Image

കൂമൻമൂളലിലെ ചില ശുഭ സൂചനകൾ : പ്രകാശൻ കരിവെള്ളൂർ

Published on 13 November, 2022
കൂമൻമൂളലിലെ ചില ശുഭ സൂചനകൾ : പ്രകാശൻ കരിവെള്ളൂർ

ജനതയും സമൂഹവും പുരോഗമനാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം എന്നാഗ്രഹിക്കാൻ പൊതുവേ വ്യാപാര സിനിമകൾക്ക് കഴിയാറില്ല. കച്ചവടത്തിനൊപ്പം പ്രതിലോമ ആശയങ്ങളുടെ പ്രചാരണവും എന്നത് അവരുടെ ഒരു പരമ്പരാഗതശീലമാണ്. എന്നാൽ കൃഷ്ണകുമാർ രചനയും ജിത്തു ജോസഫ് സംവിധാനവും ആസിഫ് അലി നായകാഭിനയവും നിർവഹിച്ച കൂമൻ വളരെ സമർത്ഥമായി സമകാലീന കേരളീയതയുടെ വിശ്വാസമനോഭാവങ്ങളെ വിചാരണ ചെയ്യുന്നതിൽ ഒരു പരിധി വരെ വിജയിക്കുന്നുണ്ട് .

അധികാരം സൃഷ്ടിക്കുന്ന അപകർഷങ്ങൾ എങ്ങനെ മനുഷ്യരുടെ മനോനിലയെ ബാധിക്കുന്നു എന്നതിന് പുതുമയാർന്ന ഒരു കഥ പറഞ്ഞ് തുടങ്ങുകയും അത് ഒരു മാസത്തിനുള്ളിൽ കേരളത്തിൽ നടന്ന നര ബലിയെ അടക്കം ചോദ്യം ചെയ്യാൻ സജ്ജമാവുകയും ചെയ്തു എന്നത് ഒരു ചില്ലറക്കാര്യമല്ല

ആരാണ് കള്ളനേക്കാൾ വലിയ കള്ളന്മാർ ? എന്ന ചോദ്യം വ്യക്തതയോടെ ഉന്നയിക്കാനുള്ള പരിശ്രമം ഈ സിനിമയിലുണ്ട്. വീടുകളിൽ ഒളിച്ചു കയറി പണവും ആഭരണവും മോഷ്ടിക്കുന്നത് തൊഴിലാക്കിയവനാണ് കള്ളൻ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്നത്. എന്നാൽ ഭാര്യയുടെ ലക്ഷങ്ങൾ വിലമതിപ്പുള്ള മോതിരം അവളറിയാതെ ഷൂസിനുള്ളിൽ ഒളിപ്പിച്ച് മോഷണം പോയി എന്ന് പറഞ്ഞ് പോലീസിനെ വരുത്തുന്ന ഭർത്താവ് സമൂഹത്തിന്റെ വിചാരണ നേരിടുന്നില്ല.

ആൾ ദൈവ വ്യവസായവും പൂജ, മന്ത്ര, ഏലസ്സ് , ജ്യോതിഷ വ്യാപാരങ്ങളും കറ തീർന്ന ചൂഷണ ഏർപ്പാടുകളായിട്ടും അവരൊന്നും നമുക്ക് ആ വെറുമൊരു മോഷ്ടാവിനേക്കാൾ കുറ്റക്കാരനാവുന്നില്ല. പലിശക്കാരും മായം കലർത്തലുകാരും പെരുങ്കള്ളന്മാരല്ലേ ? അവർക്കും നമ്മുടെ കണ്ണിൽ മാന്യതക്കുറവില്ല. കള്ളനെ

ആദർശവൽക്കരിക്കുന്നതിനെ ന്യായീകരിക്കുകയല്ല. അങ്ങനെ പല സിനിമകൾ മലയാളത്തിലുമുണ്ടായിട്ടുണ്ട്. എന്നാൽ കൂമനിൽ ജാഫർ ഇടുക്കി അവതരിപ്പിക്കുന്ന മണിയൻ എന്ന കള്ളൻ പോലീസിന് ഗുരുവായിത്തീരുകയാണ്.നല്ല അന്വേഷണ ബുദ്ധിയും നിരീക്ഷണ ശേഷിയും ഇടപെടൽ വ്യഗ്രതയുമുള്ള ഗിരി ശങ്കർ എന്ന പോലീസുകാരന്റെ അപകർഷങ്ങളിൽ നിന്നുണരുന്ന പകയും വാശിയും അയാളെ എത്തിക്കുന്നത് മണിയന്റെ ശിഷ്യത്വത്തിലേക്കാണ്.

ആസിഫ് അലിയുടെ സൂക്ഷ്മവും കൂർമ്മവുമായ അഭിനയം കൊണ്ട് ഗിരിശങ്കർ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരു കഥാപാത്രമായി മാറുന്നു. ഇടവേളവരെ കഥ പോവുന്നത് ഗിരിയിലൂടെയാണ്. പിന്നീട് അത് ചെന്നെത്തുന്നത് കേരളത്തിലും തമിഴ് നാട്ടിലുമായി നടക്കുന്ന ചില സവർണ - മധ്യവയസ്ക തൂങ്ങി മരണങ്ങളിലാണ്.

മേലുദ്യോഗസ്ഥൻ കഴിവുകെട്ടവനാണെന്ന് തെളിയിക്കാൻ നാടെങ്ങും പരക്കെ മോഷണത്തിനിറങ്ങി മോഷണം ലഹരിയായി മാറിയ ഗിരിയെ അതിൽ നിന്നു രക്ഷിക്കാൻ കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ ജോലിയിൽ അയാളെ മുഴുകിക്കുക എന്നതായിരുന്നു സൈക്യാട്രിസ്റ്റ് നിർദ്ദേശിച്ചത്. അതു പ്രകാരം സുഹൃത്തായ റിട്ടയേർഡ് പോലീസുകാരൻ രഞ്ജിപ്പണിക്കറുടെ പിന്തുണയിൽ ഗിരി ആ നിഗൂഢ മരണങ്ങളുടെ പിന്നാലെ ഇറങ്ങിത്തിരിക്കുകയാണ്. അതിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതോ നരബലിയുടെ നിരന്തര പരമ്പരയും ! 

ഒരു മാസത്തിനകം കേരളത്തിലാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നരബലി മാസങ്ങൾക്ക് മുമ്പേ ഷൂട്ടിങ്ങ് കഴിഞ്ഞ കൂമന്റെ മുഖ്യ പ്രമേയമായി എന്നത് അദ്ഭുതകരമാണ്. 

സൈക്കോ പാത്ത് എന്നത് കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഇളവ് ലഭിക്കാനുള്ള ന്യായമായി മാറുമ്പോൾ അത് എത്തരം കുറ്റങ്ങളുടെ കാര്യത്തിൽ വേണം ?

വിശ്വാസ ചൂഷണത്തിന്റെയും പ്രണയസ്വാർത്ഥതയുടെയും പേരിൽ നടക്കുന്ന അറുകൊലകൾക്കോ അല്ല ഭവനഭേദന മോഷ്ടാക്കൾക്കോ ?

തടവും പിഴയും വിധിച്ചാൽ തീരുന്ന കുറ്റമാണ് മോഷണം. എന്നാൽ ചൂഷണം - അത് കൊടിയ മാനസിക വഞ്ചനയാണ്. ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്ന ജാതി മത പൗരോഹിത്യത്തിന്റെ ചൂഷണങ്ങൾ യാതൊരു ഉപാധിയുമില്ലാതെ ശിക്ഷിക്കപ്പെടണം എന്ന കൃത്യമായ നിലപാട് കൂമനിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നുണ്ട് . അതൊരു ചില്ലറക്കാര്യമേ അല്ല. 

ഓരോ നിമിഷവും ത്രസിപ്പിക്കുന്ന ഉദ്വേഗങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയ ആദ്യ പകുതിയുടെ കരുത്തുറ്റ പിൻബലത്തിലാണ് സിനിമയുടെ തുടർഭാഗം നമ്മൾ കാണുക. എന്നാൽ അവിടെ പിരിമുറുക്കത്തിന് വല്ലാതെ അയവു വന്നു പോയി. മന്ത്രവാദിയെ കൈകാര്യം ചെയ്ത ക്ലൈമാക്സൊക്കെ അങ്ങേയറ്റം ബാലിശവുമാണ്. ഇത്രയൊക്കെ കവർച്ച നടത്തിയ ഒരാൾ മനോനിലയുടെ പരിഗണന വച്ചായാലും തീരെ ശിക്ഷിക്കപ്പെടാതിരിക്കാൻ പാടുണ്ടോ എന്ന് സിനിമാക്കഥയായാൽ പോലും  പ്രേക്ഷകരുടെ നെറ്റി ചുളിയും . അപ്പോഴാണ് നരബലി  കൊലപാതകം കണ്ടെത്തിയതിന് പ്രമോഷനായി ഗിരിക്ക് ക്രൈം ബ്രാഞ്ചിലേക്കുള്ള സ്ഥാനക്കയറ്റം ! 

അങ്ങനെ അല്ലറച്ചില്ലറ പോരായ്മകളുണ്ടെങ്കിലും സിനിമയെ മികച്ച ഒരു ത്രില്ലർ ആക്കാൻ ജിത്തു ജോസഫിന് സാധിച്ചിട്ടുണ്ട്. ദൃശ്യത്തെപ്പോലെ ക്രിമിനൽ കുറ്റത്തെ ന്യായീകരിക്കുന്നില്ല കൂമൻ . കുറ്റവാളിയുടെ സംഘർഷങ്ങൾ ശരീര ഭാഷയിലും മുഖഭാവങ്ങളിലും പകർന്നാടി ആസിഫലി സൃഷ്ടിക്കുന്ന മാനറിസമാണ് കൂമന്റെ ഏറ്റവും വലിയ ആകർഷണഘടകം .

PRAKASHAN KARIVELLOOR ON MOVIE KOOMAN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക