Image

അ പു ക (കഥ: തമ്പി ആന്റണി)

Published on 11 November, 2022
അ പു ക (കഥ: തമ്പി ആന്റണി)

The intuitive mind is a sacred gift and the rational mind is a faithful servant. We have created a society that honors the servant and has forgotten the gift. 
    -Albert Einstien.

കുന്നംകുളത്തെ അതിപുരാതന കത്താലിക്കാ (അ പു ക) കുടുംബത്തിലാണു ജനിച്ചതെങ്കിലും പൗലോസ് പൂവത്താനി വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിലാണ്. അയാള്‍ ഒരു ദിവസം ചില കടുത്ത തീരുമാനങ്ങളെടുക്കുന്നു. 
അത്തരമൊരു തീരുമാനമായിരുന്നു, ഭാര്യ റോസ്‌മേരിയുമൊത്ത് ഒരു മദേഴ്‌സ് ഡേയ്ക്ക്, അയ്യന്‍ ഈശ്വറിന്റെ സെമിനാറിനു പോവുക എന്നുള്ളത്. എന്നാല്‍ അതിരപ്പള്ളിയില്‍ ധ്യാനത്തിനു പോവുകയാണെന്നാണ് അവളോടു പറഞ്ഞത്. അതിനു കാരണമുണ്ട്. കേള്‍ക്കുമ്പോള്‍ത്തന്നെ ഏതോ പള്ളീലച്ചന്റെ ധ്യാനമാണെന്ന് അവള്‍ തെറ്റിദ്ധരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. 
റോസ്‌മേരിയുടെ പള്ളിഭ്രാന്തു മാറ്റിയെടുക്കുക എന്നതല്ലാതെ മറ്റൊരു ദുരുദ്ദേശ്യവും പൗലോസിനില്ലായിരുന്നു. ആ മുഴുത്ത ഭ്രാന്തുകാരണം എന്നും പള്ളിയില്‍ കൊണ്ടുവിടുകയും പള്ളിമുറ്റത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്യുക എന്നത് അയാള്‍ വര്‍ഷങ്ങളായി തുടരുകയാണ്. അതു മാത്രമല്ല, ദിവസേന നീട്ടിപ്പിടിച്ചുള്ള സന്ധ്യാപ്രാര്‍ത്ഥനയുമുണ്ട്. ശാലോം ടീ വിയില്‍ കുര്‍ബ്ബാന വന്നാല്‍, രണ്ടു കൈയും വിരിച്ചു മുട്ടിന്‍മേലൊരു നില്‍പ്പുണ്ട്. അതൊന്നും ഉടയതമ്പുരാന്‍ സഹിക്കില്ല. പിന്നീട് പുറംവേദനയാണെന്നുപറഞ്ഞ് മാസത്തിലൊരു തിരുമ്മിക്കാന്‍പോക്കുമുണ്ട്. വൈദ്യന്‍ പച്ചാളം ശിവരാമന്‍ ആളിത്തിരി പിശകാണെന്നും നല്ല കാശു വാങ്ങുമെന്നും പൗലോസിനറിയാം. 
അവളുടെ ഈ വഴിവിട്ട പോക്കു കണ്ടിട്ടു സഹിക്കാന്‍ മേലാത്തതുകൊണ്ടാണ്, നിരീശ്വരനും നല്ല പക്കാ കമ്മ്യൂണിസ്റ്റുകാരന്റെ മകനുമായ പൂവത്താനി ഒരു കള്ളം പറയാനുള്ള തീരുമാനമെടുത്തത്. 
ധ്യാനം അതിരപ്പള്ളിയിലാണെന്നതു നേരുതന്നെയാണ്. പക്ഷേ, പള്ളിയിലല്ല, പള്ളിയുടെ എതിര്‍വശത്ത് പുഴയ്ക്കക്കരെയുള്ള ടൗണ്‍ഹാളിലാണെന്നു മാത്രം. ധ്യാനഗുരുവിന്റെ പേര് ഫാദര്‍ അജയന്‍ ഈശ്വര്‍ എന്നാണെന്നതു മറ്റൊരു കള്ളം. അയ്യന്‍ ഈശ്വര്‍ എന്നതു ശരിയായ പേരാണെങ്കിലും അയ്യനീശ്വര്‍ എന്നാണറിയപ്പെടുന്നതെന്നും ഇതു യുക്തിവാദികള്‍ നടത്തുന്ന സെമിനാറാണെന്നും അവളോടു കൃത്യമായി പറഞ്ഞില്ല. അല്ലെങ്കിലും ഭ്രാന്തുള്ളവരോടു പറഞ്ഞിട്ടാണോ അവരെയൊക്കെ ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോകുന്നത്? 
കല്ല്യാണംകഴിഞ്ഞു മൂന്നുനാലു വര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാല്‍ കാണാതിരുന്നപ്പോള്‍ തുടങ്ങിയ പ്രാര്‍ത്ഥനയായിരുന്നു ഈ ഭ്രാന്തിന്റെ തുടക്കം. ഇടവകവികാരി, തെങ്ങുംമൂട്ടിലച്ചന്‍ പറഞ്ഞതനുസരിച്ച് അവള്‍ മലയാറ്റൂര്‍ മുത്തപ്പനൊരു നേര്‍ച്ച നേര്‍ന്നു. പള്ളിയില്‍ അറിയാതെപോലും കയറാത്ത പൗലോസിന് അന്നു മല കയറിയപ്പോള്‍ തുടങ്ങിയ കാലുവേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇപ്പോള്‍ വര്‍ഷം പത്തായി. ഇനിയവള്‍ വേളാങ്കണ്ണിക്കെങ്ങാനും നേര്‍ച്ച നേര്‍ന്നാല്‍ പണി പാളിയതുതന്നെ. മലയാറ്റൂര്‍ മുത്തപ്പന്‍ അതുവല്ലതുമറിയുന്നുണ്ടോ! 
കുട്ടികള്‍ വേണമെന്ന് പൗലോസിനും ആഗ്രഹമുണ്ടെങ്കിലും കുഴപ്പം പൗലോസിന്റെ മാനസികവും ശാരീരികവുമായ അവസ്ഥയാണെന്നാണ് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. അതിന്റെ അപകര്‍ഷബോധം അയാള്‍ക്കുണ്ടുതാനും. രണ്ടുപേരുംകൂടി ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതു ഗുണം ചെയ്യുമെന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. 
ഇപ്പോഴത്തെ പ്രശ്‌നം അന്തംവിട്ട പ്രാര്‍ത്ഥനയാണ്. നേരം വെളുത്താല്‍ ആ ഒരൊറ്റ വിചാരമേയുള്ളു! അത്താഴം കഴിഞ്ഞാല്‍ വേലക്കാരി സലോമിയേയും കൂടെയിരുത്തി, സന്ധ്യാപ്രാര്‍ത്ഥനയാണെന്നുപറഞ്ഞ് അമ്പത്തിമൂന്നുമണിജപം നീട്ടിപ്പിടിച്ചങ്ങു ചൊല്ലും. അതിനുമാത്രം പൗലോസ് എതിരൊന്നും പറയില്ല. കാരണം, ആ സമയത്താണ് പിന്‍വാതിലിലൂടെ ഒച്ചയുണ്ടാക്കാതെ പട്ടണത്തിലേക്കിറങ്ങുന്നത്. അതിലവള്‍ക്കു പ്രതിഷേധമുണ്ടെന്നറിയാം. 
'കുടിച്ചുകുടിച്ചു മരിച്ചാല്‍പ്പിന്നെ കാലന്‍ വന്നു നേരേ നരകത്തിലോട്ടു കെട്ടിയെടുത്തോളും. അ പു ക പൗലോസ് പൂവത്താനി പള്ളീം പട്ടക്കാരനുമില്ലാതിങ്ങനെ നടന്നോ. ഞാന്‍ പറയാനുള്ളതു പറഞ്ഞു...'
എന്നൊക്കെ അവള്‍ ഒച്ചയുണ്ടാക്കും. അതിനൊന്നും അയാള്‍ ചെവികൊടുക്കാറില്ല. ടൗണിലെ ഒരേയൊരു ബാറായ 'ബാര്‍ മാര്‍ക്കറ്റി'ല്‍ച്ചെന്ന് സ്മിര്‍നോഫ് വോഡ്കയില്‍ നാരങ്ങത്തുണ്ടുമിട്ട്, കൂട്ടുകാരന്‍ ഷിറാഫുദീനുമായി സൊറ പറഞ്ഞിരുന്ന് ഒന്നു വീശുന്നതിന്റെ സുഖം വല്ലതും പ്രാര്‍ത്ഥന ചൊല്ലിയാല്‍ കിട്ടുമോ! അതൊന്നും അവളോടു പറഞ്ഞിട്ടു കാര്യമില്ലല്ലോ. 
സ്വന്തം മതത്തിനു കള്ളു ഹറാമായതുകൊണ്ട് ഷിറാഫുദീന്‍ ബാര്‍ മാര്‍ക്കറ്റിന്റെ സൈലന്റ് പാര്‍ട്ണറാണ്. അതറിയാവുന്നതുകൊണ്ട് ബാര്‍ മാനേജര്‍ വേണ്ട സൗകര്യങ്ങളൊക്കെ രഹസ്യമായി കൊടുക്കാറുണ്ട്.
    അയ്യനീശ്വരന്‍ പുണ്യാളനൊന്നുമല്ല. പേരില്‍ ഒരീശ്വരനുണ്ടെന്നെയുള്ളു. ആളൊരു തികഞ്ഞ നിരീശ്വരവാദിയാണ്. ഇടമറുക്, ജാമിത, ജബ്ബാര്‍മാഷ്, രവിചന്ദ്രന്‍മാഷ് എന്നിവരെപ്പോലെയുള്ള കക്ഷിയാണ്. അയാള്‍ പറയുന്നതില്‍ കാര്യങ്ങളുണ്ട്. അതൊക്കെ വിസ്തരിച്ചു പറഞ്ഞുകൊടുത്താല്‍ അവള്‍ക്കു മനസ്സിലായെങ്കിലോ എന്നൊരു ഭയം പൗലോസിനുണ്ടായിരുന്നു. അതുകൊണ്ട് അതിനു നിന്നില്ല. മദേഴ്‌സ് ഡേയില്‍, അതിരാവിലെ എഴുന്നേറ്റ്, 'എടീ റോസാപ്പൂവേ...' എന്നു നീട്ടിവിളിച്ചു. 
    ചെവിയില്‍ പറഞ്ഞു: 
    'ഒന്നെഴുന്നേല്‍ക്കെടീ പൂവേ...'
    എന്തെങ്കിലും കാര്യം സാധിക്കാനുള്ളപ്പോഴാണ് പൗലോസ് അങ്ങനെ വിളിക്കുക. 
    സലോമിയെ ചുമതലകളേല്‍പ്പിച്ച് അവര്‍ സമയത്തുതന്നെ വീട്ടില്‍നിന്നിറങ്ങി. കാര്‍ പള്ളിയുടെ മുമ്പിലുള്ള പാലം കടന്നു ഹാളിലെത്തിയപ്പോഴാണ് എന്തോ അക്കിടി പറ്റിയെന്ന് അവള്‍ക്കു തോന്നിയത്. ധ്യാനമാണെങ്കില്‍ കര്‍ത്താവിന്റെ ഒരു ഫോട്ടോയും കന്യാസ്ത്രീമാരും കത്തിച്ച മെഴുകുതിരിയും കുറേ അമ്മച്ചിമാരുമൊക്കെ കാണേണ്ടതല്ലേ! അവിടെക്കണ്ടത് കൂടുതലും ഒരുമാതിരി 'അപ്പി ഹിപ്പി' എഴുത്തുകാരെയും ചെറുപ്പക്കാരെയുമൊക്കെയായിരുന്നു. ആകെ പരിചയമുള്ളൊരാള്‍ പൗലോസിന്റെ സുഹൃത്തായ കുടിയന്‍ ഷിറാഫുദീനാണ്. അതോടെ, സംഗതി ധ്യാനമല്ലെന്നു റോസ്‌മേരി ഊഹിച്ചു. 
    സാമാന്യത്തിലധികം പൊക്കമുള്ള 'ധ്യാനഗുരു', കൈയ്ക്കു നീളമുള്ള, കോളര്‍ വച്ച ജൂബയും കറുത്ത പാന്റ്‌സുമാണു ധരിച്ചിരുന്നത്. അല്‍പ്പം താടിയൊക്കെയുള്ളതുകൊണ്ട് ഒറ്റനോട്ടത്തില്‍ ആത്മീയചൈതന്യമുള്ള ഗുരുവാണെന്നു തെറ്റിദ്ധരിക്കും. വന്നു പെട്ടുപോയതുകൊണ്ട് അവള്‍ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു. പ്രസംഗത്തിനിടെ ഒന്നുരണ്ടുവട്ടം അവള്‍ പൗലോസിനെ ദഹിപ്പിക്കുന്ന മട്ടില്‍ നോക്കിയതല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. 
    അഞ്ചുമണിയാകാറായപ്പോള്‍, പ്രസംഗമവസാനിപ്പിക്കുന്നതിനുമുമ്പ് ഈശ്വരന്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: 
    'നമ്മുടെ സെഷന്‍ അഞ്ചുമണിയോടുകൂടി അവസാനിക്കുകയാണെന്നു നേരത്തേ പറഞ്ഞിരുന്നല്ലോ. സെമിനാര്‍ ഇന്നുകൊണ്ടവസാനിച്ചാലും ഇനിയും ചോദ്യങ്ങളുള്ളവര്‍ക്കും ഉപദേശം വേണ്ടവര്‍ക്കും എന്റെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.'
    ഈശ്വരന്‍, പേരും നമ്പറും സ്റ്റാന്‍ഡില്‍ വച്ചിരുന്ന ബോര്‍ഡില്‍ എഴുതിവച്ചശേഷം തുടര്‍ന്നു: 
    'അവസാനമായി നിങ്ങളോടെനിക്കു പറയാനുള്ളത്, ആത്മവിശ്വാസത്തെപ്പറ്റിയാണ്. എന്താണീ ആത്മവിശ്വാസം എന്നാര്‍ക്കെങ്കിലുമറിയാമോ?'
    'സെല്‍ഫ് കോണ്‍ഫിഡന്‍സ്.'
    ആള്‍ക്കൂട്ടത്തില്‍നിന്ന് ആരോ ഉറക്കെപ്പറഞ്ഞു. 
    'വെരി ഗുഡ്. അതേ. അവനവനിലുള്ള വിശ്വാസം.'
    ഈശ്വരന്‍ ഒന്നു ചിരിച്ചു. പിന്നെ എല്ലാവരേയും ഒന്നു വീക്ഷിച്ചുകൊണ്ടു തുടര്‍ന്നു: 
    'നിങ്ങള്‍ക്കെല്ലാമറിയാവുന്നതുപോലെ, ആത്മവിശ്വാസം നമുക്കെല്ലാമാവശ്യമാണ്. മതവിശ്വാസംപോലെ അതും അധികമായാല്‍ അപകടമാണെന്ന് ആദ്യംതന്നെ നിങ്ങള്‍ മനസ്സിലാക്കണം. ഇനിപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചുകേള്‍ക്കണം. മറ്റുള്ളവരെ മാത്രമല്ല, മതങ്ങളെയും ആചാരങ്ങളെയും സംഘടനകളെയും അമിതമായി വിശ്വസിക്കരുത്. എല്ലാ മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ സംഘടനകളാണ്. ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ ഒത്തുകൂടുന്ന കൂട്ടായ്മകള്‍. 
    മതത്തിന്റെ പേരിലുള്ള കൂട്ടായ്മകളാണെങ്കില്‍ അതിന്റെ നിലനില്‍പ്പിന് ഒരു ദൈവം വേണം. സ്വര്‍ഗ്ഗവും നരകവും വേണം. പണം വേണം. പണം പിരിച്ചെടുക്കാനുള്ള വിദ്യകളാണ് ഈ സ്ഥാപനങ്ങളിലെ ആചാരങ്ങളെല്ലാം. അല്ലാതെ അതൊന്നും ദൈവത്തിനുവേണ്ടിയല്ല. അവിടങ്ങളില്‍ മാത്രമല്ല, ഒരിടത്തും ദൈവമില്ല. നമ്മള്‍ മരിക്കുമ്പോള്‍ നമ്മുടെ ചെറിയ ലോകം മാത്രമാണ് അവസാനിക്കുന്നത്.
    പ്രപഞ്ചത്തില്‍ സമയമില്ല എന്നാണു ശാസ്ത്രം പഠിപ്പിക്കുന്നത്. അപ്പോള്‍പ്പിന്നെ എപ്പോഴാണ് പ്രപഞ്ചസ്രഷ്ടാവ് സൃഷ്ടി നടത്തിയത്? ഭൂമിയില്‍ സമയമില്ലെന്നു പറയുന്നതിനു മറ്റൊരര്‍ത്ഥമാണുള്ളത്. നാം നമുക്കുവേണ്ടി സൃഷ്ടിച്ച സമയം നമുക്കു തികയുന്നില്ല എന്നതാണു സമയമില്ലായ്മ. നാം സമയം കണ്ടുപിടിച്ചതുകൊണ്ടാണ് നമ്മുടെ ജനനവും മരണവും സമയംകൊണ്ടളക്കുന്നത്. നമ്മുടെ കൊച്ചു ലോകത്തിന് അവസാനിക്കാതെ നിവൃത്തിയില്ല. നമ്മുടെ ലോകത്തിന്റെ അവസാനം ഈ മഹാപ്രപഞ്ചത്തിന്റെ അവസാനമല്ലെന്നു മനസ്സിലാക്കണം. പ്രപഞ്ചത്തിന് ആദ്യവും അന്തവുമില്ല. അതുകൊണ്ടുതന്നെ സൃഷ്ടിയും സ്രഷ്ടാവുമില്ല. എല്ലാം ഇവിടെയുണ്ടായിരുന്നതുതന്നെയാണെന്നു വിശ്വസിക്കുന്നതാണ് അഭികാമ്യം. എന്നിട്ടും നമ്മള്‍ മതങ്ങളിലൂടെയും വേദപുസ്തകങ്ങളിലൂടെയും കിട്ടുന്ന പരിമിതമായ അറിവിലൂടെ ദൈവമെന്നൊരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കുന്നു. 
    നമ്മുടെ മരണശേഷം എത്രവലിയ ദേവാലയത്തില്‍വച്ചു കര്‍മ്മങ്ങള്‍ ചെയ്താലും ശവസംസ്‌ക്കാരത്തിന് എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും ആരൊക്കെ ഉപചാരവാക്കുകള്‍ പറഞ്ഞാലും നമ്മള്‍ മരിക്കുന്നത് ഒറ്റയ്ക്കാണ്. അതാണു നമ്മുടെ ലോകാവസാനവും. എന്നെ രക്ഷിക്കാന്‍ ഞാന്‍ മാത്രമേയുള്ളെന്നും ഞാന്‍ മരിക്കാതിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണെന്നും എത്രയോ മുമ്പേ ഒരു ചിന്തകന്‍ പറഞ്ഞിരിക്കുന്നു! 
    ''ഞാനല്ലാതെ മറ്റൊരു ദൈവവും നിനക്കുണ്ടാകരുത്'' എന്നാണ് പ്രവാചകന്‍മാരുടെ വചനങ്ങളിലൂടെ നാം പഠിക്കുന്നത്. ആരാണീ മറ്റൊരു ദൈവമെന്നതാണ് ഇപ്പോഴും മനസ്സിലാക്കാന്‍ പറ്റാത്തത്. ഒരു ദൈവമെന്തിനാണു മറ്റൊരു ദൈവത്തെ പേടിക്കുന്നത്? നിലവിലുള്ള ദൈവങ്ങള്‍ ഏകദൈവമെന്ന വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഇന്ത്യക്കാര്‍ക്ക് അതൊരു പ്രശ്‌നമല്ല. എല്ലാ ദൈവങ്ങളേയുംപോലെ ക്രിസ്തുവും കൃഷ്ണനുമൊക്കെ അവര്‍ക്കു മറ്റു ദൈവങ്ങളാണ്. 
    മറ്റുള്ളവരെ സ്‌നേഹിക്കാനാണ് എല്ലാ മതദൈവങ്ങളും പറയുന്നത്. ഈ അമ്മദിനത്തില്‍ നിങ്ങള്‍ സ്വയം മനസ്സിലാക്കുക: സ്വന്തം അമ്മയില്‍നിന്നല്ലാതെ നിങ്ങള്‍ക്കു കിട്ടുന്ന എല്ലാ സ്‌നേഹവും വെറും കൊടുക്കല്‍വാങ്ങളുകളാണ്. 
    ''സമ്മാനം കൊണ്ടുവന്താല്‍ തന്‍ തന്തൈ.
    സമ്മാനം കൊണ്ടുവന്താലും കൊണ്ടുവന്തില്ലെങ്കിലും തായ്'' എന്നതു വെറും തമിഴ്‌മൊഴിയല്ല; പരമസത്യമാണ്. ''Mother is a truth and father is a faith'' എന്നു ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട്. അമ്മയൊഴികെ എല്ലാം വെറും വിശ്വാസം മാത്രമാണ്.
    സ്‌നേഹമാണ് യഥാര്‍ത്ഥദൈവം. ആ ദൈവമാണ് എപ്പോഴും നമ്മോടുകൂടിയുണ്ടാവേണ്ടത്.'
    ഈശ്വര്‍ പ്രഭാഷണം അവസാനിപ്പിച്ചു. 
    ഈശ്വരവിശ്വാസിയായ റോസ്‌മേരിക്ക് വല്ലാത്ത ആശയക്കുഴപ്പമുണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല. കൂട്ടിലകപ്പെട്ട കിളിയെപ്പോലെയായിരുന്ന അവള്‍ ഗുരുവിനെ ചോദ്യംചെയ്യാനുറച്ചു. അതിനായി ഈശ്വരന്റെ ഫോണ്‍നമ്പര്‍ ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുത്തു. 
    പൗലോസിനോട് അവള്‍ പറഞ്ഞു: 
    'എനിക്കയാളോടു നാലു വര്‍ത്തമാനം പറയാനുണ്ട്.'
    'എന്റെ റോസാപ്പൂവേ, ഒന്നു മിണ്ടാതിരി. ധ്യാനഗുരുവിനെ ചോദ്യംചെയ്യാന്‍ പാടില്ല.'
    'അതങ്ങു പള്ളീല്‍ പറഞ്ഞാല്‍ മതി. ഈശ്വരന്റെ പേരില്‍ നടക്കുന്ന നിരീശ്വരന്‍...!'
    'അതുനേരാ. പള്ളീലാകുമ്പോള്‍ എന്തും പറയാമല്ലോ. അച്ചന്റെ കുഞ്ഞാടുകളാകുമ്പോ എല്ലാം കേട്ടോണ്ടിരുന്നോളും. തിരിച്ചൊരക്ഷരം പറയില്ല. അതുകൊണ്ടല്ലേ ഈ പള്ളീല്‍പ്പറഞ്ഞാ മതിയെന്നുള്ള പ്രയോഗംതന്നെയുണ്ടായത്!'
    റോസ്‌മേരി എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അയാളെ തറപ്പിച്ചൊന്നു നോക്കി. 
    പരിപാടി കഴിഞ്ഞപ്പോള്‍ ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ തിരക്കായിരുന്നു. അതുകൊണ്ട് ഈശ്വരനെ കാണാന്‍ നില്‍ക്കാതെ അവര്‍ വീട്ടിലേക്കു തിരിച്ചു. ഡ്രൈവ് ചെയ്യുന്നതിനിടെ പൗലോസ് ചോദിച്ചു: 
    'അല്ല, നിനക്കെന്താ ചോദിക്കാനുള്ളത്?'
    'അതൊക്കെയുണ്ട്. ഞാന്‍ ഫോണ്‍ നമ്പര്‍ കുറിച്ചെടുത്തിട്ടുണ്ട്.'
    'എടീ, നിനക്ക് അയ്യനീശ്വര്‍ പറഞ്ഞതുവല്ലോം മനസ്സിലായോ?'
    'അയാള് ധ്യാനഗുരുവാണെന്നു പറഞ്ഞ് എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. പള്ളീം ദൈവവുമൊന്നുമില്ലെന്നല്ലേ അയാള്‍ പറയുന്നത്?'
    'അപ്പോള്‍ നിനക്കു കാര്യങ്ങളൊക്കെ മനസ്സിലായി!'
    'അത്യാവശ്യകാര്യങ്ങളൊക്കെക്കേട്ടാല്‍ എനിക്കു മനസ്സിലാകും.'
    പൗലോസിനു വിവരമില്ല എന്നൊരു സൂചന അവളുടെ പ്രതികരണത്തിലുണ്ടായിരുന്നെങ്കിലും അയാളതു കാര്യമാക്കിയില്ല. അവള്‍ക്കു മനസ്സിലായല്ലോ എന്നോര്‍ത്തു നെടുവീര്‍പ്പിട്ട്, നെറ്റിയില്‍ കുരിശു വരച്ചു. 
    'ഓഹോ! അപ്പോള്‍ പൗലോസ് പൂവത്താനിയും വേണ്ടിവന്നാല്‍ കുരിശു വരയ്ക്കും!'
    'നിന്റെയീ പ്രാര്‍ത്ഥനാഭ്രാന്തൊന്നു മാറ്റാന്‍ വരയ്ക്കുക മാത്രമല്ല, വേണ്ടിവന്നാല്‍ ഏതു ഭാരമുള്ള കുരിശും ചുമക്കുകയും ചെയ്യും.'
    അവള്‍ അയാളുടെ കണ്ണിലേക്കുനോക്കി, സ്‌നേഹപൂര്‍വ്വം പറഞ്ഞു: 
    'ഇല്ല. എനിക്കെല്ലാം മനസ്സിലായി. ഞാന്‍ വാക്കു പറയുന്നു, നാളെ മുതല്‍ പള്ളീല്‍പ്പോക്കും പ്രാര്‍ത്ഥനയും നിര്‍ത്തി.'
    തീര്‍ത്തും അപ്രതീക്ഷിതമായ ആ പ്രതികരണംകേട്ട് പൗലോസിന്റെ കൈയില്‍നിന്ന് വണ്ടി അറിയാതെയൊന്നു പാളി. എതിരേ വന്ന കാറില്‍, മുട്ടി-മുട്ടിയില്ല എന്നമട്ടില്‍ ചിവിട്ടിനിര്‍ത്തി. എതിരേ വന്ന കാറുകാരനും നിര്‍ത്തി. അയാള്‍ ഗ്ലാസ്സ് താഴ്ത്തി, പൗലോസിനെ നല്ല പുളിച്ച തെറി പറഞ്ഞു. ആ സമയത്താണ് പൗലോസിന് ആദ്യത്തെ നെഞ്ചുവേദനയുണ്ടായത്. കുറേനേരം കണ്ണടച്ചിരുന്നിട്ട് അയാള്‍ ചോദിച്ചു: 
    'ആ കാറുകാരന്‍ പോയോ റോസാപ്പൂവേ?'
    'അല്ലേലും പണ്ടേ നിങ്ങളൊരു പേടിത്തൊണ്ടനാ. അയാളോടു രണ്ടു വര്‍ത്തമാനം പറഞ്ഞില്ലല്ലോ!' 
    'അവനെങ്ങാനും വെടി പൊട്ടിച്ചാല്‍ നമ്മള്‍ രണ്ടുപേരും പടമാകും.  അതുകൊണ്ട്... ആ മണ്ടത്തരത്തിന് എന്നെ കിട്ടുകേല... എടീ, വഴിയില്‍ക്കാണുന്നോരോടു വഴക്കുണ്ടാക്കുന്നവരൊക്കെയാ ശരിക്കുള്ള മണ്ടന്‍മാര്‍. അവനെയൊക്കെ നമ്മളിനി ജീവിതത്തില്‍ കാണാന്‍ പോകുന്നുണ്ടോ?'
    പൗലോസ് പിന്നെയും നെഞ്ചു തടവിക്കൊണ്ടു പറഞ്ഞു: 
    'പെട്ടെന്നൊരു വേദന. കൊളുത്തിപ്പിടിക്കുന്നതുപോലെ.'
    'എന്നാപ്പിന്നെ നമുക്കുടനേ ആശുപത്രിയിലേക്കു പോകാം. ഇത് അറ്റാക്ക് തന്നെയാ. ഡോക്ടറെ കാണിച്ചിട്ടു വീട്ടിലേക്കു പോയാ മതി.'
    ആശുപത്രിയില്‍ ചെന്നപ്പോള്‍ അറ്റാക്കാണോ എന്നൊരു സംശയമുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ പറഞ്ഞത് പെട്ടെന്നുള്ള ഷോക്ക് കൊണ്ടാണെന്നാണ്. ധൈര്യമായി വീട്ടിലേക്കു പൊയ്‌ക്കൊള്ളാനും അനുവാദം നല്‍കി. 
    വീട്ടില്‍വന്നു കുളികഴിഞ്ഞ് ഒന്നുറങ്ങിയെഴുന്നേറ്റതും റോസാപ്പൂവിനെ അടുത്തുവിളിച്ച് സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിച്ച് ഒന്നു ചുംബിച്ചു. അവള്‍ പ്രതികരിക്കാതെ പ്രതികരിച്ചതില്‍ അയാള്‍ക്കത്ഭുതം തോന്നി. കുറച്ചുനേരം കട്ടിലിലങ്ങനെ കെട്ടിപ്പുണര്‍ന്നു കിടന്നപ്പോള്‍ അവളുടെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ടു ചോദിച്ചു: 
    'നീ പറഞ്ഞതൊക്കെ നേരാണോ റോസാപ്പൂവേ?'
    'പൗലോസ് പൂവത്താനിയെന്താ ഉണര്‍ന്നെഴുന്നേറ്റു പിച്ചുംപേയും പറയുന്നത്?'
    'എനിക്കതങ്ങോട്ടു വിശ്വസിക്കാന്‍ പറ്റുന്നില്ല.'
    പൗലോസ് അവളുടെ കവിളിലൊന്നു തലോടി. 
    'വിശ്വാസമുണ്ടായിരുന്നെങ്കില്‍ ബൈബിളില്‍ തൊട്ടു പറയാമായിരുന്നു. ആ ഈശ്വരനോടു സംസാരിച്ചപ്പോള്‍ അതുപോയി! വേണമെങ്കില്‍ പൂവത്താനിയുടെ തലയില്‍ത്തൊട്ടു പറയാം. അതു മതിയോ?'
    സ്‌നേഹം കൂടുമ്പോഴാണ് അവള്‍ പൂവത്താനിയെന്നു സംബോധന ചെയ്യാറ്. ചിലപ്പോള്‍ പരിഹസിക്കാനും അങ്ങനെ വിളിക്കും. 
    'വേണ്ട വേണ്ട. ഇനിയും ഷോക്കുണ്ടായാല്‍ അറ്റാക്കാകുമെന്നാ ഡോക്ടര്‍ പറഞ്ഞത്. അല്ല, നീയെപ്പോഴാ ഈശ്വരനോടു സംസാരിച്ചത്?'
    'പൂവത്താനി പോത്തുപോലെ കിടന്നുറക്കമല്ലായിരുന്നോ? ഞാന്‍ കാര്യങ്ങളൊക്കെ ആ കാണപ്പെട്ട ഈശ്വരനോടു പറഞ്ഞു. അറിവുള്ള ആളുകളോടു സംസാരിച്ചുകൊണ്ടിരുന്നാല്‍ സമയംപോകുന്നത് അറിയുകയേയില്ല!'
    അവള്‍ പരിഹസിക്കുകയാണെന്നു തോന്നിയെങ്കിലും അയാളതു കാര്യമാക്കിയില്ല. പക്ഷേ അന്നുതൊട്ടാണ് പൂവത്താനി കുടുംബത്തില്‍ മാറ്റങ്ങളുടെ അലകളടിച്ചത്. എന്നും പള്ളിയില്‍ പൊയ്‌ക്കൊണ്ടിരുന്ന പ്രിയതമയുടെ ഞായറാഴ്ചക്കുര്‍ബ്ബാനപോലും മുടങ്ങി. സന്ധ്യാപ്രാര്‍ത്ഥനയില്ല. കുമ്പസാരമില്ല. പള്ളിയില്‍പ്പോകാന്‍ സലോമി നിര്‍ബ്ബന്ധിച്ചിട്ടും അവള്‍ കൂട്ടാക്കിയില്ല. 
    റോസ്‌മേരിയെ പള്ളിയില്‍ കാണാത്തതിനാല്‍, വികാരിയച്ചന്‍ ഫാദര്‍ തോമസ് തെങ്ങുംമൂട്ടില്‍ ഒരു ഞായറാഴ്ച വൈകുന്നേരം തറവാട്ടിലേക്കു വന്നു. കോളിംഗ്‌ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് റോസ്‌മേരിതന്നെയാണ്. 
    'ഗുഡ് ഈവനിംഗ് ഫാദര്‍. അച്ചനെന്താ പതിവില്ലാതെ പതിവില്ലാതെ ഒരു ഗൃഹസന്ദര്‍ശനം?'
    'ഗുഡ് ഈവനിംഗ് മേരിക്കുട്ടീ...'
    ചുറ്റുപാടുമൊന്നു സൂക്ഷിച്ചു നോക്കിയിട്ട്, അച്ചന്‍ പതുക്കെ പറഞ്ഞു: 
    'മേരിക്കുട്ടിയോടൊന്നു സംസാരിക്കാന്‍ വന്നതാ. പൗലോസുകുട്ടിയില്ലേ ഇവിടെ? വരുന്ന വിവരം ഞാന്‍ വിളിച്ചുപറഞ്ഞിരുന്നല്ലോ.'
    'എന്നാപ്പിന്നെ അതറിഞ്ഞതുകൊണ്ടായിരിക്കണം... ആളു മുങ്ങി. ഇനിയിപ്പം എപ്പൊഴാ പൊങ്ങുന്നതെന്നു പറയാന്‍ പറ്റില്ല. ചിലപ്പോള്‍ ആ ബാര്‍ മാര്‍ക്കറ്റില്‍ കാണും.'
    'അല്ലെങ്കിലും അവനെ ഉപദേശിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. അതിപുരാതനകത്തോലിക്കാ കുടുംബമായ പൂവത്താനിയില്‍ ജനിച്ചെന്നു പറഞ്ഞിട്ടെന്താ കാര്യം? പള്ളീടെ വരാന്തേല്‍പ്പോലും കേറില്ല... അതുപോട്ടെ, എനിക്കിപ്പോള്‍ മേരിക്കുട്ടിയോടാണു സംസാരിക്കാനുള്ളത്.'
    കുറേനേരം സംസാരിച്ചെങ്കിലും റോസ്‌മേരിയില്‍ ഒരു മാറ്റവുമുണ്ടായില്ല. അവള്‍ അച്ചനോട് ഒറ്റച്ചോദ്യമേ ചോദിച്ചുള്ളു: 
    'അച്ചോ, ഈ സ്വര്‍ഗ്ഗവും നരകവുമൊക്കെ ഉള്ളതാണോ അച്ചോ? നമ്മളീ ഭൂമിയില്‍ സഭയുടെ ചട്ടങ്ങളനുസരിച്ചു ജീവിച്ചിട്ട് അങ്ങോട്ടു ചെല്ലുമ്പോള്‍ അതൊന്നുമില്ലെങ്കില്‍ ഒക്കെ വെറും പാഴ്‌വേലയാകില്ലേ?'
    അച്ചന് ഇരുട്ടടി കിട്ടിയതുപോലെയായി. അല്‍പ്പനേരം നിശ്ശബ്ദനായി ഇരുന്നശേഷം അച്ചന്‍ പറഞ്ഞു: 
    'നമ്മുടെ സഭയുടെ നിലനില്‍പ്പിന് അതൊക്കെ ആവശ്യമാണെന്നറിയാമല്ലോ. അതുകൊണ്ടു കുമ്പസാരിച്ചില്ലെങ്കിലും വിശ്വാസമില്ലെങ്കിലും വിശുദ്ധകുര്‍ബ്ബാന മുടക്കണ്ട.'
    അച്ചന്‍ മെല്ലെ എഴുന്നേറ്റു: 
    'നിങ്ങള്‍ കൂട്ടംതെറ്റിയ കുഞ്ഞാടുകളാണ്. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിനോടു പ്രാര്‍ത്ഥിക്കാം.'
'കുറേനാള്‍ കൂട്ടംകൂടി നടന്നതല്ലേ അച്ചോ? എന്നിട്ടും കൂടെയുള്ള ആട്ടിന്‍കുട്ടി വഴിതെറ്റി. അതുകൊണ്ടിനി ഒറ്റയ്ക്കു നടക്കാനുള്ള തീരുമാനത്തിലാ.'
റോസ്‌മേരി തറപ്പിച്ചു പറഞ്ഞു. വികാരിയച്ചന്‍, വാതില്‍ക്കല്‍ ചാരിവച്ചിരുന്ന കുടയെടുത്ത് സാവകാശം മുറ്റത്തേക്കിറങ്ങി. 
അങ്ങനെ പൗലോസ് ആഗ്രഹിച്ചതുപോലെയായി കാര്യങ്ങള്‍. അയാളുടെ അപ്പന്‍, സഖാവ് ജോസഫ് പൂവത്താനിയുടെ സ്വപ്നംപോലെ അസ്സല്‍ കമ്മ്യൂണിസ്റ്റ് കുടുംബം! അതുതന്നെയായിരുന്നു പൗലോസ് സ്വപ്നംകണ്ട കിനാശ്ശേരി! 
പക്ഷേ, വെളുക്കാന്‍ തേച്ചതു പാണ്ടായെന്നു പൗലോസിനു തോന്നിത്തുടങ്ങി. അയാളുടെ റോസാപ്പൂവിനിപ്പോള്‍ വീട്ടുകാര്യങ്ങളിലൊന്നും ഒരു ശ്രദ്ധയുമില്ല. എപ്പോള്‍ നോക്കിയാലും ഫോണില്‍ കുത്തിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ യൂട്യൂബില്‍ ഈശ്വറിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കും. ഫോണ്‍ കൈയില്‍വച്ചുകൊണ്ടാണ് കുളിമുറിയില്‍പ്പോലും പോകുന്നത്. അതേപ്പറ്റി ചോദിച്ചപ്പോള്‍, 'ഈശ്വരന്‍ വിളിച്ചാലോ' എന്നായിരുന്നു മറുപടി. അപ്പോഴാണ് അയാള്‍ക്കു സംശയങ്ങള്‍ തുടങ്ങിയത്. ഈ നിരീശ്വരന്‍മാരൊക്കെ ഈശ്വരന്‍മാരാകുമെന്ന് ആരെങ്കിലും വിചാരിച്ചോ! 
മുമ്പ്, വി ജെ ജെയിംസിന്റെ 'നിരീശ്വരന്‍' എന്ന പുസ്തകത്തില്‍ വായിച്ചത് അയാളോര്‍ത്തു. അയ്യന്‍ഗുരു വിവരമുള്ള നിരീശ്വരവാദിയാണെങ്കിലും ആളൊരു വികാരജീവിയാണെന്ന് നാട്ടിലൊക്കെ ശ്രുതിയുണ്ട്. പണ്ടു വോളീബോള്‍ കളിക്കാരിയായിരുന്ന റോസ്‌മേരിക്ക് പൊക്കമുള്ളവരേയും താടിക്കാരേയും കാണുമ്പോള്‍ ഒരിളക്കം പണ്ടേയുള്ളതാണ്. പൗലോസിന് അത്ര പൊക്കക്കുറവില്ലെങ്കിലും അവളെയും അവളുടെ ആങ്ങളമാരെയുംവച്ചു നോക്കുമ്പോള്‍ ഇത്തിരി കുറവുതന്നെയാണെന്ന് അയാള്‍ക്കു നല്ല ബോധ്യമുണ്ട്. പെണ്ണുകാണാന്‍ ചെന്നപ്പോള്‍, ആറടിയില്‍ക്കൂടുതല്‍ പൊക്കമുള്ള അവളുടെ ആങ്ങളമാര്‍ ഈ പൊക്കക്കുറവു പറഞ്ഞു കല്ല്യാണം മുടക്കാന്‍ നോക്കിയിട്ടുള്ളതാണ്. അതോടെ അയാള്‍ക്കു വാശിയായി. തിരിച്ചു വീട്ടില്‍ വന്നയുടനെ മെസ്സേജായി അവള്‍ക്കൊരു കവിതതന്നെ അങ്ങോട്ടു വിട്ടു: 
'പൊക്കമില്ലാത്തതാണെന്റെ പൊക്കം!' 
'നീയെന്നെ ഇഷ്ടപ്പെടാത്തതാണെന്റെ ദുഃഖം' എന്നൊരു വരികൂടി കൈയില്‍നിന്നിട്ടു. ആദ്യത്തെ വരി കുഞ്ഞുണ്ണിമാഷിന്റെ കവിതയില്‍നിന്ന് അടിച്ചുമാറ്റിയതാണെന്നൊന്നും ആ പന്തുകളിക്കാരി അച്ചായത്തിക്കറിയാന്‍ സാധ്യതയില്ലല്ലോ! അവള്‍ കുറേ 'എല്‍ ഓ എല്‍' ഉം പൊട്ടിച്ചിരി അടയാളമുള്ള പിക്ചര്‍സൈനും മറുപടിയായി അയച്ചു. എന്തായാലും പൂഴിക്കടകന്‍ മര്‍മ്മത്തുതന്നെ കൊണ്ടു! അന്നുമുതല്‍ അങ്ങോട്ടുമിങ്ങോട്ടും മെസ്സേജുകളയച്ചുതുടങ്ങി. ക്രമേണ സംസാരവുമായി. അതൊക്കെയാണല്ലോ, പുതിയ ഫോണിന്റെയും ടെക്‌നോളജിയുടെയും മഹത്വം! ഏതു ബന്ധവും തുടങ്ങാനും തകരാനും നിമിഷങ്ങള്‍ മാത്രം മതി. 
ഏതായാലും അതോടുകൂടി, റോസ്‌മേരി ആങ്ങളമാരോടു തീര്‍ത്തുപറഞ്ഞു, പൗലോസ് പൂവത്താനിയെ മതിയെന്ന്! ഒറ്റപ്പെങ്ങളുടെ ആഗ്രഹമല്ലേ എന്നോര്‍ത്ത് അവരങ്ങു സമ്മതിച്ചു! കേരളാസ്റ്റേറ്റ് വോളീബോള്‍ ടീമില്‍ കളിച്ചിട്ടുള്ള അവള്‍ ട്രോഫി വാങ്ങുന്ന പടമൊക്കെ അവളുടെയപ്പന്‍ കാണിച്ചിരുന്നു. 
റോസ്‌മേരിക്ക് ഒരു മുന്‍കാലപ്രേമപരാജയമുണ്ടായിരുന്നതും ഡിഗ്രി പാസ്സാകാതിരുന്നതും കാര്യങ്ങള്‍ എളുപ്പമാക്കി. ഒന്നാന്തരം കൃഷിസ്ഥലവും ബി കോം ഡിഗ്രിയുമുള്ള അ പു ക പൗലോസിന് അതൊക്കെ അനുകൂലഘടകങ്ങളായി. 
ഈ പൂര്‍വ്വകാലചരിത്രപശ്ചാത്തലത്തില്‍ ഇപ്പോഴത്തെ അവളുടെ മനംമാറ്റം അവിശ്വസനീയമാണ്. പക്ഷേ ഒരു ഗുണമുണ്ടായി. ശാലോം ടീ വി കാണുന്നതേയില്ല. കര്‍ത്താവു കുരിശില്‍ കിടക്കുന്നതുപോലെ കൈയുംവിരിച്ചുള്ള നില്‍പ്പു നിര്‍ത്തിയതോടെ പുറംവേദനയും കുറഞ്ഞു. അതോടെ തിരുമ്മുകാരന്‍ പച്ചാളം ശിവരാമന്‍ പലതവണ വിളിച്ചെങ്കിലും അവള്‍ പോയില്ല. അങ്ങനെ അക്കാര്യത്തിലും തീരുമാനമായി. 
അങ്ങനെ ജീവിതം വീണ്ടും പ്രേമസുരഭിലമായെങ്കിലും അവരുടെ സ്വപ്നം സ്വന്തമായൊരു കുഞ്ഞിക്കാലു കാണുക എന്നതാണ്. അതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ അവള്‍ പറഞ്ഞു: 
'അതൊക്കെ ഞാന്‍ ഈശ്വരനോടു പറഞ്ഞു. അയാള്‍ പറഞ്ഞത്, രണ്ടുപേര്‍ക്കും പ്രത്യേകം പ്രത്യേകം കൗണ്‍സലിംഗ് വേണമെന്നാ. എന്നോട് ഒരുദിവസം ആ ഗുരുവിന്റെ ഈശ്വര്‍ ക്ലിനിക്കില്‍ താമസിക്കണമെന്നും പറഞ്ഞു.'
ഒരു നല്ലകാര്യത്തിനല്ലേ, അങ്ങനെയാവട്ടെ എന്നു പൗലോസും വിചാരിച്ചു. ആദ്യദിവസത്തെ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വന്നപ്പോള്‍ത്തന്നെ അവള്‍ വളരെ ഉല്ലാസവതിയായി. 
'നിനക്കെന്താ പതിവില്ലാത്ത ഒരിളക്കം?'
'നമ്മുടെ പ്രശ്‌നങ്ങളൊക്കെ ഈശ്വരനോടു തുറന്നുപറഞ്ഞപ്പോള്‍ ഒരാശ്വാസമായി. സൈക്യാട്രിസ്റ്റിനോടു കള്ളം പറയരുതെന്നു ഡോക്ടറും പറഞ്ഞില്ലേ? ഈശ്വരന്‍ മനശ്ശാസ്ത്രവും പഠിച്ചിട്ടുണ്ട്. ആഴ്‌ചേലൊരുദിവസമെങ്കിലും ഞാനവിടെക്കിടക്കണമെന്നാ പറഞ്ഞത്.'
അതു കേട്ടപ്പോഴാണ്, പൗലോസിനു വീണ്ടും നെഞ്ചുവേദന വന്നത്. ശരീരം മുഴുവനും വിയര്‍ക്കാന്‍ തുടങ്ങി. 
'ഇടയ്ക്കിടെ ഇങ്ങനെ ഷോക്കുണ്ടായാലും പേടിക്കണ്ടെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്?'
'ഇതു ഷോക്കൊന്നുമല്ല. ശരിക്കും അറ്റാക്ക് തന്നെയാ. നീ ആംബുലന്‍സ് വിളിച്ചോ.'
പൗലോസ് പൂവത്താനി ഉച്ചത്തില്‍ അലറി. നെഞ്ചില്‍ കൈവച്ച്, പതിയെ നടന്ന് സ്വീകരണമുറിയിലെ സോഫയില്‍ വന്നിരുന്ന് എന്തൊക്കെയോ ആലോചിച്ചു. പിന്നെ, ആംബുലന്‍സിന്റെ ഹോണ്‍ മുഴങ്ങുന്നതു പ്രതീക്ഷിച്ച്, സോഫയിലേക്കു നീണ്ടുനിവര്‍ന്നു കിടന്നു. 

# story by Thampy Antony thekkek
    

Join WhatsApp News
Critic. 2022-11-11 17:12:43
Not bad.
വാഴൂർ മുരളി 2022-11-13 08:58:30
അതി സുന്ദരമായ കഥ. ജീവിതവും മരണവും സമയവും ദൈവവും വിശ്വാസവും തനതായ നർമ്മത്തോടെയും ആഴത്തോടെയും തമ്പി ആന്റണി അനാവരണം ചെയ്യുന്നു. 🌹🌹🌹
Antony Thekkek 2022-11-14 00:10:42
Thank you Murali .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക