Image

നല്ലോർമ്മകൾ (കവിത: ദീപ ബിബീഷ് നായർ)

Published on 07 November, 2022
നല്ലോർമ്മകൾ (കവിത: ദീപ ബിബീഷ് നായർ)

പാതിവെന്തൊരാ പച്ചനെല്ലിൻ ഗന്ധ-
മോർമയിൽ പരതുന്നു ഞാനിതാ
കാതുകൾ കൂർപ്പിക്കുന്നു കേൾക്കുവാ-
നന്നു കേട്ടൊരാ കൊയ്ത്തുപാട്ടീണവും
നാട്ടിടവഴിക്കോണുമാ ചെമ്പക -
പ്പൂമണവുമകന്നു പോയെങ്കിലും 
കൂട്ടുകൂടി നടന്നൊരാ പാതകളി -
ന്നുണരുന്നു മായാത്ത ചിത്രമായ്
പണ്ടിരുന്നോരു പുൽമേടുമാമര _
ക്കൂട്ടവുമില്ല കാണുവാനെങ്കിലും
നിന്റെകൈവിരൽത്തുമ്പു പിടിച്ചതു - 
മിന്നലെയെന്നപോലെ തെളിയുന്നു
നാട്യമില്ലാത്ത നാട്ടിൻ പുറങ്ങളും
നാൽക്കവലകൾ നാലമ്പലങ്ങളും
നാണത്താൽ നഖചിത്രം വരയ്ക്കുന്ന
നാട്ടുപെണ്ണിൻ കൊലുസ്സിൻ കിലുക്കവും
മാറിവന്നു മുറപോലെ നാളുകൾ
നാടുമാറി നഗരവുമൊന്നാകെ
മാറിടാത്ത മനസുമായ് ഞാനിതാ
ഭൂതകാലത്തിന്നേടു തിരയുന്നു
നാളെയെന്നത് മുന്നിലില്ലെങ്കിലും
ഇന്നെനിയ്ക്കുണ്ട് ഇന്നലെകളോർക്കുവാൻ
നന്മവറ്റി വരണ്ടൊരാ ഭൂവിതിൽ
പുണ്യനീരായി ഇറ്റിറ്റുവീഴുവാൻ ..

 

Join WhatsApp News
Somasundaran p. S 2022-11-09 06:07:20
കവിയത്രിയുടെ കൗമാര കാലത്തിനു ശേഷമുള്ള തലമുറയ്ക്ക് വയൽവരമ്പിലെ നാട്ടുപൂക്കളുടെയും ചെളിവെള്ളത്തിന്റെയും ഗന്ധം ആസ്വദിക്കാൻ ഇനി പറ്റുമെന്ന് തോന്നുന്നില്ല 🌹🙏🌹🙏👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക