Image

തല തിരിഞ്ഞ ലത (കിനാശ്ശേരിക്കാലം 10: റാണി ബി. മേനോന്‍)

Published on 08 November, 2022
തല തിരിഞ്ഞ ലത (കിനാശ്ശേരിക്കാലം 10: റാണി ബി. മേനോന്‍)

മകൾക്ക് ലത എന്നു പേരിടുമ്പോൾ അവളിങ്ങനെ "തല" "തിരിഞ്ഞതാവു"മെന്ന് അവളുടെ അച്ഛനോർത്തിരിയ്ക്കില്ല. മകൾക്ക് മണിമേഖല എന്നു പേരിടണമെന്നായിരുന്നു വായനാശീലനും, സഹൃദയനും, സർവ്വോപരി നല്ലൊരു മനുഷ്യ സ്നേഹിയുമായ ശ്രീരാമമേനോൻ വിചാരിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യയായ കൃഷ്ണകുമാരിയമ്മ അതിനെ നഖശിഖാന്തം എതിർത്തു. അതൊരു കിനാശ്ശേരിത്തമില്ലാത്ത, വൃത്തിയില്ലാത്ത, അസാമാന്യമായ നീളമുള്ള ഒരു പേരായി അവർക്കു തോന്നി. 
"താൻ കുട്ട്യേ മണീന്ന് വിളിച്ചോളൂ" എന്നായി മേനോൻ.
എന്നിട്ടും അവരടങ്ങാതെ വന്നപ്പോൾ
"ന്നാൽ താനെന്താന്നച്ചാ പറയ്യാ"ന്നായി.
"ലതാന്നു മതി. ചെറുതാണ്, നാട്ടുനടപ്പുള്ളതാണ്, കൃഷ്ണകുമാരിയമ്മ വള്ളി (ലത) യെ പുകഴ്ത്താൻ തുടങ്ങി.
അങ്ങനെ അവൾ ലതയായി. 
എല്ലാ സാധാരണ കിനാശ്ശേരിക്കാരിക്കുട്ടികളെയും പോലെ അവളും പഠിക്കാൻ പോയി.
പഠിക്കാൻ തരക്കേടില്ല. എല്ലാത്തിലും കടന്നു കൂടും. ടീച്ചർമാരുടെ പരാതികളുമധികമില്ലാതെ അവൾ എട്ടാം ക്ലാസ്സുവരെ പഠിച്ചു. 
തല തിരിയാൻ തുടങ്ങിയതതിനു ശേഷമായിരുന്നു. 
ആദ്യമെല്ലാം കൗമാരത്തിന്റെ വാശിയായേ ഗണിച്ചുള്ളൂ. കിനാശ്ശേരിക്കുട്ടികളെല്ലാം അച്ഛനമ്മമാരുടെ അടി കൊണ്ടാണ് വളർന്നത്. പക്ഷെ മേനോൻ അത്തരം  ശിക്ഷാവിധികൾക്കെതിരായിരുന്നു. 
മകൾ തല തിരിഞ്ഞ ചോദ്യങ്ങൾ ചോദിച്ചാലും, അദ്ദേഹം ക്ഷമയോടെ മറുപടി കൊടുത്തിരുന്നു. കൊസ്റാക്കൊള്ളിച്ചോദ്യങ്ങൾ ചോദിക്കുമ്പോൾ അദ്ദേഹം അതിലെ അർത്ഥരാഹിത്യം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. ആകെ മൊത്തം ഒരു സൈക്കോളജിക്കൽ move.
"നിങ്ങളിവളെ ചീത്തയാക്കുകയാ"ണെന്ന് കൃഷ്ണകുമാരിയമ്മ പലവട്ടം പറഞ്ഞിട്ടും, അദ്ദേഹം അവളെ ചേർത്തു പിടിച്ച് 
"ന്റെ കുട്ടി അങ്ങിനെ ചീത്തയാവില്ല, ആയാൽ ഞാൻ സഹിച്ചു" എന്നു മറുപടി കൊടുത്തു.
മുതിർന്ന പെൺകുട്ടിയായപ്പോൾ അമ്മ അവളെ ക്ഷേത്ര ദർശനത്തിലെ ചിട്ടകൾ പഠിപ്പിക്കാൻ തുടങ്ങിയതോടെയാണ് അവൾ അമ്മയോടിടഞ്ഞത്.
മകളുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയ കൃഷ്ണകുമാരിയമ്മ അവളുടെ  തലയ്ക്കൊരു മേടു വച്ചു കൊടുത്താണ് പ്രശ്ന പരിഹാരമുണ്ടാക്കിയത്. 
"ഇനിപ്പോ 'അച്ചാ.....' ന്നും വിളിച്ചോണ്ടോടണ്ട. ഇതിപ്പോ ഞാൻ പറയും പോലെ ചെയ്താൽ മതി" എന്ന കർശനമായ ആജ്ഞയും കൊടുത്തു.
മകൾ പകരം വീട്ടിയത്, അമ്മ പറഞ്ഞതിനെതിരായി ക്ഷേത്രപ്രവേശന വിളംബരം നടത്തിയിട്ടാണ്.
ഒപ്പം, താനൊരു നിരീശ്വരവാദിയാകാൻ തീരുമാനിച്ച വിവരവും അമ്മയെ ഞെട്ടിച്ചു കൊണ്ടവൾ പ്രഖ്യാപിച്ചു.
ശ്രീരാമ മേനോനും, ശ്രീഭൂതനാഥനും, പാറുക്കുട്ടി, കാളിക്കുട്ടി എന്നീ ദേവതകൾക്കും അതൊരു പ്രശ്നമായിത്തോന്നിയില്ലെങ്കിലും, കൃഷ്ണകുമാരിയമ്മ അവളുടെ കൂട്ടുകാരേയും, അവൾ വായിക്കുന്ന പുസ്തകങ്ങളെയും, കിനാശ്ശേരിയിൽ അതീവ രഹസ്യമായി നടക്കുന്നതായിപ്പറയപ്പെടുന്ന "സ്റ്റഡീ ക്ലാസ്സു"കളേയും ശങ്കിച്ചു.
പിന്നെ ശ്രീഭൂതനാഥൻ, പാറുക്കുട്ടി എന്നിവർക്ക് "സത്" വഴിപാടുകളും, വികൃതിയായ കാളിക്കുട്ടിയ്ക്ക് തക്ക അത്ര "സത്" അല്ലാത്ത വഴിപാടുകളും നടത്തി.
മകൾക്കു വേണ്ടി ദൈവങ്ങളോട് മാപ്പിരക്കുകയും 
"കുട്ടിയുടെ തലവര നന്നാവാൻ പ്രാർത്ഥിക്കുകയും ചെയ്തു. താനൊരു നല്ല അമ്മയാകാഞ്ഞതിനാലാണ് മകളിങ്ങനെ തലതിരിഞ്ഞു പോയതെന്ന കുറ്റബോധവും അവരെ നീറ്റി.
അങ്ങിനെയിരിക്കെയാണ് ലതയ്ക്ക് ഒരു വിവാഹാലോചന വന്നത്. പത്തിൽപ്പത്തു പൊരുത്തം, ഗവർമ്മേന്റു ജോലി, നല്ല കുടുംബം.... അയ്യപ്പൻ നായർ, ശ്രീലക്ഷ്മിയമ്മ ദമ്പതികളുടെ മകനായ പ്രതിശ്രുതന്റെ പേരിത്തിരി കടുപ്പമായിപ്പോയി എന്ന്  കൃഷ്ണകുമാരിയമ്മയ്ക്കു പോലും തോന്നി. 
വേറൊന്നുമല്ല, 'ഈശ്വരൻ കുട്ടി നായർ'.
"ഇങ്ങിനൊരു പേരെങ്ങിനെ വന്നു''? എന്ന ചോദ്യത്തിന് അയാളുടെ അച്ഛനമ്മമാരുടെ മറുപടി അല്പം കുഴപ്പിക്കുന്നതായിരുന്നു. ഒരു പാട് ഈശ്വരഭജനവും, വഴിപാടുകളും  നടത്തിയ ശേഷമുണ്ടായതത്രെ തത്ഭവൻ. ലതയുടെ വിയോജിപ്പിനൊന്നും ഒരു വിലയുമുണ്ടായില്ല. 
വിവാഹമുറയ്ച്ചു.
വിവാഹം നടന്നു.
അങ്ങിനെ സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ ലതയ്ക്ക് ഭർത്താവിനെ "ഈശ്വരൻ കുട്ട്യേട്ടാ" എന്നു വിളിക്കേണ്ട ഗതികേടായി. അല്ലെങ്കിൽ"ഹെന്റെ ഈശ്വരാ" എന്നു പറയണം, കുട്ടികളുണ്ടാവും വരെയെങ്കിലും. 
ഭർതൃ ഗൃഹത്തിൽ, കിടപ്പുമുറിയേക്കാൾ വലിയ പൂജാമുറിയിലെ മുപ്പത്തിമുക്കോടിയിലധികം വരുന്ന പ്രജകളെ (ദൈവങ്ങളെ എന്നു വായിക്കുക. തെറ്റിദ്ധരിക്കരുത്. ദൈവങ്ങൾ മുപ്പത്തിമുക്കോടിയേ ഉള്ളൂ. അധികം എന്നു പറഞ്ഞത് ഒരേ ദൈവത്തിന്റെ പല വിഗ്രഹങ്ങൾ വന്നതുകൊണ്ടാണ്).
കുളിപ്പിച്ചും, തുവർത്തിച്ചും (തണുപ്പുകാലത്ത് കുട്ടീഷ്ണാദി കുട്ടി ദൈവങ്ങളെ ചൂടുവെള്ളത്തിൽ വേണം കുളിപ്പിയ്ക്കാൻ - കുട്ടി ദൈവങ്ങൾക്ക് തണുക്കുമെന്നും, "അവറ്റോൾക്ക്"  "നീർ വീഴ്ച്ച" വരുമെന്നും ശ്രീലക്ഷ്മിയമ്മ പക്ഷം) ലതയ്ക്ക് ഊപ്പാടു വന്നു.
മക്കളുണ്ടാവുമ്പോഴെങ്കിലും "ഈശ്വരൻ കുട്ട്യേട്ടാ" എന്ന വിളിയിൽ നിന്നും രക്ഷപ്പെടാമെന്നു കരുതിയ ലതയ്ക്ക് അവിടെയും അടിതെറ്റി.
മൂത്തവൻ അനന്തപത്മനാഭൻ, രണ്ടാമൻ ശ്രീകൃഷ്ണൻ (ഭാഗ്യം, ശ്രീഗുരുവായൂരപ്പനല്ല), മൂന്നാമത്തവൾ ശ്രീമഹാലക്ഷ്മി.
ഒരിക്കൽ, അവളുടെ പഴയ  നിരീശ്വരവാദത്തെക്കുറിച്ചോർമ്മിപ്പിച്ച കൂട്ടുകാരിയോടവൾ പറഞ്ഞതിങ്ങനെ.
"കുട്ട്യോൾടെ പേരു വിളിക്കുമ്പോൾ പൂജാമുറീന്ന് ഒരു കൂട്ടക്കരച്ചിലാ. അവ്ടൊള്ളോരും ഒന്നിച്ചു വിളി കേൾക്കും. "വിളിച്ചാ വിളിപ്പൊറ്ത്താ" ന്ന് (അമ്മായി)അമ്മ പറഞ്ഞപ്പോൾ ഇത്രയ്ക്കങ്ങ്ട് നിരീക്ക്യേണ്ടായില്യ ഞാൻ".
പാറൂട്ടിയും കാളിക്കുട്ടിയും അതു കേട്ട് പരസ്പരം സൈറ്റടിച്ച് ചിരിച്ചൂ ത്രേ.

# kinasserikkalam by Rani B Menon

 

Join WhatsApp News
American Mollakka 2022-11-10 22:24:13
ബൈബിളിൽ വിശ്വസിക്കുന്ന അഭിവന്ദ്യ മാത്തുള്ള സാഹിബിനെ ചിരിപ്പിക്കാൻ കയിഞ്ഞ ശ്രീമതി റാണി സാഹിബാക്ക് ഞമ്മന്റെ അസ്സലാമു അലൈക്കും. കിനാശ്ശേരിക്കാലം ബായിക്കാൻ ഞമ്മളും കാത്തിരിക്കുന്നു.
Ninan Mathullah 2022-11-10 16:44:47
'മകൾക്ക് ലത എന്നു പേരിടുമ്പോൾ അവളിങ്ങനെ "തല" "തിരിഞ്ഞതാവു"മെന്ന് അവളുടെ അച്ഛനോർത്തിരിയ്ക്കില്ല'. Quote from the story. What a sense of humor!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക