Image

ദൈവത്തിൻ്റെ കയ്യൊപ്പ് ( കഥ : അരുണിമ ജയകുമാർ )

Published on 14 November, 2022
ദൈവത്തിൻ്റെ കയ്യൊപ്പ് ( കഥ : അരുണിമ ജയകുമാർ )

ഒരു "മധുര" സായാഹ്നം.

അന്തരീക്ഷമാകെ മധുരമീനാക്ഷി സ്തുതികൾ അലയടിച്ചു. മാനം ശോണവർണ്ണമായി. നിരത്തുകൾക്ക് ഇരുവശവും ഉള്ള കടകളിൽ നിന്നും പല നിറങ്ങളിലുള്ള വെളിച്ചം പരന്നു.  നാനാ ദിക്കുകളിൽ നിന്നും വണ്ടികളുടെ ഹോണടി ശബ്ദം. പട്ടുസാരിക്കടകൾ...പഴക്കടകൾ...പൂജാ പുസ്തകക്കടകൾ...ഹോട്ടലുകൾ....വഴിയോരക്കടകൾ....

എങ്ങും  ഉത്സവ പ്രതീതി.

പക്ഷേ രാജീവന് മധുരാനഗരം അത്ര മധുരതരമല്ല.

'ശിവഗംഗ ടിഫിൻ സെൻ്റർ'ൻ്റെ പിന്നാമ്പുറത്തിരുന്ന് പാത്രം കഴുകുകയാണ് രാജീവൻ.

"യേ ഇവളോ ലേറ്റ്? അറിവ് കെട്ട മുണ്ഡം.... സീക്രം സെയിങ്കെ..."

ആ കുടുസു ഹോട്ടലിന്റെ മുതലാളി ശിവമണി  ആക്രോശിച്ചു.

രണ്ട് കണ്ണിലും നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തൻ്റെ ഷർട്ടിൽ തുടയ്ക്കുന്നതിനിടെ കയ്യിലിരുന്ന ഗ്ലാസ്സ്റ്റംബ്ലർ നിലത്ത് വീണു ചിതറി. ഇത് കേട്ട് ഓടി വന്ന ശിവമണി, രാജീവനെ, ചെളി പുരണ്ട നിലത്തിട്ട് അഞ്ചാറ് ചവിട്ട് കൊടുത്തു. അയാൾ എന്തൊക്കെയോ വായ നിറയെ ശകാരിക്കുന്നുണ്ടായിരുന്നു.

രാജീവൻ അയാൾ പോയ്ക്കഴിഞ്ഞും അല്പനേരം നിലത്ത് തന്നെ കിടന്നു. എച്ചിൽ കൂമ്പാരത്തിൽ പരതി നടന്ന എല്ലും തോലുമായ ഒരു തെരുവ് നായ തൻ്റെ കൈയിലും കാലിലും മണപ്പിക്കുന്നു. പെട്ടെന്ന് തന്റെ ശരീരത്തിലൂടെ ഒരുപറ്റം എലികൾ ഓടിപ്പോകുന്നത് അറിഞ്ഞ രാജീവൻ കുടഞ്ഞെണീറ്റു.അവ അടുത്തുള്ള കാണയിൽ കയറിപ്പറ്റി.

ശരീരം മുഴുവൻ വേദന.... പക്ഷേ പണിതീർത്തില്ലെങ്കിൽ വീണ്ടും തല്ലു കിട്ടും.  തികട്ടി വന്ന കണ്ണുനീർ അടക്കാൻ പാടുപെട്ടുകൊണ്ട് രാജീവൻ  പാത്രം മുഴുവൻ കഴുകി തീർത്തു. തൻ്റെ ചെളി പുരണ്ട ഷർട്ടിൽ ഊറി വന്ന വിയർപ്പ് കണങ്ങൾ തുടച്ചുകൊണ്ട് തീൻമേശകളെല്ലാം വൃത്തിയാക്കി.... നിലം തുടച്ചു... എല്ലാം കഴിഞ്ഞ് രാത്രി 12 മണി ആയപ്പോൾ മുതലാളി 150 രൂപ അവൻ്റെ കയ്യിൽ വച്ചുകൊടുത്തു.

അവന് കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.

രണ്ടുമാസം മുൻപ്  എടിഎം കൗണ്ടറിന്റെ ശീതീകരിച്ച മുറിയിൽ നിന്ന് മുപ്പതിനായിരത്തിന് മേൽ വരുന്ന അഞ്ചക്ക ശമ്പളം കയ്യിൽ ഏറ്റുവാങ്ങുന്നത് അവൻ ഓർത്തു.  

ശിവമണിയുടെ ആക്രോശം കേട്ടാണ് രാജീവൻ ഓർമ്മകളിൽ നിന്നും ഉണർന്നത്. ഹോട്ടലിന് പിന്നാമ്പുറത്തെ ചായ്പ്പിൽ ഒരു മൂലയ്ക്ക് തനിക്ക് അനുവദിച്ച കീറപ്പായ വിരിച്ചു മറ്റു രണ്ട് ബംഗാളികളോടൊപ്പം കിടന്നപ്പോൾ ഹോട്ടലിന് പിന്നിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് മനംമറിക്കുന്ന ഗന്ധം നാസികകളിലേക്ക് ഇരച്ചുകയറി.

കാലും കയ്യും ഒക്കെ കഴച്ച് ഒടിയുന്നു. പക്ഷേ ഉറങ്ങാൻ ആകുന്നില്ല. പുറത്തിറങ്ങി ഒന്ന് ശുദ്ധവായു ശ്വസിക്കാൻ ആയെങ്കിൽ...."ഹും ഒളിവിൽ കഴിയുന്ന ചതിയന് എന്തിന് ശുദ്ധവായു" അവന്റെ മനസ്സാക്ഷി അവനെ കുത്തി നോവിച്ചുകൊണ്ടിരുന്നു.

പെടുന്നനെ താൻ ചതിച്ച തൻ്റെ മുതലാളിയുടെ മുഖം മനസ്സിലേക്ക് ഓടിവന്നു..... അരവിന്ദൻജി എന്ന് വിളിച്ച് എന്ത് കുശാഗ്രബുദ്ധിയോടെയാണ് താൻ അദ്ദേഹത്തോട് പെരുമാറിയിരുന്നത്. ചതിക്കുമെന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചുകാണില്ല.

തൻ്റെ വിധിയെ പഴിച്ചു കൊണ്ട് കമിഴ്ന്നു കിടന്ന് നെറ്റി നാലഞ്ച് തവണ നിലത്തിട്ടടിച്ചു. അരവിന്ദ്ജിക്ക് എന്ത് വിശ്വാസവും സ്നേഹമായിരുന്നു...  അർഹിക്കുന്നതിലും കൂടുതൽ ശമ്പളം പോലും തന്നിരുന്നു.... കൂടാതെ ചോദിക്കുമ്പോൾ എല്ലാം അദ്ദേഹം കയ്യഴിച്ച് സഹായിച്ചിരുന്നു...എന്നിട്ടും....

"അദ്ദേഹത്തിന് എന്നോടുള്ള വിശ്വാസത്തെയാണ് ഞാൻ ചൂഷണം ചെയ്തത്".....
'പാല് തന്ന കൈക്ക് കൊത്തിയ സർപ്പം'.... കുറ്റബോധം ആസിഡ് പോലെ കൂടുതൽ കൂടുതൽ മനസ്സിനെ പൊള്ളിച്ചു കൊണ്ടിരുന്നു. 

"കാലൈ മൂന്നുമണിക്ക് ഏന്തിരിക്കണം... നിറയേ വേലയിറുക്ക്"... ശിവമണി മുറി പുറത്തുനിന്നും പൂട്ടുന്നതിനിടെ താക്കീത് നൽകി.

ഒരുപോള കണ്ണടയ്ക്കാൻ ആവുന്നില്ല..... "എൻ്റെ കുഞ്ഞ്...." "അവനെ മറ്റു കുട്ടികൾ സ്കൂളിൽ ഒറ്റപ്പെടുത്തുന്നുണ്ടാവും...... കള്ളന്റെ മകൻ എന്ന് അവൻ്റെ നെറ്റിയിൽ മുദ്ര കുത്തപ്പെട്ടിട്ടുണ്ടാവും....". മറ്റു കുട്ടികൾ പന്ത്കളിക്കുമ്പോൾ ആ നാലുവയസ്സുകാരൻ മാത്രം കരഞ്ഞുകൊണ്ട് ഒരു മരത്തിൻറെ ചുവട്ടിൽ കുനിഞ്ഞിരിക്കുന്ന ദൃശ്യം  അടുത്തുകൊണ്ടിരുന്ന നിദ്രയെ ആട്ടിപ്പായിച്ചു. 

"ഒന്നും രണ്ടുമല്ല 20 ലക്ഷം രൂപയാണ് അരവിന്ദന് തന്നോടുള്ള വിശ്വാസത്തിൽ ചവിട്ടി നിന്ന്  തട്ടിയെടുത്തത്...

സ്ത്രീ ശരീരങ്ങളോട് തോന്നിയ ഭ്രമം..... നൈമിഷിക സുഖത്തിന് വേണ്ടി  ഇല്ലാതാക്കിയത് തൻ്റെ ജീവിതം തന്നെയാണ്.. തൻ്റെ കുഞ്ഞിൻ്റെ ഭാവിയും."

ഈ ചിന്ത അവനെ ചാട്ടവാറിനടിച്ചു....ഒന്നും രണ്ടുമല്ല...ആയിരത്തി ഒന്ന് ചാട്ടവാറടികൾ... "എക്സിക്യൂട്ടീവ് വേഷത്തിൽ ബ്രാൻഡഡ് ഷർട്ടും ഷൂസും ഇട്ട് വിലകൂടിയ മദ്യം സേവിച്ച്  ജീവിതമാഘോഷമാക്കിയ താനിപ്പോൾ കീറപ്പായയിൽ.... മുഷിഞ്ഞ വേഷത്തിൽ....അത്താഴ പഷ്ണിയായി".........മനസാക്ഷി അവനെ പുച്ഛിച്ചു.
 
എപ്പോഴോ മയങ്ങിപ്പോയി... ശിവമണി നടുവിന്  ചവിട്ടിയപ്പോഴാണ് ഉണർന്നത്. മധുരമീനാക്ഷി സ്തോത്രങ്ങൾക്കൊപ്പം ശിവമണിയുടെ ആക്രോശവും അവന് ഉണർത്തുപാട്ടായി.

ചിന്താഭാരം കൂടിക്കൂടി വന്നു ... അവൻ്റെ മനസ്സാക്ഷിയുടെ സ്വരം ആയിരം ചീവീട്കളുടേതായി.അവൻ ഇരുചെവികളും ഇറുക്കി അടച്ചു... ഒന്നിൽ നിന്നും രക്ഷപ്പെടാൻ ആവാതെ അവൻ ഇറങ്ങി ഓടി.... ആൾക്കൂട്ടത്തിലേക്ക്...

അലറിവിളിച്ചുകൊണ്ട്....ഭ്രാന്തമായി അട്ടഹസിച്ചുകൊണ്ട്... പാദുകം പോലുമില്ലാതെ...

STORY  ARUNIMA JAYAKUMAR  SIGNATURE OF GOD

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക