Image

വരകളുടെ വരദാനം! (വിജയ് സി. എച്ച്)

Published on 13 November, 2022
വരകളുടെ വരദാനം! (വിജയ് സി. എച്ച്)

ഈയിടെ 97 തികഞ്ഞ ആർട്ടിസ്റ്റ് നമ്പൂതിരി ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ ചിത്രകാരൻ. കരുവാട്ട് മനയിൽ വാസുദേവൻ നമ്പൂതിരിയെന്ന പൂർണ്ണ നാമത്തിനുടമ മലയാള സാഹിത്യത്തിന് ദൃശ്യസംസ്കൃതിയുടെ പുതിയ മാനം നൽകിയ ലോകോത്തര കലാകാരൻ. 
മഹാമാരികളാൽ ഭൂഗോളം ചക്രശ്വാസം വലിച്ചപ്പോൾ ആവിഷ്കരിക്കപ്പെട്ടതെല്ലാം പിന്നീട് ക്ലാസ്സിക്കുകളായി മാറിയ ചിത്രങ്ങളാണ്. പ്ലേഗും, സ്പാനിഷ് ഫ്ലൂവും, കോളറയും, ക്ഷയരോഗവും പിടിപെട്ട് മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ യൂറോപ്യൻ പട്ടണങ്ങളിൽ കുന്നുകൂടി കിടന്നപ്പോഴാണ് വവ്വാൽ പോലെയുള്ള ഭീകര ജന്തുവിനുമേലിരുന്ന് മരണം തെരുവിൽ പറക്കുന്നതും, ജനലിൽവന്ന് വീടിനകത്തേക്ക് എത്തിനോക്കുന്നതു പോലെയുമുള്ള വിഖ്യാതമായ രചനകളുണ്ടായത്. മൂന്നു വർഷത്തോളം കാലം നീണ്ടുനിന്ന കോവിഡ്-19, ലതാ മങ്കേഷ്കറും, എസ്. പി. ബാലസുബ്രഹ്മണ്യവുമുൾപ്പെടെ, ഇന്ത്യയിൽ മാത്രം അഞ്ചര ലക്ഷത്തോളം മനുഷ്യരുടെ ജീവൻ കവർന്നെടുത്തു. 
എന്നാൽ, ഏറ്റവും ഒടുവിലെത്തിയ മഹാമാരി ചിത്രകാരന്മാരെ എങ്ങനെ സ്വാധീനിച്ചുവെന്ന വിഷയം ഭാവിയിലേയ്ക്കു മാറ്റിവെച്ച്, കഴിഞ്ഞ കാലം ഓർത്തെടുത്തു വിലയിരുത്തുന്നതാണ് ഉത്തമമെന്നു വരയുടെ തമ്പുരാൻ അഭിപ്രായപ്പെട്ടപ്പോൾ, ഞങ്ങൾ സംസാരിച്ചു തുടങ്ങി: 


🟥 വീട്ടുമുറ്റത്തെ ഈ സ്ത്രീ ശിൽപം? 
ഇത് അൽപം മുന്നെ ചെയ്തതാണ്. മണ്ണുകൊണ്ട്. താമസം (എടപ്പാളിന് അടുത്തുള്ള) നടുവട്ടത്തേയ്ക്ക് മാറിയതിനു ശേഷം, ഇവിടത്തെ പ്രകൃതിയും മണ്ണും മറ്റും കണ്ടപ്പോൾ, ഒരു ശിൽപം ചെയ്യാൻ തോന്നി. പിന്നെ, തിരക്കിൽപ്പെട്ട് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കേടുപാടുകൾ പറ്റിയപ്പോൾ സിമൻ്റ് ഉപയോഗിച്ച് പുറംഭാഗം സംരക്ഷിക്കാൻ ശ്രമിച്ചു. ഒരാളുടെ ചിത്രബോധം തന്നെയാണ് ശിൽപമായും മാറുന്നത്.  
🟥 'നമ്പൂതിരിയുടെ ചിത്രങ്ങൾ', 'നമ്പൂതിരിയുടെ പെണ്ണുങ്ങൾ', 'നമ്പൂതിരിയുടെ ആണുങ്ങൾ’ മുതലായ പ്രശസ്ത പ്രയോഗങ്ങളുടെ ഉത്ഭവം വ്യക്തമാക്കാമോ? 
ഞാൻ ഒന്നും പകർത്താറില്ല. അതിനാൽ ഒത്തുനോക്കലുകൾ എൻ്റെ വരകൾക്ക് ബാധകമല്ല. എൻ്റെ വർക്കുകൾക്ക് പൂർവമാതൃകകൾ ഇല്ലാത്തതുകൊണ്ടാകാം അവയെ എൻ്റെ പേരിൽ തന്നെ വിളിയ്ക്കുന്നത്. പികാസ്സൊയെയും, വാൻ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിൻചിയേയും, മൈക്കേൽ ആഞ്ജലോയേയും, രാജാ രവി വർമ്മയേയും, ടാഗോറിനേയും ഞാൻ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ വിശ്രുതരായ ഇലസ്ട്രേറ്റേഴ്സ്, ഫെലിക്സ് ടോപോൾസ്കിയുടെയും, ജേംസ് തർബറിൻ്റെയും, ബെൻ ഷാനേയുടെയും വരകളും ഞാൻ കാണാറുണ്ട്. എന്നാൽ, ഇവരാരും തന്നെ എൻ്റെ രചനകളെ സ്വാധീനിച്ചിട്ടില്ല. എൻ്റെ ചിത്രങ്ങളും, പെണ്ണുങ്ങളും, ആണുങ്ങളും, കഥകളി നർത്തകരും, നഗരങ്ങളും, കോപ്പർ റിലീഫുകളും, ബിനാലെ പോർട്രൈറ്റുകളും എൻ്റെ സ്വത്വമാണ്. 
🟥 വരയിൽ പത്തെൺപത് വർഷം പിന്നിട്ട താങ്കളുടെ കുട്ടിക്കാലം? 
പൊന്നാനിയിലാണ് ജനിച്ചു വളർന്നത്. അക്കാലങ്ങളിൽ ട്രെഡീഷനൽ വിദ്യാഭ്യാസമാണ് നിലവിലുണ്ടായിരുന്നത്. സംസ്കൃത പഠനം വരിക്കാശ്ശേരി മനയിൽ വെച്ചായിരുന്നു (മലയാള സിനിമയുടെ തറവാട് എന്ന് അറിയപ്പെടുന്ന, ഒറ്റപ്പാലത്തെ പ്രാചീനമായ ഇല്ലം. 'ആറാം തമ്പുരാ'നും, 'ദേവാസുര'വുമുൾപ്പെടെ നൂറിൽപരം പടങ്ങളുടെ ലൊക്കേഷൻ). അച്ഛൻ (പരമേശ്വരൻ നമ്പൂതിരി) ഒരുപാട് അപൂർവ്വങ്ങളായ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം വായിച്ചാണ് ലോകപരിജ്ഞാനം നേടുന്നത്. വിശ്വോത്തര ചിത്രകാരന്മാരെക്കുറിച്ചൊക്കെ അങ്ങനെയാണറിഞ്ഞത്. 


🟥 പൊന്നാനിയിലെ ബാല്യം വരയെ സ്വാധീനിച്ചോ? 
ഉണ്ട്! കലാസാഹിത്യ പ്രവർത്തനങ്ങളാൽ പ്രകമ്പനം കൊള്ളുന്നതായിരുന്നു അന്ന് പൊന്നാനി. സർഗസമ്പന്നമായ ഒരു അന്തരീക്ഷം. ഇടശ്ശേരി ഗോവിന്ദൻ നായർ, ഉറൂബ്, കടവനാട് കുട്ടികൃഷ്ണൻ, അക്കിത്തം മുതലായവരുമായുള്ള അടുത്ത ബന്ധം നല്ലൊരു സാഹിത്യസംസ്കാരം വളർത്തിയെടുക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. പിന്നീടിത് ജോലിപരമായി വളരെ ഉപകരിക്കുകയും ചെയ്തു. എഴുത്തുകാരുദ്ദേശിക്കുന്ന രീതിയിൽ അവരുടെ കഥാപാത്രങ്ങളെ ഉൾകൊള്ളാനും അത് പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഇലസ്ട്രേറ്റു ചെയ്യാനും. തകഴി, കേശവദേവ്, പൊറ്റെക്കാട്, ഇടശ്ശേരി, ഉറൂബ്, വി.കെ.എൻ, എംടി മുതലായവരുടെ കൃതികൾ ദിനപത്രങ്ങളിലും, വാരികകളിലുമെല്ലാം അച്ചടിച്ചുവന്നിരുന്നത് എൻ്റെ  രേഖാചിത്രങ്ങളോടുകൂടിയായിരുന്നല്ലൊ. 
🟥 വരയിൽ ആകൃഷ്ടനായത് എങ്ങനെയാണ്? 
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ (പൊന്നാനിക്കടുത്തുള്ള എടപ്പാളിലെ പുരാതന ക്ഷേത്രം) കൊത്തിവെച്ചിട്ടുള്ള ശിൽപങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. വിശിഷ്ട ശിൽപങ്ങളുടെ സമുദ്രമാണാക്ഷേത്രം. അതിലൊന്ന് ഉണ്ടാക്കാൻ ഒരായുസ്സ് മുഴുവൻ എടുത്താലും നമുക്ക് കഴിയില്ല. സ്വന്തം പേരു പോലും എഴുതാതെയാണ് ആ ശിൽപികൾ മണ്മറഞ്ഞത്! സ്വാഭാവികമായും ചിത്രകല ഒരു വൈകാരിക അനുഭൂതിയായി തോന്നാൻ തുടങ്ങി. 


🟥 വരയുടെ തുടക്കം എങ്ങനെയെന്ന് ഓർക്കുന്നുണ്ടോ? 
ചുമരിലും, മണലിലും മറ്റുമായിരുന്നു പരിശീലനം. കരുവാട്ടില്ലത്തെ ചുമരുകളിൽ കരിക്കട്ടകൊണ്ട് തോന്നിയതൊക്കെ കുത്തിവരച്ചു. പിന്നീട്, കെ.സി.എസ്. പണിക്കരുടെ (നൂതന ഭാരതീയ ചിത്രകലയുടെ ഉപജ്ഞാതാവ്) ശിഷ്യനായി കൂടുതൽ പഠിയ്ക്കാൻ തുടങ്ങി. അങ്ങനെയാണ് ചിത്രരചനയുടെ ശരിയായ ഉൾക്കാഴ്ച്ച ലഭിച്ചത്. മദ്രാസിലെ ഫൈൻ ആർട്സ് കോളേജിൽ പഠിയ്ക്കുന്ന കാലത്ത്, ദേബി പ്രസാദ് റോയ് ചൗധരി, എസ്. ധനപാൽ (ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാർ) മുതലായവരിൽനിന്ന്   വിലപ്പെട്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും കിട്ടി. ഇവരെയെല്ലാം കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവാകുന്നത്. 
🟥 ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫൈൻ ആർട്സ് കോളേജ് അല്ലേ മദ്രാസ്സിലുള്ളത്. നാലുവർഷത്തെ ഫൈൻ ആർട്സ് കോഴ്സ്, താങ്കൾ മൂന്നു കൊല്ലംകൊണ്ട് പാസ്സായിയെന്ന് കേട്ടിട്ടുണ്ട്! 
ഹാഹാ... മിച്ചം വന്ന ഒരു കൊല്ലം അവിടെ തന്നെ പെയ്ൻ്റിങ് കോഴ്സിനു ചേർന്നു. ഗുരു കെ.സി.എസ്. പണിക്കരുടെ നിർദ്ദേശം അനുസരിച്ചായിരുന്നു. റോയ് ചൗധരിക്കു ശേഷം അദ്ദേഹമാണ് കോളേജിലെ പ്രിൻസിപൽ ആയത്. 
🟥 താങ്കളുടെ കൈകളിൽ പെന്നിനും ബ്രഷിനും മാത്രമല്ല മാന്ത്രികശക്തി ലഭിക്കുന്നത്. കളിമണ്ണും, ചെമ്പുതകിടും, മരവും, ചുമരുമെല്ലാം മാന്ത്രികന്മാരായി മാറുകയല്ലേ... നാടക വിജയികൾക്ക് കൊടുക്കാൻ, രണ്ടു രാത്രികൊണ്ട് പത്തുപന്ത്രണ്ട് ശിൽപങ്ങൾ ഈട്ടിത്തടിയിൽ കൊത്തിയുണ്ടാക്കിയ കഥ എംടി പറഞ്ഞത് ഓർക്കുന്നു. എന്നാലും, ലൈൻ ആർട്ടിനോടാണല്ലൊ കൂടുതൽ അടുപ്പം! എന്തെങ്കിലും കാരണം? 
എല്ലാം ചെയ്യാറുണ്ടെങ്കിലും, രേഖാചിത്രങ്ങളാണ് കൂടുതൽ സംതൃപ്തി തരുന്നത്. രേഖാചിത്രങ്ങൾക്ക് മറ്റു ചിത്രങ്ങൾക്കില്ലാത്ത ഒരു താളവും അഴകുമുണ്ട്. പ്ലെയിനായ ഒരു പ്രതലത്തിൽ, അല്ലെങ്കിൽ ഒരു കടലാസ്സിൽ, ഒരു ത്രീ- ഡൈമെൻഷനൽ സാധനത്തിന് രൂപം നൽകാൻ ലളിതമായ കുറച്ചു വരകൾക്ക് നിഷ്‌പ്രയാസം സാധിയ്ക്കും. പ്രതലം നിശ്ചലമാണെങ്കിലും അതിൽ വരച്ച രൂപങ്ങൾ ചലനാത്മകമായി തോന്നും. കഥകൾ വാക്യരൂപത്തിലുള്ള വിവരണമാണ്. എന്നാൽ, അതിൽ പറഞ്ഞിരിയ്ക്കുന്ന കഥാപാത്രങ്ങൾക്ക് ആകൃതിയും സൗന്ദര്യവും ഭാവവുമെല്ലാം നൽകുന്നത് ഇലസ്ട്രേഷനാണ്. ഒരു സാഹിത്യസൃഷ്ടിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകമാത്രമല്ല ഈ സ്കെച്ചുകൾ ചെയ്യേണ്ടത്, അവരുടെ സംസ്കാരവും ജീവിച്ചിരുന്ന കാലഘട്ടവും വരെ വരകളിൽ അറിയണം. എല്ലാ തലങ്ങളിലും പൂർണ്ണതയുള്ളൊരു കലയാണ് ലൈൻ ഡ്രോയിങ്! 


🟥 നമ്പൂതിരിയുടെ ഇലസ്ട്രേഷൻ കൂടെയുള്ളതുകൊണ്ടാണ് ജനങ്ങൾ തൻ്റെ കഥകൾ വായിക്കുന്നതെന്ന് ഒരിക്കൽ പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. വി.കെ.എൻ പറഞ്ഞിരുന്നില്ലേ? 
പറഞ്ഞിരുന്നു. മലയാള സാഹിത്യത്തിൽ ഇലസ്ട്രേഷൻ ഇണങ്ങിച്ചേർന്നയുടനെയായിരുന്നു അത്. തുടക്കത്തിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും, പിന്നീട് വായനക്കാ൪ കഥാപാത്രങ്ങളെ വരകളിലൂടെ വിഭാവനം ചെയ്യാൻ തുടങ്ങി. താമസിയാതെ തന്നെ, കഥയിലെങ്ങനെയായാലും ശരി, കൺമുന്നിൽ കാണുന്ന കഥാപാത്രങ്ങൾക്ക് മനോഹരമായ രൂപം ഉണ്ടായിരിയ്ക്കണമെന്നായി! 
🟥 മലയാള മാധ്യമങ്ങളിൽ എഡിറ്റോറിയൽ കാർട്ടൂൺ എന്ന പംക്തി ജനകീയമായത് താങ്കളുടെ 'നാണിയമ്മയും ലോകവും' എന്ന സീരീസോടുകൂടിയാണല്ലൊ. അതിൻ്റെ അന്നത്തെ ഇംപേക്റ്റിനെക്കുറിച്ച് ഒന്നു പറയാമോ? 
അന്ന് 'നാണിയമ്മയും ലോകവും' വളരെ പ്രശസ്തമായിരുന്നു. 'മാതൃഭൂമി' കയ്യിൽ കിട്ടിയാൽ വായനക്കാർ നാണിയമ്മ എന്തു പറയുന്നുവെന്നാണ് ആദ്യം നോക്കിയിരുന്നത്. ഒരു പാടുകാലം അതു തുടർന്നു. പ്രാദേശിക കാര്യങ്ങളിലെല്ലാം തീർപ്പു കൽപിച്ചിരുന്നത് നാണിയമ്മയായിരുന്നു! അത്രയ്ക്ക് ജനപ്രിയമായിരുന്നു ആ പോക്കറ്റ് കാർട്ടൂൺ. ചിലതെല്ലാം ക്ലാസ്സിക്കുകളായിമാറി. 1950-ൽ, ആകാശവാണിയുടെ കോഴിക്കോട് നിലയം ഉദ്ഘാടന സമയത്ത്, മഹാകവി വള്ളത്തോൾ, 'ഈ പ്രക്ഷേപണകേന്ദ്രം' എന്നത്, നാക്കുപിഴച്ച്, "ഈ 'പ്രക്ഷോഭണകേന്ദ്രം' ഞാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു" എന്നു പറഞ്ഞത് ഒരിയ്ക്കൽ നാണിയമ്മയിൽ ഞാൻ വിഷയമായി എടുത്തു. മഹാകവിയെ വിമർശിക്കുന്നതാണെങ്കിലും, വായനക്കാർ ആ വർക്ക് ശരിയ്ക്ക് ആസ്വദിച്ചു. പിന്നീട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ആകാശവാണിയിൽ തന്നെ തുടർച്ചയായി സമരം നടന്നപ്പോൾ ഞങ്ങളതിനെ ‘അവകാശവാണി’ എന്നെഴുതി ചിത്രീകരിച്ചത് ജനങ്ങൾ സ്‌തുതിഘോഷത്തോടെയാണ് സ്വീകരിച്ചത്. ഇതുപോലെയുള്ള എൻ്റെ ചില നർമ്മ ഭാവനകൾ നാണിയമ്മയിൽ പ്രത്യക്ഷപ്പെട്ടത് ഇന്നും ചർച്ചയിൽ വരുന്ന കാര്യങ്ങളാണ്. 


🟥 ചലച്ചിത്രമായും ബന്ധമുള്ള ഒരു ചിത്രകാരനാണല്ലൊ താങ്കൾ. നമ്പൂതിരി-അരവിന്ദൻ കൂട്ടുകെട്ട് പ്രസിദ്ധമാണ്. അനുഭവം? 
1975-ലാണ് 'ഉത്തരായനം' റിലീസ് ആയത്. അതിനു മുന്നെത്തന്നെ അരവിന്ദനും, (കഥ എഴുതിയ) തിക്കൊടിയനുമായെല്ലാം  നല്ല ബന്ധമുണ്ടായിരുന്നു. ഒരുപാട് ചർച്ചകൾക്കുശേഷമാണ് ഞങ്ങൾ ഇങ്ങനെയൊരു പടം ചെയ്യാൻ തീരുമാനിച്ചത്. അരവിന്ദൻ്റെ കാർട്ടൂൺ സീരീസ് 'ചെറിയ ലോകവും വലിയ മനുഷ്യരും' ആയിരുന്നു അവലംബം. എല്ലാ നിലയ്ക്കും 'ഉത്തരായനം' ഒരു നല്ല സിനിമയായിരുന്നു. ആറ് സംസ്ഥാന അവാർഡുകളും, രണ്ട് ദേശീയ അവാർഡുകളും ലഭിച്ചു. മറ്റു പുരസ്‌കാരങ്ങൾ വേറേയും. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം എനിയ്ക്കു ലഭിച്ചു. അതിനു ശേഷം 'കാഞ്ചനസീത'യുടെ കലാസംവിധാനം ചെയ്തു. പ്രകൃതിയുടെ ഭാവങ്ങൾ കഥാപാത്രങ്ങളായി വരുന്ന ഒരു പ്രത്യേക പ്രമേയമായിരുന്നല്ലൊ 'കാഞ്ചനസീത'. ശ്രീകണ്ഠൻ നായരുടെ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു 'ഉത്തരായനം' ചെയ്തത്. ചിത്രീകരണം ആന്ധ്രയിലെ വന പ്രദേശത്തും മറ്റുമായിരുന്നു. കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പനയും ഞാൻ ചെയ്തു. 'കാഞ്ചനസീത'യിൽ അരവിന്ദന്‌ മികച്ച സം‌വിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 
🟥 പത്മരാജൻ, ഷാജി എൻ. കരുൺ മുതലായവരുമായി... 
‘ഞാൻ ഗന്ധർവൻ’ വിജയിക്കുമോയെന്നോർത്ത് പത്മരാജൻ അസ്വസ്ഥനായിരുന്നു. ദേവലോകത്തുള്ള ഒരു നായകനെ ആയിരുന്നല്ലൊ നമ്മുടെ പ്രേക്ഷകരുടെ മുന്നിൽ കൊണ്ടുവന്നു നിർത്തേണ്ടിയിരുന്നത്. ഗന്ധർവൻ്റെ ബാഹ്യരൂപമായിരുന്നു പ്രധാന പ്രശ്നം. ജനം സ്വീകരിക്കേണ്ടേ? ഒടുവിൽ ഗന്ധർവനെ ഞാൻ ഡിസൈൻ ചെയ്തു. പടം നന്നായി ഓടി! 'വാനപ്രസ്ഥം' ചെയ്യുന്ന സമയത്ത്, ഷാജിയുടെ കൂടെ പ്രവൃത്തിച്ചിട്ടുണ്ട്. വേഷവിധാനം ഞാനായിരുന്നു. ഈ സിനിമയിൽ മോഹൻലാൽ കഥകളിക്കാരനായിരുന്നല്ലൊ. ഇത് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച വേഷമായാണ് വിലയിരുത്തപ്പെടുന്നത്. മോഹൻലാൽ ദേശീയ പുരസ്‌കാരം നേടി. ചില പ്രോജക്റ്റുകൾക്ക് മറ്റു സംവിധായകരുടെ കൂടെയും വർക്ക് ചെയ്തിട്ടുണ്ട്. 


🟥 എംടിയുടെ 'രണ്ടാമൂഴം' ഇലസ്ട്രേറ്റ് ചെയ്തത് താങ്കളെ വളരെ ജനകീയമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളും കഥാരംഗങ്ങളും ഉൾക്കൊള്ളാനും രേഖാചിത്രങ്ങളാക്കാനും ക്ലേശമെന്തെങ്കിലും... മനുഷ്യവൽക്കരിച്ച ഇതിഹാസമല്ലേ? 
ഇല്ല, വരയ്ക്കുന്നതിനു മുന്നെ നേരിൽ കാണണമെന്നു എംടി പറഞ്ഞിരുന്നു. അങ്ങനെ ചിലകാര്യങ്ങൾ ചർച്ചചെയ്തു. അതിനുശേഷമാണ് വരച്ചു തുടങ്ങിയത്. 
🟥 താങ്കളെക്കുറിച്ചുള്ള ഡോക്യുമെൻ്ററി, 'നമ്പൂതിരി -- വരയുടെ കുലപതി'യെക്കുറിച്ച് കുറെ നല്ല റിവ്യൂസ് വായിച്ചിട്ടുണ്ട്. താങ്കളുടെ വ്യക്തിപരമായ അഭിപ്രായമെന്താണ്? 
ഒരു ഫീച്ചർ ഫിലീം പോലെയിരിയ്ക്കുന്ന വർക്കാണത്. ബിനു രാജിൻ്റെ സംവിധാനവും, ധർമ്മരാജിൻ്റെ കഥയും, യേശുദാസിൻ്റെ ഗാനവും, ഞാനുമായുള്ള തൻ്റെ അനുഭവങ്ങൾ എംടി പങ്കുവെയ്ക്കുന്നതും മറ്റുമായി ഡോക്യുമെൻ്ററി നല്ല നിലവാരമുള്ളതുതന്നെയാണ്. കുട്ടിക്കാലം മുതലുള്ള എൻ്റെ ജീവിതവുമായി നീതിപുലർത്തിയിട്ടുണ്ട്. പൊന്നാനി മുതൽ മദ്രാസ് വരെയുള്ള ലൊക്കേഷനുകളിൽ രണ്ടു കൊല്ലമെടുത്തു ഷൂട്ടിങ് തീരാൻ. 
🟥 പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഇലസ്ട്രേഷൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെ ആയല്ലൊ. താങ്കൾ ആണിനെ വരച്ചാൽ ഉയരവും, പെണ്ണിനെ വരച്ചാൽ അംഗലാവണ്യവും അൽപം കൂടുതലാണെന്നാണ് പൊതു ധാരണ... 
ജന്മനാ ആണിനും പെണ്ണിനും അവരുടേതായ ഉയരവും ലാവണ്യവുമൊക്കെയുണ്ട്. ആണിന് ഉയരം കൂടുതലാണ്. സ്ത്രീകൾക്ക് ചന്തവും. ആനുപാതികമായിത്തന്നെയാണ് വരയ്ക്കുന്നത്. ഭാരതീയ കലകളിൽ, മനുഷ്യ രൂപങ്ങളിലാണ് ഞാൻ വൈദഗ്‌ദ്ധ്യം നേടിയിരിക്കുന്നത്. എന്നാൽ വരയ്ക്കുന്നത് ഏതിനുവേണ്ടിയാണോ അതിൽ കാണുന്ന ഭാവനിലയ്ക്കനുസരിച്ച് അളവുകളിൽ ഏറ്റകുറച്ചിലുകളുണ്ടാകും. കഥയുടേതാണ് കഥാപാത്രങ്ങൾ, അവർക്കാണ് വരകൾ ജീവൻ കൊടുക്കേണ്ടത്. സരളമായ കുറെ രേഖകളാണിതിന് ഹേതുവാകുന്നത്. സൗന്ദര്യവും ഉയരവുമൊക്കെ സ്വൽപം കൂടിതന്നെയിരിക്കട്ടെ! എന്തായാലും കുറയ്ക്കുന്നതിനേക്കാൾ നല്ലതല്ലേ? ചിത്ര രചന, ഫോട്ടോഗ്രാഫി അല്ലല്ലൊ, ഉള്ളതു പോലെത്തന്നെയിരിക്കാൻ! 
🟥 ശ്രീ. എം. വി. ദേവൻ വരച്ച ബഷീറിൻ്റെയും മററുമുള്ള കുള്ളൻ കഥാപാത്രങ്ങൾ ജനഹൃദയങ്ങളിലുണ്ടായിരുന്നല്ലൊ. ഈ താരതമ്യം ആയിരിക്കുമോ താങ്കളുടെ കഥാപാത്രങ്ങൾക്ക് ഉയരം കൂടുതലെന്ന ധാരണ ഉളവാക്കിയത്? 
ആയിരിയ്ക്കാം. കുള്ളന്മാരെ കണ്ട കണ്ണുകൊണ്ട് സാധാരണ ഉയരമുള്ളവരെ കണ്ടാൽ, ആ കഥാപാത്രങ്ങൾക്ക് ഉയരം കൂടുതലുണ്ടെന്നു തോന്നിയേക്കാം! 
🟥 താങ്കളുടെ മുടി നരച്ചെങ്കിലും വര നരച്ചിട്ടില്ലെന്ന് ലോകം മുഴുവൻ പറയുന്നു -- ദൈവത്തിൻ്റെ വിരലുകളാണത്രെ! 'നമ്പൂതിരിച്ചിത്രങ്ങൾ' എന്ന ശൈലിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ, താങ്കൾ ഇപ്പോൾ വരയെ എങ്ങനെയാണ് വീക്ഷിക്കുന്നത്? 
ഹാ... പഠിപ്പു കഴിഞ്ഞ് കോഴിക്കോട്ട് എത്തിയത് ഒരു ജോലി തേടി തന്നെയായിരുന്നു. 1960-ൽ 'മാതൃഭൂമി' വാരികയിൽ ഇലസ്ട്രേറ്റർ ആയിട്ട്. അവിടെ രചനയ്ക്കുള്ള വലിയൊരു അനുഭവ ലോകം തുറന്നു കിട്ടി. പല ആനുകാലികങ്ങളിലും വരച്ചു. പിന്നീടുള്ള കാലങ്ങളിൽ ബ്രഷും, പെയ്ൻ്റും, വരയുമെല്ലാം നിത്യജീവിതത്തിൻ്റെ ഒരു സ്വാഭാവികമായ ഭാഗവുമായി. ഇന്നത് സൃഷ്ടിപരമായ ഉൾപ്രേരണയുടെ സാക്ഷാൽക്കാരമാണ്. സർഗാത്മകമായ രചനകൾ തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്! എഴുത്തുകാർ നേരത്തെ തന്നെ നിർവചനം കൊടുത്ത കഥാപാത്രങ്ങളെ പോലും പൂർണ്ണമായ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ടു തന്നെയാണ് ഞാൻ വിഭാവനം ചെയ്യുന്നതും വരയ്ക്കുന്നതും. അവർ സങ്കൽപിച്ചതിനപ്പുറമുള്ള രൂപങ്ങളും മാനങ്ങളും നൽകുന്നു. ഒന്നുമില്ലായ്മയിൽനിന്ന്, രൂപവും ഭാവവും അർത്ഥവുമുള്ള, ഊഷ്മളമായത് എന്തൊക്കെയോ നിർമ്മിക്കുമ്പോഴുള്ള സംതൃപ്‌തി... വല്ലാത്തൊരാനന്ദമാണത്! 
🟥 'ആർട്ടിസ്റ്റ് നമ്പൂതിരി' എന്ന് വേണ്ട, 'നമ്പൂതിരി' എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് ആരെയോ തിരുത്തിയതായി ഓർക്കുന്നു...  
പേരിൻ്റെ കൂടെ ആർട്ടിസ്റ്റ് എന്നൊരു പദവി വേണോ? ജോബ് ടൈറ്റിൽ കൊണ്ടല്ല, മറിച്ച് തൻ്റെ സർഗസൃഷ്ടിയാലാണ് ഒരു കലാകാരൻ അറിയപ്പെടേണ്ടത്. ശരിയല്ലേ? ആർട്ടിസ്റ്റ് പികാസ്സൊയെന്നോ, ആർട്ടിസ്റ്റ് രവി വർമ്മയെന്നോ നാം പറയാറുണ്ടോ? ഒരു വര അവസാനം വരെ അതു കണ്ട ആളുടെ സ്‌മരണയിലുണ്ടെങ്കിൽ അതാണ് ആ വര വരച്ചയാൾക്കു ലഭിയ്ക്കുന്ന വരദാനം! 

#Article by vijai CH
                                                                  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക