Image

കേജരിവാളിന്റേത് അതിബുദ്ധിയോ നയവഞ്ചനയോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 05 November, 2022
കേജരിവാളിന്റേത് അതിബുദ്ധിയോ നയവഞ്ചനയോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ (ആപ്പ്) ദേശീയ കണ്‍വീനറും ആയ അരവിന്ദ് കേജരിവാള്‍ ഒക്ടോബര്‍ 26-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വളരെ പ്രധാനപ്പെട്ട ഒരു അഭ്യര്‍ത്ഥന നടത്തി. ഇത് അനുസരിച്ച് ഇനി മുതല്‍ അച്ചടിക്കുന്ന കറന്‍സി നോട്ടുകളില്‍ ഭഗവാന്‍ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രങ്ങള്‍ ഉണ്ടായിരിക്കണം. സമൃദ്ധിയുടെ അടയാളമായ ഇവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉദ്ധരിക്കുവാന്‍ സഹായിക്കും. ഇത് ഒരു സമുദായത്തിനും എതിരായിട്ടുള്ള ഒരു പ്രസ്താവനയല്ല. കേജരിവാള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ സാധൂകരിക്കുവാനായി ഇന്‍ഡോനേഷ്യയുടെ ഉദാഹരണം എടുത്തു കാണിച്ചു. 85 ശതമാനം മുസ്ലീങ്ങളും രണ്ടു ശതമാനം ഹിന്ദുക്കളും ഉള്ള ഇവിടെ രാജ്യത്തിന്റെ കറന്‍സി നോട്ടുകളില്‍ ഭഗവാന്‍ ഗണേശന്റെ ചിത്രങ്ങള്‍ ഉണ്ട്. ഇന്‍ഡോനേഷ്യയുടെ ഉദാഹരണം കേജരിവാള്‍ എടുത്തു കാണിച്ചുവെങ്കിലും അസൂയാവഹമായ എന്തു സാമ്പത്തീകനേട്ടം ആണ് ആ രാജ്യം ഈ ചിത്രങ്ങളാല്‍ കൈവരിച്ചതെന്ന് കേജരിവാള്‍ തെളിയിക്കേണ്ടതായിട്ടുണ്ട്. ഡിസംബറില്‍ നടക്കുവാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭതെരഞ്ഞെടുപ്പുകളും 2024-ലെ പൊതു തെരഞ്ഞെടുപ്പും മുമ്പില്‍ കണ്ടുകൊണ്ട് ബി.ജെ.പി.യുടെ ഹിന്ദുവോട്ടു ബാങ്കില്‍ ഉന്നം വയ്ക്കുകയായിരുന്നു കേജരിവാള്‍ എന്നത് വ്യക്തം. അത് അദ്ദേഹത്തിന്റെ അതിസാമര്‍ത്ഥ്യം. മതനിരപേക്ഷതയുടെ ക്യാമ്പില്‍ നിന്ന് ഹിന്ദുത്വയിലേക്കുള്ള കേജരിവാളിന്റെ ഈ പരിണാമം കൗതുകകരം തന്നെ.

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ(ഐ.ഐ.റ്റി.) ഉല്പന്നമായ ഈ നേതാവിന്റെ അഭിപ്രായത്തില്‍ ഇന്‍ഡ്യയുടെ സാമ്പത്തീകരംഗം ഇരുണ്ടതാണ്. അത് ശോഭിക്കണമെങ്കില്‍ ദേവീദേവന്മാരുടെ അനുഗ്രഹം വേണം. അതിനായിട്ട് കറന്‍സിനോട്ടുകളില്‍ അവരുടെ ചിത്രങ്ങള്‍ അടിച്ചുവരണം. ലക്ഷ്മിദേവി സമ്പല്‍സമൃദ്ധിയുടെ ദേവതയാണ്. ഭഗവാന്‍ ഗണേശ് ആകട്ടെ ദുര്‍ഘടങ്ങളെ മാറ്റുന്ന, വിഘ്‌നേശ്വരനും. പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച അഭ്യര്‍ത്ഥനയില്‍ കേജരിവാള്‍ കറന്‍സിയില്‍ ഇപ്പോഴുള്ള മഹാത്മഗാന്ധിയുടെ ചിത്രം ഒരുവശത്തു തുടര്‍ന്നു കൊള്ളട്ടെയെന്നും മറുവശത്തു ഈ രണ്ട് ദേവതകളുടെ ചിത്രങ്ങളും അടിക്കട്ടെയെന്നും പറഞ്ഞു. ഈ രണ്ട് ദേവതകളുടെ ചിത്രങ്ങളും കറന്‍സിയില്‍ ഉണ്ടെങ്കില്‍ ഇന്‍ഡ്യ മുഴുവനും അനുഗ്രഹിക്കപ്പെടുമെന്നും ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റുവാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കാതിരുന്നത് ഒരു പക്ഷേ ആ സ്വാതന്ത്ര്യസമരസേനാനിയോടുള്ള ആദരവുകൊണ്ട് ആയിരിക്കുകയില്ല മറിച്ച് അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഓര്‍ത്തിട്ടായിരിക്കാം.?
കേജരിവാള്‍ 2024-ല്‍ അദ്ദേഹത്തിനായി ഭാവന ചെയ്യുന്ന റോള്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതായിരിക്കാം. പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരിക്കുന്നതും രണ്ട് സംസ്ഥാനങ്ങളില്‍ (രാജസ്ഥാന്‍, ഛാത്തീസ്ഘട്ട്) ആപ്പ് ഭരിക്കുന്നതും രണ്ട് സംസ്ഥാനങ്ങളില്‍ (പഞ്ചാബ്, ദല്‍ഹി). ഭൂരിപക്ഷ സമുദായ പ്രീണനയിലൂടെ ബി.ജെ.പി.യുടെ ഹിന്ദുവോട്ടു ബാങ്ക് തട്ടിയെടുക്കാമെന്നതായിരിക്കാം കേജരിവാളിന്റെ ലക്ഷ്യം. അതിന് അദ്ദേഹത്തിന് ബഹുദൂരം പോകേണ്ടിവരുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പു തന്നെ തെളിയിക്കും. ഹിന്ദുത്വ ആപ്പിന് ഒരിക്കലും അന്യം ആയിരുന്നില്ല. ആരംഭകാലത്ത് അതു മുഴക്കിയ മുദ്രാവാക്യങ്ങളില്‍ ഒന്ന് രാമരാജ്യം ആയിരുന്നു. അത് അഴിമതിരഹിതമായ രാമരാജ്യം എന്നതായിരിക്കാം. കേജരിവാള്‍ രണ്ടാം പ്രാവശ്യം ദല്‍ഹി മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ഓഫീസിലേക്ക് പ്രവേശിക്കുന്നത് ഹനുമാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടായിരുന്നു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 37 ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തപ്പോള്‍ അതിനെ സ്വാഗതം ചെയ്തുകൊണ്ട് കേജരിവാള്‍ പറഞ്ഞത് ഇത് കാശ്മീരില്‍ സമൃദ്ധിയും സമാധാനവും കൊണ്ടുവരും എന്നായിരുന്നു. കാശ്മീരിനെ വിഭജിച്ചതും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതും സംഘപരിവാറിന്റെ അജണ്ടയായിരുന്നു. ബി.ജെ.പി.-സംഘപരിവാറിനെപോലെ തന്നെ തീവ്രദേശീയതയും തീവ്രദേശസ്‌നേഹവും ആപ്പിന്റെ പ്രഖ്യാപിത നയങ്ങള്‍ ആണ്. ദേശസ്‌നേഹം ദല്‍ഹിയിലെ സ്‌ക്കൂളുകളില്‍ വേണ്ടത്ര പഠിപ്പിക്കുന്നില്ലെന്നും ഒരു മണിക്കൂര്‍ ഇതിനായി ആപ്പ് മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു നിര്‍ബ്ബന്ധമായി. ഹിന്ദുത്വ രാമായണത്തിലും ഭഗവത് ഗീതയിലും ഉണ്ടെന്നും അത് ബി.ജെ.പി.യുടെ ഹിന്ദുത്വയെപ്പോലെ ദളിതരെ ആള്‍ക്കൂട്ടകൊല നടത്തുന്നതല്ലെന്നും കേജരിവാള്‍ പറയുകയുണ്ടായി.

മാധ്യമപ്രവര്‍ത്തകനായ റിഫാത്ത് ജാവേദിനെ ജിഹാദിയായി മുദ്രകുത്തിയ ആപ്പോ കേജരിവാളോ മാസങ്ങളോളം ദല്‍ഹിയിലെ ഷാഹിന്‍ബാഗില്‍ പൗരത്വഭേദഗതിബില്ലിനെതിരെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ സമരം ചെയ്തപ്പോള്‍ തിരിഞ്ഞുപോലും നോക്കുകയുണ്ടായില്ല. പകരം ദല്‍ഹി കലാപത്തിന് കാരണക്കാര്‍ ബംഗ്ലാദേശി-രോഹിംഗ്യ മുസ്ലീങ്ങള്‍ ആണെന്ന് ആരോപിച്ചു.  ആപ്പ് ഗവണ്‍മെന്റിന്റെ വിവിധ പുരോഗമന പദ്ധതികള്‍ ദല്‍ഹിയെ മാറ്റി മറിക്കുന്നത് കാണുന്നതിനോടൊപ്പം ദല്‍ഹി ഗവണ്‍മെന്റ് പൂജകളും തീര്‍ത്ഥയാത്രകളും പണം കൊടുത്തു നടത്തുന്നതും കാണാതിരിക്കുവാനാവുകയില്ല. ദല്‍ഹിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ന്യൂനപക്ഷ സമുദായക്കാരെ കേന്ദ്ര ഗവണ്‍മെന്റിന്റെ പോലീസ് ആക്രമിച്ചൊതുക്കിയപ്പോള്‍ ആപ്പ് നിശ്്ബ്ദം ആയിരുന്നു. ആപ്പിന് ഒരേ ഒരു കാരണമേ പറയുവാന്‍ ഉണ്ടായിരുന്നുള്ളൂ. ലോ ആന്റ് ഓര്‍ഡര്‍ കേന്ദ്രത്തിന്റേതാണ് ദല്‍ഹിയില്‍. ശരിയാണ്. പക്ഷേ, ആപ്പ് ഒരു ജനകീയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ആണ്. അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം അതിനുണ്ട്. ആപ്പ് അതില്‍ പരാജയപ്പെട്ടു. ബി.ജെ.പി.യുടെ പിറകില്‍ ഹിന്ദുത്വ ധ്രൂവീകരണം സംഭവിക്കാതിരിക്കുവാനുള്ള രാഷ്ട്രീയതന്ത്രമായിരുന്നു അതെന്ന് വാദിച്ചാല്‍ അത് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല. മറിച്ച് ഭൂരിപക്ഷ സമുദായ പ്രീണത്തിനായിട്ടുള്ള ഒരു കുറ്റകരമായ മൗനമായിട്ടേ അതിനെ കാണുവാന്‍ സാധിക്കുകയുള്ളൂ. കേജരിവാള്‍ അണ്ണാഹാസാരെയുടെ അഴിമതി വിരുദ്ധസമരത്തിലൂടെ രാഷ്ട്രീയത്തിലെത്തിയതാണ്. അതിന് സര്‍വ്വജനപിന്തുണ ഉണ്ടായിരുന്നു. അതിനെ പിന്തുണച്ചവരില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിനോട് അടുപ്പമുള്ള ഇന്‍ഡ്യ എഗെന്‍സ്റ്റ് കറപ്പ്ഷനും ഉണ്ടായിരുന്നു.

കേജരിവാളിന്റെ ഹിന്ദുത്വ രാഷ്ട്രീയം മൃദുഹിന്ദത്വ രൂപത്തില്‍ കളിച്ച് പരാജയപ്പെട്ട രാഹുല്‍ഗാന്ധി ഇപ്പോള്‍ ഭാരത്‌ജോഡോ യാത്രയില്‍ ഇന്‍ഡ്യയെ ഒന്നിപ്പിക്കുവാനുള്ള ശ്രമത്തില്‍ ആണ്. ആരാണ് ഇന്‍ഡ്യയെ ഭിന്നിപ്പിക്കുന്നത്.? ആരാണ് ഇന്‍ഡ്യയെ ഒന്നിപ്പിക്കുന്നത്? ഏത് രാഷ്ട്രീയ ആശയങ്ങള്‍ ആണ് ഇവക്കു പിന്നില്‍? ഇതില്‍ കേജരിവാളിന്റെ രാഷ്ട്രീയം ഏതാണ്? ഒരു രാഷ്ട്രീയ പാര്‍ട്ടി പുരോഗതി ഉറപ്പു വരുത്തുമ്പോള്‍ അത് എല്ലാ ജനവിഭാഗങ്ങളെയും ഉറപ്പുവരുത്തികൊണ്ടുള്ളതായിരിക്കണം. മനുഷ്യാവകാശവും മനുഷ്യാഭിമാനവും ഉറപ്പു വരുത്തികൊണ്ടുള്ളതായിരിക്കണം. ഇവിടെയൊന്നും വിവേചനപാടില്ല. കേജരിവാളിന്റെ യാത്ര വഴിതെറ്റിയ അപഥ സഞ്ചാരം ആകാതിരിക്കട്ടെ.  ആധൂനിക ചിന്തകളില്‍ അടിയുറച്ച ഒരു ഐ.ഐ.റ്റി-യനെപ്പോലെ അദ്ദേഹം സംസാരിക്കട്ടെ. രാഷ്ട്രപുരോഗതിക്കും സമ്പല്‍സമൃദ്ധിക്കും ദേവീദേവന്മാരുടെ അനുഗൃഹം വേണമെന്നത് അദ്ദേഹത്തിന്റെ സ്വകാര്യ വിശ്വാസമാകട്ടെ.

Kejariwal's move

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക