Image

ഒരു മുത്തശ്ശിക്കഥ ( കവിത : ജി.രമണി അമ്മാൾ )

Published on 16 November, 2022
ഒരു മുത്തശ്ശിക്കഥ ( കവിത : ജി.രമണി അമ്മാൾ )


ഓലമേഞ്ഞൊരാ-
ക്കൊച്ചു വീടിന്റെ കോലായിൽ 
കാൽരണ്ടും നീട്ടി-
യിരിപ്പുണ്ടു മുത്തശ്ശി.
പകൽനെരം 
വഴിപോക്കർക്കു 
കാഴ്ചയായ്...!

ഉച്ചിയിൽ  മുടികെട്ടി
നെറ്റിയിൽ കുറിയിട്ട്
നീണ്ടു ഞാന്നാടുന്ന
കാതുളള മുത്തശ്ശി...

പിടിയുളള ഊന്നുവടിയുണ്ടരികത്ത്
ഇടയ്ക്കൊന്നെഴുന്നേറ്റു
പിച്ചവയ്ക്കാൻ...

സുന്ദരിക്കോതയാ-
ണിന്നുമീ മുത്തശ്ശി,
വയസ്സു തൊണ്ണൂറു-
ണ്ടെന്നിട്ടുമോർമ്മയുടെ 
ശേഖരമതിവിപുലമാ-
ണിപ്പഴുമത്ഭുതം...

നാടൻപാട്ടീരടി, 
കീർത്തനം, കവിതകൾ 
ഇടതടവില്ലാതാച്ചുണ്ടി-
ലനർഗ്ഗളം.
വാക്കുകൾക്കെന്തു
ദൃഢതയാണെത്ര സ്ഫുടമാർന്നൊരുച്ചാരണം.
ഭാഗവതരായി-
രുന്നുപോലപ്പൻ 
സംഗീതനിപുണയാണീ
മുതു മുത്തശ്ശി. 
രാമായണ, ഭാഗവത 
ഭാഗങ്ങൾ മിക്കതും 
മനപ്പാഠമാണീ മുത്തശ്ശിക്ക്.

യൗവ്വനം 
കത്തിനിൽക്കവേ 
തിരുനെറ്റിക്കുങ്കുമം 
മായിച്ചു വെധവ്യം..
അശനിപാതംപോൽ
തളർവാതവും..,!
പാടേ കിടന്നുപോയില്ല, 
വടികുത്തി 
മെല്ലെ നടക്കാം ഭാഗ്യം .
ചുമർചാരിയിരിക്കുമീ
മുത്തശ്ശിക്ക് 
പറയുവാൻ 
പയ്യാരമേറെയുണ്ട്...!

POEM G REMANI AMMAL

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക