള ഒഴിഞ്ഞുമാറലുകളും , എന്താണ് ആ കുപ്പിയിലുണ്ടായിരുന്നത് എന്നറിയാൻ സ്വാഭിവികമായും ഒരു കാമുകിക്കുണ്ടാകേണ്ടുന്ന വ്യഗ്രതയോ ഒന്നുമില്ലാതെയുള്ള സംഭാഷണങ്ങളുമെല്ലാംകൊണ്ട് മൂന്നാമതൊരാൾക്ക് മനസ്സിലാക്കാം വിഷം അവൾ കലർത്തിയതുതന്നെ എന്ന്. ഷാരോൺ , അവൻ ആ ബന്ധത്തിലെ മൂന്നാമനല്ലല്ലോ!അവന് അവളോടുള്ള അന്ധമായ പ്രണയത്തിൽ ബുദ്ധി മരവിച്ച അവസ്ഥ ,കണ്ണ് മൂടപ്പെട്ട അവസ്ഥ.
ഷാരോൺ അറിഞ്ഞിട്ടുണ്ടാകുമോ അവൻ മരണമേറ്റുവാങ്ങാൻ പോകുന്നു എന്ന സത്യം ? എപ്പോഴോ അറിഞ്ഞിട്ടുണ്ടാകണം , അതാകണം 'നീ എന്നെ മറക്കരുത് 'എന്ന് അവസാനമായി പറഞ്ഞത്.അപ്പോഴെങ്കിലും അവൻ ചിന്തിച്ചിട്ടുണ്ടാകുമോ തനിക്ക് എന്തുകൊണ്ടാണ് കഷായം കുടിച്ചതുമുതൽ ഈ അവസ്ഥ വന്നതെന്ന് ?

ഓരോരുത്തരായി പറഞ്ഞു ,'ഗ്രീഷ്മ , അവൾ സ്മാർട്ടാണ് , റാങ്ക് ഹോൾഡറാണ്'! ഒരാളുടെ മിടുക്ക് അളക്കുന്നത് അയാളുടെ മാർക്കിലാണ് എന്ന ചിന്ത തോട്ടിലെറിയാൻ സമയമായില്ലേ ? അങ്ങനെയാണ് മിടുക്കളക്കുന്നത് എന്ന് ചിന്തിക്കുന്ന നിങ്ങളെന്ത് വിഡ്ഢിക്കൂട്ടങ്ങളാണ് ! 

പതിനൊന്ന് ദിവസങ്ങൾ ഒരുതുള്ളി വെള്ളമിറക്കാൻ കഴിയാതെ തന്റെ ശരീരത്തിന്റെയുള്ളിലുള്ള  പല ഭാഗങ്ങളും പുറത്തുപോകുന്നത് കണ്ടുനിന്നവർ, അവന്റെ നരകയാധനകൾക്കുള്ള മറുപടിയോ 'അവൾ സ്മാർട്ടാണ് ' എന്നുള്ള അംഗീകാരം ?

പണ്ടൊക്കെ സ്കൂളിൽ മോറൽ സയൻസ് എന്നൊരു പീരീഡ് ഉണ്ടായിരുന്നു. ഞങ്ങളൊക്കെ ആലോചിക്കുമായിരുന്നു എന്തിനാ അങ്ങനെയൊരു ക്ലാസ്സ് എന്ന് ! പക്ഷേ കുറേ കഴിഞ്ഞപ്പോൾ മാലാഖപോലെയുള്ള ആ കന്യാസ്ത്രീ എടുത്തിരുന്ന ക്ലാസ്സിൽ അവരുടെ ചെറിയ ശബ്ദം കേൾക്കാൻ നിശ്ശബ്ദരായിരുന്ന കൂട്ടുകാരേയും എന്നേയും ഈ സമയം ഞാൻ സ്മരിക്കുന്നു.

മനുഷ്യർക്ക് തങ്ങളെ മനുഷ്യരാക്കുന്ന മൃതു വികാരങ്ങൾ നഷ്ട്ടപ്പെടുന്നു , അവർ യാന്ത്രികമായി പ്രവർത്തിച്ചുതുടങ്ങുന്നു. 

നന്മതിന്മകളെക്കുറിച്ചുള്ള ക്ലാസ്സുകൾ വേണം , കുറെയേറെ വേണം.അനശ്വരമായ പ്രണയങ്ങളെക്കുറിച്ചുള്ള  കഥകളും കവിതകളുമെല്ലാം അറിയണം  പഠിക്കണം ആഘോഷമാക്കണം.അല്ലെങ്കിൽ ഒന്നിനും നിലനിൽപ്പുണ്ടാവുകയില്ല.ജീവന് മതിപ്പുണ്ടാകുകയില്ല.

# Article about parashala Sharon case BY CHINCHU THOMAS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക