Image

പിടിച്ചു വാങ്ങാമോ പ്രണയം? (വിജയ് സി. എച്ച്)

Published on 14 November, 2022
പിടിച്ചു വാങ്ങാമോ പ്രണയം? (വിജയ് സി. എച്ച്)

ഇഷ്ടപ്പെട്ടവൾ അകന്നു പോകുമ്പോൾ, അവളെ നന്മകൾ നേർന്നു യാത്രയാക്കിയിരുന്ന ഇന്നലെകൾ നമുക്കു നഷ്ടമായിരിക്കുന്നു. മെച്ചപ്പെട്ട ബന്ധത്തിനുള്ള തടസ്സം നീക്കാൻ ഇഷ്ടപ്പെട്ടവനെ വിഷം കൊടുത്തു കൊല്ലുന്ന പൈശാചികതയാണ് ഇന്നിൻ്റെ രീതി. 
പ്രണയത്തിൻ്റെ പേരിൽ കേരളത്തിൻ്റെ വടക്കും തെക്കും ദിക്കുകളിൽ ഒക്ടോബർ 22-നും, 25-നും നടന്ന അതിദാരുണമായ രണ്ടു കൊലപാതകങ്ങൾ സംസ്ഥാനത്തെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു. പ്രേമ നിരസനം മൂലം കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ അടുത്ത കാലത്തായി കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നു എന്ന യാഥാർത്ഥ്യം വരാനിരിയ്ക്കുന്ന കൂടുതൽ അനിഷ്ട സംഭവങ്ങളിലേക്കാണോ വിരൽ ചൂണ്ടുന്നത്? 
പെണ്ണിൻ്റെ തേങ്ങലും, സമൂഹത്തിലെ ആൺപെൺ പാരസ്പര്യവും പ്രമേയങ്ങളായ നിരവധി കഥകളെഴുതി അനുവാചക ഹൃദയങ്ങളിൽ തരംഗങ്ങൾ തീർത്തുകൊണ്ടിരിയ്ക്കുന്ന യുവ എഴുത്തുകാരി നയന വൈദേഹി പ്രണയിതാക്കളുടെ ഉള്ളിടങ്ങൾ പരിശോധിയ്ക്കുന്നു...  
🟥 വ്യതിചലിച്ച പ്രണയ നിർവചനം 
അടയാളപ്പെടുത്തുവാൻ ഒന്നുമില്ലാത്ത വിധം ഇന്നത്തെ പ്രണയം വ്യതിചലിച്ചിരിയ്ക്കുന്നു. യഥാർത്ഥ പ്രണയത്തിൻ്റെ അനശ്വരതയും നിർമ്മലതയും ഗ്രഹിക്കാൻ അര നൂറ്റാണ്ടു മുന്നെ വയലാർ രാമവർമ്മ രചിച്ച ഒരു പ്രശസ്ത ഗാനത്തിലെ ഒരു വരി മാത്രം മതി! 'കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ'യെന്ന് കവി ആശ്ചര്യപ്പെട്ട എഴുപതുകളിൽ അദ്ദേഹം ഒരിക്കലും കരുതിക്കാണില്ല തൻ്റെ ഭൂമികയിലെ ആധുനികർ മതിയാവോളം പ്രേമിച്ചു മരിയ്ക്കുന്നതിനു പകരം, പ്രണയം നാമ്പിട്ട് അധികമാകും മുന്നെ പങ്കാളിയെ നിർദ്ദയം കൊലപ്പെടുത്തുമെന്ന്! ഒന്നിയ്ക്കുന്നിടത്തു മാത്രമല്ല പിരിയുന്നിടത്തും അതേ പ്രണയമാണുള്ളതെന്ന വസ്തുത ഇന്നത്തെ തലമുറ ഉള്ളുകൊണ്ടറിയുന്നില്ല. ഒരാൾക്ക് തിരിഞ്ഞു നടക്കുവാൻ തോന്നിയാൽ അതിനുള്ള സ്വച്ഛന്ദതയും പ്രണയത്തിൻ്റെ നിർവചനത്തിൽ നിക്ഷിപ്തമാണെന്നതിനു നേരെ അവർ വകതിരിവില്ലാതെ മുഖം തിരിയ്ക്കുന്നതാണ് വാസ്തവത്തിൽ ദുരന്ത കാരണം. 
🟥 പ്രണയക്കൊലകളുടെ പുറകിൽ 
പ്രണയം വില്ലനായിത്തീരുന്ന ശോചനീയമായ പ്രതിഭാസത്തിന് ആദ്യം കുറ്റപ്പെടുത്തേണ്ടത് പുതിയ ലോകത്തെ യാഥാർത്ഥ്യങ്ങളെയും പ്രവണതകളെയുമാണ്. വിദ്യാഭ്യാസ മേഖലയിലും, എൻട്രൻസ് പരീക്ഷകളിലും, തൊഴിൽ രംഗത്തും നേരിടേണ്ടിവരുന്ന കടുത്ത മത്സരങ്ങൾ ചെറുപ്പക്കാരെ കഠിന ഹൃദയരും, പരുക്കൻ വ്യവഹാര രീതിക്കാരുമാക്കിത്തീർക്കുന്നുണ്ട്. ഒരു സ്ലോ പോയസനിങ് രൂപത്തിലാണിതിൻ്റെ പ്രവർത്തനം. അടുത്തയാളെ പരാജയപ്പെടുത്തിയാലേ തനിയ്ക്ക് അവസരമുള്ളൂവെന്ന സ്വാർത്ഥബുദ്ധി അവരെ മല്ലെ മല്ലെ എല്ലാ തുറകളിലും സ്വാധീനിയ്ക്കാൻ തുടങ്ങുന്നു. ഇവിടെ ഭ്രംശം നേരിടുന്നത് സഹജീവിസ്നേഹത്തിനും ധാർമ്മികതയ്ക്കുമാണ്. 'ജീവിയ്ക്കുക, ജീവിയ്ക്കാൻ അനുവദിക്കുക' എന്നതൊരു പഴഞ്ചൻ മാനവീക സിദ്ധാന്തം പോലെ തിരസ്‌കൃതമാകുന്നു. എനിയ്ക്കു ലഭിച്ചില്ലെങ്കിൽ മറ്റാർക്കും ലഭിക്കരുതെന്ന സ്വാർത്ഥതയുടെ മൂർത്ത രൂപം പ്രകടമാക്കാൻ പിന്നെ താമസമില്ല. പ്രണയനഷ്ടം വിഷാദമല്ല, മറിച്ചു പ്രതികാരേച്ഛയാണ് കമിതാക്കളിൽ ഉളവാക്കുന്നത്. പ്രിയമുള്ളയാളില്ലാതെ തനിയ്ക്കു ജീവിയ്ക്കാൻ കഴിയില്ലെന്ന് ഇന്നലെ ആണയിട്ടയാൾ ഇന്ന് പ്രിയമുണ്ടായിരുന്നയാളുടെ ജീവനെടുക്കുന്നു. കാരണം ലളിതം. പ്രിയമുണ്ടായിരുന്നയാൾക്ക് ഇന്ന് മറ്റൊരാളോടാണ് പ്രിയം! 
🟥 പ്രണയത്തിൻ്റെ പൊരുൾ 
പ്രണയം പ്രകൃതി നിയമമാണ്. ഹൃദയത്തിൽ അൽപം പ്രണയമില്ലാത്തവരായി ആരുമില്ല താനും. ഏതെങ്കിലും ഒരു മുഖം മനസ്സിലൂടെ കടന്നു പോകാത്തവരായി ആരെങ്കിലുമുണ്ടോ! അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാൽ, വളർന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്. പ്രണയനിർഭരമായ ഒരു പ്രപഞ്ചത്തിൽ പ്രണയസങ്കല്പം സ്വാഭാവികമാണെന്നതാണ് സത്യം. പരസ്പര ആകർഷണം എന്ന അത്ഭുതമാണ് പ്രപഞ്ചത്തെ നിലനിർത്തുന്നത്. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രൻ ഭൂമിയെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു. പരസ്പര ആകർഷണം കൊണ്ടാണിത് സംഭവിക്കുന്നത് -- കോസ്മിക് എനർജി! ഒരു ഗാലക്സി മറ്റൊരു ഗാലക്സിയുമായി പോലും ആകർഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങനെ നിലനിൽക്കുന്നു. ഈ കോസ്മിക് എനർജി മനുഷ്യരിൽ ചെലുത്തുന്ന ആകർഷണത്തിൻ്റെ പരിണിതഫലമാണ് വ്യക്തികൾ തമ്മിലുള്ള പ്രണയം. എന്നാൽ, അത് മാംസനിബദ്ധമായിത്തീരുമ്പോൾ ആകർഷണത്തിൻ്റെ തീഷ്ണതയ്ക്ക് ഭംഗം സംഭവിയ്ക്കുന്നു.


🟥 യുവാക്കളേ, അരുത്... 
തനിയ്ക്ക് പ്രണയം തോന്നുന്ന വ്യക്തിയ്ക്ക് തിരിച്ചു തന്നോടും പ്രണയം തോന്നിയിരിയ്ക്കണമെന്ന മനോഭാവം പ്രതിദിനം വർദ്ധിച്ചുവരികയാണ്. ഓരോരുത്തരും ഓരോ വ്യക്തിത്വമാണെന്ന വാസ്തവം മാനിക്കാതെ, ഇഷ്ടം തോന്നുന്നയാൾ തൻ്റെയാണ്, തൻ്റെ മാത്രമാണെന്ന ചിന്താഗതി അസംബന്ധമാണ്. വ്യക്തി സ്വാതന്ത്ര്യമാണിവിടെ നിഷേധിക്കപ്പെടുന്നത്. താല്പര്യമില്ലാത്ത പ്രണയാഭ്യർത്ഥന നിരസിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയ്ക്കുമുണ്ട്. നിർബന്ധിത പ്രണയത്തിന് യഥാർത്ഥ പ്രണയമാകാൻ കഴിയുമോ? വാസ്തവത്തിൽ, അടിച്ചേൽപിക്കാൻ കഴിയാത്ത ഒരപൂർവ വികാരമാണ് പ്രണയം. എന്നാൽ, താല്പര്യമില്ലെന്ന് അറിയിക്കുന്ന പക്ഷം, നടുറോഡിൽ വെച്ച് വെട്ടിക്കൊല്ലാനും, മണ്ണെണ്ണയൊഴിച്ചു തീ കൊളുത്താനും, മുഖത്തേയ്ക്ക് ആസിഡ് എറിയാനും ഇക്കൂട്ടർക്ക് ആരാണ് അധികാരം നൽകിയത്? കുറച്ചു കാലത്തെ കണക്കുകൾ എടുത്താൽ, ആഴ്ചയിൽ ഇത്തരത്തിലുള്ള രണ്ടു സംഭവമെങ്കിലും കേരളത്തിൽ നടക്കുന്നുണ്ടെന്നു വ്യക്തമാകും. പ്രണയത്തിൻ്റെ പേരിൽ മക്കളെ നഷ്ടപ്പെട്ട എത്ര മാതാപിതാക്കളാണ് ഇന്ന് നമുക്കു ചുറ്റും!
🟥 കെണികൾ സാങ്കേതിക സൗകര്യങ്ങൾ 
ആൻഡ്രോയഡ് ഫോണും, സമൂഹ മാധ്യമങ്ങളും, ഒരു ക്ലിക്കിന് എന്തും ലോകത്ത് എവിടെ വേണെങ്കിലും എത്തിയ്ക്കുന്ന വാട്ട്സേപ്പും വ്യക്തിബന്ധങ്ങളുടെ ഊടും പാവും നെയ്യുന്ന ഇക്കാലങ്ങളിൽ, ഒരു 'ഹായ്' പോലും പ്രണയത്തിൻ്റെ സ്പാർക്കായിത്തീരുന്നു. പ്രാദേശികതയുടെയോ, ദേശീയതയുടെയോ, ഭാഷയുടെയോ, സാമൂഹിക സമാന്തരതയുടെയോ പ്രതിബന്ധങ്ങൾ ഒന്നും തന്നെയില്ലാതെ ഇഷ്ടങ്ങൾ തഴച്ചു വളരുന്നു. കൈപ്പിടിയിൽ ഒതുങ്ങുന്ന ഫോണിൽ ആയിരം കാതം അകലെയുള്ളയാൾ അയൽപക്കത്തേക്കാൾ അടുത്തായി അനുഭവപ്പെടുന്നു. വീട്ടുകാരും, നാട്ടുകാരും, സാക്ഷികളുമില്ലെങ്കിൽ അതിരുകൾ ലംഘിയ്ക്കുന്നത് മനുഷ്യൻ്റെ പ്രകൃതം. തുടർന്ന് എത്ര പെട്ടെന്ന് അടുത്തുവോ അതിലും വേഗതയിൽ തന്നെ അകലാനും അത് കാരണമാകുന്നു. വഞ്ചിക്കപ്പെട്ട വ്യക്തിയുടെ ന്യായവാദങ്ങൾ യുക്തിപൂർവം ആകണമെന്നില്ല. വിവേകം പിൻസീറ്റിലേയ്ക്ക് മാറുന്നു. പിന്നീട് പകയുടെയും, പ്രത്യാക്രമണത്തിൻ്റെയും സമയമാണ്. ഇന്നലെ വരെ തൻ്റെതായിരുന്ന ആളെ ഇനി വെച്ചേക്കില്ലെന്ന തീർപ്പിലേയ്ക്ക് യുവഹൃദയമെത്തുന്നത് ഞൊടിയിടയ്ക്കുള്ളിലുമാണ്.  


 🟥 'തേപ്പ്' എന്ന പൊള്ളുന്ന വാക്ക് 
'ഡിസ്പോസബ്ൾ' പ്രണയങ്ങൾ പെരുകിവരുന്ന കാലത്തെ ഒരു ജാർഗനാണ് 'തേപ്പ്'! കൽപ്പണിക്കാരും ഇസ്തിരിപ്പണിക്കാരും അന്തിച്ചു നിൽക്കേ, പിള്ളേർ ഈ പ്രവർത്തി അവരിൽ നിന്ന് തട്ടിയെടുത്തിരിയ്ക്കുന്നു! സമൂഹ മാധ്യമങ്ങളിൽ സുഹൃദ് പട്ടികയിൽ നിന്ന് ഒരാളെ നീക്കം ചെയ്യുന്നതിന് അൺഫ്രെൻഡ് ചെയ്യുക എന്നാണല്ലൊ പറയുന്നത്. ഇതിനു തുല്യമായി യുവാക്കൾ തേടിയെടുത്തതാണോ തേപ്പെന്നത്? പദോൽപത്തി എന്തായാലും ശരി, തേപ്പ് സൂചിപ്പിക്കുന്നത് സാന്ദ്രത അൽപം അധികമുള്ള തലങ്ങളാണ്. ഒരു ക്ലീൻ തേപ്പെന്നു കരുതാവുന്ന "നിന്നെ ഞാൻ ഒഴിവാക്കിയെന്നല്ല പറഞ്ഞത്, എനിയ്ക്ക് നിന്നെക്കാൾ നല്ലൊരാളെ കിട്ടിയെന്നാണ്," എന്നത് ഈ പദപ്രയോഗത്തിൻ്റെ ഉദ്ദേശശുദ്ധി ശരിയ്ക്കും വ്യക്തമാക്കുന്നുണ്ട്! മുഖം വാടിക്കാണുമ്പോൾ "നിനക്ക് തേപ്പ് കിട്ടിയോ?" എന്ന ചോദ്യവും കൂട്ടുകാർക്കിടയിൽ പതിവാണ്. പങ്കാളി പ്രണയം വലിച്ചെറിഞ്ഞു പോയോയെന്ന അന്വേഷണമാണിത്. സ്കൂട്ടാവുക, പോസ്റ്റാവുക, മച്ചു, പൊളിച്ചു, കിടു, കിക്കിടു, കിടുകാച്ചി, ചെത്തി മുതലായ പദവിന്യാസങ്ങളോടെ ചങ്കുകൾ അവരുടെ വർത്തമാനം 'കിടുക്കി തിമിർക്കാ'റുണ്ട്. എന്നാൽ, ന്യൂജെൻ പദാവലിയിൽ ഏറ്റവും വേറിട്ടു നിൽക്കുന്ന വാക്കാണ് ഈ തേപ്പ്. തമാശയായും ഗൗരവമായും ഈ പടുവാക്ക് തൊടുത്തു വിടുന്നു. പ്രണയിതാക്കളിൽ ഒരാൾ രണ്ടാമത്തെയാളെ ഒഴിവാക്കിയാൽ, അദ്യത്തെയാൾ തേപ്പുകാരനെന്നോ തേപ്പുകാരിയെന്നോ ചിത്രീകരിക്കപ്പെടുന്നു. യുവജനങ്ങൾക്കിടയിൽ പ്രചാരമേറിക്കൊണ്ടിരിയ്ക്കുന്ന ഈ പൊള്ളുന്ന വാക്ക് ആസന്നമായൊരു ആപത്തിനെയാണ് അടയാളപ്പെടുത്തുന്നത്. 
🟥 സുഹൃത്തുക്കളുടെ പങ്ക് 
സുഹൃത്തുക്കളുടെ പരിഹാസങ്ങളാണ് പലപ്പോഴും വിപത്തുകളിലേയ്ക്കുള്ള വഴി. ഒരു അഫയർ ഇല്ലാത്ത് ഒരാളുടെ മിടുക്കില്ലായ്മയാണെന്ന് മുമ്പു നിർവചിച്ചവർ തന്നെയാണ് അത് പരാജയപ്പെടുമ്പോൾ പിന്നിൽ നിന്ന് കുത്തുന്നത്. തകർന്ന പ്രണയത്തിൻ്റെ വ്യഥയിൽ കഴിയുന്നൊരു കമിതാവിന് താങ്ങാൻ കഴിയുന്നതിനപ്പുറമായിരിയ്ക്കാം കൂടെയുള്ളവരുടെ കൊള്ളിവാക്കുകൾ. ദുരുദ്ദേശമില്ലാത്ത കളിയാക്കലുകൾ പോലും ചിലപ്പോൾ ദുരന്തവാഹികളായിത്തീരുന്നു. അഭിമാനം ചോദ്യം ചെയ്യപ്പെടുന്നത് ആർക്കാണ് അധിക നേരം സഹിച്ചു നിൽക്കാനാകുക? സാന്ത്വന വാക്കുകളുമായെത്തുന്ന കൂട്ടുകാരുമുണ്ടാകാം. പക്ഷെ, നഷ്ടപ്രണയത്താൽ ഉള്ളുരുകുന്നയാൾക്ക് കൊഞ്ഞനം കുത്തുന്നതിൻ്റെ കയ്‌പ്പാണ് വേഗമറിയുക. തൻ്റെ ഈ ദുരവസ്ഥയ്ക്കു കാരണമൊരുക്കിയ വ്യക്തിയോടുള്ള വൈരാഗ്യം കാർമേഘം കണക്ക് ഉരുണ്ടു കൂടുന്നു. വീടും, കുടുംബവും, ചുറ്റുപാടുകളുമെല്ലാം അപ്രസക്തമാകാനും തുടങ്ങുന്നു. ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു കുറ്റവാളി ഇവിടെ ജനിയ്ക്കുകയാണ്. തന്നെ തേച്ചയാളുടെ കഥ കഴിയ്ക്കാൻ പിന്നെ വൈകില്ല. 


🟥 ബോയ്/ഗേൾ ഫ്രെൻഡ് ഒരു അവശ്യ ഫേഷൻ 
ഫ്രെൻഡ് എന്ന ഒറ്റ പദത്തിനു പകരം ബോയ് ഫ്രെൻഡ്, ഗേൾ ഫ്രെൻഡ് എന്ന തരംതിരിവ് ആവശ്യമില്ലെന്നാണ് എൻ്റെ അഭിപ്രായം. സൗഹൃദങ്ങൾ വിലപ്പെട്ടതാണ്, എന്നാൽ ശരിയായത് കണ്ടെത്തുന്നിടത്താണ് വിജയം. കൗമാരത്തിൽ ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നതും ചങ്ങാതിമാരാണ്. കലാലയങ്ങളിലെ മിക്സ്ഡ് ക്ലാസ്സുകളിൽ ആരംഭിച്ച സ്ത്രീ-പുരുഷ സമത്വം ഇന്ന് ജെൻഡർ ന്യൂട്രൽ യൂനിഫോമിൽ എത്തിനിൽക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും അത്ര അടുത്തിടപഴകരുതെന്നു പറയുന്നവർക്ക് പ്രാചീന ശിലായുഗത്തിൽ പോലും താമസിക്കാൻ ഒരു വീട് വാടകയ്ക്കു ലഭിയ്ക്കില്ല! ജനിതക പരിവർത്തനം നടത്തി, പാതി മനുഷ്യനും പാതി യന്ത്രവുമായ സൈബോർഗുകൾ എത്തിത്തുടങ്ങുന്ന ഇക്കാലത്ത്, പെൺസുഹൃത്തില്ലാത്ത ഒരാൺകുട്ടിയും, ആൺസുഹൃത്തില്ലാത്ത ഒരു പെൺകുട്ടിയും മധ്യ ശിലായുഗ നിവാസികളായി മാറുന്നു. നവീന ശിലായുഗത്തിലെങ്കിലും കഴിയാനുള്ള അവകാശം നേടിയെടുക്കാൻ ആൺകുട്ടിയ്ക്ക് ഒരു പെൺകുട്ടിയെ കൂടെ കൂട്ടിയേ മതിയാകൂ. ആൺസുഹൃത്തില്ലാത്ത പെൺകുട്ടി ഒരുത്തനെ തേടിയെടുക്കുന്നതിൻ്റെ തത്രപ്പാടിലുമാണ്. വ്യക്തം, ബോയ്-ഗേൾ ഫ്രെൻഡുകൾ ഇന്നൊരു അവശ്യ ഫേഷനാണ്. പക്ഷെ, പരിഷ്കാരങ്ങൾ പുതുമോടികളാണ്. പലതും പെട്ടെന്ന് മാറിമറിഞ്ഞു വരുന്നു. യൂസ്-ആൻഡ്-ത്രോ എന്ന യൂട്ടിലിറ്റെറിയൻ സംസ്കാരം നമ്മുടെ ജീവിതത്തെ അടിമുടി സ്വാധീനിയ്ക്കുന്നത് സ്വാഭാവികം. പരസ്പരാകർഷണം ജന്മനാൽ ഉള്ളൊരു പ്രതിഭാസമാണ്. ആത്മനിയന്ത്രണം കുറഞ്ഞവർ ആഴങ്ങളിലെത്തുന്നു. കണ്ടുപിടുത്തങ്ങളുടെ മാതാവ് ആവശ്യമാണെങ്കിൽ, അത്ര നല്ലതല്ലാത്തിന് കാരണമാകുന്നത് അവസരങ്ങളുമാണ്! വേദിയൊരുക്കി കൊടുത്തതിനു ശേഷം അവതരണങ്ങൾ അരുതെന്ന് പറയാനൊക്കുമോ? വഴിവിട്ട സൗഹൃദങ്ങളും, ലഹരി ഉപയോഗവും, പ്രണയക്കൊലകളും, പ്രത്യക്ഷമായിത്തന്നെ നമ്മുടെ സമൂഹത്തെ ബാധിച്ചു തുടങ്ങിയിരിയ്ക്കുന്നു. ഇതു വരെ പിടിക്കപ്പെട്ട ലഹരി മാഫിയ സംഘങ്ങളിൽ വിദ്യാർത്ഥികളായ പ്രണയിതാക്കൾ ധാരാളമുണ്ട്. മറ്റുള്ളവരുടെ താൽപര്യാർത്ഥം ഇരയാക്കപ്പെട്ട നിസ്സഹായരുമുണ്ട്. 
🟥 പോംവഴിയെന്ത്? 
ഇന്നത്തെ പ്രണയങ്ങൾ ഏതു രീതിയിൽ തുടങ്ങി ഏതു രീതിയിൽ അവസാനിക്കുമെന്നതൊരു സമസ്യയാണ്. കൂട്ടുകെട്ടിലൂടെയാണ് പലരും വഴി തെറ്റുന്നത്. "അവനോട്  കൂട്ടുകൂടിയതിനു ശേഷമാണ് ഇവൻ ഇത്രയും നശിച്ചത്" എന്ന് പല മാതാപിതാക്കളും പറയുന്നതു കേൾക്കാം. കൗമാര കാലഘട്ടത്തിൽ ഒരു കുട്ടിയിൽ നിന്ന് മറ്റൊരു കുട്ടിയിലേയ്ക്ക് ആശയങ്ങളും ചിന്തകളും പെട്ടെന്നു കുത്തിവെയ്ക്കാമെന്നതിൻ്റെ തെളിവാണിത്. കാലം മുന്നോട്ടു കുതിയ്ക്കുമ്പോൾ ഇത്തരത്തിൽ പൊലിഞ്ഞു തീരേണ്ടവരാണോ നമ്മുടെ കുട്ടികൾ? നേട്ടങ്ങൾ മാത്രമല്ല നഷ്ടങ്ങളും ഉൾകൊള്ളാൻ പുതിയ തലമുറയെ തയ്യാറാക്കിയെടുക്കണം. സോഷിൽ മീഡിയയെ ഒഴിച്ചു നിർത്തിയുള്ള കാലം ഇനി സാധ്യമല്ല. നിർഭാഗ്യവശാൽ ഇന്ന് മിക്ക പ്രണയങ്ങളുടെ തുടക്കവും ഒടുക്കവും സമൂഹ മാധ്യമങ്ങളുമാണ്. പുറത്തു കടക്കാൻ കഴിയാത്ത വിധം പലരും ഇതിന് അടിമപ്പെട്ടിരിയ്ക്കുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്ന ഒരു പാത കൂടിയാണല്ലോ ഇത്. ഒരാളെ മടുത്തുവെന്നു തോന്നുന്ന നിമിഷം മറ്റൊരാളിലേയ്ക്കുള്ള വാതിലുകൾ മുട്ടി നോക്കുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ നിലവിലുണ്ടെന്ന് ഈ മാധ്യമം അവരെ മുന്നെത്തന്നെ അറിയിച്ചിട്ടുമുണ്ട്. രണ്ടു പേരിൽ ഒരാൾക്ക് മടുക്കുകയും രണ്ടാമത്തെയാളിൽ പഴയ പ്രണയം അതേപടി നിലനിൽക്കുകയും ചെയ്യുമ്പോൾ, ഏതുവിധേനയും അയാളെ ഒഴിവാക്കാനുള്ള വഴികൾ ആദ്യത്തയാൾ തിരയും. വിളികളും, മെസ്സേജുകളും കുറയും, കണ്ടുമുട്ടലുകൾ ഇല്ലാതാകും. ഒഴിവാക്കപ്പെട്ടയാളിൽ സ്വാഭാവികമായും ഇത് മുറിവുകളുണ്ടാക്കുന്നു. ഒറ്റപ്പെട്ടുവെന്ന തോന്നൽ അയാളെ അലട്ടാൻ തുടങ്ങും. ഇത്രയും നാൾ അനുഭവിച്ചിരുന്ന ഉന്മാദമായ പ്രണയം ഇനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അയാൾക്ക് കഴിയാതെ വരുന്നു. ഇവിടെത്തുടങ്ങുന്നു വിനാശകരമായ ചിന്തകൾ. പോംവഴിയെന്ത്? ശരിയായ ആവശ്യങ്ങൾക്കായി നവമാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നാണ് യുവജനങ്ങളെ ആദ്യം പറഞ്ഞു മനസ്സിലാക്കേണ്ടത്. പ്രണയം നഷ്ടമാകുമ്പോൾ പണ്ട് യുവാക്കൾ പ്രകടിപ്പിച്ചിരുന്ന വികാരങ്ങളുടെ രൂക്ഷത അനേകമടങ്ങ് വർദ്ധിച്ച രൂപത്തിലാണ് ഇന്നുള്ളവരിലുള്ളത്. പ്രതികരണങ്ങൾ പ്രവചനാതീതമാണ്. വികാരങ്ങളെ ഒട്ടും നിയന്ത്രണ വിധേയമാക്കാൻ പുതു തലമുറയ്ക്ക് കഴിയുന്നില്ലയെന്നതാണ് ഏറ്റവും ദുഃഖകരമായ യാഥാർത്ഥ്യം. പ്രണയിതാക്കളിൽ ഒരാൾ ഓർമ്മയാക്കപ്പെടുന്ന ഈ പ്രവണത ഉന്മൂലനം ചെയ്തേ മതിയാകൂ. ബോധവൽക്കരണ പരിപാടികളും കൗൺസിലിങ് സെഷനുകളും അനിവാര്യമാണ്. വിദ്യാഭ്യാസമുണ്ടെങ്കിലും ഇന്നത്തെ തലമുറയ്ക്ക് തിരിച്ചറിവുകൾ കുറവാണ്. അതിനാൽ കുട്ടികൾക്ക് വീട്ടിൽ നിന്ന് പ്രത്യേക സംരക്ഷണവും നിരീക്ഷണവും നൽകണം. അവരുടെ സൗഹൃദവലയങ്ങളിൽ ആരൊക്കെയുണ്ടെന്ന് മാതാപിതാക്കൾ അറിയണം. വിദ്യാലയങ്ങളിൽ കൗൺസലിംങ് നിർബന്ധമാക്കണം. പ്രണയവും, ലഹരിയുമെല്ലാം വിഷയങ്ങളാക്കി അവർക്ക് കൃത്യമായ ക്ലാസ്സുകൾ നൽകണം. മക്കളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും കുറച്ചു സമയം രക്ഷിതാക്കൾ മാറ്റിവെച്ചാൽ തന്നെ കുറേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 

# love failur article by vijai ch

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക