കാലത്തു് എഴുന്നേറ്റ് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ.ജോർജ്‌കുട്ടി എഴുന്നേറ്റിട്ടില്ല.എന്തുപറ്റിയെന്ന് മനസ്സിലാകുന്നില്ല.
ജോർജ്‌കുട്ടി പറഞ്ഞു,"ഞാൻ ഇന്ന് ജോലിക്ക് വരുന്നില്ല.ഒരു സുഖം തോന്നുന്നില്ല താൻ പൊയ്‌ക്കോളൂ ."
"ഇവിടെ വെറുതെ ഇരുന്നിട്ട് എന്തുചെയ്യാനാണ്?"
"എനിക്ക് പരിചയയമുള്ള ഒരു കാർ ബ്രോക്കർ ഇന്ന് ഇവിടെ വരും.ഞങ്ങൾ ഒന്നിച്ചു് ഒരു കാർ നോക്കാൻ പോകുന്നു."
"കാർ?ആർക്കുവേണ്ടി?"
"എനിക്ക്,അല്ലാതെ ആർക്കാ?"
"ജോർജ്‌കുട്ടി താമശ കളഞ്ഞിട്ടു കാര്യം പറ."എൻ്റെ ക്ഷമ നശിച്ചിരുന്നു.
"ഞാൻ ഒരു കാർ വാങ്ങാൻ തീരുമാനിച്ചു.ഒരു സെക്കൻഡ് ഹാൻഡ് കാർ.വില തുച്ഛം ഗുണം മെച്ചം.വെറും രണ്ടായിരം രൂപ മാത്രം."
"രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കാറിന് എൻജിൻ കാണുമോ?"
"എൻജിൻ ഇല്ലെങ്കിലും കുഴപ്പമില്ല.നമ്മുടെ മുറ്റത്തു് ഒരു കാർ കിടക്കുന്നത് ഒരു ഐശ്വര്യം അല്ലെ?നമ്മൾക്ക് ഒരു വെയിറ്റ് അല്ലെ.എൻജിൻ ഇല്ലെങ്കിലും ആരും അറിയാൻ പോകുന്നില്ല."
"അത് വെറുതെ.നമ്മളുടെ ഹൌസ് ഓണറിൻ്റെ മകൾ ബൊമ്മി അത് കണ്ടുപിടിക്കും.എല്ലാവരെയും വിളിച്ചു കാണിക്കും, ജോർജ്‌കുട്ടിയങ്കിളിൻ്റെ കാറിന് എഞ്ചിനില്ല എന്നവൾ എല്ലാവരോടും വിളിച്ചു് പറയും.ഇനി എൻജിൻ ഉണ്ടെങ്കിൽ അവൾ അത് സ്റ്റാർട്ട് ചെയ്ത് റോഡിലിറക്കും."
"ശരിയാ.അവളെ ഒതുക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കണം."ജോർജ്‌കുട്ടി ആലോചനയിൽ മുഴുകി.ഞാൻ ജോർജ്‌കുട്ടിയെ കാത്തുനിൽക്കാതെ എൻ്റെ സൈക്കിളിൽ ജോലി സ്ഥലത്തേക്ക് പോയി.
ചിലപ്പോൾ ബിഷപ്പ് ദിനകാരനുമായി എവിടെയെങ്കിലും പോകാൻ കള്ളം പറഞ്ഞതായിരിക്കും.അല്ലാതെ ഇപ്പോൾ ജോർജ്‌കുട്ടിക്ക് എന്തിനാണ് കാർ?
പക്ഷെ വൈകുന്നേരം ജോലി കഴിഞ്ഞു ഞാൻ തിരിച്ചുവരുമ്പോൾ മുറ്റത്തരുകിൽ ഒരു ഹെറാൾഡ് കാർ നിർത്തിയിട്ടിരിക്കുന്നു.
എന്നെ കണ്ടപാടെ ജോർജ്‌കുട്ടി പറഞ്ഞു,"ഞാൻ വാങ്ങിയതാണ് .തന്നെയും കൂട്ടി വാങ്ങാൻ പോകാനിരുന്നാൽ ഇടങ്കോലിടും.അതാ തന്നെ ഒഴിവാക്കിയത്.വേഗം കാപ്പികുടിച്ചു റെഡിയായാൽ നമ്മുക്ക് ഒന്ന് ചുറ്റാൻ പോകാം,നമ്മളുടെ പുതിയ കാറിൽ.എല്ലാവരും ഒന്ന് കാണട്ടെ."
ഞാൻ കാറിൻ്റെ അടുത്തുപോയി നോക്കി.പഴയ ഒരു ഹെറാൾഡ് കാർ ആണ്. പുതിയതായി പെയിൻറ് ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്.താക്കോൽ എടുത്തു സ്റ്റാർട്ട് ചെയ്തുനോക്കി.ജോർജ്‌കുട്ടി പറഞ്ഞതുപോലെ ഉഗ്രൻ സാധനം.ഇത് കൊള്ളാമല്ലോ,ഞാൻ മനസിൽ കരുതി.
"എങ്ങനെയുണ്ട്?"
"ഉഗ്രൻ കലക്കി.തന്നെ സമ്മതിച്ചിരിക്കുന്നു."
"എങ്കിൽ വേഗം റെഡിയായിക്കോ.നമ്മുക്ക് ടൗണിൽ പോയി ഒരു സിനിമ കാണണം,ഡിന്നർ ഇന്ന് ഹോട്ടലിൽനിന്നും കഴിക്കാം.ചിലവ് എല്ലാം എൻ്റെ വക."
എനിക്ക് അത്ഭുതം തോന്നി.ജോർജ്‌കുട്ടി ആകെ മാറിയിരിക്കുന്നു.ഒരു കാർ ജീവിതത്തിൽ ഇത്രയും വലിയ മാറ്റങ്ങൾ വരുത്തുമോ?
ഞാൻ വേഗം റെഡിയായി.ഒരിക്കൽ പോലും വാടക ഷെയർ ചെയ്യാത്ത ജോർജ്‌കുട്ടിയാണ് ചിലവ് എല്ലാം വഹിച്ചോളാം എന്ന് പറയുന്നത്.എങ്ങനെ വിശ്വസിക്കും?
"നമ്മൾക്ക് അച്ചായനെയും സെൽവരാജനേയും കൂടി കൂട്ടാം."
"അതുവേണോ?"
"വേണം,അവരും കാണട്ടെ നമ്മളുടെ പുതിയ കാർ.പാവങ്ങൾ കാറിൽ കയറിയിട്ടുണ്ടാവില്ല.ആദ്യത്തെ യാത്ര നമ്മുടെ വണ്ടിയിലാകട്ടെ."
ഞാൻ കാറിൽ കയറി ഇരുന്നു.ജോർജ്‌കുട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു.അടിപൊളി തന്നെ.വില തുച്ഛം,ഗുണം മെച്ചം.ഞങ്ങൾ സെൽവരാജനേയും അച്ചായനേയും അന്വേഷിച്ചു് ചെന്നപ്പോൾ അവരെ കാണാനില്ല.അവസാനം തേടിപിടിച്ചു എന്ന് വേണം പറയുവാൻ.അവരെ പഞ്ചായത്ത് മെമ്പർ ഗൗഡ എവിടേക്കോ കൂട്ടിക്കൊണ്ട് പോയിരിക്കുകയാണ്.ഗൗഡയുടെ കൂട്ടുകാർക്ക് ചീട്ടുകളി അറിയില്ല, അവരെ ചീട്ടു കളി പഠിപ്പിക്കണം.അതിന് ക്‌ളാസ് എടുക്കുകയാണ് അച്ചായൻ.
"ഞാൻ അൽപ്പം തിരക്കിലാണ്.ഗൗഡയ്ക്കും കൂട്ടുകാർക്കും ചീട്ടുകളി പഠിപ്പിച്ചുകൊടുക്കുകയാണ്.അവർക്ക് നമ്മളുടെ അമ്പത്തിയാറും ഇരുപത്തെട്ടും ഒന്നും അറിഞ്ഞുകൂട.അകെ അറിയാവുന്നത് റമ്മി മാത്രം.ശരി ഒരു നല്ലകാര്യത്തിനല്ലേ.ലീവ് എടുക്കാം ."
ഗൗഡയെ കാര്യം പറഞ്ഞു മനസ്സിലാക്കി.അപ്പോൾ ഗൗഡയ്ക്കും ഒരു പൂതി. “അഞ്ചുപേർക്ക് യാത്ര ചെയ്യാമല്ലോ ഈ കാറിൽ.ഞാനും വരുന്നു."
"ഞങ്ങൾ സിനിമക്ക് പോകുകയാണ്.ഭക്ഷണവും കഴിഞ്ഞുതാമസിച്ചെ വരൂ"ഗൗഡയെ ഒഴിവാക്കാൻ ജോർജ്‌കുട്ടി കണ്ടുപിടിച്ച മാർഗ്ഗം പാളിപ്പോയി.
"എനിക്ക് സിനിമ കണ്ടാൽ അലർജി ഒന്നും ഉണ്ടാകില്ല.. ഭക്ഷണം കഴിക്കാൻ വിരോധവും ഇല്ല."
"എന്നാൽ പോരെ ."
ഗൗഡ നല്ല ഒരു തടിയനാണ്.ഗൗഡ അച്ചായൻറെയും സെൽവരാജൻറെയുംകൂടെ ഇരുന്നപ്പോൾ പുറകിലെ സീറ്റ് ഫുൾ ആയി.ജോർജ്‌കുട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു.അഞ്ചുപേരുടെ ഭാരം വലിക്കാൻ പാവം ഹെറാൾഡ് കാറിന് വിഷമംപോലെ.
"എന്താ? എന്തുപറ്റി? ഗൗഡ.
"ഓ ഒന്നുമില്ല പെട്രോൾ അടിക്കണം."ജോർജ്‌കുട്ടി വണ്ടി പെട്രോൾ പമ്പിലേക്ക് കയറ്റി.ഒരു ഇരുന്നൂറു രൂപയ്ക്ക് പെട്രോൾ അടിയ്ക്കാം അല്ലെ? ജോർജ്‌കുട്ടി ചോദിച്ചു.
"എന്തിനാ ഇരുനൂറ്? മുന്നൂറു രൂപക്ക് അടിച്ചോളൂ."ഗൗഡ തട്ടിവിട്ടു.
"മുന്നൂറ് രൂപക്ക് അടിച്ചോളൂ."
പമ്പിലെ പയ്യൻ മുന്നൂറ് രൂപയ്ക്ക് പെട്രോൾ അടിച്ചു,പൈസക്കായി കൈ നീട്ടി.ജോർജ്‌കുട്ടി ഇരുന്നൂറു രൂപ കയ്യിൽ എടുത്തിട്ട് പറഞ്ഞു,"ഗൗഡർ പറഞ്ഞ മുന്നൂറു രൂപയ്ക്ക് പെട്രോൾ അടിച്ചിട്ടുണ്ട്.ഒരു നൂറു റൂപ ആ പയ്യന് കൊടുത്തേക്ക്."
ചമ്മൽ മറച്ചുപിടിച്ചു് ഗൗഡർ നൂറു രൂപ എടുത്തുകൊടുത്തു.
ഇതിന് ഗൗഡർ എന്തെങ്കിലും പണി തരാതിരിക്കില്ല.
സിനിമ തീയേറ്ററിൽ ചെല്ലുമ്പോൾ സമയം മാറ്റിയിരിക്കുന്നു.ഷോയ്ക്ക് ഇനിയും മുക്കാൽ മണികൂർ സമയം ഉണ്ട്.എന്തുചെയ്യണം? അച്ചായൻ പറഞ്ഞു,”നമുക്ക് ഒരു ചായകുടിക്കാം ."
എല്ലാവർക്കും പൂർണ്ണ സമ്മതം.അടുത്തുകണ്ട ഒരു ശരവണ ഭവൻ ഹോട്ടലിൽ കയറി.സപ്ലയർ വന്നു, അച്ചായൻ പറഞ്ഞു,"ഇവിടുത്തെ മസാല ദോശ പ്രസിദ്ധമാണ്"
ഓരോ മസാലദോശയും ചായയും ഓർഡർ കൊടുത്തു.
അച്ചായൻ പറഞ്ഞത് വളരെ ശരിയായിരുന്നു.നല്ല ഒന്നാന്തരം മസാലദോശ. കഴിച്ചുകഴിഞ്ഞപ്പോൾ ജോർജുകുട്ടി പറഞ്ഞു,”ടിക്കറ്റ് കൊടുക്കാൻ തുടങ്ങിയെന്ന് തോന്നുന്നന്നു.പുതിയ പടമല്ലേ. ഞാൻ പോയി ടിക്കറ്റ് എടുക്കാം . നിങ്ങൾ പതുക്കെ വന്നേക്ക്.”
മറുപടികേൾക്കാൻ നിൽക്കാതെ ജോർജ്‌കുട്ടി ടിക്കറ്റ് എടുക്കാനായി പോയി.ഗൗഡ എന്നെ നോക്കി.ഞാൻ പറഞ്ഞു, "എനിക്ക് അബദ്ധം പറ്റി എൻ്റെ പേഴ്‌സ് വണ്ടിക്ക് അകത്താണ് ഞാൻ കാർ പാർക്കിങ്ങിൽ പോയി എടുത്തിട്ടുവരാം."
"അതെന്തിനാ? ഇതൊക്ക നമ്മുടെ പഞ്ചായത്ത് മെമ്പർ ഗൗഡക്ക് നിസ്സാരകാര്യം."അച്ചായൻ പറഞ്ഞു."
ഒന്നും പറയാതെ ഗൗഡ ബില്ല് കൊടുത്തു.
ഗൗഡ തക്കം കിട്ടിയാൽ പണിതരും എന്ന് ഞങ്ങൾക്ക് എല്ലാവർക്കുമറിയാം. എന്ത് വേലയാണ് ഗൗഡ കാണിക്കുക എന്ന ചിന്തയിലായി ഞങ്ങൾ.
പടം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഗൗഡ പറഞ്ഞു,"നമ്മൾക്ക് ഇമ്പിരിയൽ ബാറിൽ പോകാം നല്ല ഫുഡ് കിട്ടും.ഓരോ പെഗ് അടിക്കുകയും ചെയ്യാം."
ജോർജ്‌കുട്ടി പറഞ്ഞു."നിങ്ങൾ പൊയ്ക്കോളൂ,മദ്യപിച്ചു് വണ്ടി ഓടിച്ചാൽ പോലീസ് പിടിക്കും.നിങ്ങളുടെ കൂടെ ബാറിൽ വന്നാൽ ഞാൻ ഒരു പെഗ്ഗ് അടിച്ചുപോകും."
ഞാൻ പറഞ്ഞു,"താൻ ഇത് നേരത്തെ പറയാതിരുന്നത് എന്താ?ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുത്തിട്ടില്ല."
അച്ചായന് കാർ ഓടിക്കാൻ അറിയില്ല .ഗൗഡക്ക് ടു വീലർ ലൈസൻസ് മാത്രം,സെൽവരാജന് ഒന്നുമില്ല
ഈ രാത്രി ഇനി എന്ത് ചെയ്യാനാണ്?ഞങ്ങൾ കാറിനടുത്തേക്ക് നടന്നു.ജോർജ്‌കുട്ടി കാർ സ്റ്റാർട്ട് ചെയ്തു.പക്ഷെ,കാർ മുമ്പോട്ട് നീങ്ങുന്നില്ല.അര മണിക്കൂർ പരിശ്രമിച്ചിട്ടും ഒരിഞ്ചുപോലും നീങ്ങുന്നില്ല.രാത്രിയിൽ എവിടെനിന്ന് മെക്കാനിക്കിനെ കിട്ടാനാണ്?.
ഗൗഡയുടെ നേതൃത്വത്തിൽ തേടി നടന്ന് ഒരു മെക്കാനിക്കിനെ കിട്ടി.
"ഗിയർ ബോക്സ് തകരാർ ആണ്.രണ്ടു ദിവസം വേണം റിപ്പയർ ചെയ്യാൻ."
“അപ്പോൾ രണ്ടു ദിവസം കഴിഞ്ഞേ നിങ്ങൾ വീട്ടിൽ പോകുന്നുള്ളൂ,അല്ലെ?"ഗൗഡ ചോദിച്ചു.
ജോർജ്‌കുട്ടി പറഞ്ഞു,"ഞാൻ വരുന്നില്ല.നിങ്ങൾ പൊയ്‌ക്കോളൂ."
"ജോർജ്‌കുട്ടിയെ ഒറ്റക്ക് വിട്ടിട്ട് ഞാൻപോരുന്നത് ശരിയായ പണി അല്ല.ഞങ്ങൾ ഒന്നിച്ച് വന്നോളാം."ഞാൻ പറഞ്ഞു.
"ആപത്തിൽ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ചുപോകുന്നത് ഞങ്ങളുടെ നയം അല്ല.ഞങ്ങളും കൂടെ നിൽക്കാം."അച്ചായനും സെൽവരാജനും ഒന്നിച്ചുപറഞ്ഞു.
ഗൗഡ ഒരു ടാക്സി വിളിച്ചു.
ടാക്സി ഡ്രൈവർ പറഞ്ഞു,"സമയം ഒരു പാട് ലേറ്റ് ആയിരിക്കുന്നു.നിങ്ങൾ പറയുന്ന സ്ഥലത്തു് വരാം.ടാക്സിക്കൂലി ആദ്യമേ തരണം."
ഗൗഡ സമ്മതിച്ചു,പേഴ്‌സ് തുറന്ന് അയാൾ പറഞ്ഞ കാശ് കൊടുത്തു."ഞാൻ പോകുന്നു,നാളെ കാലത്തു് പഞ്ചായത്ത് മീറ്റിങ് ഉണ്ട്.പോകാതെ പറ്റില്ല."
പെട്ടന്ന് കാർ മെക്കാനിക്ക് ചോദിച്ചു,"ഞാൻ എന്തുചെയ്യണം?"
"കാർ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപൊയ്‌ക്കോ.ഞങ്ങൾ ഇവിടെ നിന്നിട്ട് എന്തുചെയ്യാനാണ്?ഏതായാലും ഗൗഡർ ടാക്സി അറേഞ്ച് ചെയ്തു.നിൽക്ക് ഗൗഡരെ,ഞങ്ങളും വരുന്നു."
# Novel Bangalore days- chapter 27 by John kurinjirappally