Image

കാഴ്ചകൾ (കവിത : ദീപ ബിബീഷ് നായർ)

Published on 03 November, 2022
കാഴ്ചകൾ (കവിത : ദീപ ബിബീഷ് നായർ)

മനസ്സെന്ന മായാലോകം മതിമറന്നകലെയായ്
മങ്ങി നിൽക്കും കാഴ്ചകളിലുറങ്ങുകയോ?

വന്നുപോകാനൊരിടം പോൽ തന്നു ജീവനുദരത്തിൽ
ഭൂമിയിലായൽപ്പപ്രാണനുഴലുന്നേരം

എന്തുനേടാനപരന്ന് കോട്ടമേകും കർമ്മമേകി
കെട്ടിനീയോ കൊട്ടാരങ്ങൾ ചീട്ടുകെട്ടിലായ്

തിന്മയിൽ നിന്നൊരിക്കലുമില്ല സുഖമറിയുക
നിന്നുപോകാമായുസ്സിൻ്റെ ഘടികാരവും

അന്ധമാകും വിശ്വാസങ്ങൾ, ബന്ധനങ്ങൾ തീർത്തീടുമ്പോൾ
അന്ത്യമിന്നീയവനിയിലറിക വേണം

നൽകിടാം നന്മകൾ ചുറ്റും സ്നേഹദീപമെരിച്ചിടാം
കൊണ്ടുപോകാനൊന്നുമില്ല കൂടെയെന്നോർക്കൂ

സത്യധർമ്മ തത്വങ്ങളെ ചുട്ടെരിക്കും കാലമല്ലോ
നിത്യമിന്നീയവനിയോ നരകതുല്യം...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക