'വത്സല സഹോദരങ്ങളെ, കര്‍ത്താവിന്റെ പാപപരിഹാരപ്രദമായ ബലി പീഠത്തില്‍ നിന്ന് നിങ്ങള്‍ പ്രാപിച്ചിരിക്കുന്ന യാത്രാഭക്ഷണത്തോടും അനുഗ്രഹങ്ങളോടും കൂടെ പരിശുദ്ധവും മഹനീയവുമായ ത്രിത്വത്തിന്റെ കൃപയ്ക്കും കരുണയ്ക്കും നിങ്ങളെ ഞാന്‍ സമര്‍പ്പിക്കുന്ന ഈ സമയത്ത് നിങ്ങള്‍ സമാധനത്തോടു കൂടി പോകുവിന്‍. ദൂരസ്ഥരും സമീപസ്ഥരും ജീവനോടിരിക്കുന്നവരും മരിച്ചുപോയവരും കര്‍ത്താവിന്റെ വിജയ സ്ലീബായാല്‍ രക്ഷിക്കപ്പെട്ടവരും പരിശുദ്ധ മാമോദീസായുടെ റൂശ്മായാല്‍ മുദ്രയിടപ്പെട്ടവരുമേ! ഈ ത്രിത്വം നിങ്ങളുടെ കടങ്ങള്‍ക്ക് പരിഹാരം നല്‍കും. നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും. നിങ്ങളുടെ മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും'.
മലബാര്‍ ഉള്‍പ്രദേശത്തെ ഒരു പള്ളിയില്‍ കുര്‍ബ്ബാന തീരുന്ന സമയം. പത്രോസ് അച്ചന്‍ കുര്‍ബ്ബാനയുടെ അവസാനഭാഗമായി ഇടവക അംഗങ്ങള്‍ക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശംസകള്‍ ചൊരിയുന്നു. അപ്പോഴാണ് ഏറ്റവും പുറകിലായി പരുക്കന്‍ ഭാവത്തില്‍ തന്നെത്തന്നെ നോക്കിനില്‍ക്കുന്ന ഒരാളെ അച്ചന്‍ ശ്രദ്ധിച്ചത്. ഡി.വൈ.എസ്.പി. ഹോംസിനെ തിരിച്ചറിഞ്ഞ അച്ചന്‍ തന്റെ ന്യായവിധിക്കുള്ള സമയം അടുത്തുകഴിഞ്ഞു എന്ന് മനസ്സിലാക്കി. സ്ഥലകാലവിഭ്രമം ബാധിച്ച അച്ചന്റെ വായില്‍ നിന്നും കുമ്പസാരിക്കുന്ന തരത്തിലുള്ള ചില വാക്കുകള്‍ ഉതിര്‍ന്നുവീണു. അന്തര്‍നാടകം അറിയാത്ത ഇടവകാംഗങ്ങള്‍, കുര്‍ബ്ബാനയില്‍ ഇല്ലാത്ത വാചകം കേട്ട് ആശയക്കുഴപ്പത്തിലായി. സ്വയം ഇകഴ്ത്തി പറഞ്ഞ അച്ചനോടുള്ള അവരുടെ ബഹുമാനം വര്‍ദ്ധിച്ചു. കുര്‍ബ്ബാനക്രമത്തില്‍ അന്നു കടന്നുകൂടിയ ആ വാക്കുകള്‍ ഇപ്രകാരമായിരുന്നു.
'ബലഹീനനും പാപിയുമായ ദാസനാകുന്ന ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മൂലം കരുണയും സഹായവും പ്രാപിക്കുവാന്‍ ഇടയാകട്ടെ. നിങ്ങള്‍ സന്തോഷാനന്ദങ്ങളോടെ സമാധാനപൂര്‍വ്വം പോകുവിന്‍. എന്നേക്കും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്‌വിന്‍'.
പത്രോസച്ചന് ഇടവകയുടെ മാത്രമല്ല ലോകത്തിലുള്ള എല്ലാവരുടെയും പ്രാര്‍ത്ഥന ഈ ഘട്ടത്തില്‍ ആവശ്യമായിരുന്നു.
പള്ളിമേടയിലേക്കു വേച്ചുവേച്ചു കയറിയപ്പോള്‍ അച്ചന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ഡി.വൈ.എസ്.പി. ഹോംസ് തന്നെയും കാത്ത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കൈക്കാരനോട് അന്നത്തെ പ്രാര്‍ത്ഥനായോഗങ്ങള്‍ റദ്ദ് ചെയ്യാന്‍ ചട്ടം കെട്ടിയിട്ട് അച്ചന്‍ ഹോംസിന്റെ അടുത്തേക്ക് ചെന്നു.
'ജൂദാസിനെ ഞാന്‍ അറസ്റ്റു ചെയ്തു'. ഹോംസ് കാര്യത്തിലേക്ക് കടന്നു.
'ഏറിയാല്‍ ഒരു മാസത്തിനകം വിചാരണ തുടങ്ങും. പണ്ടുപറഞ്ഞ കാര്യങ്ങള്‍ മറന്നുകാണില്ലെന്നു വിശ്വസിക്കുന്നു'.
'സര്‍, അവന്‍ കുറ്റം സമ്മതിച്ചോ?' ദീര്‍ഘനിശ്വാസത്തിനു ശേഷം പത്രോസ് ചോദിച്ചു. എന്തോ തമാശ കേട്ടതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ട് ഹോംസ് എഴുന്നേറ്റു.
'എടോ, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം. താന്‍ തന്റെ കൂട്ടരുടെ കാര്യം സൂക്ഷിച്ചാല്‍ മതി'.
ഹോംസ് പോയി ഏറെനേരം കഴിഞ്ഞിട്ടും അച്ചന്‍ അനങ്ങിയില്ല. യുഗങ്ങള്‍ക്കുമുമ്പ് ഗുരുവിനെ തള്ളിപ്പറയുവാനുണ്ടായ സാഹചര്യത്തിലേക്കു നയിച്ച വസ്തുതകള്‍ ആലോചിച്ച് വ്യാകുലപ്പെട്ട ആ മനസ്സ് വിങ്ങിപ്പൊട്ടുകയായിരുന്നു.