Image

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍: വളരെ സന്തോഷവും കുറെ കണ്ണുനീരും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 12 November, 2022
ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍: വളരെ സന്തോഷവും കുറെ കണ്ണുനീരും (ലേഖനം: സാം നിലമ്പള്ളില്‍)

ലോകമെമ്പാടുമുള്ള ഫുട്ട്‌ബോള്‍ പ്രേമികളെപ്പോലെ ഞാനും കാത്തിരിക്കയാണ് ഈമാസം ഇരുപതാം തീയതിയാകാന്‍. അന്നാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ട്‌ബോള്‍ ആരംഭിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങള്‍ ലോകകപ്പിനുവേണ്ടി പന്തുതട്ടാന്‍ തുടങ്ങുകയായി. നമ്മുടെ മാതൃരാജ്യമായ ഇന്‍ഡ്യക്ക് അവിടെ കാര്യമൊന്നും ഇല്ലെങ്കിലും അമേരിക്കന്‍ പൗരന്മാരായ നമുക്ക് ഈരാജ്യത്തിന്റെ വിജയത്തിനുവേണ്ടി കയ്യടിക്കാം. ഇന്‍ഡ്യാക്കാര്‍ക്ക് അഭിമാനിക്കാന്‍ വകയില്ലെങ്കിലും കേരളത്തിലെ ഫുട്ട്‌ബോള്‍ ഭ്രന്തന്മാര്‍ക്ക്, പ്രത്യേകിച്ച് മലപ്പുറത്തെയും കോഴിക്കോട്ടെയും, ബ്രസീലിന്റെയും അര്‍ജന്റീനയുടെയും വിജത്തിനുവേണ്ടി  വാതുവെയ്ക്കാം. അവിടെ ഇപ്പോള്‍തന്നെ ഫുട്ട്‌ബോള്‍പ്രേമികള്‍ ഈ രാജ്യങ്ങളുടെ ടീമിന്റെ ജേര്‍സിയും അണിഞ്ഞുകൊണ്ടാണ് നടപ്പ്. മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. ഫ്‌ളക്‌സുബോര്‍ഡ് മരത്തിന്റെമുകളില്‍ കെട്ടാന്‍കയറിയ ഒരുവിദ്വാന്‍ താഴെവീണ് പരലോകപ്രാപ്തനായ വിവരം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ഗള്‍ഫ് നാടുകളിലുള്ള മലയാളികള്‍ക്ക് ലോകകപ്പ് നേരിട്ടുകാണാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍നിന്നും കയ്യില്‍ കാശുള്ളവര്‍ക്ക് ഖത്തറില്‍പോയി കളികാണാന്‍ ഇതുപോലൊരു അവസരം ഉടനെങ്ങും ഉണ്ടാകില്ല. അവരത് പാഴാക്കത്തില്ലെന്ന് ഉറപ്പാണ്. കാരണം അത്രക്കാണ് അവരുടെയൊക്കെ ആവേശം. അമേരിക്കയിലുളള എനിക്കും പോയാല്‍കൊള്ളാമെന്നുണ്ടെങ്കിലും വാലറ്റിന് വലിയ കനമില്ലാക്കതുകൊണ്ടും യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടും വീട്ടിലിരുന്ന് ടീവിയില്‍ കളികാണാമെന്ന് സമാധാനിക്കുന്നു.
ലോകകപ്പിന് ആഥിത്വം നല്‍കാനുള്ള അവസരം ഖത്തറിന്കിട്ടിയതിനെപററി പല അപഖ്യാതികളും പറഞ്ഞുകേട്ടിരുന്നു. കഴിഞ്ഞദിവസം ഫീഫയുടെ മുന്‍പ്രസിഡണ്ടും അത് ആവര്‍ത്തികയയുണ്ടായി. കൈക്കൂലയായി വന്‍തുക ഫീഫ ഭാരവാഹികള്‍ക്ക് കൊടുത്താണ് ഖത്തര്‍ ഈയൊരു അവസരം കൈക്കലാക്കിയതെന്നത് പകല്‍പോലെ സത്യമാണ്. പണത്തിനുമീതെ പരുന്തല്ല ഫീഫയും പറക്കില്ല. 
എണ്ണപണത്തിന്റെ കൊഴുപ്പ് ലോകകപ്പ് വേദിയില്‍ല്‍മൊത്തം വ്യാപിച്ചുകിടക്കുന്നു. 220 ബില്ല്യണ്‍ ഡോളറാണ് ഖത്തറെന്ന ചെറുരാജ്യം ഒരുമാസം നീണ്ടുനില്‍കുന്ന ഈ ടൂര്‍ണമെന്റിനുവേണ്ടി ചിലവാക്കിയിരിക്കുന്നത്. ഇന്നേവരെ ഒരുലോകകപ്പും, എന്തിന് ഒളിംബിക്‌സിനുപോലും, ഒരുരാജ്യവും ഇന്നേവരെ ചിലവാക്കാത്തത്ര വന്‍തുക. എട്ടോളം മനോഹരങ്ങളായ സ്റ്റേഡിയങ്ങളും അനുബന്ധ സമുശ്ചയങ്ങളും തയ്യാറായികഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഫുട്ട്‌ബോള്‍പ്രേമികള്‍ ഇരച്ചെത്താന്‍ ഏതാനും ദിവസങ്ങള്‍കൂടി മതി.
ഈ ആഹ്‌ളാദത്തിനടിയിലും ആരും ശ്രദ്ധിക്കാത്ത ചിലസത്യങ്ങളുണ്ട് എന്നതാണ് വേദനാജനകം. ആഫ്രിക്കയിലെയും ഏഷ്യയിലെയും കുറെ പാവങ്ങളുടെ വിയര്‍പ്പും രക്തവും ജീവനുംകൊണ്ട് പടുത്തുയര്‍ത്തിയതാണ്  ഖത്തറിലെ സൗധങ്ങളെല്ലാം. അതില്‍ ഇന്‍ഡ്യാക്കാരും നേപ്പാളികളും ബംഗ്‌ളാദേശികളുമുണ്ട്. നല്ല ശമ്പളവും താമസസൗകര്യങ്ങളും ആഹാരവും വാഗ്ദാനംചെയ്ത് ചില ഏജന്‍സികള്‍ റുക്രൂട്ടുചെയ്ത് കൊണ്ടവന്നതാണ് ഇവരെയൊക്കെ. താമസിക്കാന്‍ വൃത്തിയില്ലാത്ത ഇടുങ്ങിയ ബാരക്കുകള്‍ ഉണ്ടായിരുന്നു. ആഹാരം പാചകംചെയ്യാന്‍ പാത്രങ്ങളും ഗ്യാസുംകൊടുത്തു,  വാഗദാനംചെയ്ത ശമ്പളംതന്നെ കൃത്യമായി കൊടുത്തിരുന്നില്ല. ഏജന്‍സികള്‍ അതെല്ലാം കൈക്കലാക്കി. അന്‍പത്ഡിഗ്രി ചൂടില്‍ (സെല്‍ഷ്യസ്സാണെന്ന് ഓര്‍ക്കണം) ദിവസം പന്ത്രണ്ട് മണിക്കര്‍ ജോലിചെയ്ത് ഈ പാവങ്ങളില്‍ അനേകര്‍ മരിച്ചുവീഴുകയും മറ്റുചിലര്‍ നിത്യരോഗികളായി തീരുകയും ചെയ്തു. ശരിക്കും അടിമവേലയാണ് ഇവരെക്കൊണ്ട് ചെയ്യിച്ചിരുന്നതെന്ന്  ചില മനുഷ്യാവകാശ സംഘടനകള്‍ കണ്ടെത്തുകയുണ്ടായി. ശവപ്പെട്ടികളുമായി വിമാനങ്ങള്‍ നിത്യേനയെന്നോണം ഇന്‍ഡ്യയിലേക്കും നേപ്പാളിലേക്കും ബംഗ്‌ളാദേശിലേക്കും പറന്നുകൊണ്ടിരുന്നു. 
മോഹനവാഗ്ദാനങ്ങളില്‍ വശംവദനായി ഖത്തറിലേക്കുപോയി നിത്യരോഗിയായി തിരികെവന്ന ഒരു വടക്കെ ഇന്‍ഡ്യക്കാരനെ മനുഷ്യാവകാശ സംഘടന ടീവിയില്‍ കാണിച്ചു. മണ്‍ചുമരുകളും തകരമേല്‍ക്കൂരയുമുള്ള ഒരുകുടുലിന്റെ മുന്‍പില്‍ കുത്തിയിരിക്കുന്ന ഒരു ശുഷ്‌ക്കിച്ച മനുഷ്യന്‍. രോഗിയാണന്ന് കണ്ടാലറിയാം. അയാളുടെ ദരിദ്രയായ ഭാര്യ മുറ്റത്തിരുന്ന് എന്തോ പാചകംചെയ്യുന്നു. നഗ്നരായ രണ്ട് കൊച്ചുകുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്നു.  ഗള്‍ഫ് സ്വപ്നവുമായി പോയ ആരോഗ്യവാനായ ചെറുപ്പകാരനാണ് നിത്യരോഗിയായി തിരിച്ചുവന്നിരിക്കുന്നത്. അയാള്‍ വാരിക്കൂട്ടി കൊണ്ടുവന്നിരിക്കുന്ന ഗള്‍ഫ് പണത്തിന്റെ ആകെത്തുകയാണ് ആ കുടിലും, ഭാര്യ ഉടുത്തിരിക്കുന്ന മുഷിഞ്ഞ സാരിയും ഉടുതുണിയില്ലാതെ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളും. ഇതുപോലെ എത്രയോ ഭവനങ്ങള്‍ ബംഗ്‌ളാദേശിലും ആഫ്രിക്കയിലും.
ലോകകപ്പ് ഫുട്ട്‌ബോള്‍ കണ്ടുകൊണ്ടിക്കുമ്പോള്‍ ഈ പാവങ്ങളുടെ ചിത്രം മനസിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്.  അധവാ കടന്നുവന്നാല്‍ കളികാണുന്ന സുഖം നഷ്ടപ്പെടാന്‍ അത് ഇടയാക്കും.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.

# qatar world cup Article by sam Nilapallil

Join WhatsApp News
foot-ball player. 2022-11-15 01:14:40
32 teams to play.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക