Image

ശീതളപാനീയവുമായി  പ്രണയഭൂമിയില്‍ ചേക്കേറുന്നവര്‍ ...(ഉയരുന്ന ശബ്ദം-68: ജോളി അടിമത്ര)

Published on 11 November, 2022
ശീതളപാനീയവുമായി  പ്രണയഭൂമിയില്‍ ചേക്കേറുന്നവര്‍ ...(ഉയരുന്ന ശബ്ദം-68: ജോളി അടിമത്ര)

ഒരു സന്ധ്യയില്‍ ഞാനിരുന്ന് ബൈബിള്‍ വായിക്കുകയായിരുന്നു. പ്രീഡിഗ്രിക്കാലമാണ് ,പ്രായം മധുരപ്പതിനേഴ്.!

'' പ്രിയാ ,വരിക,നാം വെളിമ്പ്രദേശത്ത് പോക.നമുക്ക് ഗ്രാമങ്ങളില്‍ചെന്ന് രാപാര്‍ക്കാം.അതികാലത്ത് എഴുനേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം..അവിടെ വച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും ''.

ഹാ, എന്നാ പ്രണയസാഹിത്യമാ !.വീണ്ടും വീണ്ടും അതേ വരികള്‍  വായിച്ച് വായിച്ച് അറിയാതെ അതിലങ്ങ് മുഴുകിപ്പോയി .വെളിമ്പ്രദേശവും അതികാലവും ഗ്രാമവും  മാതളനാരകവും പ്രണയവും കൂടിചേര്‍ന്നപ്പോള്‍ ഒരുനിമിഷം ഞാനൊരു ജറുസലേം കന്യകയായി മാറി.അതങ്ങനെയാണ്.ഉത്തമഗീതികള്‍ വായിക്കുന്ന ഏതൊരു പെണ്ണും ശൂലമിയായി മാറിയില്ലങ്കിലേ അത്ഭുതപ്പെടാനുള്ളൂ.കല്‍ക്കണ്ടംപോലെ മധുരിക്കുന്ന പ്രണയചിന്തകളോടെ വായന അങ്ങനെ മുന്നേറുകയാണ്.അപ്പോ ദേ വരുന്നു അടുത്തത്.

'' അവന്റെ ഇടങ്കൈ എന്റെ തലയിന്‍കീഴെ ഇരിക്കട്ടെ.അവന്റെ വലംങ്കൈ എന്നെ ആശ്‌ളേഷിക്കട്ടെ..''  
ഹമ്പെടാ ശലോമോനെ,കൊച്ചുകള്ളാ ..എന്നൊക്കെ അത്ഭുതപ്പെട്ട്  ഭാവനാലോകത്ത് ഞാനങ്ങനെ  വിഹരിക്കുമ്പോഴാണ്  തൊട്ടുപിന്നില്‍ നിന്ന് ആ അലര്‍ച്ച.
     
''  ഉത്തമഗീതമാണോടീ സന്ധ്യയ്ക്കിരുന്ന് വായിക്കുന്നത്.കൊള്ളാം , എന്തൊരു ഭക്തി !'',
അമ്മയുടെ ഒച്ച കേട്ട് ഞെട്ടിഎണീറ്റ് ആകെ ചമ്മി നാശമായിനിന്ന ആ നില്‍പ്പ് ഓര്‍മയില്‍നിന്ന് കാലത്തിന് എങ്ങനെ തേച്ചുമായിച്ചു കളയാന്‍ കഴിയും.എന്റെ പതിവില്ലാത്ത ഭക്തിയില്‍  അമ്മയയ്ക്ക് ആശ്ചര്യവും അവിശ്വാസവും തോന്നിയിരിക്കണം.അമ്മ പിന്നില്‍ വന്നു നിന്നതും വായിച്ചോണ്ടിരിക്കുന്നത് എത്തിനോക്കിയതുമൊന്നും ഞാനറിഞ്ഞില്ല..
    
''ദൈവവചനമല്ലേമ്മേ..'',ചളിപ്പുമാറ്റാന്‍ ഞാന്‍ എളിമയോടെ ചോദിച്ചു.
''സത്യവേദപുസ്തകത്തില്‍ 66 പുസ്തകം ഉണ്ടായിട്ടും എന്റെ മോള്‍ക്ക്  ഉത്തമഗീതമേ മനസ്സിരുത്തി വായിക്കാന്‍ കണ്ടുള്ളൂ.ഈ ഏകാഗ്രത പഠിത്തത്തില്‍ കാണിച്ചിരുന്നെങ്കില്‍ റാങ്കു വാങ്ങിച്ചേനേ..''.അമ്മ എന്റെ മര്‍മ്മത്തു തന്നെ കുത്തി.
പില്‍ക്കാലത്ത് ഇതു പറഞ്ഞ് ഞാനും അമ്മയുംകൂടി എത്ര തവണ ചിരിച്ചിരിക്കുന്നു.എന്റെ മക്കളോടും അമ്മ ആ രഹസ്യം പൊട്ടിച്ച് എന്നെ നാണംകെടുത്തി..അപ്പോ ഡിഗ്രി വിദ്യാര്‍ഥിയായ മകന്‍ പറഞ്ഞു,''അമ്മച്ചീ ശലോമോന്റെ ഉത്തമഗീതമൊക്കെ എനിക്ക് മന:പാഠമാ.നമ്മള്‍ക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കേണ്ടേ ..'' ,അതും പറഞ്ഞ് ചെക്കന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അമ്മ അന്തം വിട്ടു.  '' ഇവനെ സൂക്ഷിച്ചോ ..'',അമ്മ മുന്നറിയിപ്പു തന്നപ്പോള്‍ വീണ്ടും കൂട്ടച്ചിരി ഉയര്‍ന്നു.മുന്നറിയിപ്പ് പാഴായില്ല !.
ചെക്കന്‍ പ്രണയിച്ചു തന്നെയാണ് അവന്റെ ശൂലമിയെ കണ്ടുപിടിച്ചത്.        
' നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ' എന്ന ഹിറ്റ് സിനിമചെറുപ്പക്കാരെക്കൊണ്ട് ഉത്തമഗീതം വ്യാപകമായി വായിപ്പിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു.    
ഇതൊക്കെ ഓര്‍മിക്കാന്‍ ഇപ്പോള്‍ കാര്യമുണ്ട്.ഏതു കാലത്തും ഈ ഭൂമിയില്‍പ്രണയികളുണ്ടാവും.
അവരുടെ തിരുവെഴുത്താണ് ബൈബിളിലെ ഉത്തമഗീതം.                                                                                                                                    ഇടയചെക്കന്റെ പ്രണയത്തിനു മുന്നില്‍
സോളമന്‍  ചക്രവര്‍ത്തിയുടെ  ചക്രവര്‍ത്തിനീപട്ടം ഒന്നുമല്ലെന്നു പ്രഖ്യാപിച്ച കാമുകിയുടെ കഥ.ഈശ്വരനും ഭക്തനും തമ്മിലോ ദൈവവും സഭയും തമ്മിലോ ഉള്ള നിര്‍വ്യാജസ്‌നേഹത്തെയാണ് അത് ചിത്രീകരിക്കുന്നതെന്നൊക്കെ വേദശാസ്ത്ര പണ്ഡിതര്‍ പറഞ്ഞോട്ടെ.പക്ഷേ,എനിക്കിഷ്ടം പ്രണയികളുടെ  ഉജ്ജ്വലവും ഉദാത്തവും കളങ്കരഹിതവുമായ പ്രണയപ്രഖ്യാപനമായി അതിനെ കാണാനാണ്.പ്രണയത്തെ എന്തിന് മൂടുപടമിട്ട് നമ്മള്‍ സമീപിക്കണം.വയലാറിന്റെ  വരികള്‍ നമ്മളെ മധുരിപ്പിക്കുന്ന ഒരു വേദനയിലേക്ക് അറിയാതെ കൈപിടിച്ചു നടത്തുന്നതുകൊണ്ടല്ലേ ആ ഗാനം കേട്ടിട്ടും കേട്ടിട്ടും നമ്മള്‍ക്ക് മതി വരാത്തത്.
''ഈ വര്‍ണ്ണ സുരഭിയാം   ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ ?
സന്ധ്യകളുണ്ടോ,ചന്ദ്രിക ഉണ്ടോ...ഗന്ധര്‍വ്വ ഗീതമുണ്ടോ..
കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ ? ''        

 പറഞ്ഞുവരുന്നത് ജ്യൂസും കഷായവും പ്രണയത്തെ കൊന്നൊടുക്കുന്ന നമ്മുടെ കാലത്തെപ്പറ്റിയാണ്.ഷാരോണിനെ ഗ്രീഷ്മ വിഷംകൊടുത്ത് കൊന്ന വാര്‍ത്തയ്ക്കു പിന്നാലെ ദാ വരുന്നു മറ നീക്കി ഒട്ടേറെ സംഭവങ്ങള്‍.പാറശ്ശാലയില്‍ പെണ്ണാണ് വിഷം നല്‍കിയതെങ്കില്‍ നിദ്രവിളഗ്രാമത്തിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അഭിതയെ കൊന്നത് കാമുകനാണത്രേ.രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവരെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കിയ പ്രണയത്തെ യുവാവിന്റെ വീട്ടുകാര്‍ എതിര്‍ത്തു.സെപ്തംബര്‍ ഏഴിന് ഒറ്റയ്ക്കു കാണാണമെന്ന് യുവാവ്  ആവശ്യപ്പെട്ടതനുസരിച്ച്  ഇരുവരും കണ്ടുമുട്ടി..അവിടെ വച്ച് കാമുകന്‍ ശീതളപാനീയം നല്‍കിയെന്നും കുടിച്ചതിന്റെ പിറ്റേന്നു മുതല്‍ വയറു വേദന അനുഭവപ്പെട്ടെന്നുമാണ് പൊലീസില്‍ വീട്ടുകാര്‍ അറയിച്ചത്.തിരുവനന്തപുരത്ത് വിദഗ്ധചികിത്സയിലിരിക്കുമ്പോള്‍ ആ പെണ്‍കുട്ടി മരിച്ചു.
                  
അടുത്ത പരാതി ഒരു ഭര്‍ത്താവിന്റേതാണ്.ഭാര്യ തനിക്ക് ഹോര്‍ലിക്‌സില്‍ ചേര്‍ത്ത് വിഷം നല്‍കുകയായിരുന്നു എന്നാണ് സുധീര്‍ ,നെയ്യാറ്റിന്‍കര  പൊലിസില്‍  പരാതി നല്‍കിയത്.മൂന്നുദിവസം വെന്റിലേറ്ററിലായിരുന്നു .കെഎസ്ആര്‍ടിസി ഡ്രൈവറാണ് സുധീര്‍ .കാമുകന്‍ കൊറിയറായി തന്റെ ഭാര്യയ്ക്ക് വിഷം അയച്ചുകൊടുക്കുകയായിരുന്നു എന്നാണ് പറയുന്നത്.ആദ്യം പാറശ്ശാല പൊലീസില്‍ പരാതി നല്‍കി മാസങ്ങളായിട്ടും പൊലിസ് കേസെടുത്തില്ല.പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം വാര്‍ത്തയായതോടെ വീണ്ടും പരാതി നല്‍കി രംഗത്തെത്തിയിരിക്കയാണ് അദ്ദേഹം.ഭാര്യ വീടുവിട്ടുപോയി.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലൂനിനിയം ഫോയ്‌ഫെയിഡും സിറിഞ്ചും സൂചിയും കണ്ടത്.ഇത് അകത്തുചെന്നാലുണ്ടവുന്ന അസ്വസ്ഥതകളായിരുന്നു തനിക്കെന്ന് വെളിപ്പെടുത്തുന്ന  മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കയ്യിലുണ്ട്.
                                       
എവിടെയാണ് നമ്മുടെ  പ്രണയികള്‍ക്ക് പിഴയ്ക്കുന്നത്.പണ്ടൊക്കെ നമ്മള്‍  കറുത്തമ്മയും  പരീക്കുട്ടിയും ചന്ദ്രികയും രമണനുമൊക്കെയായിരുന്നു.നന്‍മയുള്ള കാമുകിമാരും കാമുകന്‍മാരും.പ്രണയം തകര്‍ന്നാല്‍ ആരെയും ഇല്ലായ്മ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കയില്ലായിരുന്നു. നഷ്ടപ്രണയത്തിന്റെ ഗദ്ഗദം ഉള്ളിലടക്കിപ്പിടിച്ച് ദീര്‍ഘനിശ്വാസങ്ങളുടെ ദിവസങ്ങളെ അതിജീവിച്ച് തകര്‍ച്ചയില്‍നിന്ന് പുറത്തുവരാന്‍ കഠിന പ്രയത്‌നം ചെയ്ത അവരങ്ങനെ ജീവിച്ചുപോകും. .കാമുകന്‍ മറ്റൊരു പെണ്ണിന്റെ പിന്നാലെ പോയതറിയുമ്പോള്‍ പരിത്യജിക്കപ്പെട്ടവളുടെ അപമാനംപേറിയാലും അവള്‍ പിന്നെയും ജീവിച്ചു.കാമുകനെക്കാള്‍ മിടുക്കനായ വേറൊരാളെ കാണുമ്പോള്‍ തേച്ചിട്ടു പോകുകയല്ലാതെ കൊല്ലാന്‍ നില്‍ക്കുകയില്ലായിരുന്നു പഴയ കാമുകിമാര്‍..കാമുകി കൈവിട്ടാല്‍ പെട്രോള്‍ വാങ്ങാനായി അന്നത്തെ കാമുകന്‍ ഓടുകയുമില്ലായിരുന്നു.
             
അരുത് .പ്രണയത്തെ കൊല്ലരുത്.ഈ ലോകം നിലനില്‍ക്കണമെങ്കില്‍ പ്രണയിച്ചുകൊണ്ടേയിരിക്കുക.ഭാര്യ ഭര്‍ത്താവിനെ,കാമുകന്‍ കാമുകിയെ,ഭക്തന്‍ ഈശ്വരനെ...യഥാര്‍ഥമായി സ്‌നേഹിക്കുന്ന ഒരാള്‍ക്കും മറ്റെയാളെ കൊല്ലാനാവില്ല.ഒരിക്കല്‍ തന്നെ സ്‌നേഹിച്ച ,താന്‍ സ്‌നേഹിച്ച ആള്‍ തന്നെവിട്ടുപോയാലും ഈ ഭൂമിയില്‍ എവിടെങ്കിലും ജീവനൊടെയിരിക്കട്ടെ എന്നേ ആഗ്രഹിക്കയുള്ളൂ.മറ്റേയാള്‍ നല്‍കിയ നല്ല നിമിഷങ്ങളെ മനസ്സിന്റെ ചിമിഴില്‍ ഒളിപ്പിച്ച് അവര്‍ ജീവിതം തള്ളിനീക്കും.ഓരോ മനുഷ്യന്റെ ഉള്ളിലും നഷ്ടപ്രണയങ്ങളുടെ  ശവകുടീരങ്ങളുണ്ട്.തുറന്നുനോക്കിയാല്‍ ദ്രവിച്ചുപോയ കുറെ അസ്ഥിക്കഷണങ്ങള്‍ മാത്രം അവിടെ ശേഷിപ്പുണ്ടാവും.പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍ !.അതിന്റെ മീതെയാണ് മിക്കവരുടെയും കുടിപാര്‍പ്പുകള്‍.എന്നിട്ടും എല്ലാവരും എല്ലാം മറന്ന് ജീവിക്കുന്നു.വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തമാശയായി തോന്നുകയും ചെയ്യും.വീണ്ടും കണ്ടുമുട്ടിയാല്‍ സുഖമല്ലേന്ന് ചോദിച്ച് ഒരുമിച്ചു ചിരിക്കാനും കഴിയുന്ന നമ്മള്‍..അത് പൊയ്‌പോയ ഒരു കാലഘട്ടം ! .
  കൊല്ലുംമുമ്പ് ,താന്‍ ഭ്രാന്തമായി ഒരിക്കല്‍ സ്‌നേഹിച്ചിരുന്ന ,തന്നെ പ്രാണനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന ആളിന്റെ ആ കണ്ണുകളില്‍ ഒരുനിമിഷം നോക്കിയിരുന്നെങ്കില്‍ !.
     

ആ കൃഷ്ണമണിയില്‍ അങ്ങനെ തെളിഞ്ഞുനില്‍ക്കുന്നത് നമ്മള്‍ത്തന്നെയാണല്ലോ.പിന്നെയെങ്ങനെ കൊന്നൊടുക്കാന്‍ കൈയ്യുയരും ?. 

# love trajedy - Colum by Jolly Adimathra

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക