Image

ബാലപുസ്തകദിനം ( ദീപ ബിബീഷ് നായര്‍: ശിശുദിനകവിത)

ദീപ ബിബീഷ് നായര്‍ Published on 14 November, 2022
ബാലപുസ്തകദിനം ( ദീപ ബിബീഷ് നായര്‍: ശിശുദിനകവിത)

ആവോളമമൃത്‌പോല്‍ 
മാമ്പഴമുണ്ടേലും
കുട്ടികളില്ലിന്നെറിഞ്ഞു വീഴ്ത്താന്‍
കുയിലമ്മ തൊടിയിലായ് പാടുന്നുവെങ്കിലും
ശുണ്ഠിപിടിപ്പിക്കാന്‍ കൂട്ടരില്ല
പേരയും ഞാവലും ശിരസൊന്നു 
താഴ്ത്തീട്ടും
ഊയലാടീടുവാനാരുമില്ല
പയ്യിന്‍ കിടാവിനോടൊപ്പം കളിക്കുവാന്‍
തൊടികളില്‍ പൂക്കളിറുത്തീടുവാന്‍
വര്‍ണ്ണചിത്രങ്ങളാല്‍ വിസ്മയം 
തീര്‍ക്കുമാ
ചിത്രപതംഗത്തെയൊന്നു കാണാന്‍
തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാന്‍
അപ്പുപ്പന്‍താടി പറപ്പിക്കുവാന്‍
മഴയത്ത് കടലാസ് തോണി കളിക്കുവാന്‍ പോലുമിന്നാരുമില്ലാര്‍ക്കുമോ നേരമില്ല
മുത്തശ്ശിക്കഥയില്ല കേള്‍ക്കുവാനെങ്കിലും
തലകുനിച്ചവരതാ കളിയിലാണ്
കണ്‍മുന്നിലുള്ളതോ കാണാതെയവരേതോ
സങ്കല്‍പ്പ ലോകത്തിന്‍ മുന്നിലാണ്
നേരും നെറികളും നന്നായറിയുവാന്‍
പ്രകൃതിയില്‍ നേരിട്ടിറങ്ങിടട്ടെ
വാക്കിനെയറിയുവാന്‍, വായിച്ചു വളരുവാന്‍
പുസ്തകം ചങ്ങാതിയായിടട്ടെ....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക