Image

സ്നേഹത്തിന്റെ ഉളിക്കൊത്തുകൾ (മൃദുല രാമചന്ദ്രൻ)

Published on 06 November, 2022
സ്നേഹത്തിന്റെ ഉളിക്കൊത്തുകൾ (മൃദുല രാമചന്ദ്രൻ)

ലോകത്തിലെ എല്ലാ ബന്ധങ്ങളും-രക്ത ബന്ധങ്ങളും,കർമബന്ധങ്ങളും- മനുഷ്യരുടെ ഹൃദയത്തിലാണ് പൊടിക്കുന്നതും, വളരുന്നതും,പൂവിടുന്നതും.
രക്തബന്ധങ്ങളിൽ സ്നേഹം സ്വാഭാവികമായും, സഹജമായും സംഭവിച്ചു കൊള്ളും എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്.അത് കൊണ്ടാണ് പലപ്പോഴും അത്തരം ബന്ധങ്ങളിലെ അനവധിയായ അപകടങ്ങളും, ടോക്സിസിറ്റിയും ഒന്നും നമ്മൾ കാണാതെ പോകുന്നതും, അഥവാ കണ്ടാൽ തന്നെയും അത് സ്നേഹത്തിന്റെയോ, കരുതലിന്റെയോ, വാത്സല്യത്തിന്റെയോ ഒക്കെ ഏറിയ രൂപമാണെന്നു കരുതി സമാശ്വസിക്കുന്നതും.
അച്ഛനമ്മമാർ മക്കളെ, മക്കൾ അച്ഛനമ്മമാരെ, സഹോദരങ്ങൾ പരസ്പരം ഇങ്ങനെയൊക്കെ ശാരീരിക ആക്രമണങ്ങളോ, കൊലപാതകങ്ങൾ തന്നെയോ ഉണ്ടാകുമ്പോൾ നമുക്ക് ശക്തമായ നടുക്കം തോന്നുന്നത് കുടുംബം എന്ന സോഷ്യൽ ഇൻസ്റ്റിറ്റ്യൂഷനിൽ സ്നേഹം സുഗമവും, അനായസവും ആയി ഉത്ഭവിക്കും എന്ന നമ്മുടെ വിചാരം കൊണ്ടാണ്. വാസ്തവത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രത്യക്ഷമായ മുറിവുകളെക്കാൾ ആഴത്തിൽ ഉള്ള, സദാ നീറുന്ന അനവധി മുറിവുകൾ മനസിൽ ഏൽപ്പിക്കുകയും, അതിന്റെ പ്രഹരശേഷിയാൽ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ശോകകാലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട് മനുഷ്യർ.
രക്ത-ജനിതകങ്ങളുടെ മൂർച്ചയാൽ, മേന്മയാൽ സ്നേഹം സ്വയംഭൂ ആയിക്കൊള്ളും എന്ന വിശ്വാസം കൊണ്ടാണ് വാടക ഗർഭധാരണം, ദത്തെടുക്കൽ എന്നെല്ലാം കേൾക്കുമ്പോൾ നമ്മൾ പുച്ഛിക്കുന്നതും, ഞെട്ടുന്നതും, നിരാകരിക്കുന്നതും...പത്തുമാസം ചുമന്ന് നൊന്തു പ്രസവിക്കുക എന്ന ശാരീരിക പ്രക്രിയക്ക്  സ്നേഹത്തെ മാന്ത്രികമായി സൃഷ്ടിക്കാനാകും എന്ന മായാ വിചാരമാണ് അത്.
യഥാർത്ഥമായ സ്നേഹം മനുഷ്യർ തങ്ങളുടെ തീവ്രമായ ശ്രമത്താലും, തപത്താലും ആണ് സൃഷ്ടിക്കുന്നത്....നിരന്തരമായി മനുഷ്യരെ വെല്ലുവിളിക്കുന്ന,സ്വയം മുറിഞ്ഞു കൊണ്ട് ഉടച്ചു തകർത്ത് പുതുക്കി പണിയാൻ മനുഷ്യരെ നിർബന്ധിതനാക്കുന്ന ഒന്നാണ് സ്നേഹം....
രണ്ടു മനുഷ്യർ തമ്മിൽ ഏർപ്പെടാവുന്ന ഏറ്റവും വിശുദ്ധവും, ശക്തവുമായ ഉടമ്പടിയുടെ മൂന്നക്ഷര പേരാണ് സ്നേഹം.വാസ്തവത്തിൽ സ്നേഹത്തിൽ ആയിരിക്കുന്ന മനുഷ്യർ ആ സ്നേഹത്തെ വിശ്വസിക്കുകയും, മാനിക്കുകയും ചെയ്യും.അങ്ങനെ അല്ലാത്തത് ഒന്നും സ്നേഹമല്ല... സ്നേഹമെന്ന് വിചിത്രമായി നമ്മളെ കബളിപ്പിച്ചു കളഞ്ഞ ഏതോ അധമ ഭാവം മാത്രമായിരുന്നു.ആസിഡ് ഒഴിച്ചു കരിച്ചു കളയുകയും, കൊന്നു കളയുകയും ഒക്കെ ചെയ്യുന്നവർ ഒരിക്കലും, ഒരിക്കലും സ്നേഹിക്കുകയായിരുന്നില്ല.ഏറ്റവും വികൃതമായ ഏതോ ഒരു വികാരത്തെ,സ്നേഹമെന്ന വ്യാജേന പ്രകടിപ്പിക്കുകയായിരുന്നു.അതിനെ സ്നേഹമെന്ന് കരുതിയവർ ആണ് ലോകത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാന്മാർ.
സ്നേഹത്തിൽ ഏർപ്പെടുന്ന രണ്ടു മനുഷ്യരാൽ  നിർണ്ണയിക്കപ്പെടുന്ന നിയമങ്ങളും, അതിരുകളും മാത്രമാണ് അതിനുള്ളത് എന്നാകയാൽ അതിനെ സാമാന്യവത്കരിക്കുന്നതിൽ അർത്ഥമില്ല.ഓരോ രണ്ടു മനുഷ്യർക്കിടയിലും സ്നേഹത്തിന്റെ രൂപ-ഭാവ-പ്രകടനങ്ങൾ തനിമയുള്ളതും, വേറിട്ടതും ആയിരിക്കുന്നതിന്റെ കാരണം അത് രണ്ടു മനുഷ്യരാൽ ഭരിക്കപ്പെടുന്ന വിസ്തൃത സാമ്രാജ്യം ആണെന്നുള്ളത് കൊണ്ടാണ്... അത് സൗഹൃദമോ, പ്രണയമോ,സാഹോദര്യമോ, മാതാപിതാക്കളും മക്കളും ആയുള്ള ബന്ധമോ, ഗുരു-ശിഷ്യ ബന്ധമോ ഏതുമായിക്കോള്ളട്ടെ...
രണ്ടു മനുഷ്യരുടെ ചെറിയ ജീവിതത്തിൽ നിന്നാണ്  സ്നേഹം ലോകത്തിൽ മുഴുവൻ നിറയുന്നത്.മഹത്തരമായ സ്നേഹബന്ധങ്ങളെ നാം ഇന്നും മിഴി നിറഞ്ഞു മാത്രം ഓർക്കുന്നത് , മനുഷ്യന്റെ ഹൃദയത്തിൽ ഒരു ചെറു തുടിപ്പായി ആരംഭിച്ച ഒരു വികാരത്തിന് ,ലോകത്തിനെ അൽപ്പമെങ്കിലും പരിണമിപ്പിക്കാൻ , മികവുറ്റത് ആക്കാൻ സാധിച്ചു എന്നത് കൊണ്ടാണ്...
ഓരോ ഉളിക്കൊത്തിന്റെ മൂർച്ചയിലേക്കും സ്വയം അർപ്പിച്ചു കൊണ്ട്, ഒരത്ഭുത ശില്പമായി പരിവർത്തനം ചെയ്യാൻ ഒരാൾ തീരുമാനിക്കുന്നതാണ് സ്നേഹം...ഏറെ സ്നേഹിക്കുന്ന ശിലയിലേക്ക് മൂർച്ച ഏറ്റിയ ഉളി ഓരോ തവണയും ആഴ്ത്തിയിറക്കുന്ന ശിൽപിയുടെ വേദനയാണ് പരിവർത്തനത്തെ സാധ്യമാക്കുന്നത്...

# Love story by Mrudula Ramachandren

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക