Image

കാലിഫോര്‍ണിയ അസംബ്ലിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സിഖ് വനിത 

പി പി ചെറിയാന്‍ Published on 12 November, 2022
കാലിഫോര്‍ണിയ അസംബ്ലിയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സിഖ് വനിത 

സാക്രമെന്റോ : കാലിഫോര്‍ണിയ ബേക്കേഴ്‌സ്ഫീല്‍ഡില്‍  നിന്നുള്ള ഫിസിഷ്യന്‍ ജസ്മീറ്റ് ആര്‍ ബെയിന്‍സ് കാലിഫോര്‍ണിയ അസംബ്‌ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യന്‍  സിഖ് വനിത ചരിത്രത്തിലാദ്യമായാണ് കാലിഫോര്‍ണിയ അസംബ്ലിയില്‍ അംഗമാകുന്നത്. 

ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി 35th  അസംബ്ലി ഡിസ്ട്രിക്ടില്‍  നിന്നും മത്സരിച്ച ഇവര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ലറ്റിഷ  പെരസിനെയാണ്  പരാജയപ്പെടുത്തിയത് .  

മയക്കുമരുന്നിനും മദ്യത്തിനും ദുശ്ശീലങ്ങള്‍ക്കും  അടിമയാകുന്ന രോഗികളെ ശുശ്രൂഷിക്കുന്ന ബേക്കേഴ്‌സ് ഫീല്‍ഡ് റിക്കവറി സര്‍വീസസ് മെഡിക്കല്‍ ഡയറക്ടറാണ് ജസ്മീറ്റ്. ആരോഗ്യസംരക്ഷണം, വാട്ടര്‍ ക്വാളിറ്റി, എയര്‍ ക്വാളിറ്റി ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കും എന്ന ഉറപ്പാണ് ഇവര്‍ തെരഞ്ഞെടുപ്പിനു മുമ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയത്. 

ഇന്ത്യയില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ ബിസിനസ്സില്‍ ആണ് ശ്രദ്ധകേന്ദ്രീകരിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഇവര്‍ പിതാവിന്റെ ബിസിനസില്‍ സഹായിക്കുകയും തുടര്‍ന്ന് മെഡിസിനില്‍ ബിരുദം നേടുകയും ചെയ്തു. 

അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായപ്പോള്‍ ആതുര ശുശ്രൂഷ രംഗത്ത് ഇവര്‍ നടത്തിയ സേവനങ്ങളെ മാനിച്ച് 2021ലെ ബ്യൂട്ടിഫുള്‍ ബേക്കേഴ്‌സ് ഫീല്‍ഡ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2019 ല്‍ കാലിഫോര്‍ണിയ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് അവാര്‍ഡായ ഹീറോ ഓഫ് ഫാമിലി മെഡിസിന്‍ അവാര്‍ഡും ഇവര്‍ക്ക്  ലഭിച്ചിരുന്നു.

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക